Katha

ഗ്യാസ് ലൈറ്റിംഗ് എങ്ങനെയാണ് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്?

Jun 13, 2022
ഗ്യാസ് ലൈറ്റിംഗ് എങ്ങനെയാണ് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്?

സമീപ വർഷങ്ങളിൽ ഗ്യാസ് ലൈറ്റിംഗ് എന്ന പദം നമ്മുടെ സാംസ്കാരിക നിഘണ്ടുവിലേക്ക് കടന്നുവന്നിട്ടുണ്ട്. ഈ പ്രതിഭാസം നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം തിരിച്ചറിഞ്ഞതിനേക്കാൾ വളരെ കൂടുതലാണെന്ന് വെളിപ്പെടുത്തുന്നു. നിങ്ങൾ അറിയാതെ തന്നെ ഗ്യാസ് ലൈറ്റിംഗ് നേരിട്ട് അനുഭവിച്ചിട്ടുണ്ടാകാം.

എന്താണ് ഗ്യാസ് ലൈറ്റിംഗ്?

ഒരു വ്യക്തിയോ ഗ്രൂപ്പോ ആരെയെങ്കിലും അവരുടെ വിവേകത്തെയോ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ധാരണയെയോ ഓർമ്മകളെയോ ചോദ്യം ചെയ്യുന്ന ഒരു തരം മാനസിക ദുരുപയോഗമാണ് ഗ്യാസ് ലൈറ്റിംഗ്. ഗ്യാസ് ലൈറ്റിംഗിന് വിധേയരാകുന്ന ആളുകൾക്ക് പലപ്പോഴും ആശയക്കുഴപ്പവും ഉത്കണ്ഠയും സ്വയം വിശ്വസിക്കാൻ കഴിയാതെയും വരുന്നു. "ഗ്യാസ് ലൈറ്റിംഗ്" എന്ന പദം 1944-ൽ പുറത്തിറങ്ങിയ ഗ്യാസ് ലൈറ്റ് എന്ന സിനിമയിൽ നിന്നാണ്.

സിനിമയിൽ, ഒരു ഭർത്താവ് ഗ്യാസ് പവർ ലൈറ്റുകൾ പ്രകാശിപ്പിക്കുകയും ഡിം ചെയ്യുകയും ചെയ്തുകൊണ്ട് തന്റെ ഭാര്യക്ക് ഭ്രമാത്മകതയുണ്ടെന്ന് തറപ്പിച്ചുപറയുന്നു. ഇത് അവളുടെ ബുദ്ധിയെ സംശയിക്കാൻ ഇടയാക്കുന്നു.

ഗ്യാസ് ലൈറ്റിംഗിന് ഇരയാകുന്ന ഒരു വ്യക്തി തങ്ങൾക്ക് മാനസികമായി സുഖമില്ലെന്നും അവരുടെ ഓർമ്മകൾ കൃത്യമല്ലെന്നും അല്ലെങ്കിൽ അവരുടെ മനസ്സ് തങ്ങളെ കബളിപ്പിക്കുന്നുവെന്നും ശരിക്കും വിശ്വസിച്ചേക്കാം. ഇത് അവരെ അധിക്ഷേപിക്കുന്ന വ്യക്തിയെ ആശ്രയിക്കുന്നു എന്ന തോന്നലുണ്ടാക്കുന്നു.

ഗ്യാസ് ലൈറ്റിംഗിന് ഉദാഹരണങ്ങൾ

What is gaslighting

ഗ്യാസ് ലൈറ്റിംഗിന് ഉദാഹരണമായ ചിലത് :

