Katha

കേരളത്തിൽ ചന്ദനത്തിരി നിർമ്മാണം തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

May 15, 2022
കേരളത്തിൽ ചന്ദനത്തിരി നിർമ്മാണം തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മിതമായ സൗകര്യത്തിൽ ആർക്കും വളരെ എളുപ്പത്തിൽ തുടങ്ങാൻ പറ്റിയ ഒരു സംരംഭമാണ് ചന്ദനത്തിരി നിർമ്മാണം. കേരളത്തിൽ കുടിൽ വ്യവസായം എന്ന രീതിയിലാണ് ഈ സംരംഭം കൂടുതലായി ശീലിച്ചു പോന്നിട്ടുള്ളത്.

നമ്മുടെ നാട്ടിൽ ചന്ദനത്തിരി നിർമ്മാണം വളരെ കുറച്ചു മാത്രമേ കാണാൻ സാധിക്കൂ. മലനാട്ടിലെ ചന്ദനത്തിരികളാണ് ഇവിടെ കൂടുതലും വിറ്റഴിക്കപ്പെടുന്നത്. കേരളത്തിൽ എല്ലാ മത വിഭാഗക്കരും വിശേഷ ദിവസങ്ങളിൽ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ചന്ദനത്തരി.

ആഘോഷ - ഉത്സവ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉത്പന്നം എന്ന രീതിയിൽ മികച്ച സംരംഭമാണിത്. വനിതകൾക്കും ശാരീരിക ശേഷികുറവുള്ളവർക്കും പ്രവാസ ജീവിതം നിർത്തി പോന്നവർക്കും ചെയ്യാവുന്ന ഒരു നല്ല തൊഴിലാണ്.

ചെറിയ ഒരു സംഖ്യയാണ് ഉത്പന്നത്തിന്റെ യഥാർത്ഥ വിലയെങ്കിലും വലിയ വിപണി വിഹിതം നേടി തരുന്നു. വിപണിയിലെ സാധ്യതകൾ, ബ്രാൻഡിങ് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കിയാൽ ചന്ദനത്തിരി നിർമ്മാണത്തിൽ നിന്നും വൻ തോതിൽ ലാഭം കൊയ്യാം.

കുറഞ്ഞ നിലവാരം പുലർത്തുന്ന സാങ്കേതിക വിദ്യയും മികച്ച കയറ്റുമതിയും ഉണ്ടായാൽ തന്നെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനാകും എന്നതാണ് മറ്റൊരു നേട്ടം. സംരംഭകന്റെ കഴിവിനെയും വിപണി ആവശ്യകതയെയും ഉത്പാദന തോതിനെയും ഈ സംരംഭത്തിന്റെ ലാഭം വലിയ രീതിയിൽ ആശ്രയിക്കുന്നു. സാങ്കേതിക പ്രശ്നങ്ങളില്ലാത്ത പ്രക്രിയയാണ് ചന്ദനത്തിരി നിർമ്മാണത്തിന്റേത്.

സംരംഭഘട്ടങ്ങൾ

Joss sticks business

1. ഗവേഷണം

ചന്ദനത്തിരി നിർമ്മാണ മേഖലയിൽ നല്ല ഗവേഷണം നടത്തിയവർക്ക് എളുപ്പത്തിൽ വിജയിക്കാനാകും. നിക്ഷേപ തുക കണ്ടെത്താനുള്ള വഴി, വരവു ചിലവിനെ പറ്റിയുള്ള മുൻധാരണ, സാങ്കേതിക മേഖല, വിപണി സാധ്യതകൾ ഇവയെല്ലാം വിലയിരുത്തുന്നതിനായി പദ്ധതിയെ പറ്റി വ്യക്തമായ അവലോകനം നടത്തുന്നത് നല്ലതായിരിക്കും.

