ഓണം പോലെതന്നെ മലയാളികള്‍ക്ക് പ്രധാന ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിന് ആണ് വിഷു ആഘോഷിക്കുന്നത്. ഒരു വര്‍ഷാരംഭം ആയിട്ടും വിഷുവിനെ കണക്കാക്കുന്നു. ‘തുല്യത’ എന്നര്‍ത്ഥം വരുന്ന സംസ്കൃത മലയാളത്തിലെ ‘വിഷുവം’ എന്ന പദത്തില്‍ നിന്നാണ് വിഷു എന്ന വാക്ക് ഉത്ഭവിച്ചത്.

## എന്താണ് വിഷു?
വിഷുവിന് പിന്നില്‍ പല ഐതീഹ്യങ്ങളും ഉണ്ട്. നരകാസുരന് ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതീഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില് തട്ടിയതിനാല്‍ രാവണന് കോപിഷ്ഠനായി സൂര്യനെ കൊട്ടാരത്തിന് നേരെ ഉദിക്കാന്‍ സമ്മതിച്ചില്ലെന്നും, രാമന് രാവണനെ നിഗ്രഹിച്ചതിന് ശേഷം സൂര്യന് നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നത് എന്നത് മറ്റൊരു ഐതീഹ്യം.
കേരളത്തില്‍ വിഷു ഒരു വിളവെടുപ്പ് ഉത്സവമായാണ് ആഘോഷിക്കുന്നത്.
## വിഷു എങ്ങനെ ആഘോഷിക്കാം? 10 കാര്യങ്ങൾ
വിഷു എങ്ങനെ ആഘോഷിക്കണം എന്നത് ഒരു മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഈ വിഷു കൂടുതല്‍ രസകരമാക്കാന്‍, കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും ചേര്‍ന്ന് ചെയ്യാവുന്ന വ്യത്യസ്തമായ 10 കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
### 1. വിഷുക്കണി കാണിക്കാൻ പോകാം
പണ്ടുകാലത്ത് ചില നാട്ടിന്‍പുറങ്ങളില്‍ വിഷുദിവസം വെളുപ്പിന് കണികാണിക്കാന്‍ വേണ്ടി കൊണ്ടുനടക്കുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു. അവിടത്തെ യുവാക്കള്‍ ആയിരിക്കും മിക്കവാറും അതിനു മേല്‍നോട്ടം വഹിക്കുന്നത്. അതെ, മീശമാധവന് സിനിമയിലെ തുടക്ക രംഗങ്ങളില്‍ ഉള്ളപോലെ തന്നെ കൃഷ്ണന്റെ വേഷമണിഞ്ഞ് ഓരോ വീട്ടിലും ചെന്ന് കണി കാണിക്കുന്ന കാര്യം തന്നെയാണ് പറഞ്ഞു വരുന്നത്.
ഈ വിഷുവിന് കൂട്ടുകാരുമൊത്ത് അത്തരം ഒരു പരിപാടി പ്ലാന്‍ ചെയ്യാം. കൃഷ്ണവേഷം കെട്ടാന്‍ ആളെ നോക്കിവയ്ക്കണം. അതിനുള്ള ചിലവും മറ്റും ഓരോ വീട്ടില്‍ നിന്നുള്ള വിഷുകൈനീട്ടത്തില് നിന്നും കിട്ടും. ചിലപ്പോൾ ആഘോഷിക്കാനുള്ള പടക്കം വാങ്ങാനുള്ള പണവും കിട്ടിയേക്കാം. ഫ്ലാറ്റുകളില്‍ ജീവിക്കുന്നവര്‍ക്കും ചെയ്തുനോക്കാവുന്നതാണ്. ഒരു പുതിയ അനുഭവം ആയിരിയ്ക്കും.
### 2. യാത്ര പോകാം

യാത്ര പോകാന്‍ ഇഷ്ടമല്ലാത്തവരായി ആരുണ്ട്? അത് വിഷുവിനോട് അനുബന്ധിച്ചാണെങ്കില്‍ വീട്ടിലുള്ള എല്ലാവരും കൂടെ കാണും. എല്ലാവര്‍ഷവും വിഷു വീട്ടിലിരുന്നാകാം ആഘോഷിക്കുന്നത്. ഇത്തവണ ഒന്നു പുറത്തേക്ക് ഇറങ്ങാം. കുടുംബത്തോടൊപ്പമോ കൂട്ടുകാരുമൊത്തോ ഒരു യാത്ര പോകാം.