  • കൗണ്ടറിംഗ് : ഒരു വ്യക്തി, ആരുടെയെങ്കിലും സംഭവങ്ങളെ കുറിച്ച് വ്യക്തമായി ഓർമ്മയുണ്ടെങ്കിലും അവരുടെ ഓർമ്മയെ ചോദ്യം ചെയ്യുന്ന പ്രവൃത്തി.
  • വിത്ത്ഹോൾഡിങ് : എന്തെങ്കിലും മനസ്സിലായില്ലെന്ന് നടിക്കുകയോ, ഒരു ചർച്ച നടത്താനുള്ള നിങ്ങളുടെ ശ്രമങ്ങളെ തള്ളിക്കളയുകയോ അവരെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുന്നതായി നിങ്ങളെ കുറ്റപ്പെടുത്തുകയോ ചെയ്യുന്ന പ്രവൃത്തി.
  • ഫോർഗെറ്റിങ് : നടന്ന കാര്യം മറന്നതായി നടിക്കുകയോ എന്തെങ്കിലും സംഭവിച്ചുവെന്ന് നിഷേധിക്കുകയോ ചെയ്യുന്ന പ്രവൃത്തി.
  • ട്രിവിയലൈസിങ് : നിങ്ങളുടെ വികാരങ്ങൾ ചെറുതാണെന്നോ അല്ലെങ്കിൽ പ്രശ്നമല്ലെന്ന് പറയുകയോ, അല്ലെങ്കിൽ നിങ്ങൾ അമിതമായി പ്രതികരിക്കുന്നുവെന്ന് കുറ്റപ്പെടുത്തുകയോ ചെയ്യുന്ന പ്രവൃത്തി.
  • ഡൈവേർട്ടിങ് : അവരുടെ പെരുമാറ്റത്തെക്കുറിച്ച് ഒരു ആശങ്ക ഉന്നയിക്കുമ്പോൾ, അവർ വിഷയം മാറ്റുകയോ നിങ്ങളത് ഉണ്ടാക്കുകയാണെന്ന് നിർദ്ദേശിച്ചുകൊണ്ട് അത് നിങ്ങളിലേക്ക് തിരിച്ചുവിടുകയോ ചെയ്യുന്ന പ്രവൃത്തി.
  • ഡിസ്ക്രെഡിറ്റിങ് : നിങ്ങൾക്ക് കാര്യങ്ങൾ ശരിയായി ഓർക്കാൻ കഴിയില്ലെന്നോ എളുപ്പത്തിൽ ആശയക്കുഴപ്പത്തിലാകുമെന്നോ മറ്റുള്ളവരോട് പറയുന്ന പ്രവൃത്തി.

കുടുംബത്തിലെ ഗ്യാസ് ലൈറ്റിംഗ്

Gaslighting in family

കുടുംബത്തിൽ പല തരത്തിൽ ഗ്യാസ് ലൈറ്റിംഗ് നടക്കാം. ഗ്യാസ്‌ലൈറ്റിംഗ് അധികാരത്തിന്റെ ഏറ്റക്കുറച്ചിലുകൾ ഉള്ള ബന്ധങ്ങളിൽ ആണ് കൂടുതൽ കാണുന്നത്. അതിനാൽ ഒരു കുടുംബത്തിൽ ഇത് മാതാപിതാക്കളും കുട്ടിയും തമ്മിലോ പ്രായമായവരും ഇളയവരും തമ്മിലോ ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യമുള്ള കുടുംബത്തിന് അംഗങ്ങളുടെ സ്വാതന്ത്യം ഒരു വലിയ ഘടകമാണ്.

അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനും നിങ്ങൾ എടുക്കുന്ന തിരഞ്ഞെടുപ്പുകളെ ബഹുമാനിക്കാനും നിങ്ങൾക്ക് പ്രശ്നം നേരിടേണ്ടി വരില്ല. ആരോഗ്യമുള്ള ഒരു കുടുംബത്തിന് മാറ്റവും വളർച്ചയും ഉൾക്കൊള്ളാൻ കഴിയും.

മറുവശത്ത്, മോശമായ കുടുംബത്തിൽ വളരെ അസ്ഥിരമായ അന്തരീക്ഷമായിരിക്കും. ഒരു കൂട്ടം ആളുകൾ ഒരു മോശം കുടുംബത്തിലെ അംഗങ്ങളെപ്പോലെ വളരെ വിരസമായി ഒന്നിച്ചുചേരാൻ ശ്രമിക്കുമ്പോൾ, മാറ്റവും പൊരുത്തപ്പെടലും അംഗീകരിക്കാനാകാതെ വരുന്നു. സ്വന്തം ഗുണത്തിൽ മതിമറക്കുന്നവരായ നാർസിസ്റ്റ് വ്യക്തികൾ അവരുടെ സുരക്ഷിതത്വത്തിനും കൗശലപരമായ പല നീക്കങ്ങൾക്കും വേണ്ടി ഗ്യാസ് ലൈറ്റിംഗ് ഉപയോഗിക്കുന്നു.