ഭാവിയിൽ വളരെ നല്ല രീതിയിൽ ഇത് ഉപകാരപ്പെടും. സാധാരണ ചന്തകളിലും കടകളിലും ലഭിക്കുന്ന ചന്ദനത്തിരികളുടെ ബ്രാൻഡ്, അവയിൽ അടങ്ങിയിട്ടുള്ള സ്റ്റിക്കുകളുടെ എണ്ണം, ഗുണമേന്മ, സുഗന്ധം തുടങ്ങിയവയെ പറ്റി ഗവേഷണങ്ങൾ നടത്താം. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അറിഞ്ഞു വെക്കുന്നതും നിങ്ങളുടെ ചന്ദനത്തിരി നിർമ്മാണ സംരംഭം സുഗമമാക്കും.

2. ധന സമാഹരണം

പ്രാഥമിക നിക്ഷേപം വളരെ കുറഞ്ഞ രീതിയിൽ ആവശ്യമുള്ള ഒരു മേഖലയാണ് ചന്ദനത്തിരി നിർമ്മാണം. ഏകദേശം ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ മുതൽമുടക്ക് ആയിട്ട് കണക്കാക്കാം. നിർമ്മാണ ചിലവുകൾ സ്വന്തമായി സ്വരൂപിക്കാം.

അല്ലെങ്കിൽ ബാങ്ക് ലോൺ, സർക്കാർ ഫണ്ടുകൾ തുടങ്ങിയവയോ ആശ്രയിക്കാം. കേരളത്തിൽ കുടിൽ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ഒരുപാട് പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.

അതിനാൽ തന്നെ സംരംഭത്തെ പറ്റിയുള്ള വ്യക്തമായ ആശയം നൽകുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തു നിന്നും ധനസഹായം ലഭിക്കും. മെഷിനറിക്ക് വ്യവസായ വകുപ്പിൽനിന്നും സബ്സിഡി ലഭിക്കാൻ സാധ്യതയുണ്ട്.

തുടക്കത്തിൽ 2 മുതൽ 8 തൊഴിലാളികൾ വരെ മതിയാകും. അവർക്കുള്ള വേതനം കണ്ടെത്താൻ പറ്റണം. പാക്കിങ് സാധനങ്ങൾ, അസംസ്‌കൃത വസ്തുക്കൾ, തേയ്മാനം, പെട്ടെന്നുള്ള അത്യാഹിതങ്ങൾ തുടങ്ങിയവ അഭിമുഖീകരിക്കുന്നതിനുമുള്ള ഫണ്ട് കരുതുക.

രണ്ട് മൂന്ന് ലക്ഷം രൂപയാണ് ഇത്തരം കാര്യങ്ങൾക്കായി ചിലവാകുന്ന ഏകദേശ തുക. ചന്ദനത്തിരി നിർമ്മിക്കുന്നതിനുള്ള മെഷീൻ, പ്രീമിക്സ്, സ്റ്റിക്ക്, പെർഫ്യൂം, തുടങ്ങിയവ വാങ്ങുന്നതിനുള്ള ചിലവാണ് പ്രധാന മുതൽമുടക്ക്.

മെഷിനറിയുടെ വില 70,000 രൂപ വരെയാണ്. ഫർണിചർ, മറ്റു സജ്ജീകരണങ്ങൾ, വിപണിയിൽ എത്തിക്കാനുള്ള ഗതാഗത ചിലവുകൾ, പരസ്യം തുടങ്ങിയ കാര്യങ്ങൾക്കും ഫണ്ട് അത്യാവശ്യമാണ്.

3. വ്യവസായ അനുമതിയും (Business License) രജിസ്‌ട്രേഷനും (Business Registration)

ചെറുകിട കുടിൽ വ്യവസായങ്ങളുടെ പട്ടികയിലാണ് ചന്ദനത്തിരി നിർമ്മാണം വരുന്നത്. അതിനാൽ തന്നെ സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ മുൻസിപ്പാലിറ്റിയോ അല്ലെങ്കിൽ കോർപ്പറേഷനോ ആയി ബന്ധപ്പെട്ടാൽ ഉടൻ തന്നെ ലൈസൻസ് ലഭിക്കുന്നതാണ്.

SSI യുടെ കീഴില്‍ രജിസ്‌ട്രേഷൻ ചെയ്യുന്നത് ചന്ദനത്തിരി നിർമ്മാണ സംരംഭത്തിൽ നിർബന്ധമല്ല. പക്ഷെ ഒരു ചെറുകിട വ്യവസായ യൂണിറ്റ് ആയിട്ട് നിങ്ങളുടെ സാമ്പത്തിക നിലയ്ക്ക് അനുസരിച്ചു രജിസ്‌ട്രേഷൻ ചെയ്യാം.