കുട്ടികള്‍ക്കെല്ലാവര്‍ക്കും ഈ സമയം അവധിയായിരിക്കും. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുചേരുന്ന സമയമാവും. ഈ സമയം ഒരു യാത്രയ്ക്ക് വിനിയോഗിച്ചാല്‍ അതൊരു കുടുംബ സംഗമം പോലെയും ആവും. അതും കോവിഡ് മൂലം വീട്ടില്‍ അടച്ചുപൂട്ടിയിരുന്നവര്ക്ക് കൂടുതല്‍ ആശ്വാസവുമാകും. ഒരു മലമുകളിലേക്ക് യാത്രപോകാനാവാം ചിലര്‍ക്ക് ഇഷ്ടം. ചിലര്‍ക്ക് അതൊരു ബീച്ചിലേക്കാകാം. കോവളം, മൂന്നാര്‍, തേക്കടി, വയനാട് പോലുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോകാം. അല്ലെങ്കില്‍, നിങ്ങളുടെ ഏറ്റവും അടുത്തു കിടക്കുന്ന സ്ഥലത്തേക്ക്, നിങ്ങളൊട്ടും പോകാത്ത സ്ഥലത്തേക്ക് യാത്രയാവാം. എവിടേക്കായാലും വിഷുവിന് തലേ ദിവസം പോയി വിഷുദിവസം ഉദയസൂര്യനെ കണികാണാം.
### 3. അനാഥാലയത്തിൽ വിഷു ആഘോഷിക്കാം

ഇത്തവണ വിഷു നമുക്ക് അടുത്തുള്ള അനാഥാലയത്തിലോ അഗതിമന്ദിരത്തിലോ ആക്കിയാലോ? കുടുംബത്തോടൊപ്പമോ കൂട്ടുകാരുമൊത്തോ അവിടെപ്പോയി അവിടത്തെ അന്തേവാസികളുമായി വിഷു ആഘോഷിക്കാം. കഴിഞ്ഞ വിഷുവിന് കിട്ടിയ വിഷുകൈനീട്ടം എടുത്തുവച്ചിട്ടുണ്ടെങ്കില്‍ അത് അവര്‍ക്കായി ചിലവഴിക്കാം. അല്ലെങ്കില്‍ ഉറ്റവരെന്ന് കരുതി അവരുടെ പുഞ്ചിരിക്കായി കുറച്ചു പണം ചിലവഴിക്കാം. വിഷുകൈനീട്ടവും വിഷുക്കോടിയും അവര്‍ക്ക് നല്‍കാം. കൂടെയിരുന്ന് സദ്യ കഴിക്കാം. സന്തോഷത്തോടെ പായസം കുടിക്കാം. വിഷു എന്നാല്‍ തുല്യത എന്നാണല്ലോ അര്‍ത്ഥം. അവരും നമ്മളും തുല്ല്യരാണെന്നും അവര്‍ക്കൊപ്പം നമ്മളുണ്ടെന്നും ഉള്ള ആശ്വാസമേകാം.
### 4. കണിവയ്ക്കൽ മത്സരം
ഫ്ളാറ്റില്‍ ജീവിക്കുന്നവര്‍ക്ക് വിഷു കൂടുതല്‍ രസകരമാക്കാന്‍ ഒരു മത്സരം നടത്താം. കണിവയ്ക്കല് മത്സരം. ഓരോ ഫ്ലാറ്റിലെയും ആള്ക്കാര് അവരുടെ വീട്ടില്‍ കണിവയ്ക്കണം. കണിയൊരുക്കാനായി അരി, നെല്ല്, കോടി മുണ്ട്, വാൽക്കണ്ണാടി, സ്വർണ്ണം, കണിവെള്ളരി, കണിക്കൊന്ന, വെറ്റില, അടയ്ക്ക, ചക്കപ്പഴം, മാമ്പഴം, പഴം, നാളികേര പാതികൾ, തിരി കൊളുത്തി വയ്ക്കാനായി വിളക്ക്, വെള്ളം നിറച്ച് വച്ച കിണ്ടി, കൃഷ്ണ വിഗ്രഹം എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇവയെല്ലാം ഒരു ഉരുളിയിൽ വച്ച് കണിയൊരുക്കാം.
