Katha

കേരളത്തിലെ കൂൺ ബിസിനസ്സ്

May 19, 2022
കേരളത്തിലെ കൂൺ ബിസിനസ്സ്

മഴക്കാലത്ത് തൊടികളിൽ പൊടിച്ച് വളർന്ന് നിൽക്കാറുള്ള കൂണുകളെ കണ്ടിട്ടില്ലേ നിങ്ങൾ? എത്ര പേർ അത് പറിച്ചു കറിവച്ചു കഴിച്ചിട്ടുണ്ട്? കൂൺ വിഭവങ്ങൾ കഴിച്ചവർ വീണ്ടും വീണ്ടും കഴിക്കാൻ ആഗ്രഹിക്കും. സസ്യാഹാരികൾക്കിടയിലെ മാം കൂണ്.

കൂണിന് വേണ്ടി മഴക്കാലം വരെ കാത്തിരിക്കുന്ന പതിവ് മലയാളികൾ ഇപ്പൊ തെറ്റിച്ച് തുടങ്ങി. സ്വന്തമായി കൂൺ കൃഷി ചെയ്യാനും അതിൽ വലിയ ലാഭങ്ങൾ വരെ ഉണ്ടാക്കാനും തുടങ്ങിയിരിക്കുന്നു.

നമുക്ക് ആദ്യം കൂണിനെക്കുറിച്ച് കുറച്ചു കാര്യങ്ങളും അറിഞ്ഞിരിക്കാം.

കൂണിനെക്കുറിച്ച്

Mushroom business

കൂൺ എന്നത് ഒരു സസ്യമല്ല, അതൊരു ഫംഗസ്സാണ്. അതെ, നനവുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്ന പൂപ്പൽ വിഭാഗത്തിലെ ഒരു കണ്ണിയാണ് കൂൺ. ഹരിതകം ഇല്ലാത്തതിനാലാണ് കൂണിനെ സസ്യമായി പരിഗണിക്കാത്തത്.

ഉണങ്ങിയ മരങ്ങളുടെ മുകളിലോ ചതുപ്പ് പ്രദേശങ്ങളിലോ ഒക്കെ കുടയുടെ ആകൃതിയിൽ വളരുന്ന പൂപ്പലാണ് കൂൺ. കൂണുകൾ അങ്ങനെ കുറെ നാള് വളർന്ന് നിൽക്കുന്നവയല്ല. പെട്ടെന്ന് തന്നെ കേടായിപോകുന്നതാണ്.

കൂണുകളിൽ ആഹാരയോഗ്യവും വിഷമുള്ളവയും ഉണ്ട്. കൂണുകൾ പലതരത്തിലാണ് കാണപ്പെടുന്നത്. ലോകത്ത് ഏകദേശം 45000 തരത്തിലുള്ള കൂണുകൾ ഉണ്ടെങ്കിലും അവയിൽ ഭക്ഷ്യയോഗ്യമായത് വെറും രണ്ടായിരത്തോളമേ ഉണ്ടാകൂ. അതിൽ തന്നെ 20-25 തരത്തിലുള്ള കൂണുകൾ മാത്രമേ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുള്ളൂ.

കൂൺ ഉത്പാദനം

Types of mushroom

കുറഞ്ഞ നിക്ഷേപത്തിലും കുറഞ്ഞ സ്ഥലത്തും ആർക്കും ആരംഭിക്കാൻ കഴിയുന്ന ഏറ്റവും ലാഭകരമായ കാർഷിക ബിസിനസ്സാണ് കൂൺ കൃഷി. ഇന്ത്യയിലെ കൂൺ കൃഷി നിരവധി ആളുകളുടെ ഒരു ബദൽ വരുമാന മാർഗ്ഗമായി ക്രമേണ വളരുകയാണ്,

കേരളത്തിലും ആ പ്രവണത കണ്ടുവരുന്നു. ഭാരതത്തിൽ വ്യാവസായികമായി കൂൺ കൃഷി ആദ്യം തുടങ്ങിയത് 1992-ൽ ഹിമാചൽ പ്രദേശിലാണ്. ഇപ്പോൾ ജമ്മു കശ്മീരിലും, ഉത്തർ പ്രദേശിലും, കേരളത്തിലും നല്ല രീതിയിൽ കൂൺ കൃഷി നടത്തി വരുന്നു.

