covid-19 FAQ.

എന്താണ് കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ്-19 രോഗം?

ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് കാരണമാകുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകൾ. സാധാരണ ജലദോഷം മുതൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം (മെർസ്), അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം (സാർസ്) എന്നിവ പോലുള്ള ഗുരുതരമായ രോഗങ്ങൾ വരെ ഇവ മൂലമുണ്ടാകും. ഒരു പുതിയ തരം കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് കോവിഡ്-19.

എന്താണ് രോഗലക്ഷങ്ങൾ?

കോവിഡ്-19ൻ്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ പനി, അതിയായ ക്ഷീണം, വരണ്ട ചുമ, ശ്വാസതടസ്സം എന്നിവയാണ്. എന്നാൽ ഇത്തരത്തിലുള്ള നേരിയ അസുഖങ്ങൾ മുതൽ കഠിനമായ ന്യുമോണിയ വരെ രോഗലക്ഷണങ്ങളായി പ്രത്യക്ഷപ്പെട്ടെക്കാം. മൂക്കൊലിപ്പ്, തലവേദന, പേശികളിലും സന്ധികളിലുമുള്ള വേദന, വയറിളക്കം, ഛർദ്ധി, മണം, രുചി എന്നിവ തിരിച്ചറിയാനുള്ള ശേഷികളിലെ മാറ്റം, വിശപ്പില്ലായ്മ, എന്നിവയും ഈ രോഗത്തിൻ്റെ മറ്റ് ലക്ഷണങ്ങളിൽ ഉൾപ്പെടുത്താം. എന്നാൽ ചില ആളുകൾക്ക് രോഗബാധ ഉണ്ടായാലും രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെടണമെന്നില്ല. മറ്റു ചിലർക്ക് അതിവേഗം അസുഖബാധ ഉണ്ടാകുകയും രോഗം മൂർച്ഛിക്കുകയും ചെയ്യാം.

എങ്ങനെയാണ് രോഗവ്യാപനം ഉണ്ടാകുന്നത്?

• രോഗബാധയുള്ള വ്യക്തിയുമായുള്ള അടുത്ത സമ്പർക്കം.
• രോഗം ബാധിച്ച വ്യക്തിയുടെ ചുമ അല്ലെങ്കിൽ തുമ്മലിൽ നിന്നുള്ള തുള്ളികൾ വഴിയുള്ള വ്യാപനം.
• രോഗം ബാധിച്ച വ്യക്തി ഉപയോഗിച്ച വസ്തുക്കളിൽ അതല്ലെങ്കിൽ ഉപരിതലങ്ങളിൽ (വാതിൽ പിടി, മേശ) സ്പർശിച്ച ശേഷം സ്വന്തം മുഖം, കണ്ണുകൾ എന്നിവയിൽ സ്പർശിക്കുന്നതിലൂടെ.

രോഗലക്ഷണങ്ങളില്ലാത്ത ഒരാളിൽ നിന്ന് കോവിഡ്-19 പകരുമോ?

ഒരാൾ തുമ്മുമ്പോളും ചുമയ്ക്കുമ്പോളും പുറന്തള്ളുന്ന ശ്വസനതുള്ളികൾ വഴിയാണ് രോഗം പ്രധാനമായും പകരുന്നത്. രോഗ ലക്ഷണങ്ങളില്ലാത്ത ഒരാളിൽ കോവിഡ്-19 പകരാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ കോവിഡ്-19 രോഗബാധയുള്ള പലർക്കും ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് അനുഭവപ്പെടുന്നത്. രോഗത്തിന്റെ പ്രാരംഭഘട്ടത്തിൽ ഇത് പ്രത്യേകിച്ചും ശരിയാണ്. അതിനാൽ പ്രകടമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്ത ഒരാളിൽ നിന്ന് കോവിഡ്-19 ബാധിച്ചേക്കാം.

കോവിഡ്-19 രോഗം കഠിനമായി ബാധിക്കുവാനുള്ള സാധ്യത ആർക്കൊക്കെയാണ്?