ഓണത്തിന് പൂക്കളമത്സരം നടത്തുന്നപോലെ തന്നെ ഓരോ വീട്ടിലും പോയി വച്ചിരിക്കുന്ന കണി എങ്ങനെയുണ്ടെന്ന് നോക്കാം. വിധി നിര്‍ണ്ണയിക്കാന്‍ നിഷ്പക്ഷരായിട്ടുള്ള ആള്‍ക്കാരെ നിയോഗിക്കാം. അതൊരു ആഘോഷമാക്കി മാറ്റാം.
മത്സരം കണിവയ്ക്കുന്നതില് മാത്രം ഒതുക്കണ്ട. മറ്റ് മേഖലകളിലും മത്സരം വയ്ക്കാം. മികച്ച സദ്യ, നല്ല പായസം പോലുള്ള ഇനങ്ങളിലും മത്സരം വയ്ക്കാം. ഈ വിഷു മത്സരങ്ങളിലൂടെയും ഒത്തൊരുമയിലും ആഘോഷിക്കാം.
### 5. കൃഷി തുടങ്ങാം

വിഷു മലയാളികള്‍ക്ക് ഒരു കാര്‍ഷികോത്സവം കൂടിയാണ്. പണ്ട് കാലത്ത് വിഷുവിനോട് അനുബന്ധിച്ച് പാടത്തും തങ്ങളുടെ കൃഷി സ്ഥലങ്ങളിലും കര്‍ഷകർ ചെയ്യുന്ന പല ആചാരങ്ങള്‍ ഉണ്ടായിരുന്നു. ചാലിടീല്‍ കര്‍മ്മം, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്.
ഇതിനെ പിന്തുടര്ന്നു തന്നെ നമുക്കും ഒരു കൃഷി തുടങ്ങാം. പാടത്ത് വിത്ത് വിതയ്ക്കാനോ തോപ്പില്‍ തെങ്ങ് വയ്ക്കാനോ കഴിയണം എന്നില്ല. ഒരു ചെറിയ കവറില്‍ കുറച്ച് മണ്ണെടുത്ത് അതില്‍ പഴുത്ത മുളകിന്റെ വിത്ത് പാവിയാലും മതി. പല പച്ചക്കറി വിത്തുകള്‍ ഇപ്പോള്‍ സുലഭമായി വാങ്ങാന്‍ കിട്ടും. തൊടിയിലോ വീടിന്റെ ടെറസ്സിലോ ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലോ ഒക്കെ നമുക്ക് ഗ്രോ ബാഗുകള്‍ ഉപയോഗിച്ച് ചെറിയ കൃഷി തുടങ്ങാവുന്നതാണ്. ഈ വിഷു അതിനുള്ള കാരണമാകട്ടെ.
### 6. വിഷു കഞ്ഞി വയ്ക്കാം
പലയിടത്തും പ്രചാരമുള്ള വിഷു വിഭവമാണ് വിഷു കഞ്ഞി അഥവാ വിഷു കട്ട. പ്രഭാതഭക്ഷണം ആണ്. കേരളത്തിൽ തൃശ്ശൂർ ഭാഗത്താണ് ഇത് കൂടുതൽ കണ്ടു വരുന്നത്. ഈ വിഷുവിന് നമുക്ക് അതൊന്ന് ഉണ്ടാക്കിനോക്കാം. വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍. വിഷു ദിവസം വ്യത്യസ്തമായ വിഭവവും ആവും.