കാരണം, തങ്ങൾ ചെയ്ത എന്തെങ്കിലും ഒരു കാര്യം ചോദ്യം ചെയ്യപ്പെടുമോ എന്ന സംശയമോ തങ്ങളുടെ ഉള്ളിലെ മോശം വശങ്ങൾ ആരെങ്കിലും തിരിച്ചറിയുമോ എന്നൊക്കെയുള്ള പേടികളാകാം. തങ്ങളുടെ ദുർബലമായ ഐഡൻ്റിറ്റി പുറത്തുവരാതിരിക്കാൻ, തങ്ങളെ ചോദ്യം ചെയ്യുന്ന കുടുംബാംഗങ്ങളെ ആശയക്കുഴപ്പം സൃഷ്ടിച്ചും ദുരുപയോഗം ചെയ്തും നിശബ്ദരാക്കുന്നതിന് മോശം കുടുംബം ഗ്യാസ് ലൈറ്റിംഗ് ഉപയോഗപ്പെടുത്തുന്നു.

ഒരു കുടുംബത്തിൽ നടക്കുന്ന പലതരം ഗ്യാസ് ലൈറ്റിംഗ് കാര്യങ്ങളും അവ എങ്ങനെയൊക്കെ കുടുംബത്തെ ബാധിക്കുന്നു എന്നും താഴെ കൊടുക്കുന്നു.

മരുമക്കളോടുള്ള മോശമായ പെരുമാറ്റം ന്യായീകരിക്കുന്നു.

പല വീടുകളിലും കണ്ടുവരുന്നതാണ് ഇത്. പ്രത്യേകിച്ച് സ്ത്രീകളാണ് ഇത് അനുഭവിക്കുന്നത്. ഭർത്താവിൻ്റെ അമ്മ ചില കാരണങ്ങളാൽ പല തരത്തിൽ മരുമകളെ പീഡിപ്പിക്കാൻ നോക്കും. മാനസികമായി തളർത്താൻ തന്നെ പലതും ചോദിക്കുകയും പറയുകയും ചെയ്യും. വളരെ മോശം രീതിയാണ് ഇത്. എന്നാൽ ഇക്കാര്യം കുടുംബത്തിലോ ഭർത്താവിനോടോ പറയുമ്പോൾ "വയസായതല്ലെ, അമ്മയല്ലെ, നീ അതിനെ കൂടുതൽ സീരിയസ് ആയി എടുക്കാൻ നിന്നിട്ടല്ലെ" എന്ന രീതിയിലാകും മറുപടി. ഇതാണ് ഗ്യാസ് ലൈറ്റിംഗ്. ഇങ്ങനെ പലവട്ടം നടക്കുമ്പോൾ മരുമകളും അതിനെ അനുകൂലിച്ചു തുടങ്ങും. പക്ഷേ പോകെ പോകെ തൻ്റെ വ്യക്തിത്വം തന്നെ മരുമകൾക്ക് അവിടെ പണയം വയ്ക്കേണ്ട അവസ്ഥ വരുന്നു.

മാറ്റത്തെ പ്രതിരോധിക്കുന്നു

കുടുംബത്തിലെ കാര്യങ്ങൾ ചെയ്യുന്ന രീതിയെ വെല്ലുവിളിക്കുന്ന ഒരു കുടുംബാംഗത്തിന്റെ രൂപത്തിലായാലും അല്ലെങ്കിൽ കുടുംബത്തിന്റെ മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതായാലും, കുടുംബത്തിന്റെ അവസ്ഥയെ ഭീഷണിപ്പെടുത്തുന്ന എന്തും ഒരു ദുർബലമായ കുടുംബത്തെ അസ്ഥിരപ്പെടുത്തും. ഇത്തരം മാറ്റങ്ങളെ തടയാൻ കുടുംബങ്ങൾ ഗ്യാസ് ലൈറ്റിംഗ് ഉപയോഗിക്കുന്നു.