ലോകത്ത് വിവിധ തരത്തിലുള്ള കൂണുകൾ ഉണ്ട്. ചിപ്പി കൂൺ, പാൽ കൂൺ, വൈക്കോൽ കൂൺ, ബട്ടൺ കൂൺ, ഷിറ്റേക്ക് മഷ്റൂം, വിന്‍റര്‍ മഷ്റൂം, കോപ്രിനസ് മഷ്റൂം, നമേകോ മഷ്റൂം, ഗാര്‍ഡന്‍ ജയൻ്റ്, സില്‍വര്‍ ഇയര്‍ കൂൺ എന്നിവയാണ് അവയിൽ ചിലത്.

ലോകത്തില്‍ മൊത്തം ഉത്പാദിപ്പിക്കുന്ന കൂണ്‍ ഇനങ്ങളില്‍ ഒന്നാം സ്ഥാനം വൈറ്റ് ബട്ടൺ കൂണിനും രണ്ടാം സ്ഥാനം ചിപ്പിക്കൂണിനുമാണ്. കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത് ചിപ്പി കൂൺ, പാൽ കൂൺ, വൈക്കോൽ കൂൺ, ബട്ടൺ കൂൺ എന്നീ തരങ്ങളാണ്.

നല്ല വാർത്തകൾ കേട്ടറിയു! download katha app

ബട്ടൺ കൂൺ കേരളത്തിൽ കൃഷി ചെയ്യണമെങ്കിൽ ചൂട് ക്രമീകരിച്ചു 14-15 സെൽഷ്യസ് ആയി നിർത്തേണ്ടി വരും. അതുകൊണ്ട് തന്നെ ഉത്പാദന ചിലവ് കൂടുതലാണ്. വലിയ കമ്പനികൾ മാത്രമേ കേരളത്തിൽ ബട്ടൺ കൂൺ ഉത്പാദിപ്പിക്കുന്നുള്ളൂ.

ചിപ്പി കൂൺ

കേരളത്തിൻ്റെ കാലാവസ്ഥയിൽ കൂടുതലും കൃഷി ചെയ്യാനായിട്ട് അനുയോജ്യമായതാണ് ചിപ്പി കൂൺ. ഇത് 25 ഡിഗ്രി മുതൽ 35 ഡിഗ്രി വരെയുള്ള ഊഷ്മാവിലാണ് വളരുന്നത്. ഭക്ഷ്യയോഗ്യമായ ഈ കൂൺ ശരീരത്തിന് വളരെ ഗുണം ചെയ്യുകയും മാരകമായ രാസവസ്തുക്കളെ തകർക്കുകയും ചെയ്യുന്നു.

ഭൂമിയിലെ ഏറ്റവും വൈവിധ്യമാർന്ന കൂണുകളിൽ ഒന്നാണ് ചിപ്പി കൂൺ. ചിപ്പി കൂൺ എളുപ്പത്തിൽ കൃഷി ചെയ്യാം.ചിപ്പികൂണിൻ്റെ മുൻ നിര ഇനമായ ഗാനോഡെർമ ലൂസിഡിയം കൂൺ വളരാൻ ഏകദേശം 100 ദിവസമെടുക്കും. ഇവ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്.

പാൽ കൂൺ

ഉഷ്ണമേഖല പ്രദേശങ്ങളിൽ മാത്രം വളരുന്ന ഇനമാണ് പാൽ കൂൺ. ഇന്ത്യയിലെ ചൂടുള്ള ഈർപ്പമുള്ള കാലാവസ്ഥയിൽ തദ്ദേശീയവും കൃഷി ചെയ്യുന്നതുമായ ഒരേയൊരു കൂൺ ഇനമാണ് പാൽ കൂൺ.

പാലിൻ്റെ വെളുത്ത നിറമായതുകൊണ്ടാണ് ഈ കൂണിന് പാൽ കൂൺ എന്ന പേര് വിളിക്കുന്നത്. പാൽ കൂണുകൾ പോഷകങ്ങളാൽ സമ്പന്നമാണ്, നല്ല സെൽഫ് ലൈഫും ഉണ്ട്. കുറഞ്ഞ ചെലവിൽ വളർത്താൻ പറ്റുന്ന ഇനങ്ങളിൽ ഒന്നാണിത്. കൂടാതെ വലുപ്പത്തിൽ വലുതും.