അരി നാളികേരപ്പാലിൽ വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചെടുത്താണ് വിഷുക്കട്ട ഉണ്ടാക്കുന്നത്. അത് വറ്റിക്കാതെ ചെയ്താൽ അത് വിഷുകഞ്ഞി ആയി. ഇത്രയും ലളിതമായും വേഗത്തിലും ഉണ്ടാക്കാന്‍ പറ്റുന്ന പ്രാതല്‍ ഈ വിഷുവിന് നമുക്ക് ഉണ്ടാക്കി നോക്കാവുന്നതാണ്. ഇതിൽ കുറച്ച് നെയ്യോ ശർക്കര ചിരണ്ടിയിട്ടോ മധുരം കൂട്ടിയും കഴിക്കാവുന്നതാണ്. ചിലര്‍ ഇതിന്റെ കൂടെ മത്തനും പയറും എരിശ്ശേരി കൂട്ടി കഴിക്കാറുണ്ട്. പുതിയ തലമുറക്ക് പകര്‍ന്ന് കൊടുക്കാവുന്ന ഒരു പോഷകാഹാരം കൂടിയാണ് ഈ വിഷുകഞ്ഞി അഥവാ വിഷുകട്ട.
### 7. പടക്കം പൊട്ടിക്കാം

കൈനീട്ടം മാറി കഴിഞ്ഞാല്‍ ഉടനെ പടക്കം പൊട്ടിക്കാനുള്ള പാച്ചിലാണ് കുട്ടികള്‍ക്ക്. വിഷു, മലയാളികൾക്ക് പടക്കം പൊട്ടിക്കുന്നതിന്റെയും ആഘോഷം ആണ്. കേരളത്തിന് പുറത്തുള്ളവരും ഫ്ലാറ്റില്‍ ജീവിക്കുന്നവരും പടക്കം പൊട്ടിച്ചുള്ള വിഷു ആഘോഷം കുറവായിരിക്കും. എങ്കിലും കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന കമ്പിത്തിരി, മത്താപ്പ് പോലുള്ളവ കത്തിച്ചു വിഷു ആഘോഷിക്കാം. പടക്കം പൊട്ടിക്കുമ്പോഴും കമ്പിത്തിരി പോലുള്ള സാധനങ്ങൾ കത്തിക്കുമ്പോഴും അതീവ ശ്രദ്ധ വേണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ച് കൊച്ചു കുട്ടികൾ അടുത്തുള്ളപ്പോൾ. ഇവയെല്ലാം ആഘോഷങ്ങൾക്ക് വേണ്ടി മാത്രം മിതമായ രീതിയിൽ ഉപയോഗിക്കാം. വീട്ടിൽ വയ്യാത്ത ആൾക്കാരുണ്ടെങ്കിലോ മൃഗങ്ങൾ ഉണ്ടെങ്കിലോ പടക്കം വച്ചുള്ള ആഘോഷം വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ദീപങ്ങള്‍ വച്ചും വിഷു ആഘോഷിക്കാം.
### 8. ചക്ക വറുത്ത് വിൽക്കാം
വിഷുക്കാലത്ത് വിളയുന്ന വിഭവങ്ങളാണ് ചക്കയും മാങ്ങയും. അതുകൊണ്ടുതന്നെ വിഷു എന്നത് ചക്കയും മാമ്പഴവും കൊണ്ടുള്ള ഉത്സവം തന്നെ. വിഷുവിഭവങ്ങളില്‍ ഏറ്റവും കേമന്‍ ചക്ക വറുത്തത് തന്നെ. ഓണത്തിന് കായ വറുത്തത് പോലെതന്നെ പ്രധാനമാണ് വിഷുവിന് ചക്ക വറുത്തത്.
ഇത്തവണ അതൊരു ബിസിനസ്സ് ആക്കിയെടുത്താലോ? വിഷുവിന് മുന്നേ തയ്യാറെടുപ്പുകള്‍ തുടങ്ങണം. കൂട്ടുകാരെയും കൂട്ടാം. തൊടിയിലുള്ള ചക്ക പറിച്ചോ അല്ലെങ്കില്‍ ചക്ക വാങ്ങിയോ കൂട്ടുകാരുമൊത്ത് ചക്ക വെട്ടി പൊളിച്ച് നുറുക്കി വറുത്തെടുക്കാം. നല്ല വെളിച്ചെണ്ണയില്‍ തന്നെ ചക്ക വറുത്താല്‍ നല്ല സ്വാദായിരിക്കും. ഉപ്പിടാന്‍ മറക്കാതിരിക്കുക എന്നതേ ശ്രദ്ധിക്കേണ്ടതുള്ളൂ. പുതുതായി പരീക്ഷങ്ങള്‍ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് വറുത്ത് കോരിയ ചക്കയില്‍ കുറച്ച് മുളകുപൊടിയോ കുരുമുളക് പൊടിയോ വിതറി ചക്കവറുത്തത് പ്രത്യേകതയുള്ളതാക്കാം.
