Katha

കേരളത്തിനായുള്ള മികച്ച 10 ബിസിനസ്സ് ആശയങ്ങൾ

Jun 10, 2022
കേരളത്തിനായുള്ള മികച്ച 10 ബിസിനസ്സ് ആശയങ്ങൾ

ഒരു ബിസിനസ്സ് നടത്താൻ അതിയായ അധ്വാനവും കാര്യക്ഷമതയും ആവശ്യമാണ്. ഇതെല്ലാം തുടങ്ങുന്നത് ഒരു ആശയത്തിൽ നിന്നുമായിരിക്കും. ആ ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്നത് ആ ആശയത്തോടുള്ള ഇഷ്ടം കൊണ്ടുകൂടിയാവും. എന്നാൽ പലരുടെയും കയ്യിൽ ഒരു ബിസിനസ്സ് തുടങ്ങാനുള്ള മൂലധനവും മനസാന്നിധ്യവും ഉണ്ടാകും, പക്ഷേ ആശയങ്ങൾ കുറവായിരിക്കും.

കേരളം എന്ന സംസ്ഥാനത്തിൽ നിരവധി ബിസിനസ്സ് സാധ്യതകൾ ഉണ്ട്. കേരളത്തിനായുള്ള ബിസിനസ്സ് ആശയങ്ങൾ തിരയുമ്പോൾ, ഇവിടെ ലഭിക്കുന്ന അസംസ്കൃത വസ്തുക്കൾ കൂടുതൽ ഉപയോഗിക്കാൻ ശ്രമിക്കണമല്ലോ. അത് തന്നെയാവും ലാഭകരവും.എങ്കിലേ അത് കേരളത്തിൻ്റേതെന്ന് പറയാവുന്ന ബിസിനസ്സ് ആവുകയുള്ളൂ. അത്തരത്തിലുള്ള മികച്ച 10 ആശയങ്ങളാണ് ചുവടെ ചേർക്കുന്നത്.

ഗൃഹാലങ്കാര ബിസിനസ്സ്

Home decor

ഏറ്റവും വലിയ തോതിൽ വളർന്നുകൊണ്ടിരിക്കുന്ന ബിസിനസ്സാണ് ഗൃഹാലങ്കാര ബിസിനസ്സ്. ഗൃഹം അലങ്കരിക്കാനും മോടി കൂട്ടാനും എല്ലാവർക്കും കൂടുതൽ ഉത്സാഹമാണ് ഇപ്പോൾ. ഒരു വീടിൻ്റെ ഇൻ്റീരിയർ ഡിസൈനിങ്ങിൻ്റെ കൂടെ തന്നെ പ്രാധാന്യത്തോടെ ചെയ്യുന്നതാണ് ഗൃഹത്തിലെ മറ്റ് പല അലങ്കാര പണികളും. വാൾ ആർട്ടുകൾ, ഡിസൈനിംഗ് അക്‌സസറികൾ, ഡിസൈനർ പൂചട്ടി, തുടങ്ങി മെഴുകുതിരികൾ വരെ ഗൃഹാലങ്കാര വസ്തുക്കളിൽ പെടുന്നു.

ഇതിൽ കേരളത്തിൻ്റേതായ തനത് കാര്യങ്ങൾ മാത്രം ഉപയോഗിച്ച് നിർമ്മിച്ചാൽ അത് കേരളത്തിൻ്റെ സ്വന്തം ഗൃഹാലങ്കാര ബിസിനസ്സായി മാറും. കേരളത്തിൽ സുലഭമായി ലഭിക്കുന്ന കാര്യമാണ് തേങ്ങയും ചകിരിയുമൊക്കെ. ഇതൊക്കെ വച്ച് നിരവധി അലങ്കാര വസ്തുക്കൾ ഉണ്ടാക്കാൻ സാധിക്കും.ചിരട്ട വച്ച് തന്നെ ചായ പാത്രം, കളിപ്പാട്ടങ്ങൾ, ചിരട്ടയിലെ മെഴുകുതിരി, റാന്തൽ വിളക്ക്, ശിൽപങ്ങൾ അങ്ങനെ അനവധി അലങ്കാര സാധനങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അത് ഉണ്ടാക്കാനും വിൽക്കാനുമുള്ള കഴിവുണ്ടെങ്കിൽ മികച്ച ബിസിനസായി വളർത്താവുന്ന ഒന്നാണിത്. നേരിട്ടുള്ള വിൽപ്പനയുടെ കൂടെ തന്നെ ഇ-കൊമേഴ്സ് രീതിയിൽ ഓൺലൈനിലൂടെയും ചിരട്ടയിൽ തീർത്ത അലങ്കാര സാധനങ്ങൾ വിൽക്കാൻ സാധിക്കും.