വൈക്കോൽ കൂൺ

രുചി, മണം, സ്വാദിഷ്ടത, പോഷകങ്ങൾ എന്നിവയുടെ കൂട്ടമാണ് വൈക്കോൽ കൂൺ. അതുകൊണ്ട് തന്നെ വെളുത്ത ബട്ടൺ കൂണുകൾക്ക് തുല്ല്യം തന്നെയാണ് വൈക്കോൽ കൂൺ.

ഉഷ്ണമേഖലാ വൈക്കോൽ കൂൺ എല്ലാ സീസണുകൾക്കും അനുയോജ്യമാണ്. എന്നാൽ വളരെ കുറഞ്ഞ വിളവും വളരെ കുറഞ്ഞ സെൽഫ് ലൈഫ് കാരണം വാണിജ്യപരമായി ഇത് ആകർഷകമല്ല. പക്ഷേ, ഒരു അടുക്കളത്തോട്ട വിള എന്ന നിലയിൽ ഇത് വളരെ രുചികരവും പോഷകപ്രദവുമാണ്.

കൂണിൻ്റെ ഗുണങ്ങൾ

Use of mushroom

ഭൂരിഭാഗവും വെള്ളം കൊണ്ട് നിറഞ്ഞ ഭക്ഷ്യയോഗ്യമായ പൂപ്പലാണ് കൂൺ. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ഫോളിക് ആസിഡ്, അയേൺ എന്നിവയ്ക്കും മറ്റും ഒരു മികച്ച ഉറവിടം കൂടിയാണ് കൂൺ.

മാംസങ്ങളിലെ പ്രോട്ടീനെ അപേക്ഷിച്ച് കൂണിലെ പ്രോട്ടീൻ ഗുണത്തിൽ നല്ലതായി നിൽക്കുന്നു. കൊഴുപ്പ് കുറവുള്ള പോഷകാഹാരത്തിന്റെ സമ്പന്നമായ ഉറവിടമാണ് കൂണുകൾ. അതുകൊണ്ട് തന്നെ, ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും കൂണുകൾ നല്ലതാണ്.

കൂണിന് ക്യാൻസർ, ട്യൂമർ, കൊളസ്ട്രോൾ, രക്തസമ്മർദം മുതലായ രോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള കഴിവുണ്ട്.

കൂൺ ഒരു ഔഷധം കൂടിയാണ്. വൃണം ചൊറി എന്നിവയിൽ കൂൺ ഒണക്കി പൊടിച്ചത് വിതറിയാൽ പെട്ടെന്ന് ഉണങ്ങും. ഹോമിയോ മരുന്നുകളിലും ചില പ്രത്യേകതരം കൂണുകൾ ഉപയോഗിക്കുന്നുണ്ട്.

ഇത്രയും പോഷക സമൃദ്ധമായതും ഔഷധ മൂല്യമുള്ളതുമായ കൂൺ പക്ഷേ വിലയിൽ മുന്തിയത് ആയതുകൊണ്ട് പലരും വാങ്ങാൻ മടിക്കുന്നു. സാധാരണ കൂണിന് വിപണിയിൽ കിലോയ്ക്ക് 300-350 രൂപയാണ് വില. എന്നാൽ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാവുന്ന വിളയാണ് കൂൺ എന്നത് അറിഞ്ഞിരിക്കണം.

കൂൺ കൃഷി എങ്ങനെ ചെയ്യാം

How to grow nushroom

കൂണിൻ്റെ ഗുണങ്ങളും ഔഷധ പ്രാധാന്യവും കണക്കിലെടുത്തും ദൗർലഭ്യം മൂലവും ഇപ്പോൾ വാണിജ്യപരമായുള്ള കൂണിൻ്റെ കൃഷി കൂടി കൂടി വരുന്നുണ്ട്. ഈയിടെയായി കേരളത്തിൽ കൂടുതലായി കൂൺ കൃഷിക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. വീടുകളിൽ വരെ കൂൺ കൃഷി തുടങ്ങാം എന്നത് വീട്ടമ്മമാരെ കൂടി ഇതിലേക്ക് ആകർഷിക്കുന്നുണ്ട്.

