Katha

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

Oct 2, 2022
തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

കേൾവിക്കുറവും ഇടയ്ക്കിടെ വരുന്ന തലകറക്കവും പലരുടെയും പരാതികളാണ്. തല കറങ്ങുമ്പോൾ അല്ലെങ്കിൽ ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടുമ്പോൾ ഭീതിയോടെയാണ് നാം പലപ്പോഴും നോക്കി കാണുന്നത്‌. തലകറക്കം ഒരു രോഗമല്ല മറിച്ച് ഒരു രോഗലക്ഷണമാണ്. ഉയർന്ന രക്തസമ്മർദ്ദം കാരണമോ ഹൃദയാഘാതം കാരണമോ ആണ് തലകറക്കം ഉണ്ടാകുന്നതെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ ശരീരത്തിന്റെ തുലനാവസ്ഥ നിർണയിക്കുന്ന ഭാഗങ്ങളുടെ തകരാറുകളാണ് തലകറക്കത്തിന് പ്രധാനമായും കാരണമാകുന്നത്. അൻപത് വയസ്സിന് മുകളിലുള്ളവരിൽ മാത്രം കണ്ടുവരുന്ന ഒരു രോഗമായാണ് മുൻപ് ഇതിനെ കണക്കാക്കിയിരുന്നത്. എന്നാൽ പ്രായഭേദമന്യേ എല്ലാവരിലും ബാലൻസ് പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് പുതിയ കണ്ടെത്തൽ. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായി ഇയർ ബാലൻസിങ് പ്രശ്നങ്ങൾ കണ്ടുവരുന്നത്.

ബാലൻസ് പ്രശ്‌നം: ലക്ഷണങ്ങൾ എന്തെല്ലാം ?

 • പെട്ടന്നുള്ള തലകറക്കം (dizziness or spinning sensation)

 • തലയിൽ പെരുപ്പം വരുക

 • തലക്കനം

 • ചുറ്റുമുള്ള വസ്തുക്കൾ കറങ്ങുന്നത് പോലെ അനുഭവപ്പെടുക ( positional vertigo)

 • വേച്ചു നടക്കൽ

 • കണ്ണിൽ ഇരുട്ട് കയറൽ ( syncope)

 • വീഴാൻ പോകുന്നത്‌ പോലെ അനുഭവപ്പെടുക

 • ഓക്കാനം

 • ഛർദി

 • ഹൃദയമിടിപ്പിന്റെ അളവിൽ മാറ്റമുണ്ടാകുക

 • ഉത്കണ്ഠ

 • തളർച്ച അനുഭവപ്പെടുക

 • ആശങ്ക

ഇവയെല്ലാം ബാലൻസ് പ്രശ്നമുള്ളവരിൽ സ്ഥിരമായി കണ്ടുവരുന്ന ചില രോഗലക്ഷണങ്ങളാണ്.
എന്നാൽ ഇടയ്ക്ക് കയറി വരുന്ന തലകറക്കം തന്നെയാണ് പ്രധാന ലക്ഷണമായി കണക്കാക്കപ്പെടുന്നത്.

ബാലൻസ് നഷ്ടപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങൾ

പലപ്പോഴും പ്രായം കൂടുംതോറും ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപെടാറുണ്ട്. പ്രായം ഇതിനൊരു കാരണമാകുന്നു എന്ന് മാത്രം. എന്നാൽ മറ്റു പല കാരണങ്ങൾ കൊണ്ടാണ് യഥാർത്ഥത്തിൽ ബാലൻസ് നഷ്ടമാകുന്നതും അത്‌ സാധാരണ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നതും. ഏതെങ്കിലും വിധത്തിലുള്ള മരുന്ന് കഴിക്കുന്നവരോ, ചെവിയിൽ അണുബാധയുള്ളവരോ, ആന്തരിക കർണ്ണത്തിൽ തകരാറുള്ളവരോ,തലയുടെ പരുക്കിൽ നിന്ന് രക്ഷപെട്ടവരിലോ,ആണ് ബാലൻസ് പ്രശ്നങ്ങൾ ഗുരുതരമായി കണ്ടുവരുന്നത്. അറുപത്തിഅഞ്ചു വയസ്സ് കഴിഞ്ഞവരിലെ

സന്ധിവാതമോ കുറഞ്ഞതോ കൂടിയതോ ആയ രക്തസമ്മർദ്ദമോ ഈ രോഗത്തിന്റെ തീവ്രത കൂട്ടിയേക്കാം. എന്നാൽ തലകറക്കത്തിന് അല്ലെങ്കിൽ ബാലൻസ് നഷ്ടപെടുന്നതിന് പ്രധാനമായും താഴെ പറയുന്ന കാരണങ്ങളാണുള്ളത്.