ഗ്ലാമ്പിങ്

Glamping

ഗ്ലാമർ ആയിട്ടുള്ള ക്യാമ്പിങ്ങിൻ്റെ ചുരുക്കപ്പേരാണ് ഗ്ലാമ്പിങ്. കുറച്ചുകൂടി സുരക്ഷിതത്വവും എന്നാൽ ആഡംബരപൂർണ്ണമായ ക്യാമ്പിംഗ് അനുഭവം നൽകുന്നതാണ് ഗ്ലാമ്പിങ്.കേരളത്തിൻ്റെ പ്രകൃതി ഭംഗിയെയും ടൂറിസം സാധ്യതകളെയും ഉപയോഗപ്പെടുത്തുന്ന ഒരു ബിസിനസ്സ് ആശയമാണ് ഗ്ലാമ്പിങ് എന്നത്. കേരളത്തിലെ പശ്ചിമട്ട ഘട്ടത്തിലെ കുന്നുകൾ പ്രകൃതി മനോഹരങ്ങളാണ്. അവിടേക്ക് കൂടുതൽ സഞ്ചാരികളും എത്തിക്കൊണ്ടിരിക്കുന്നു.

ഈ അവസരം മുതലാക്കാൻ കഴിഞ്ഞാൽ ഗ്ലാമ്പിങ് എന്ന ബിസിനസ്സ് തഴച്ചു വളരുക തന്നെ ചെയ്യും. കൂടുതലും കുടുംബങ്ങൾ ഇത്തരം കുന്നുകളിൽ ട്രെക്ക് ചെയ്ത് വന്ന് അവിടെ ടെൻ്റിൽ സ്റ്റേ ചെയ്യാനൊന്നും താല്പര്യപ്പെടുന്നില്ല. അതിനു ഒരേയൊരു കാരണം സുരക്ഷിതമാണോ എന്ന പേടി മാത്രമാണ്. അത് മാറ്റാൻ സാധിച്ചാൽ ഇപ്പോൾ യുവാക്കൾ വരുന്നതുപോലെ തന്നെ കുടുംബങ്ങളും ഗ്ലാമ്പിങ് എന്ന ആശയത്തിൽ ആകൃഷ്ടരായി വന്നുചേരും. ആ ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് ഈ ബിസിനസ്സിൻ്റെ വിജയം. കൂടാതെ വിശേഷപ്പെട്ട ദിനങ്ങൾ ആഘോഷിക്കാനും പാകത്തിനുള്ള ടെൻ്റുകളും സജീകരിച്ചാൽ ഗ്ലാമ്പിങ് കൂടുതൽ രസകരമാകും.

വെള്ളം വിൽക്കാം

Water business

കഴിഞ്ഞ തലമുറയിലെ മനുഷ്യർ ഒരിക്കൽപോലും വിചാരിച്ചുകാണില്ല, വെള്ളം വാങ്ങാൻ കിട്ടുന്ന ഒരു അവസ്ഥ വരുമെന്ന്. അത്രയ്ക്കും ആവശ്യം ജലത്തിന് വരികയും എന്നാൽ ജല ദൗർലഭ്യം കൂടി കൂടി വരികയും ചെയ്യുന്നു. അതേ സമയം തന്നെ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സ്ഥലങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ പ്രതിവർഷം ശരാശരി 3107 മില്ലിമീറ്റർ മഴ ലഭിക്കുന്നു. ഇന്ത്യയുടെ ശരാശരി കണക്ക് 1197 മില്ലിമീറ്റർ ആയിരിക്കെ ആണ് ഇത്.

മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളെയും കൂട്ടി വായിക്കുമ്പോൾ ഒരു ബിസിനസ്സ് ആശയം ഉരുത്തിരിഞ്ഞു വരുന്നില്ലേ. അതെ, നമ്മൾ ഒഴുക്കികളയുന്ന മഴവെള്ളം സംഭരിച്ചാൽ അതിൽ നിന്നും ബോട്ടിലിൽ വിൽക്കുന്ന വെള്ളം ഉണ്ടാകുന്ന ബിസിനസ്സ് മാതൃക രൂപീകരിക്കാവുന്നതെയുള്ളു. ഓരോ വീട്ടുകാർക്കുപോലും ഈ ബിസിനസ്സ് തുടങ്ങാവുന്നതാണ്. അതുവഴി ഇപ്പോഴുള്ള ജല ദൗർലഭ്യം കുറയുകയും കൂടാതെ വെള്ളത്തിനു വിപണിയിലുള്ള വില കുറയുകയും ചെയ്യും.

പഴങ്ങൾ കൊണ്ട് ബിസിനസ്സ്

Fruit business

കേരളത്തിൽ സുലഭമായി വളരുന്ന ഫലങ്ങളാണ് ചക്കയും മാങ്ങയും. അതിൻ്റെ കാലം അനുസരിച്ച് കിട്ടികൊണ്ടിരിക്കുന്ന പഴങ്ങളാണ്. ഇവയിൽ തന്നെ ഒരു ബിസിനസ്സ് മോഡൽ ഉണ്ടാക്കാമല്ലോ. ചക്കയും മാങ്ങയും വിൽക്കുന്ന കാര്യമല്ല പറയുന്നത്. അതിൻ്റെ വിവിധ രൂപഭാവങ്ങൾ മാറ്റിയും വിൽക്കാം. ചക്ക കൊണ്ട് ചക്ക ചിപ്സ്, ചക്കക്കുരുപ്പൊടി, ചക്കവരട്ടി, ചക്ക അച്ചാർ, ചക്ക ജാം, ചക്ക സ്ക്വാഷ്, ചക്ക ഐസ്ക്രീം ഒക്കെ ഉണ്ടാക്കാവുന്നതാണ്.

ഇത് ഒരു ബിസിനസ്സ് ആക്കി തുടങ്ങാവുന്നതാണ്. ഇതുപോലെതന്നെയാണ് മാങ്ങയുടെ കാര്യവും. കായയെയും പഴത്തിനെയും കായ വറുത്തതിനെയൊന്നും മറക്കുന്നില്ല. ഇവയൊക്കെ ബേക്കറികൾ വഴിയുള്ള വിൽപ്പനയും അല്ലെങ്കിൽ ഇ-കൊമേഴ്സ് രീതിയിൽ ഓൺലൈൻ വഴിയും വിൽക്കാവുന്നതാണ്. കേരളത്തിൽ സുലഭമായ എന്നാൽ പഴായി പോകുന്ന ഇത്തരം പഴവർഗങ്ങൾ വച്ച് ബിസിനസ്സ് പടുത്തുയർത്താം.

കുഞ്ഞ് കൃഷികൾ ബിസിനസ്സ് ആക്കാം

Home farming

കൊറോണയുടെ ലോക്ക്ഡൗൺ കാലത്ത് എല്ലാവരും പലതരം പരീക്ഷണങ്ങളിൽ ആയിരുന്നു. അവയിൽ ഒന്നാണ് മൈക്രോ ഗ്രീൻ കൃഷി. വിത്ത് മുളപ്പിച്ച് വെള്ളം മാത്രം കൊടുത്തു ചെടിയെ വളർത്തിയെടുക്കുന്ന രീതിയാണ് മൈക്രോ ഗ്രീൻ എന്നു പറയുന്നത്. ഇതു എല്ലാവരും വീട്ടാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. ഇത്തരം ചെറു കൃഷികൾ വലിയ തോതിൽ ചെയ്തു ഒരു ബിസിനസ്സ് ആക്കിയെടുക്കാവുന്നതാണ്. അടുത്തുള്ള സൂപ്പർ മാർക്കറ്റുകളിലും മറ്റും ഇത് വിൽക്കുകയും ചെയ്യാം.