ഉദാഹരണത്തിന് ഒരു ഡോക്ടർ കുടുംബത്തിൽ നിന്നും ഒരു കുട്ടി ആർട്ട് വിഷയങ്ങൾ ഉപരിപഠനത്തിന് തിരഞ്ഞെടുക്കുമ്പോൾ അതിനെ തടയാൻ ആ കുട്ടിക്ക് ആർട്ടിൽ കഴിവില്ലെന്നും ഡോക്ടറുടെ കുട്ടി ഡോക്ടർ ആയാൽ മതി എന്നൊക്കെ പറഞ്ഞ് സ്വാധീനിക്കാം. അതുവഴി ആ കുട്ടിയുടെ ആത്മവിശ്വാസം ഒക്കെ തകർക്കപ്പെടുകയാണ് ചെയ്യുന്നത്.

കുടുംബത്തിൻ്റെ കീർത്തി സംരക്ഷിക്കുന്നതിന്

ഒരു കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ പുറത്തറിഞ്ഞാൽ സമൂഹത്തിലുള്ള ആ കുടുംബത്തിൻ്റെ പേരിന് കോട്ടം തട്ടും എന്നതുകൊണ്ട് ആ കുടുംബത്തെ എതിർക്കുന്നതിനെ ഗ്യാസ് ലൈറ്റിംഗ് കൊണ്ട് നേരിടുന്നു. തൻ്റെ അച്ഛൻ അമ്മയെ അധിക്ഷേപിക്കുന്ന ആളാണ് എന്ന് മനസ്സിലായ മകൻ അത് തുറന്നുപറയാൻ ശ്രമിക്കുമ്പോൾ എല്ലാ സത്യങ്ങളും അറിയാവുന്ന മറ്റു മക്കളും കുടുംബത്തിൻ്റെ കീർത്തി നിലനിർത്താൻ വേണ്ടി ആ മകൻ്റെ ഓർമ്മകളെയും ചിന്തകളെയും ചോദ്യം ചെയ്യുന്നു.

അയാൾ പറയുന്ന പല കാര്യങ്ങളും നടന്നിട്ടുപോലുമില്ല എന്ന് പറഞ്ഞു അയാളെ ഒതുക്കുന്നു. ഇതുവഴി മകന് ആ കുടുംബത്തോട് അകൽച്ച വരുകയോ അല്ലെങ്കിൽ തൻ്റെ വ്യക്തിത്വത്തിൽ തന്നെ സംശയം വരുകയോ ചെയ്യാം.

കുടുംബ ബന്ധങ്ങൾ നിലനിർത്താൻ

കുടുംബ ബന്ധങ്ങൾ നിലനിർത്താൻ പലരും അനാവശ്യമായി ഗ്യാസ് ലൈറ്റിംഗ് ഉപയോഗിക്കുന്നു. തൻ്റെ മക്കൾ തന്നിൽ നിന്നും അകലുന്നു എന്ന തോന്നലിൽ നിന്നുപോലും ഇത്തരം പ്രവണതകൾ ഉണ്ടാകാം. അകലെ താമസിക്കുന്ന മക്കൾ തങ്ങളെ കാണാൻ വരുന്നില്ല എന്നും അതുകൊണ്ടുതന്നെ അവരാണ് തങ്ങളുടെ വേദനയുമെന്ന് പറയുകയോ അതിൻപ്രകാരമുള്ള കാര്യങ്ങൾ ചെയ്യുകയോ ചെയ്തു വീണ്ടും വീണ്ടും മക്കളെ തങ്ങളുടെ കുടുംബത്തിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നതും ഗ്യാസ് ലൈറ്റിംഗ് ആണ്. ഇതുവഴി എല്ലാ തവണയും മാതാപിതാക്കളെ സന്ദർശിച്ചിട്ടും അവർ പറയുന്നത് കേട്ട് തങ്ങൾ എന്തോ തെറ്റു ചെയ്യുന്നു എന്ന തോന്നലൊക്കെ മക്കളിൽ വളരുന്നതാണ്.

നല്ല വാർത്തകൾ കേട്ടറിയു! download katha app

കുട്ടികളോടുള്ള ഗ്യാസ് ലൈറ്റിംഗ്

Effects of gaslighting

ഗ്യാസ് ലൈറ്റിംഗ് മാതാപിതാക്കളുടെയും കുട്ടികളുടെയും ബന്ധത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. അധികാര സ്ഥാനത്ത് ഇരിക്കുന്ന മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഗ്യാസ് ലൈറ്റിംഗ് കാര്യങ്ങൾ കുട്ടികളെ ബാധിക്കുകയും അത് ബന്ധങ്ങളെ തകർക്കുകയും ചെയ്യുന്നു.