ഈ ചക്ക വറുത്തത് പാക്കറ്റുകളിലാക്കി ഓരോ വീട്ടിലും കൊണ്ടുപോയി വില്‍ക്കാം. മിതമായി വിലയീടാക്കിയാല്‍ എല്ലാവരും വാങ്ങും. വേഗതയുള്ള ഈ ജീവിതത്തില്‍ വീട്ടിലുണ്ടാക്കിയ ചക്ക വറുത്തത് ഇന്‍സ്റ്റന്റ് ആയി കിട്ടിയാല്‍ ആരാണ് വാങ്ങിക്കാത്തത്. അത് വില്‍ക്കുക വഴി നിങ്ങള്‍ക്ക് വിഷു ആഘോഷിക്കാനുള്ള വരുമാനവും ആവും. ഇതേ രീതിയില്‍ തന്നെ ചക്ക പ്രഥമനും വില്‍ക്കാം.
### 9. ഒരു സിനിമ കാണാം
കുടുംബത്തിലെ മൂത്തവരും ഇളയവരും കൂട്ടുകാരും എല്ലാവരും ഒത്തുചേരുന്ന വിഷുദിനത്തിൽ ഒരു സിനിമ കാണാൻ ശ്രമിക്കാം. വീട്ടിലിരുന്നു തന്നെ സിനിമ കണ്ടാല്‍ വീട്ടിൽ തന്നെ ഒരു തീയറ്റർ പ്രതീതി ആവും. വിഷു ദിനത്തിൽ പല ചാനലുകളും പുതിയ ചിത്രങ്ങൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഇഷ്ടം പോലെ സിനിമ കാണാൻ അവസരവുമുണ്ട്. അല്ലെങ്കില്‍ ഈ വിഷുവിന് രണ്ട് സൂപ്പര്‍ ചിത്രങ്ങള്‍ തിയറ്ററില്‍ ഇറങ്ങുന്നുണ്ട്. കന്നഡ സിനിമ കെ.ജി.എഫും തമിഴ് ചിത്രം ബീസ്റ്റും. കുറെ കാലത്തിന് ശേഷം കുടുംബത്തോടൊപ്പം തിയറ്ററില്‍ പോയി സിനിമ കാണാനുള്ള അവസരമാണ്.
### 10. വീട് വൃത്തിയാക്കാം
ഒന്നു മനസ്സുവച്ചാല്‍ വീട് വൃത്തിയാക്കുന്നതും വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷമായി മാറ്റാം. വിഷു ദിവസത്തിന് തലേ നാള് ആണ് ശരിക്കും വീട് വൃത്തിയാക്കല്‍ എന്ന ചടങ്ങ് നടക്കുന്നത്. ഒരു പുതിയ വര്‍ഷം വരവേല്‍ക്കാന്‍ വീടിനെക്കൂടി വൃത്തിയാക്കി ഒരുക്കിനിര്‍ത്തുകയാണ് ഇവിടെ ചെയ്യുന്നത്. വീടും പരിസരവും വൃത്തിയാക്കി ബാക്കിയുള്ള സാധങ്ങള്‍ പറമ്പില്‍ ഇട്ടു കത്തിക്കുന്നു. ഫ്ലാറ്റിലെ ജീവിതത്തിലും ഈ മാതൃക ഇത്തവണ നമുക്ക് പകര്‍ത്താവുന്നതാണ്.