GST രജിസ്‌ട്രേഷൻ മറക്കാതെ ചെയ്യുക. ഓരോ ഉത്പന്നങ്ങൾക്കും നിശ്ചിത നികുതി GST പ്രകാരം ഈടാക്കുന്നതാണ്. കയറ്റുമതി നടത്തുമ്പോൾ GST നമ്പർ ഉണ്ടാവുന്നത് ഉപകാരപ്പെടും.

ഇരുപതിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനമാണെങ്കിൽ EPFഉം പത്തിൽ കൂടുതൽ തൊഴിലാളികളുള്ള ഫാക്ടറി ആണെങ്കിൽ ESI രജിസ്‌ട്രേഷൻ ചെയ്യുക. സംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടി പാർലമെൻറ് നടപ്പിലാക്കിയ പദ്ധതിയാണ് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ESI) ആക്റ്റ്.

തൊഴിലാളികൾക്ക് ചികിത്സാ സഹായവും സാമ്പത്തിക സഹായവും ആനുകൂല്യങ്ങളും പൂർണ സംരക്ഷണവും ഈ നിയമം വഴി സർക്കാർ ഉറപ്പിക്കുന്നു. മലിനീകരണ നിയന്ത്രണ സെർട്ടിഫിക്കറ്റും എടുക്കേണ്ടതാണ്.

സജ്ജീകരണങ്ങൾ ഒരുക്കാം

Agarbatti sticks business

വെയിലും മഴയും കൊള്ളാതെ ഉപകരണങ്ങളും മറ്റു വസ്തുക്കളും സൂക്ഷിക്കുന്നതിനായി അടച്ചുറപ്പുള്ള ഒരു ഇടം തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. 200 മുതൽ 300 ചതുരശ്ര അടിയുള്ള ഒരു ചെറിയ മുറിയിൽ വരെ ഈ സംരംഭം ആരംഭിക്കാം എന്നുള്ളതാണ് ഒരു പ്രത്യേകത.

അതിനാൽ നിങ്ങളുടെ വീട്ടിൽ തന്നെ ഈ പദ്ധതി ആരംഭിക്കാൻ സാധിക്കും. വൈദ്യുതി- ജല വിതരണം ലഭിക്കുന്ന സ്ഥലമാകാൻ ശ്രദ്ധിക്കുക. ഫർണിച്ചർ, അസംസ്‌കൃത വസ്തുക്കൾക്ക് പുറമെ പാക്കിങ് സാമഗ്രികളും കരുതേണ്ടതാണ്.

അസംസ്‌കൃത വസ്തുക്കൾ എങ്ങനെ ലഭിക്കും

Incense sticks business

മറ്റു സംരംഭങ്ങൾ പോലെ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളും യന്ത്രങ്ങളും സംഘടിപ്പിക്കുക എന്നുള്ളതാണ് ആദ്യത്തെ ഘട്ടം. അസംസ്‌കൃത വസ്തുക്കൾ വളരെ എളുപ്പത്തിൽ ഇന്ത്യൻ വിപണികളിൽ ലഭിക്കും.

തെക്കൻ ഇന്ത്യയിൽ പ്രത്യേകിച്ചും കർണാടക, ബാംഗ്ലൂർ, തമിഴ്നാട് ഭാഗങ്ങളിൽ നിന്നുമാണ് നിർമ്മാണത്തിന് ആയിട്ടുള്ള വസ്തുക്കൾ ലഭിക്കുന്നത്. ഉത്പാദന കേന്ദ്രങ്ങളിൽ നിന്നോ, മൊത്ത വിപണിയിൽ നിന്നോ വിതരണക്കാരിൽ നിന്നോ അസംസ്‌കൃത വസ്തുക്കൾ ശേഖരിക്കാവുന്നതാണ്. വസ്തുക്കളുടെ അളവ് ഉത്പാദനത്തിന്റെ അളവിനെ ആശ്രയിച്ചു നില്ക്കുന്നു.