1. ബി പി പി വി (BPPV)

bppv

ബാലൻസ് നഷ്ടപെടുന്നതിന്റെ പ്രധാന കാരണം ബി പി പി വി തന്നെയാണ്. ഉൾചെവി, അതുമായി ബന്ധപ്പെട്ട അവയവങ്ങൾ, തലച്ചോറ്, കണ്ണുകൾ തുടങ്ങിയ അവയവങ്ങളാണ് മനുഷ്യശരീരത്തിലെ തുലനാവസ്ഥയെ നിയന്ത്രിക്കുന്നത്. ഉൽച്ചെവിയിലെ ചെറിയ കാൽസ്യം കല്ലുകൾ തലയുടെ ചലനത്തിന് അനുസരിച്ചു നീങ്ങുമ്പോഴാണ് സാധാരണ ശരീരത്തിന്റെ തുലനാവസ്ഥ കൃത്യമായി സംഭവിക്കുന്നത്. എന്നാൽ ബി പി പി വിയിൽ ഈ കല്ലുകൾ അതിന്റെ സ്ഥാനം തെറ്റി വശങ്ങളിലേക്ക് തെന്നി മാറുന്നു. അങ്ങനെ സംഭവിക്കുമ്പോൾ തല ചലിക്കുന്നതിന്റെ വിപരീത ദിശയിൽ ഈ കല്ലുകൾ ചലിക്കുകയും ചെവിയിലേക്കുള്ള ആവേഗങ്ങളുടെ സഞ്ചാരം തടസപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ തലകറക്കം അല്ലെങ്കിൽ വെർട്ടിഗോ (vertigo) അനുഭവപ്പെടുന്നു. ബെഡിൽ കിടന്ന് എഴുന്നേൽക്കുമ്പോഴോ വശങ്ങളിലേക്ക് പെട്ടന്ന് തല തിരിക്കുമ്പോഴോ ഉണ്ടാകുന്ന തലക്കറക്കമാണ് ഇതിന്റെ ലക്ഷണം. ഈ രോഗികൾക്ക് പൊതുവെ രാവിലെ പെട്ടന്ന് എഴുന്നേറ്റ് നിൽക്കുമ്പോൾ തനിക്ക് ചുറ്റുമുള്ള വസ്തുക്കൾ കറങ്ങുന്നത് പോലെ അനുഭവപ്പെടും. രണ്ടോ മൂന്നോ മിനുറ്റ് ദൈർഘ്യമേ ഈ തലക്കറക്കത്തിന് ഉണ്ടാകൂ. ചിലപ്പോൾ ഛർദിയും ഉണ്ടാകാം. ബി പി പി വിക്ക് മരുന്നിനേക്കാൾ കൂടുതൽ വ്യായാമമുറകളാണ് ഉപകാരപ്രദമാകുക. തലകറക്കത്തിന്റെ ദിശ മനസ്സിലാക്കി വേദനയുടെ എതിർ ദിശയിലേക്ക് തല തിരിച്ചു കൊണ്ട് കാൽസ്യം ക്രിസ്റ്റലുകളെ പഴയ സ്ഥാനത്തേക്ക് കൊണ്ടുവരുന്ന ചില പ്രത്യേക ചികിത്സാരീതിയും കണ്ടുവരുന്നുണ്ട്. കൂടാതെ ഈ രോഗികൾക്ക് ഒരു തലകറക്കം ഉണ്ടായി കഴിഞ്ഞാൽ 48 മണിക്കൂർ തലയണയിലോ ഉയർന്ന പ്രതലത്തിലോ തല പൊക്കി വെച്ചു കിടക്കേണ്ടതാണ്.