കേരളത്തിൽ കൂൺ കൃഷി ഒരു ഹോബിയിൽ നിന്ന് ഒരു മിനി വ്യവസായമായി വളർന്ന് കഴിഞ്ഞു. സ്ഥിരോത്സാഹവും കഷമയും ബുദ്ധിപരമായ നിരീക്ഷണ പാടവവും കൂടാതെ ട്രെയിനിങ്ങും പ്രവർത്തി പരിചയവും ഒക്കെ വേണ്ട തൊഴിലാണ് കൂൺ കൃഷി. എന്നാൽ മറ്റേതൊരു ജോലിയെയും പോലെ മികച്ച വരുമാനം നല്‍കുന്ന കൃഷിയാണ് കൂണ്‍ കൃഷി.

1. സ്ഥലം

കൂൺ കൃഷിക്ക് ആദ്യം കണ്ടെത്തേണ്ടത് അനുയോജ്യമായ സ്ഥലമാണ്. സൂര്യപ്രകാശം കുറവുള്ളതും ചൂട് കുറഞ്ഞതും ഈർപ്പമുള്ള അന്തരീക്ഷമുള്ളതും വായുസഞ്ചാരമുള്ളതുമായ സ്ഥലം വേണം തിരഞ്ഞെടുക്കാൻ.

ഗാർഹിക ആവശ്യത്തിനായി കൂൺ കൃഷി നടത്തുകയാണെങ്കിൽ സ്വന്തം വീട്ടിൽ തന്നെ അതിനുള്ള അന്തരീക്ഷം ഒരുക്കാവുന്നതാണ്. വാണിജ്യപരമായ ഉത്പാദനത്തിന് ഇത്തരം കാര്യങ്ങൾ ഒത്തുചേർന്നു വരുന്ന ഒരു ശാല നിർമ്മിക്കേണ്ടി വരും.

2. കൂൺ വിത്ത്

കൂൺ കൃഷി തുടങ്ങാൻ നല്ല സപോ വേണം. കൂൺ കൃഷി ചെയ്യാൻ ആവശ്യമായ വിത്തിനെയാണ് സ്‌പോ എന്ന് വിളിക്കുന്നത്. അറിവും പരിചയവും വിശ്വാസയോഗ്യവുമായ സ്ഥലത്ത് നിന്ന് സ്പോ വാങ്ങാൻ ശ്രദ്ധിക്കണം.

3. തടമൊരുക്കാൻ മാധ്യമങ്ങൾ

അടുത്തതായി കൂൺ കൃഷിക്ക് വേണ്ടത് അനുയോജ്യമായ തടം ആണ്. കൂണിനു അനുയോജ്യമായി വളർത്താൻ ഉപയോഗിക്കുന്ന പ്രതലത്തെ (തടത്തെ) കൂൺ ബെഡ് എന്ന് വിളിക്കുന്നു.

കൂൺ ബെഡ് ഒരുക്കാനായി പല തരം മാധ്യമങ്ങൾ ഉപയോഗിക്കാം. വൈക്കോൽ, ഉണങ്ങിയ അടയ്ക്കാത്തോട്, തെങ്ങിൻ്റെ കൊതുമ്പു, ഓല മടൽ, ഉണങ്ങിയ കൈതപുല്ല്, വാഴത്തട, അറക്കപ്പൊടി അങ്ങനെ പലതും. എന്നാൽ കൂടുതലായി ഉപയോഗിക്കുന്നത് വൈക്കോൽ ആണ്. ആദായകരമായ വിളവ് ലഭിക്കണമെങ്കിൽ ഒരുവർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത വൈക്കോൽ എടുക്കുന്നതായിരിക്കും ഉത്തമം.

4. അണുനശീകരണം

ബെഡിനായി തിരഞ്ഞെടുക്കുന്ന വൈക്കോൽ അണുനശീകരണം ചെയ്യണം. അതിനായി വൈക്കോൽ ഏകദേശം 12-14 മണിക്കൂർ വരെ ശുദ്ധമായ വെള്ളത്തിൽ കുതിർക്കണം. മണിക്കൂറുകൾ കഴിഞ്ഞ് വെള്ളത്തിൽ നിന്നും എടുത്ത് പുഴുങ്ങാനായി വയ്ക്കണം.