പ്രീമിക്സ് പൗഡർ, ബാംബു സ്റ്റിക്, പെർഫ്യൂം തുടങ്ങിയവയാണ് അഗർബത്തി നിർമ്മാണത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ. ചാർക്കോൾ പൗഡർ, വുഡ് പൗഡർ, ജോസ് പൗഡർ എന്നിവയാണ് പ്രീമിക്സ് പൗഡറിന്റെ ചേരുവകൾ.

പ്രീമിക്സ് പൗഡറുകൾക്ക് വിപണിയിൽ കിലോയ്ക്ക് 32 മുതൽ 40 രൂപ വരെയാണ് വരുന്നത്. ബാംബൂ സ്റ്റിക്കുകൾക്ക് കിലോയ്ക്ക് 50 രൂപ മുതലാണ് തുടക്കം. ഒരു കിലോയിൽ 3600 ഓളം സ്റ്റിക്കുകൾ ഉണ്ടാകും.

പെർഫ്യൂമുകൾ പൊതുവെ വിലപിടിപ്പുള്ളവയാണ്. 800 രൂപ മുതൽ 3000 രൂപ വരെയാണ് വിലയായി കണക്കാക്കുന്നത്. ആവശ്യാനുസരണം ഒരു പ്രത്യേക അനുപാതത്തിലാണ് ഈ സുഗന്ധ ലായനികൾ ഉപയോഗിക്കുന്നത്.

നിർമ്മാണ യന്ത്രങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചന്ദനത്തിരി നിർമ്മാണത്തിനായുള്ള യന്ത്രങ്ങൾ പൊതുവെ വലിയതാണ്. അതിനാൽ തന്നെ അവയ്ക്ക് ഒരുപാട് സ്ഥലം ആവശ്യവുമായി വരുന്നു. പ്രത്യേകം കേന്ദ്രികരിച്ച ഒരു മുറിയോ അല്ലെങ്കിൽ ഫാക്ടറി പോലെ വലിയ ഒരു സ്ഥലമോ ഇതിനായി സജ്ജീകരിക്കണം.

ഉപകരണങ്ങളും യന്ത്രങ്ങളും ആൾപാർപ്പുള്ള സ്ഥലങ്ങളിൽ നിന്നു മാറി സജ്ജീകരിക്കാൻ ശ്രദ്ധിക്കുക. യന്ത്രങ്ങൾ വാങ്ങുമ്പോൾ പരിപാലനം കുറച്ചു ആവശ്യം വരുന്ന കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം തരുന്നവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഉത്പാദനശേഷി കൂടുതലുള്ള ഓട്ടോമാറ്റിക് യന്ത്രങ്ങൾക്കാണ് വിപണിയിൽ ഇന്ന് ഏറെ ആവശ്യക്കാർ ഉള്ളത്.

നിർമ്മാണ രീതി

How to make agarbatti

അഗർബത്തി പ്രീമിക്സ് പൗഡർ, വെള്ളം എന്നിവ 3:2 എന്ന അനുപാതത്തിൽ അർദ്ധ ഖരാവസ്ഥയിൽ കുഴച്ചെടുക്കുക. സ്റ്റിക്കുകൾ മെഷിനിൽ തന്നെ ആദ്യമേ നിറച്ചു വെക്കണം. കുഴച്ചു വെച്ച മിശ്രിതമാണ് മെഷീനിൽ ഇടുന്നത്.

യന്ത്രം പ്രവർത്തിക്കുന്നതോടെ സ്റ്റിക്കുകൾ അടിച്ചു വരും. ഈ ചന്ദനത്തിരികൾ വെയിലത്തോ ഫാനിന്റെ കാറ്റിലോ ഡ്രയർ ഉപയോഗിച്ചൊ ഉണക്കിയെടുക്കുക. സുഗന്ധമുള്ള ചന്ദനത്തിരികൾക്കായി ഇവ പെർഫ്യൂം ലായനിയിൽ മുക്കി പാക്കറ്റിൽ ആക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ സംരംഭകർ പൊതുവെ ചന്ദനത്തിരികളിൽ പെർഫ്യൂം ഉപയോഗിക്കാറില്ല. സുഗന്ധമുള്ള ചന്ദനത്തിരികൾക്കായി അവർ പ്രത്യേകം ഏജൻസികളിലേക്ക് ഉണ്ടാക്കി വെച്ച അഗർബത്തികൾ എത്തിക്കുകയാണ് ചെയ്യാറ്.