2. മിനിയേഴ്‌സ് രോഗം (Meniere's disease)

menieere

ഉൽചെവിയിലെ ഫ്ലൂയിഡ് ബാലൻസിൽ വരുന്ന വ്യതിയാനം കാരണമായി ഉണ്ടാകുന്ന രോഗമാണ് മിനിയേഴ്‌സ് രോഗം. ഫ്ലൂയിഡിന്റെ അളവ് വർദ്ധിച്ചു ചെവി നീർക്കുമിള പോലെ വീർക്കുന്നു. ഒരുപാട് സമയം ഇരുന്ന് പെട്ടന്ന് എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന തലകറക്കമാണ് പ്രധാന ലക്ഷണം. ഈ രോഗിയിൽ തലവേദനയോടൊപ്പം ചെവിക്കുള്ളിൽ മൂളലും അനുഭവപ്പെടാറുണ്ട്. ഇരുപതിനും നാല്പതിനും ഇടക്ക് പ്രായമുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടു വരുന്നത്. ഭക്ഷണക്രമീകരണത്തിലെ മാറ്റമാണ് പ്രധനമായും ഇവർക്ക് നിർദ്ദേശിക്കാറുള്ളത്. പുളി അടങ്ങിയ തൈര്, വെണ്ണ, നാരങ്ങ, ഉപ്പ് ഇവയെല്ലാം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.

3. ചെവിയിലെ അണുബാധ

ear infection
സാധാരണ ജലദോഷം വരുമ്പോൾ ചെവിക്കുള്ളിൽ നീര് നിറയുന്നു. എന്നാൽ നമ്മളിൽ പലരും ഇത് പലപ്പോഴും കാര്യമാക്കാറില്ല. ഇങ്ങനെ വരുന്ന നീര് ചെവിക്കു ചുറ്റുമുള്ള ഞരമ്പിന്റെ ആവരണത്തിൽ അണുബാധ ഉണ്ടാക്കുന്നു. ഇത് ഞരമ്പിന്റെ സാധാരണ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും (vestibular nueritis ). മറ്റുചിലരിൽ ചെവിയിൽ മൊത്തമായി നീര് വന്നു നിറയുന്നു ( labyrinthitis). ഈ രോഗികൾക്ക് ഒരുപാട് സമയം നീണ്ടുനില്കുന്നതോ അല്ലെങ്കിൽ ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതോ ആയ തലകറക്കമാണ് ഉണ്ടാകാറുള്ളത്. കൂടാതെ ഛർദിയും ബാലൻസ് നഷ്ടപെടലും സംഭവിക്കാം.

4. സ്ട്രോക്ക് (stroke)

stroke

തലച്ചോറിലെയോ ചെവിയിലെയോ ഞരമ്പുകളുമായി ബന്ധപ്പെട്ട രോഗങ്ങളുള്ളവരിലാണ് കൂടുതലായും തലകറക്കവും അതുമായി ബന്ധപ്പെട്ട ബാലൻസ് പ്രശ്നങ്ങളും കണ്ടുവരുന്നത്. മൈഗ്രൈൻ, സ്ട്രോക്ക് തുടങ്ങിയ രോഗമുള്ളവരിലും ബാലൻസ് പ്രശ്നങ്ങളുണ്ടാവാം. സ്ട്രോക്കുള്ള രോഗികളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം നിൽക്കുന്നതിന്റെ ഫലമായി തലകറക്കവും അതുമായി ബന്ധപ്പെട്ട ബാലൻസ് പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്.

5. അകൗസ്റ്റിക് ന്യൂറോമ (Acoustic Neuroma )

neuroma

ഞരമ്പുകൾക്കുള്ളിൽ തീവ്രമല്ലാത്ത രീതിയിൽ വളരുന്ന ചെറിയ മുഴകളാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഇങ്ങനെ ഞരമ്പുകൾക്കുള്ളിൽ മുഴകളുണ്ടാകുമ്പോൾ ആന്തരിക കർണ്ണത്തിൽ നിന്നു തലച്ചോറിലേക്ക് പോകുന്ന സംവേദനത്തിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇതിന്റെ ഫലമായി കേൾവി പ്രശ്നങ്ങളും ബാലൻസ് പ്രശ്നങ്ങളും ഉണ്ടാകുന്നു. ചെവിയിൽ മൂളൽ അനുഭവപ്പെടുന്നതും കേൾവിശക്തി നഷ്ടപ്പെടുന്നതും തന്നെയാണ് പ്രധാന ലക്ഷണം. വളരെ അപൂർവമായി കാണുന്ന ഒരു രോഗാവസ്ഥയാണ് ഇത്.