ഇതേ രീതിയിൽ തന്നെ ചെയ്യാവുന്ന മറ്റൊരു കൃഷിയാണ് കൂൺ കൃഷി. കൂൺ കൃഷി തുടങ്ങാൻ ഒരു വീട് തന്നെ ധാരാളം. മറ്റൊരു കൃഷി മീൻ കൃഷിയാണ്. കേരളത്തിൽ മീനിന് ആവശ്യക്കാർ ഏറെയാണ്.അതുകൊണ്ട് തന്നെ മീൻ കൃഷി ലാഭകരമാവുകയും ചെയ്യും. കൃഷിയെ തന്നെ ബിസിനസ്സ് ആക്കിയെടുക്കുന്നത് ആൾക്കാർക്ക് കൃഷിയിലേക്ക് വരാനുള്ള പ്രചോദനം ആവുകയും ചെയ്യും.

വളർത്തുമൃഗങ്ങൾക്കുള്ള സ്ഥാപനം

Pet vet

ഓമന മൃഗങ്ങളെ വളർത്തുന്നവരുടെ എണ്ണം ഇപ്പോൾ കേരളത്തിൽ കൂടി വരുന്നു. എന്നാൽ ഇവയെ പരിപാലിക്കാൻ വേണ്ടിയുള്ള സംവിധാനങ്ങൾ കേരളത്തിൽ കുറവാണ്. വളർത്തുമൃഗങ്ങളെ വളർത്തുന്നവർ അവരെ തങ്ങളുടെ സ്വന്തം കുഞ്ഞിനെപ്പോലെയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അവയ്ക്ക് വേണ്ടിയുള്ള ഒരു ബിസിനസ്സ് ആരംഭിക്കുമ്പോൾ കൂടുതൽ പിന്തുണയും കിട്ടും.

വളർത്തു മൃഗങ്ങൾക്ക് എന്തൊക്കെ ആവശ്യങ്ങൾ ഉണ്ടോ അതൊക്കെ നിറവേറ്റുന്ന സേവനങ്ങൾ ആ സ്ഥാപനത്തിൽ കൊടുക്കാം. തൻ്റെ അരുമ മൃഗങ്ങളെ ആക്കി പോകാവുന്ന പെറ്റ് ഡേ കെയർ സെൻ്റർ, അവയുടെ സൗന്ദര്യ സംരക്ഷണത്തിനായി പെറ്റ് മാനിക്യൂർ, ഭക്ഷണ വിഭവങ്ങൾക്കായി പെറ്റ് ബേക്കറി, അവയ്ക്ക് വേണ്ടിയുള്ള കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ… അങ്ങനെ പലതരം ആവശ്യങ്ങൾക്കായി ഒരു ബിസിനസ്സ് തുടങ്ങാവുന്നതാണ്. കേരളത്തിൽ ഇത്തരം ബിസിനസുകൾ ഇപ്പോൾ കുറവായതുകൊണ്ട് ഇതൊരു പുതിയ തുടക്കമാവും.

വിർജിൻ വെളിച്ചെണ്ണ ബിസിനസ്സ്

Virgin coconut oil

തേങ്ങയുടെ പാലിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന വെളിച്ചെണ്ണയെയാണ് വിർജിൻ വെളിച്ചെണ്ണ അഥവാ ഉരുക്ക് വെളിച്ചെണ്ണ എന്ന് വിളിക്കുന്നത്. തേങ്ങകൾ സുലഭമായി ലഭിക്കുന്ന കേരളത്തിൽ ഉരുക്ക് വെളിച്ചെണ്ണയുടെ ഒരു ബിസിനസ്സ് തുടങ്ങുമ്പോൾ അസംസ്കൃത വസ്തുവിന് വേണ്ടിയുള്ള തിരച്ചിൽ കുറയ്ക്കാമല്ലോ.