പരസ്യവും വിപണിയും

സാങ്കേതിക വിദ്യകളുടെ കാലത്തു പരസ്യ പ്രചാരണം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകം തന്നെയാണ്. സമൂഹ മാധ്യമങ്ങൾ തന്നെയാണ് നിങ്ങളുടെ ചന്ദനത്തിരി ബ്രാൻഡിന്റെ വിജ്ഞാപനം ആളുകളിലേക്ക്‌ എത്തിക്കാനുള്ള ഒരു മികച്ച വഴി.

പണ്ട് തൊട്ടേ നമ്മൾ ശീലിച്ചു വന്ന ടിവി, പത്രം തുടങ്ങിയ മാധ്യമങ്ങളും പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്താം. ഇങ്ങനെയുള്ള പരസ്യങ്ങൾ നിരന്തരം കണ്ണിൽ പെടുമ്പോൾ സ്വാഭാവികമായും ഉത്പന്നങ്ങൾ വാങ്ങുന്ന സമയത്തു പരസ്യങ്ങളുടെ സ്വാധീനം ഉണ്ടാകും.

ഈ പരസ്യങ്ങൾ കാണുന്ന വ്യക്തി സ്വാഭാവികമായും പരിചിതമായ ബ്രാൻഡ് തന്നെ തിരഞ്ഞെടുക്കാനുള്ള ഒരു പ്രേരണ കാണിക്കും.

അഗർബത്തി വിപണിയിൽ എങ്ങനെ വിറ്റഴിക്കാം

Agarbatti market

ആഗോളവത്കരണത്തിന്റെ ഭാഗമായി വിപണിയിലെ സാധ്യതകളും വൻ തോതിൽ ഉയർന്നിട്ടുണ്ട്. ചന്ദനത്തിരി പോലെയുള്ള ചെറിയ കുടിൽ വ്യവസായങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും.

ഏറ്റവും കൂടുതൽ ചന്ദനത്തിരികൾ വിറ്റു പോകുന്നത് പശ്ചിമേന്ത്യയിലും (35%) ദക്ഷിണേന്ത്യയിലുമാണ് (30%). ചിലവുകൾ കഴിച്ച് 25 മുതൽ 30 ശതമാനം വരെ ലാഭം നേടാൻ കഴിയുന്ന ഒരു സംരംഭമാണിത്.

ഈ സംരംഭം മൂന്നു രീതികളിൽ ചെയ്യാം:

  • അസംസ്കൃത വസ്തുക്കൾ വാങ്ങി പൂർണ്ണമായും ചന്ദനത്തിരി നിർമ്മിച്ച് വിപണനം നടത്തുക. സുഗന്ധമുള്ളവയൊ ഇല്ലാത്തതോ ആയ ചന്ദനത്തിരികൾ നിർമ്മിക്കാവുന്നതാണ്. സുഗന്ധമുള്ള സ്റ്റിക്കുകളുടെ വില്പന രണ്ട് രീതിയിൽ സാധ്യമാണ്. 6 മുതൽ 8 സ്റ്റിക്കുകൾ വരുന്ന പൂജയ്ക്കെല്ലാം ആവശ്യമായ ചെറിയ പാക്കറ്റുകളാക്കി വില്പന നടത്താം. അല്ലെങ്കിൽ ഒരു കിലോ വരെ വരുന്ന വലിയ പാക്കുകളായും വിപണനം നടത്താം.

  • നിർമ്മിച്ച സ്റ്റിക്കുകൾ വാങ്ങി പെർഫ്യൂം മുക്കി പായ്ക്കു ചെയ്ത് വിൽക്കുക.

  • പെർഫ്യൂം മുക്കിയ ചന്ദനത്തിരികൾ മൊത്തമായി വാങ്ങി വീണ്ടും പാക്ക് ചെയ്ത് വിൽക്കുക.