6. തലയുടെ പരിക്ക്‌

head injury

തലയ്ക്കേൽക്കുന്ന ചില പരിക്കുകൾ അല്ലെങ്കിൽ ക്ഷതങ്ങൾ ഒക്കെ കാരണവും ബാലൻസ് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൃത്യമായ രോഗ നിർണ്ണയവും അതിന് അനുസരിച്ചുള്ള ചികിത്സാരീതിയുമാണ് കൈക്കൊള്ളേണ്ടത്.

7. ചലന രോഗം

balance ear

യഥാർത്ഥ ചലനവും നാം പ്രതീക്ഷിക്കുന്ന ചലനവും തമ്മിലുള്ള വ്യതാസം മൂലമാണ് ചലന രോഗം ഉണ്ടാകുന്നത്. കാർ യാത്ര, വിമാന യാത്ര, കടൽ യാത്ര, സാഹസിക സഞ്ചാരങ്ങൾ പോലെയുള്ളവ നടത്തുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന തലകറക്കമാണിത്. മൈഗ്രേൻ ഉള്ള രോഗികളിൽ സാധാരണ ആയി ചലന രോഗം കണ്ടുവരുന്നു. ഇത്തരം യാത്രകളിൽ തല നിശ്ചലമായി പിടിക്കുന്നതും പുറകിലേക്ക് ചാരി കിടക്കുന്നതും തലകറക്കത്തിന്റെ തീവ്രത കുറയ്ക്കുന്നു.

രോഗനിർണ്ണയം

കേൾവി സംബന്ധമായ തകരാറുകളോ ബാലൻസ് നഷ്ടപെടുന്ന അവസ്ഥയോ ശ്രദ്ധയിൽപെട്ടാൽ തീർച്ചയായും വൈദ്യസഹായം തേടേണ്ടതുണ്ട്.

രോഗി ഡോക്ടർക്ക് നൽകുന്ന കൃത്യമായ രോഗവിവരണത്തിലൂടെ കാരണം കണ്ടുപിടിച്ചു ചികിത്സിച്ചു മാറ്റാവുന്നവയാണ് മിക്ക ബാലൻസ് പ്രശ്നങ്ങളും. ഒരു രോഗിയിൽ തലകറക്കം നിലനിൽക്കുന്നതിന്റെ ദൈർഘ്യം മനസ്സിലാക്കി തലകറക്കത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താം. സെക്കന്റുകൾ മുതൽ മണിക്കൂറുകൾ വരെ നീണ്ടു നിൽക്കുന്ന തലകറക്കം ഉണ്ടാകാം. ആന്തരകർണത്തിൽ ഉണ്ടാകുന്ന തകരാറുകൾ, ചെവിയിലെ നീർക്കെട്ട്, അണുബാധ തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ. തലച്ചോറിലെ സെറിബെല്ലം എന്ന ഭാഗത്തുണ്ടാകുന്ന തകരാറുകളും ഇതിന് കാരണമായേക്കാം. തലകറങ്ങുമ്പോൾ വീഴുകയും പരിക്കേൽക്കുകയും ചെയ്യുന്നതിനുള്ള സാധ്യത അവഗണിക്കരുത്. അതിനാൽ കൃത്യമായ കാരണം കണ്ടെത്തി ചികിൽസിക്കേണ്ടത് അനിവാര്യമാണ്‌.

ബാലൻസ് പ്രശ്നം അനുഭവിക്കുന്നയാൾ നിരവധി പരിശോധനകൾക്ക് വിധേയമാകേണ്ടതായിട്ടുണ്ട്. ബാലൻസ് നഷ്ടപെടുന്നതിന്റെ പ്രധാന കാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ പരിശോധനകൾ നടത്തുന്നത്. രക്തപരിശോധന, കേൾവി പരിശോധന, കണ്ണിലെ പേശിയുടെ ചലനം അളക്കുന്ന പരിശോധന, തലച്ചോറിന്റെയും അതുമായി ബന്ധപ്പെട്ട ഞരമ്പുകളുടെയും പ്രവർത്തനം മനസ്സിലാക്കുന്നതിനായുള്ള എം ആർ ഐ അല്ലെങ്കിൽ സി ടി സ്കാനുകൾ തുടങ്ങിയ പരിശോധനകൾക്ക് ഇവർ വിധേയമാകേണ്ടതായിട്ടുണ്ട്.