ഔഷധം എന്ന നിലയിലാണ് ഉരുക്ക് വെളിച്ചെണ്ണ വിപണിയിൽ പ്രിയമേറുന്നത്. ഓർമ്മ ശക്തി വർധിപ്പിക്കാൻ, തൈറോയ്ഡ് പ്രശ്നങ്ങൾ പരിഹരിക്കാൻ, വായുടെ ആരോഗ്യം നിലനിർത്താൻ, പൈൽസും അപസമാരത്തിവും ഒക്കെ മാറാൻ ഉരുക്ക് വെളിച്ചെണ്ണ എന്ന ഔഷധം ഉത്തമമാണ്. ലിറ്ററിന് 1200 രൂപ മുതൽ 2500 രൂപ വരെയാണ് ഇതിന് വിപണി വില. ചെറിയ മുതൽ മുടക്കിൽ വലിയ ലാഭം ഉണ്ടാക്കാവുന്ന ബിസിനസ്സ് ആണ് വിർജിൻ വെളിച്ചെണ്ണയുടെ ബിസിനസ്സ്. കേരളത്തിൻ്റെ തനതായ നാളികേരത്തിൽ നിന്നും ആരോഗ്യ സമ്പുഷ്ടമായ ഒരു ബിസിനസ്സ് മാതൃക എന്തുകൊണ്ടും ആൾക്കാർ സ്വീകരിക്കും.

കളയാതെ എടുത്ത് ബിസിനസ്സ് ചെയ്യാം

Coir business

നമ്മൾ വീട്ടിൽ നിന്നും മാറ്റി വയ്ക്കുന്ന സാധനങ്ങൾ വിപണിയിൽ വലിയ വിലയാണ് എന്ന് കേട്ടാൽ ഞെട്ടില്ലേ. എങ്കിൽ ഞെട്ടാൻ തയ്യാറായിക്കോളൂ. 1 കിലോ ചാരത്തിന് ആമസോണിൽ 200 രൂപയ്ക്ക് മുകളിലാണ് വില. 4 കിലോ ചിരട്ടയ്ക്ക് 400 രൂപയാണ് വില. 1 കിലോ ചകിരിയ്ക്ക് 90 രൂപയാണ്.ഇവയെല്ലാം നമ്മുടെ വീട്ടിൽ കിട്ടുന്ന സാധനങ്ങൾ ആണ്. നമ്മൾ വെറുതെ കളയുന്ന സാധനങ്ങൾ. ഇതിൽ ഒരു ബിസിനസ്സ് തുടങ്ങാമല്ലോ. ഓരോ വീട്ടിൽ നിന്നും ഇത്തരം കാര്യങ്ങൾ ശേഖരിച്ച് അതിൻ്റേതായ രീതിയിൽ വിപണിയിലോ അല്ലെങ്കിൽ ഓൺലൈൻ വിപണിയിലോ വിൽക്കാവുന്നതാണ്. ശേഖരിക്കാനും അത് ഒരുക്കാനും മാത്രമുള്ള പണിയേ വരുന്നുള്ളൂ.

പഴയ തുണികൾ കൊണ്ടും ബിസിനസ്സ്

Cloth business

നമ്മുടെ ഒക്കെ വീടുകളിൽ കുട്ടികൾ ധരിച്ച ഉടുപ്പ്, പാവാട, ഷർട്ട്, മറ്റ് തുണിത്തരങ്ങൾ ഒക്കെ മോശമാവും മുൻപേ ഉപേക്ഷിക്കാറുണ്ട്. ഒന്നുങ്കിൽ അത് കുട്ടിക്ക് വേണ്ട എന്ന് പറയുന്നതുകൊണ്ട്, അല്ലെങ്കിൽ കുട്ടിയുടെ വളർച്ച വേഗത്തിൽ ആവുന്നതുകൊണ്ട്. രണ്ടായാലും ആ വസ്ത്രം ഉപയോഗിക്കാതെ കത്തിച്ചു കളയുകയായിരിക്കും പതിവ്. എന്നാൽ അത് മറ്റൊരാൾക്ക് ഗുണമാവുന്ന കാര്യം ആലോചിച്ചു നോക്കു.