വെള്ളത്തിലോ ആവിയിലോ ഇട്ടു വൈക്കോൽ പുഴുങ്ങാവുന്നതാണ്. ഏകദേശം 45 മിനിറ്റ് കഴിയുമ്പോൾ വയ്ക്കോൽ എടുത്ത് അധിക ജലം പോകുന്നതിനും തണുക്കുന്നതിനുമായി എടുത്ത് മാറ്റി വയ്ക്കാം. കൂൺ വിത്ത് വിതറുന്ന സ്ഥലം അനുനശീകരണം ചെയ്യാൻ ആണ് ഇതൊക്കെ ചെയ്യുന്നത്.

5. ബെഡ് തയ്യാറാക്കൽ

നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കവർ ആണ് കൂൺ ബെഡ് തയ്യാറാക്കാൻ ഉത്തമം. അത് സുതാര്യമാണെങ്കിൽ കൂൺ വളരുന്നത് എളുപ്പം കാണാനും കഴിയും. തിളപ്പിച്ച് ഉണക്കി അണുരഹിതമാക്കി വച്ചിരിക്കുന്ന വൈക്കോൽ എടുത്ത് പ്ലാസ്റ്റിക്ക് കവറിൻ്റെ അടിഭാഗത്ത് വയ്ക്കുക.

അതിനു വശങ്ങളിലായി കൂൺ വിത്തുകൾ വിതറാവുന്നതാണ്. അതിനു മുകളിൽ അട്ടിയട്ടിയായി വൈക്കോലും കൂൺ വിത്തും കൊണ്ട് നിറയ്ക്കാം. അതുകഴിഞ്ഞ് പ്ലാസ്റ്റിക്ക് കവർ മുകളിൽ നിന്നും ഒരു ചരട് ഉപയോഗിച്ച് കെട്ടിവയ്ക്കാം.

കവറിൻ്റെ എല്ലാ വശങ്ങളിലും ചെറു സുഷിരങ്ങൾ ഇടാം. ഇങ്ങനെ ഉണ്ടാക്കിയെടുത്ത കാര്യത്തെയാണ് കൂൺ ബെഡ് അഥവാ കൂൺ തടം എന്ന് പറയുന്നത്. ബെഡ് തയ്യാറാക്കുന്നതിന് മുൻപ് ഇതിന് ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും കൈകളും ഡെറ്റോൾ ഉപയോഗിച്ചു കഴുകണം. തയ്യാറാക്കിയ ബെഡുകൾ സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലത്ത് വയ്ക്കുക.

6. വിളവെടുപ്പ്

അങ്ങനെ വച്ചിരിക്കുന്ന കൂൺ വീടുകളിൽ ഏകദേശം 10 ദിവസം കഴിയുമ്പോൾ ചെറുതായി കൂൺ വളരുന്നത് കാണാനാകും. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ കൂൺ മുളകൾ പുറത്തേക്ക് വളർന്ന് തുടങ്ങും. ഈ അവസ്ഥയിൽ പ്ലാസ്റ്റിക്ക് കവർ കീറി കൂൺ ബെഡ് പുറത്തെടുക്കാവുന്നതാണ്. കൂൺ ബെഡ് പുറത്തെടുത്ത് അടുത്ത ദിവസം മുതൽ ഈർപ്പം നിലനിർത്താനുള്ള വെള്ളം തളിച്ച് കൊടുക്കണം.

2-4 ദിനങ്ങൾക്കുള്ളിൽ കൂൺ പൊട്ടി മുളച്ച് വിളവെടുപ്പിനുള്ള പാകമായിട്ടുണ്ടാകും. അപ്പോൾ വിളവെടുക്കാം. വിളവെടുപ്പ് കഴിഞ്ഞാലും കുറച്ചു വെള്ളം തളിച്ച് കൊടുക്കുക.