പ്രായമായവർ, മുൻപേ തന്നെ ആരോഗ്യ പ്രശ്നങ്ങളും രോഗാവസ്ഥകളും ഉള്ള വ്യക്തികൾ (ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ശ്വാസകോശരോഗം, കാൻസർ അല്ലെങ്കിൽ പ്രമേഹം എന്നിവ) തുടങ്ങിയവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഗുരുതരമായ രോഗം ബാധിക്കുവാൻ സാധ്യത ഏറെയുള്ളതായി കണക്കാക്കപ്പെടുന്നു. കൊവിഡ്-19 ആളുകളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കൊവിഡ്-19 രോഗം പകരുമോ?

മൃഗങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന തരം വൈറസാണ് കൊറോണ വൈറസ്. ചിലപ്പോഴൊക്കെ ഇവ മനുഷ്യരിലേക്ക് പകര്‍ന്ന് വലിയൊരു പകര്‍ച്ചാവ്യാധിയായി മാറാറുമുണ്ട്. സാര്‍സിന് കാരണമായ കൊറോണ വൈറസ് വെരുകുമായും മെര്‍സ് വൈറസ് ഒട്ടകവുമായും ബന്ധമുള്ളവയാണ്. എന്നാൽ പൂച്ച, നായ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ കൊവിഡ്-19 രോഗത്തിന് കാരണമായ വൈറസ് ബാധിച്ചതിനോ അവ രോഗം പരത്തിയതിനോ ഇതുവരെ തെളിവുകള്‍ ഒന്നുമില്ല. കൊവിഡ്-19 മൃഗങ്ങളിൽ നിന്നാണ് പകര്‍ന്നതെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ല എങ്കിലും മൃഗങ്ങളോട് അടുത്ത് പെരുമാറുമ്പോള്‍ മുൻകരുതലുകള്‍ സ്വീകരിക്കുക. മാംസം, പാൽ തുടങ്ങിയ ഉപയോഗിക്കുമ്പോള്‍ വൃത്തിയായി പാചകം ചെയ്യാൻ ശ്രദ്ധിക്കാം. ഇറച്ചി പാചകം ചെയ്യാതെയോ ആവശ്യമായ രീതിയിൽ പാചകം ചെയ്യാതെയോ ഭക്ഷിക്കാതിരിക്കുക.

സ്വയ പരിരക്ഷയ്ക്ക് എനിക്ക് എന്തൊക്കെ ചെയ്യാനാകും?

• പൊതുസ്ഥലങ്ങളിലും മറ്റുള്ളവരുമായി സമ്പർക്കം പുർത്തുമ്പോഴും നിർബന്ധമായും മാസ്ക് ധരിക്കുക.
• മറ്റുള്ളവരിൽ നിന്ന് എല്ലായിപ്പോഴും 1.5 മീറ്റർ സമൂഹ അകലം പാലിക്കുക.
• ഹസ്തദാനങ്ങൾ, ആലിംഗനങ്ങൾ, തുടങ്ങിയ ശാരീരിക ആശംസകൾ ഒഴിവാക്കുക.
• കൈകൾ ഇടയ്ക്കിടെ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക. ആൽക്കഹോൾ അധിഷ്ഠിതമായ സാനിറ്റൈസറുകൾ ഉപയോഗിക്കുക.
• തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുണി അല്ലെങ്കിൽ ടിഷ്യു ഉപയോഗിച്ച് മൂക്കും വായും മറയ്‌ക്കുക.
• ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കഴിവതും വീട്ടിൽ തന്നെ കഴിയുക. ചെറിയ രോഗലക്ഷണങ്ങളാണെങ്കിൽ കൂടെ വൈദ്യസഹായം തേടുക.
• കണ്ണുകൾ, വായ, മൂക്ക് എന്നിവിടങ്ങളിൽ സ്പർശിക്കുന്നത് പൂർണമായും ഒഴിവാക്കുക.
• മൊബൈൽഫോൺ, താക്കോലുകൾ, വാലെറ്റുകൾ എന്നിങ്ങനെ പതിവായി ഉപയോഗിക്കുന്ന വസ്തുക്കളും മേശ, വാതിൽ പിടികൾ എന്നിങ്ങനെ സ്ഥിരമായി സ്പർശിക്കുന്ന പ്രതലങ്ങളും വൃത്തിയാക്കി അണുവിമുക്തമാക്കി സൂക്ഷിക്കുക.
• എല്ലായിപ്പോഴും ശുദ്ധവായുവിൻ്റെ ലഭ്യത ഉറപ്പുവരുത്തുക.