അതെ, പഴയ തുണികൾ കൊണ്ട് ഒരു ബിസിനസ്സ്. എല്ലാവരും പുതിയ തുണിത്തരങ്ങൾ ആണ് വാങ്ങുന്നത്.എന്നാൽ പഴയ തുണികൾ പകുതി വിലയ്ക്ക് കിട്ടിയാലോ. അതും ലാഭം തന്നെ. പഴയ തുണികൾ വീടുകളിൽ നിന്നും ശേഖരിച്ച് അതിൽ കേടുകൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് വിൽക്കാം. റിഫർബിഷ്ട് ഫോണുകളുടെ വിപണി പോലെ, സെക്കൻഡ് ഹാൻഡ് പുസ്തകങ്ങളുടെ വിപണി പോലെ സെക്കൻഡ് ഹാൻഡ് തുണിത്തരങ്ങൾ. കുട്ടികളുടെ തുണികൾ മാത്രമാക്കേണ്ട, കല്യാണത്തിന് വാങ്ങുന്ന ഷർവാണി, ലെഹംഗ പോലുള്ള തുണിത്തരങ്ങളും പിന്നീട് ഉപയോഗിക്കാത്ത ഏത് തുണിത്തരവും ഇത്തരം വിപണിയിൽ വിൽക്കാവുന്നതാണ്. അത് വഴി കുമിഞ്ഞു കൂടുന്ന വസ്ത്ര മാലിന്യങ്ങളും കുറയ്ക്കാവുന്നതാണ്.

കേരളം പുനസൃഷ്ടിക്കാം

Rebuild kerala

വടക്കേ ഇന്ത്യയിൽ പോയാൽ അവിടെ ചില ഫാമുകൾ കാണാം. വെറും ഫാമുകൾ അല്ല, ഒരു ബിസിനസ്സ് മോഡൽ പോലെ ഉണ്ടാക്കിയെടുത്ത ഫാം ആണ്. ആ ഫാമിൽ അവിടത്തെ ഗ്രാമങ്ങളുടെ ചെറിയ പതിപ്പുണ്ടാകും, വളർത്തു മൃഗങ്ങൾ ഉണ്ടാകും, കൃഷി ഉണ്ടാകും. ഇതൊക്കെ കാണുന്നതിനുമൊപ്പം കുട്ടികൾക്ക് കളിക്കാനും, മൺ പാത്രങ്ങൾ നിർമ്മിക്കാനും, വിവിധ തരത്തിലുള്ള ഭക്ഷണം കഴിക്കാനും സൗകര്യമുണ്ട്.

ഇത് നമുക്ക് കേരളത്തിലും ചെയ്യാവുന്നതാണ്. വിദേശികൾക്ക് മാത്രമല്ല, കേരളീയർക്കും വിശേഷ ദിവസങ്ങളിൽ കുടുംബങ്ങളുടെ ഒപ്പം ഒരുദിവസം ഒന്നു കൂടാൻ നല്ല സ്ഥലമായി മാറുകയും ചെയ്യും. ഇവിടേക്ക് കയറാനുള്ള പാസ്സിലൂടെ ബിസിനസ്സ് നടത്തുകയും ചെയ്യാം. യുവതലമുറയിൽ പെട്ട പലരും പഴയ കേരള ജീവിതങ്ങളോ കൃഷി രീതികളോ കണ്ടിട്ടുണ്ടാകില്ല. അവർക്കും അതൊരു പുതിയ അനുഭവം നൽകും. ഇതിൽ ആയുർവേദവും യോഗയും കേരളത്തിൻ്റെ എല്ലാം ഉൾപ്പെടുത്തുകയും അതിൻ്റെ നല്ല വശങ്ങൾ പരിചയപ്പെടുത്തുകയുമാവാം.

ഈ മികച്ച 10 ആശയങ്ങളിൽ നിന്ന് നിങ്ങൾക്കും ഒന്ന് തിരഞ്ഞെടുത്ത് ഒരു ബിസിനസ്സ് തുടങ്ങാം. കേരളത്തിനായുള്ള ബിസിനസ്സ്.

continue reading.

എന്താണ് അക്വാപോണിക്‌സ്?

എന്താണ് അക്വാപോണിക്‌സ്?

Jun 22, 2022
ഇന്ത്യയിലെ എക്സോട്ടിക്ക് ഫ്രൂട്ട് വ്യവസായം

ഇന്ത്യയിലെ എക്സോട്ടിക്ക് ഫ്രൂട്ട് വ്യവസായം

Jun 2, 2022
കേരളത്തിലെ 12 പ്രമുഖ ബിസിനസ് രാജാക്കൻമാർ

കേരളത്തിലെ 12 പ്രമുഖ ബിസിനസ് രാജാക്കൻമാർ

Aug 22, 2022
Top 7 small scale business in Kerala

Top 7 small scale business in Kerala

Aug 1, 2022
download katha app