ഓരോ പണികളും കുടുംബത്തിലെ ഓരോരുത്തര്ക്കായിട്ടു വീതിച്ചുനല്കാം. അടിച്ചു വാരുന്നതും, തുടയ്ക്കുന്നതും, അടുക്കി വയ്ക്കുന്നതും മറ്റും ഓരോ ആള്‍ക്കാര്‍ക്കും കൊടുത്ത് അതൊരു മത്സര ബുദ്ധിയോടെ ചെയ്തുതീര്‍ക്കാം. വീട് വൃത്തിയായി വിഷുവിനെ വരവേല്‍ക്കാനായി ഒരുങ്ങുകയും ചെയ്യാം. എല്ലാവര്ക്കും ഇത് ഒരു ആഘോഷമാവുകയും ചെയ്യും.
### 11. ക്ഷേത്ര ദർശനം നടത്താം
വിഷു ദിവസം രാവിലെ കണികണ്ടും, പടക്കം പൊട്ടിച്ചും കഴിഞ്ഞതിനു ശേഷം ആരും ഉറങ്ങാറില്ല. എല്ലാവരും നേരെ പോയി കുളിച്ച് പുതിയ വസ്ത്രങ്ങളും അണിഞ്ഞ് ക്ഷേത്ര ദര്‍ശനത്തിനുള്ള തയ്യാറെടുപ്പിലാവും. വിഷുദിവസം കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കൃഷ്ണവിഗ്രഹത്തിന്റെ മുന്നില്‍ വിഷുക്കണി വച്ചിട്ടുണ്ടാകും. കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷു എന്നത് ആഘോഷം തന്നെയാണ്. അന്നേ ദിവസം കണികാണാനായി ക്ഷേത്രത്തില്‍ എത്തുന്നത് ആയിരക്കണക്കിന് ആളുകളാണ്.
ഈ വിഷുവിന് നമുക്കും അടുത്തുള്ള ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം തൊഴാന്‍ പോകാം. ദേവനെ പ്രാര്‍ഥിച്ച് അവിടെയുള്ള വിഷുക്കണി കാണാം.
### 12. വീട്ടിലിരുന്ന് വിഷു ആഘോഷിക്കാം
വീട്ടില്‍ വയസ്സായവര്‍ ഉണ്ടെങ്കില്‍, യാത്ര ചെയ്യാനൊന്നും പറ്റാത്തവരാണെങ്കില്‍ അവര്‍ക്കും വിഷു ആഘോഷിക്കണ്ടേ? അവരുടെ കൂടെയിരുന്ന് നമുക്കും ആഘോഷിക്കാം. സാധാരണ വിഷുദിവസത്തില്‍ ചെയ്യുന്നപോലെ രാവിലെ എഴുന്നേറ്റ് കണി കാണാം. മുതിര്‍ന്നവരുടെ കയ്യില്‍ നിന്നും കൈനീട്ടം വാങ്ങാം. ഇളയവര്‍ക്ക് കൈനീട്ടം കൊടുക്കാം. ഒരുമിച്ച് പടക്കം പൊട്ടിക്കാം. പടക്കം പൊട്ടിക്കുമ്പോഴും കമ്പിത്തിരി പോലുള്ള സാധനങ്ങൾ കത്തിക്കുമ്പോഴും അതീവ ശ്രദ്ധ വേണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ച് കൊച്ചു കുട്ടികൾ അടുത്തുള്ളപ്പോൾ. ഇവയെല്ലാം ആഘോഷങ്ങൾക്ക് വേണ്ടി മാത്രം മിതമായ രീതിയിൽ ഉപയോഗിക്കാം. വീട്ടിൽ വയ്യാത്ത ആൾക്കാരുണ്ടെങ്കിലോ മൃഗങ്ങൾ ഉണ്ടെങ്കിലോ പടക്കം വച്ചുള്ള ആഘോഷം വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ദീപങ്ങള്‍ വച്ചും വിഷു ആഘോഷിക്കാം. ഒത്തൊരുമിച്ച് ഒരു സദ്യ ഉണ്ടാക്കി കഴിക്കാം. ഇങ്ങനെ പരമ്പരാഗത രീതിയില്‍ തന്നെ വിഷു ആഘോഷിക്കാം.
ഇത്തരം പ്രവര്‍ത്തികളിലൂടെ സമ്പല്സമൃദ്ധമായ ഒരു വിഷു നമുക്ക് ആഘോഷിക്കാം. ഏവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു വിഷു ആശംസിക്കുന്നു.