ഒരു രക്ഷിതാവ് തൻ്റെ കുട്ടിയെ കരുതലിന്റെയോ വൈകാരിക പിന്തുണയുടെയോ ഭാഗമായി വിമർശിക്കുമ്പോൾ അത് അവൻ്റെ പ്രതികരണത്തെ തന്നെ ചോദ്യം ചെയ്യുമ്പോൾ ഗ്യാസ് ലൈറ്റിംഗ് സംഭവിക്കുന്നു. ഒരു പ്രത്യേക സംഭവത്തെക്കുറിച്ചുള്ള കുട്ടിയുടെ ഓർമ്മ അത് സംഭവിച്ചതുപോലെയല്ലെന്ന് മാതാപിതാക്കൾ നിർബന്ധിക്കുമ്പോഴൊക്കെ ഇത് സംഭവിക്കാം.

ഗ്യാസ് ലൈറ്റിംഗ് ചെയ്യുന്ന രക്ഷിതാവ് തൻ്റെ മുഖം രക്ഷിക്കാൻ വേണ്ടി കുട്ടി പറഞ്ഞതോ ചെയ്തതോ ആയ കാര്യം തെറ്റാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ ശരിക്കും അമിതമായി പ്രതികരിക്കുന്നതും വിഭ്രാന്തി പ്രകടിപ്പിക്കുന്നതും ഈ രക്ഷിതാവ് തന്നെയായിരിക്കും.

ഗ്യാസ് ലൈറ്റിംഗ് ചെയ്യുന്ന വ്യക്തികൾ ഒരിക്കലും അങ്ങനെ ജനിക്കുന്നവരല്ല, മറിച്ച് അവരും മറ്റാരിൽ നിന്നോ പഠിച്ചതായിരിക്കാം. അതിനാൽ, തന്റെ കുട്ടികൾക്ക് ഗ്യാസ് ലൈറ്റിംഗ് നൽകുന്ന ഒരു രക്ഷിതാവ് അത് അവരുടെ ജീവിതത്തിൽ അനുഭവിച്ചതോ സാക്ഷ്യം വഹിച്ചതോ ആയിരിക്കാം.

ഗ്യാസ് ലൈറ്റിംഗിൻ്റെ പരിണിതഫലം

ഒരു വ്യക്തി ഗ്യാസ് ലൈറ്റിംഗിന് വിധേയനാകുമ്പോൾ, അത് അവരുടെ വികാരങ്ങളെയും മനോഭാവത്തെയും വളരെയധികം ബാധിച്ചേക്കാം. അവർ അവരുടെ ധാരണയെയും നിലനിൽപ്പിനെയും സംശയിക്കാൻ തുടങ്ങുന്നു. ഇത്തരത്തിലുള്ള വൈകാരിക ദുരുപയോഗം അനുഭവിക്കുന്ന ആളുകൾക്ക് തങ്ങളേയും അവരുടെ വ്യക്തിത്വത്തേയും വിശ്വസിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് സാധാരണമാണ്.

ഇത് അവരുടെ ആത്മാഭിമാനത്തിന് കടുത്ത ആഘാതമുണ്ടാക്കുകയും പലപ്പോഴും ഒറ്റപ്പെടലിലേക്കും ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കും നയിക്കുന്നു.

ഗ്യാസ് ലൈറ്റിംഗിൽ നിന്നും എങ്ങനെ രക്ഷ നേടാം

Avoid gaslighting

ഗ്യാസ് ലൈറ്റിംഗിൽ നിന്നും രക്ഷ നേടാൻ കുറച്ചു മാർഗങ്ങൾ ചുവടെ കൊടുക്കുന്നു.

1. പ്രശ്നത്തെക്കുറിച്ച് അറിയുക

ഗ്യാസ് ലൈറ്റിംഗിൽ നിന്നും രക്ഷ നേടാൻ ആദ്യം വേണ്ടത് താൻ ഗ്യാസ് ലൈറ്റിംഗിൻ്റെ ഇരയാണ് എന്ന ബോധ്യം ഉണ്ടാവുക എന്നതാണ്. ഗ്യാസ് ലൈറ്റിംഗ് എല്ലായ്പ്പോഴും തിരിച്ചറിയാൻ എളുപ്പമല്ല.