അങ്ങനെ ചെയ്താൽ അടുത്ത രണ്ടാഴ്ചകളിലായി വീണ്ടും വിളവെടുപ്പ് നടത്താവുന്നതാണ്. വിളവെടുപ്പ് കഴിഞ്ഞുള്ള ബെഡ് ഒന്നുങ്കിൽ കത്തിച്ചു കളയാം അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് പോലുള്ള കാര്യങ്ങൾ ഉണ്ടാക്കാൻ എടുക്കാം.

കൂൺ കൃഷി എങ്ങനെ പഠിക്കാം

Mushroom Farming

വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കൃഷിയാണ് കൂൺ കൃഷി. പക്ഷേ വിദഗ്ദ്ധരുടെ ഉപദേശമോ കൃത്യമായ ട്രെയിനിങ്ങോ ഇല്ലാതെ ചെയ്താൽ നഷ്ടമാകാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായി കൂൺ കൃഷി തുടങ്ങുന്നതാണ് ഉത്തമം.

ചെറിയ തോതിൽ തുടങ്ങി പിന്നീട് അതൊരു വ്യവസായമായി മാറ്റാം. നമ്മുടെ നാട്ടിലെ കാർഷിക സർവകലാശാല ഗവേഷണ കേന്ദ്രങ്ങളിൽ നിന്നും കൃഷി വിജ്ഞാന കേന്ദ്രങ്ങളിൽ നിന്നും കൂൺ കൃഷി രീതികളെക്കുറിച്ചും വിത്ത് ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചും ഉള്ള പരിശീലനം ലഭിക്കുന്നതാണ്. പലരും യൂട്യൂബിലൂടെയും കൃഷി പഠിക്കുന്നുണ്ട്.

കൂൺ കൃഷി കൊണ്ട് മറ്റ് സംരംഭങ്ങൾ

Mushroom growing

കൂൺ കൃഷി ചെയ്യുന്നതിൻ്റെ കൂടെത്തന്നെ അതിനോടനുബന്ധിച്ച മറ്റു വ്യവസായങ്ങളും തുടങ്ങാവുന്നതാണ്. കൂൺ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. വിഭവങ്ങൾക്ക് വേണ്ടിയുള്ള കൂൺ സ്വന്തമായി ഉത്പാദിപ്പിക്കുന്നതുകൊണ്ട് തന്നെ അതിൽ ലാഭവും ഉണ്ടാക്കാം.

കൂൺ കൊണ്ട് അച്ചാർ, കെച്ചപ്പ്, സോസ് തുടങ്ങിയവയൊക്കെ ഉണ്ടാക്കി ടിന്നിലാക്കി വിൽക്കാവുന്നതാണ്.ചെറു കടികളായ കൂണ്‍ കട്ലേറ്റ്, കൂണ്‍ ഓംലെറ്റ്, കൂണ്‍ ബജി, കൂണ്‍ പക്കാവട പോലുള്ള സാധനങ്ങളും വിപണിയിൽ വിറ്റാൽ അതിലും ലാഭം കിട്ടും.

കൂൺ പൊടിച്ച് കുപ്പിയിലാക്കി വിൽക്കുകയും ചെയ്യാം. ജ്യൂസിലോ പാലിലോ ഒക്കെ കലക്കി കഴിക്കാൻ നല്ലതാണ്.ലാഭകരമായ കൂൺ ബിസിനസ്സ് താല്പര്യമുള്ളവർക്ക് ഒന്നു ശ്രമിച്ചു നോക്കാവുന്നതാണ്.

continue reading.

എന്താണ് അക്വാപോണിക്‌സ്?

എന്താണ് അക്വാപോണിക്‌സ്?

Jun 22, 2022
കേരളത്തിനായുള്ള മികച്ച 10 ബിസിനസ്സ് ആശയങ്ങൾ

കേരളത്തിനായുള്ള മികച്ച 10 ബിസിനസ്സ് ആശയങ്ങൾ

Jun 10, 2022
ലോകത്തെ മാറ്റിമറിച്ച 20 ശാസ്ത്രജ്ഞൻമാർ

ലോകത്തെ മാറ്റിമറിച്ച 20 ശാസ്ത്രജ്ഞൻമാർ

Oct 9, 2022
ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട 5 കാര്യങ്ങൾ

ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട 5 കാര്യങ്ങൾ

Sep 30, 2022
download katha app