നല്ല വാർത്തകൾ കേട്ടറിയു! download katha app
ബാലൻസ് പ്രശ്നം ചികിത്സിച്ചു മാറ്റാം

ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം ചിലരിൽ ഹാനികരമായ പ്രതികരണമാണ് ഉണ്ടാക്കുക. അതിന്റെ ഫലമായി ബാലൻസ് നഷ്ടപ്പെടുന്നതായോ തലകറക്കം ഉള്ളതായോ അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ ഡോക്ടറെ സമീപിക്കേണ്ടതാണ്. നിർദ്ദേശിക്കപ്പെട്ട മരുന്നിന്റെ ഡോസിൽ മാറ്റം വരുത്തുകയോ പകരം മറ്റൊന്ന് നിർദ്ദേശിക്കുകയോ ചെയ്യപ്പെടാം.

ബി പി പി വി ഉള്ളവർക്ക് സുരക്ഷിതമായ ഒരു ചികിത്സാരീതിയാണ് എപ്ലേ മനുവർ. അർദ്ധവൃത്താകൃതിയിലുള്ള കനാലിൽ സ്വതന്ത്രമായി ഒഴുകി നടക്കുന്ന കാൽസ്യം കണികകളെ അതിന്റെ യഥാർത്ഥ സ്ഥാനത്തു എത്തിക്കാൻ സഹായിക്കുന്ന ഒരു ശാരീരിക പ്രവർത്തനമാണിത്. ഒരു ഡോക്ടറുടെ സഹായത്തോടെ ഇവ പഠിച്ചെടുക്കാവുന്നതാണ്.

ചെവിയിൽ അണുബാധയോ നീർക്കെട്ടോ ഉള്ളവർക്ക് ബാലൻസ് നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടാൽ ഉടനെ വൈദ്യസഹായം തേടാം. ആന്റിബയോട്ടിക്കുകളാണ് പൊതുവെ ഇത്തരം ആളുകൾക്ക് നിർദ്ദേശിക്കാറുള്ളത്.

മിനിയേഴ്‌സ് രോഗം ചികിൽസിക്കുന്നതിനായി തലകറക്കത്തിനും ഓക്കാനത്തിനും ഉപയോഗിക്കുന്ന മരുന്നുകളാണ് ഡോക്ടർമാർ നൽകി പോരുന്നത്. കുത്തിവെയ്പുകളോ അല്ലെങ്കിൽ ചെവിയിൽ പ്രത്യേക സമ്മർദ്ദം നൽകുന്ന ഒരു സാങ്കേതിക വിദ്യ കൊണ്ടും ഇതിന്റെ കാഠിന്യം കുറയ്ക്കാം. ജീവിതരീതികൾ മിനിയേഴ്‌സ് രോഗത്തിന് കാരണമായി പറയാറുണ്ടെങ്കിലും ഇതിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പുകവലി, മദ്യപാനം, അമിതമായ ഉപ്പ് അടങ്ങിയ ഭക്ഷണം, കാപ്പി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഒരു പരിധി വരെ ഈ രോഗത്തെ നിയന്ത്രിക്കാവുന്നതാണ്. മേൽപറഞ്ഞ ചികിത്സകളൊന്നും ഫലിക്കാത്ത പക്ഷം ശസ്ത്രക്രിയ തന്നെയാവും ഏക മാർഗ്ഗം.