എന്താണ് ഇൻകുബേഷന്‍ കാലാവധി? കൊവിഡ്-19 രോഗത്തിന്റെ ഇൻകുബേഷന്‍ കാലാവധി എത്രയാണ്?

വൈറസ് ശരീരത്തിൽ പ്രവേശിച്ചതിനും രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്നതിനും ഇടയിലുള്ള സമയത്തെയാണ് ഇന്‍കുബേഷന്‍ കാലാവധി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്ന് മുതൽ പതിനാല് വരെയുള്ള ദിവസങ്ങളാണ് കൊവിഡ്-19 രോഗത്തിന്‍റെ ഇൻകുബേഷന്‍ കാലാവധിയായി കണക്കാക്കുന്നത്. 7 ദിവസത്തെ ഇൻകുബേഷന്‍ കാലാവധിയാണ് കൂടുതലും കണ്ടുവരുന്നത്.

കോവിഡ്-19 എങ്ങനെയാണ് ചികിത്സിക്കുന്നത്? എന്താണ് ചികിത്സ?

കോവിഡ് -19 രോഗത്തെ സുഖപ്പെടുത്താൻ കഴിയുന്ന ചികിത്സകളൊന്നും തന്നെ ഇപ്പൊൾ നിലവിലില്ല. എന്നാൽ കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ കഴിയുന്ന കോവാക്സിൻ, കോവിഷീൽഡ്‌ എന്നീ പ്രതിരോധ കുത്തിവയ്‌പ്പുകൾ ലഭ്യമാണ്. 18 വയസ്സിനു മുകളിലുള്ള ആർക്കും വാക്‌സിൻ സ്വീകരിക്കാവുന്നതാണ്. എന്നാൽ വാക്‌സിൻ എടുത്തവർക്കും മുൻകരുതൽ നിർബന്ധമാണ്.

എങ്ങനെയാണ് കൊവിഡ് ബാധയുണ്ടോയെന്നു തിരിച്ചറിയുന്നത്? എന്തൊക്കെയാണ് ടെസ്റ്റുകൾ?

കൊവിഡ് ബാധയുണ്ടോയെന്നു തിരിച്ചറിയാന്‍ മൂന്നു തരം ടെസ്റ്റുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
• ആര്‍ടിപിസിആര്‍ (RT PCR) ടെസ്റ്റ് : ഏറ്റവും കൃത്യതയുള്ള ടെസ്റ്റ് ആണ് RT PCR ടെസ്റ്റ്. കോവിഡ് പോസിറ്റീവായ ഒരാളിന്റെ ശരീരത്തിൽ നിന്ന് 42 ദിവസം വരെ ആർടിപിസിആർ പരിശോധനയിലൂടെ വൈറസ് കണ്ടെത്താൻ സാധിക്കും. മറ്റു ടെസ്റ്റുകളെ അപേക്ഷിച്ച് സമയമെടുക്കുന്ന ടെസ്റ്റാണ് ഇത്.
• റാപ്പിഡ് കിറ്റ് ടെസ്റ്റ് : ഇത് കൊവിഡ് നമ്മുടെ ശരീരത്തില്‍ കയറിയാലുണ്ടാകുന്ന ആന്റിബോഡി ടെസ്റ്റാണ്. ടെസ്റ്റ് ചെയ്ത് അരമണിക്കൂറിനുള്ളിൽ തന്നെ ഫലം അറിയാവുന്നതാണ്.
• ആന്റിജൻ ടെസ്റ്റ് : പ്രെഗ്‌നൻസി ടെസ്റ്റ് കിറ്റ് മാതൃകയിലുള്ള ആന്റിജൻ കിറ്റ് ഉപയോഗിച്ചാണു പരിശോധന ടെസ്റ്റ് നടത്തുന്നത്. മൂക്കിലെ സ്രവമാണ് പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്. ടെസ്റ്റ് ചെയ്ത് അരമണിക്കൂറിനുള്ളിൽ ഫലം അറിയാവുന്നതാണ്.