ചെറിയ ചന്തകൾ തുടങ്ങി മാളുകളിൽ വരെ പല ബ്രാൻഡിലുള്ള ചന്ദനത്തിരികൾ സുലഭമായി ലഭിക്കുന്ന കാലമാണ് ഇത്. ഈ സംരംഭത്തിൽ മുൻ നിരയിൽ നിൽക്കുന്ന ബ്രാൻഡുകൾ ഇല്ലാത്തതു കാരണം ശക്തമായ വെല്ലുവിളികൾ ഒന്നും തന്നെ ഉണ്ടാകില്ല എന്ന് വേണം വിചാരിക്കാൻ.

ദീർഘ കാലം കേടുവരാതെ സൂക്ഷിക്കാൻ പറ്റുന്നത് മറ്റൊരു ഗുണമായി കരുതാം. വിപണിയിൽ ആവശ്യാനുസരണം സമയഭേദമില്ലാതെ അവ വിറ്റഴിക്കപ്പെടും.

വിതരണക്കാർ മുഖേനയോ നേരിട്ടുള്ള വില്പനയോ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. പലചരക്ക്– സ്റ്റേഷനറി കടകൾ, ചില്ലറ വില്പനകൾ, സൂപ്പർ മാർക്കറ്റുകൾ, പൂജാ സ്റ്റോറുകൾ എന്നിവയാണു പ്രധാന വിൽപനകേന്ദ്രങ്ങൾ.

ക്ഷേത്രങ്ങൾ, മറ്റു ആരാധനാലയങ്ങൾ, അവയുടെ പരിസര പ്രദേശങ്ങൾ എന്നിവയിലെല്ലാം വില്പനസാധ്യതകൾ ഉണ്ട്. വിതരണക്കാരുടെ കമ്മീഷൻ വർദ്ധിപ്പിച്ചും വിപണി പിടിക്കാനാകും. വലിയ ക്ഷേത്രങ്ങളിൽ കരാർ മുഖേന നേരിട്ട് ഓർഡറുകളെടുത്തും വില്പന നടത്താവുന്നതാണ്.

ഇന്ത്യ മാർട്ട്, ഫ്ലിപ്കാർട്, ആമസോൺ തുടങ്ങിയ സാധ്യതകളും വിൽപനക്കായി ഉപയോഗപ്പെടുത്താവുന്നതാണ്. ഗുണനിലവാരമുള്ള സുഗന്ധമുള്ള ദീർഘ കാലാവധി ഉള്ള ചന്ദനത്തിരികൾക്കാണ് ആവശ്യക്കാർ കൂടുതലും.

വ്യത്യസ്ത വലുപ്പത്തിലുള്ള സ്റ്റിക്കുകൾ, വ്യത്യസ്ത സുഗന്ധങ്ങൾ എല്ലാം ആളുകളെ ആകർഷിക്കും. ഓരോ സ്ഥലങ്ങളിലും ഉപഭോക്താവിന്റെ അവശ്യകതകൾ വ്യത്യസ്തമായിരിക്കും.

അതിന് അനുസൃതമായ വിപണി തന്ത്രങ്ങൾ കൈവരിക്കുന്നതിലാണ് നമ്മുടെ വിജയം നിലകൊള്ളുന്നത്. ഗുണനിലവാരമുള്ള ചന്ദനത്തിരികൾ നിർമ്മിക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തണം. കഠിനാധ്വാനവും സമർപ്പണവുമാണ് ഏത് സംരംഭവും വിജയിക്കാനുള്ള അടിസ്ഥാനം.

continue reading.

എന്താണ് അക്വാപോണിക്‌സ്?

എന്താണ് അക്വാപോണിക്‌സ്?

Jun 22, 2022
കേരളത്തിനായുള്ള മികച്ച 10 ബിസിനസ്സ് ആശയങ്ങൾ

കേരളത്തിനായുള്ള മികച്ച 10 ബിസിനസ്സ് ആശയങ്ങൾ

Jun 10, 2022
തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

Oct 2, 2022
ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

Sep 21, 2022
download katha app