ബാലൻസ് പ്രശ്നമുള്ളവർ സ്ഥിരമായി ശീലിക്കേണ്ട ചില വ്യായാമമുറകളുണ്ട്. ചെവിയുടെ മാത്രമായ വ്യായാമങ്ങൾ ശീലമാക്കുന്നത് നല്ലതായിരിക്കും. കൂടാതെ കണ്ണ്, തല, കഴുത്ത് തുടങ്ങിയ ശരീരഭാഗങ്ങൾക്ക് ഇരുന്ന് കൊണ്ട് ചെയ്യാൻ പറ്റുന്ന പ്രത്യേക വ്യായാമങ്ങൾ ഉണ്ട്. ഒരു കസേരയിൽ ഇരുന്ന്കൊണ്ട് കണ്ണ് കൊണ്ട് മുകളിലേക്കും താഴേക്കും നോക്കുക, കണ്ണു കൊണ്ട് ഇരുവശങ്ങളിലേക്കും നോക്കുക, രണ്ട് കണ്ണുകളും ഉപയോഗിച്ചു മൂക്കിനെ സൂക്ഷ്മതയോടെ നോക്കുക തുടങ്ങിയവ കണ്ണിന്റെ വ്യായാമങ്ങളിൽ പെട്ടവയാണ്. ഇരുന്നുകൊണ്ട് തലയെ മുകൾഭാഗത്തേക്കും കീഴ്‌ഭാഗത്തേക്കും ചലിപ്പിക്കുക, കഴുത്ത് വശങ്ങളിലേക്ക് തിരിക്കുക, തുടങ്ങിയവ തലയുടെയും കഴുത്തിന്റെയും വ്യായാമങ്ങളാണ്. കണ്ണടച്ചു കൊണ്ട് കസേരയിൽ ഇരിക്കുകയും എഴുന്നേൽക്കുകയും ചെയ്യുക, ചലിക്കുന്ന വസ്തുകളിലേക്ക് കണ്ണിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുക, സ്റ്റെപ് കയറി ഇറങ്ങുക തുടങ്ങിയവ ശീലമാക്കേണ്ട മറ്റു വ്യായാമങ്ങളാണ്. സ്ഥിരമായി അര മണിക്കൂർ നടക്കുന്നതും നല്ല രീതിയിൽ എട്ടു മണിക്കൂറോളം ഉറങ്ങുന്നതും ഈ രോഗത്തെ പ്രധിരോധിക്കാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അധികം തണുപ്പടിക്കാതെ തല ഇളകാതെ ശ്രദ്ധിക്കുക.

ബാലൻസ് നഷ്ടപ്പെടുമ്പോൾ തലകറക്കം മൂലം പെട്ടന്ന് കുഴഞ്ഞുവീഴാതിരിക്കാൻ ചില മുൻകരുതലെടുക്കാവുന്നതാണ്.

 • മുഷ്ടി ചുരുട്ടി പിടിക്കുക

 • കാല് കുറുകെ പിണച്ചുവെക്കുകയൊ തുടകൾ തമ്മിൽ മുറുകെപ്പിടിക്കുകയോ ചെയ്യുക

 • തല ഹൃദയസ്ഥാനത്തിനും താഴെയായി കുമ്പിട്ട് ഇരിക്കുക.

 • എവിടെയെങ്കിലും പെട്ടന്ന് കിടക്കുന്നതും തലകറങ്ങി വീഴുമ്പോഴുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ സഹായിക്കും.

കാരണങ്ങൾക്ക് അടിസ്ഥാനമായി ബാലൻസ് പ്രശ്നം നിലനിൽക്കുന്നതിന്റെ ദൈർഘ്യത്തിലും തോതിലും മാറ്റമുണ്ടാകാം. ചിലത് താത്കാലികവും പെട്ടന്ന് ചികിൽസിച്ചു മാറ്റാവുന്നതുമാവാം. മറ്റു ചിലത് ദീർഘകാലം നിലനില്കുന്നവയാവാം. കാരണം അറിഞ്ഞു ചികിത്സിക്കൽ തന്നെയാണ് ഏക പോംവഴി.

continue reading.

ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

Sep 21, 2022
ചിരി എത്ര ആരോഗ്യകരമാണ് എന്ന് നോക്കാം

ചിരി എത്ര ആരോഗ്യകരമാണ് എന്ന് നോക്കാം

Jun 17, 2022
Interview with Unnikrishnan (Youtuber)

Interview with Unnikrishnan (Youtuber)

Jun 30, 2022
Interview with Jinsha Basheer (Social Media Influencer)

Interview with Jinsha Basheer (Social Media Influencer)

Jun 17, 2022
download katha app