പ്രത്യേകിച്ചും അത് പലപ്പോഴും ചെറുതായി തുടങ്ങുന്നതിനാൽ, മറ്റ് സ്വഭാവങ്ങളും ചിലപ്പോൾ സമാനമായി തോന്നാം. യഥാർത്ഥ ഗ്യാസ് ലൈറ്റിംഗിൽ നിങ്ങളെ ഗ്യാസ്‌ലൈറ്റ് ചെയ്യുന്ന വ്യക്തി പൊതുവെ നിങ്ങൾ സ്വയം സംശയിക്കാനും അവരുടെ യാഥാർത്ഥ്യത്തിന്റെ പതിപ്പിനെ ആശ്രയിക്കാനും ആഗ്രഹിക്കുന്നു. അതല്ലാത്ത എതിർപ്പുകൾ ഗ്യാസ് ലൈറ്റിംഗ് ആയി തെറ്റിദ്ധരിക്കേണ്ടതില്ല.

2. തെളിവുകൾ ശേഖരിക്കുക

തെളിവുകൾ ശേഖരിക്കുന്നത് ഒരു വ്യക്തിയെ അവർ കാര്യങ്ങൾ സങ്കൽപ്പിക്കുന്നില്ലെന്ന് ഓർമ്മിപ്പിച്ചേക്കാം. തന്നെ ദുരുപയോഗം ചെയ്യുന്ന വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരു വ്യക്തി തീരുമാനിച്ചാൽ ഈ തെളിവുകളും പിന്നീട് ഉപയോഗപ്രദമാകും.

തെളിവുകൾ ശേഖരിച്ചു വയ്ക്കാൻ നിരവധി മാർഗങ്ങൾ ഉണ്ട്. രഹസ്യമായി നടന്ന കാര്യങ്ങൾ എഴുതി വയ്ക്കാൻ ഒരു ഡയറി സൂക്ഷിക്കാം. വിശ്വസ്‌തരായ കൂട്ടുകാരോടോ ബന്ധുക്കളോടോ ഉണ്ടായ സംഭവങ്ങൾ പറഞ്ഞു വയ്ക്കാം.

ചിത്രങ്ങൾ സൂക്ഷിച്ചു വയ്ക്കാം. മൊബൈലിലെ സ്ക്രീൻ ഷോട്ടുകൾ എടുത്തുവയ്ക്കാം. വോയ്സുകൾ എടുത്ത് വയ്ക്കാം. അങ്ങനെ അനുയോജ്യമായ മാർഗങ്ങൾ സ്വീകരിക്കാം.

3. ഗ്യാസ് ലൈറ്റിംഗ് പെരുമാറ്റം തുറന്നു പറയാം

നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുകയും ചെയ്യുന്നതിനാലാണ് ഗ്യാസ് ലൈറ്റിംഗ് പ്രവർത്തിക്കുന്നത്. പക്ഷേ അത് നിങ്ങളെ ഒരു തരത്തിലും ശല്ല്യം ചെയ്യുന്നില്ല എന്ന് കാണുകയാണെങ്കിൽ, ഗ്യാസ് ലൈറ്റ് ചെയ്യാൻ ശ്രമിക്കുന്ന വ്യക്തിക്ക് തൻ്റെ ശ്രമം പാഴാണ് എന്ന് മനസ്സിലാകും. നുണകൾക്കും തെറ്റായ ദിശാസൂചനകൾക്കും പുറമേ, ഗ്യാസ് ലൈറ്റിംഗിൽ പലപ്പോഴും വിമർശനങ്ങളും അപമാനങ്ങളും ഉൾപ്പെടുന്നു.

ശാന്തമായും മാന്യമായും ഇവയെ ഉറക്കെ തുറന്നു പറയണം. സംസാരിക്കാൻ ഭയപ്പെടരുത്, കാരണം മറ്റുള്ളവരെ സാഹചര്യത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നത് നിങ്ങളെ വെറുതെ വിടാൻ അവർക്ക് കൂടുതൽ പ്രേരകമാകുന്നു.