കോവിഡ് വാക്‌സിൻ ലഭിക്കാൻ എന്ത് ചെയ്യണം?

• https://www.cowin.gov.in എന്ന സൈറ്റ് വഴിയോ ആരോഗ്യസേതു ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യണം.
• രജിസ്റ്റർ ചെയ്യാൻ ആധാർ, വോട്ടർ ഐഡി തുടങ്ങിയ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം.
• മൊബൈൽ നമ്പർ, ആധാർ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയുക.
• രജിസ്റ്റർ ചെയുമ്പോൾ സ്ഥലം, തീയതി എന്നിവ തിരഞ്ഞെടുക്കാം.
• രജിസ്ട്രേഷന് ബുദ്ധിമുട്ടുള്ളവർക്ക് ജനസേവാ, അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാം.

വാക്സിനേഷൻ തീയതിയെ പറ്റിയുള്ള വിവരങ്ങൾ ഗുണഭോക്താക്കൾക്ക് എങ്ങനെയാണ് ലഭിക്കുന്നത്?

ഓൺലൈൻ രജിസ്ട്രേഷനു ശേഷം, വാക്സിനേഷൻ തീയതി, സ്ഥലം, സമയം എന്നിവ വ്യക്തമാക്കിക്കൊണ്ട് അവരവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്എംഎസ് ലഭിക്കുന്നതാണ്. ഓരോ വാക്സിൻ ഡോസ് ലഭിക്കുമ്പോളും, ഗുണഭോക്താവിന് എസ്എംഎസ് ലഭിക്കും, കൂടാതെ വാക്‌സിൻ ഷെഡ്യുൾ പൂർത്തീകരിച്ച ശേഷം, ഗുണഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ക്യുആർ കോഡ് സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.

രോഗത്തിൽ നിന്ന് സുഖം പ്രാപിച്ച ഒരാൾക്ക് വാക്സിൻ എടുക്കേണ്ട ആവശ്യമുണ്ടോ?

രോഗബാധയുടെ പൂർവ ചരിത്രം പരിഗണിക്കാതെ കോവിഡ് വാക്സിനുകളുടെ പൂർണ ഷെഡ്യൂളും സ്വീകരിക്കുന്നതാണ് ഏറ്റവും നല്ലത്. രോഗത്തിനെതിരെ മെച്ചപ്പെട്ട രോഗപ്രതിരോധ ശേഷി വികസിപ്പിക്കാൻ ഇത് സഹായകമാകും.

കോവിഡ് വാക്‌സിനുകൾ എടുക്കുന്നതിലൂടെ ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങൾ എന്തൊക്കെയാണ്?

മറ്റ് വാക്സിനുകളെ സംബന്ധിച്ചിടത്തോളം, ചിലർക്ക് നേരിയ പനി, മൂക്കൊലിപ്പ്, കുത്തിവയ്പ് നടത്തിയ സ്ഥലത്ത് വേദന, ശരീരവേദന, ക്ഷീണം തുടങ്ങിയ ചില പാർശ്വഫലങ്ങൾ ഉണ്ടായേക്കാം. സുരക്ഷിതമായ വാക്സിൻ വിതരണ നടപടികളുടെ ഭാഗമായി കോവിഡ് -19 വാക്സിനുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങൾ കൈകാര്യം ചെയുവാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു വ്യക്തി എത്ര ഡോസ് വാക്സിൻ എടുക്കണം? എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് വാക്സിൻ വീതമാണ് സ്വീകരിക്കേണ്ടത്. വാക്സിനേഷൻ ഷെഡ്യൂൾ പൂർത്തിയാക്കാൻ ഇത് എല്ലാവരും നിർബന്ധമായും എടുക്കേണ്ടതുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ആന്റിബോഡികളുടെ സംരക്ഷണ നില സാധാരണയായി വികസിക്കും. വാക്സിനേഷന്റെ മുഴുവൻ ഷെഡ്യൂളും ഒരേ വാക്സിൻ ഉപയോഗിച്ചാണ് പൂർത്തിയാക്കിയത് എന്ന് ഉറപ്പു വരുത്തുക. വാക്സിനുകൾ പരസ്പരം മാറിപ്പോകുവാൻ പാടില്ല.