4. ആത്മവിശ്വാസത്തോടെ നിൽക്കുക

എന്ത് വന്നാലും നേരിടാൻ എന്നപോലെ എന്ത് പറഞ്ഞാലും ചെയ്താലും സ്വന്തം ശരിയിൽ അടിയുറച്ച് വിശ്വസിക്കുകയും നിലയുറപ്പിച്ചു നിൽക്കുകയും ചെയ്യുക. ഗ്യാസ് ലൈറ്റിംഗ് തർക്കങ്ങൾ വന്നാൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാം, അതിനാൽ ആത്മവിശ്വാസത്തോടെ ശാന്തമായി അത് തന്നെ ആവർത്തിക്കുക.

നിങ്ങളുടെ പക്കലുള്ള ഏതെങ്കിലും തെളിവ് അവരെ കാണിക്കുന്നത് അവരെ പിന്മാറാൻ പ്രോത്സാഹിപ്പിക്കും. പക്ഷേ, അത് അവരിൽ മാറ്റം ഉണ്ടാക്കണമെന്നില്ല. അവർ വീണ്ടും അവരുടെ ശരികൾ നമ്മളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കും. അവർ നിങ്ങളെ വെല്ലുവിളിക്കുന്നത് തുടരുകയാണെങ്കിൽ, അവിടെ നിർത്തുക. വിഷയം മാറ്റുന്നതിലൂടെയോ മുറിയിൽ നിന്ന് പുറത്തുപോകുന്നതിലൂടെയോ കൂടുതൽ ചർച്ചകൾ ഒഴിവാക്കുക.

5. സ്വയം പരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

നിങ്ങളുടെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾ ശ്രദ്ധിക്കുന്നത് ഗ്യാസ് ലൈറ്റിംഗിനെ നേരിട്ട് നേരിടാൻ ഒന്നും ചെയ്യണമെന്നില്ല. പക്ഷേ നല്ല സ്വയം പരിപാലനം നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിലൂടെ ചെറിയ മാറ്റമുണ്ടാക്കാൻ കഴിയും.

വിശ്രമത്തിനും റിലാക്സേഷൻ പരിശീലനത്തിനുമായി സമയം നീക്കിവയ്ക്കുന്നത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ വെല്ലുവിളികളെ നേരിടാൻ കൂടുതൽ ശക്തിയും ലഭിക്കുന്നു. മെഡിറ്റേഷനും യോഗയും മറ്റുമൊക്കെ മാനസികമായ ഉണർവ്വിന് നല്ലതാണ്.

6. പ്രൊഫഷണൽ സഹായം തേടുക

കാലക്രമേണ, ഗ്യാസ് ലൈറ്റിംഗ് ശാരീരികമായ അക്രമമായി മാറിയേക്കാം. പങ്കാളിയിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ ദുരുപയോഗം നേരിടുന്നുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ പുറത്ത് നിന്നുള്ള ഒരു പ്രൊഫഷണൽ സഹയാം തേടുക.

നിരവധി തെറാപ്പിസ്റ്റകൾ ഇവിടെയുണ്ട്. അവരുടെ സഹായം തേടുക. ഒരു ഡോക്ടറിനോ സൈക്കോളജിസ്റ്റിനോ ഒക്കെ ഗ്യാസ് ലൈറ്റിംഗ് മൂലമുണ്ടായിട്ടുള്ള പ്രശ്നങ്ങൾ ദൂരീകരിച്ച് തരാൻ സാധിക്കും.

ഗ്യാസ് ലൈറ്റിംഗ് കാരണം ഒരു കുടുംബത്തിൽ വരാവുന്ന പ്രശ്നങ്ങളും അതിനെ എങ്ങനെ ചെറുക്കാം എന്നതും നമ്മൾ അറിഞ്ഞു കഴിഞ്ഞു. നിങ്ങളുടെ ഇടയിലും ഇത്തരം പ്രവണതകൾ കണ്ടുതുടങ്ങുന്നുവെങ്കിൽ ശ്രദ്ധിക്കുക, വേണ്ട നടപടികൾ സ്വീകരിക്കുക.

continue reading.

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

Oct 2, 2022
ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

Sep 21, 2022
മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ മികച്ച 10 പുസ്തകങ്ങൾ

മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ മികച്ച 10 പുസ്തകങ്ങൾ

May 25, 2022
download katha app