Katha

നിത്യ ജീവിതത്തിൽ മാനസിക പിരിമുറുക്കം കുറയ്ക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യകത

Apr 15, 2022
നിത്യ ജീവിതത്തിൽ മാനസിക പിരിമുറുക്കം കുറയ്ക്കേണ്ടത്  കാലഘട്ടത്തിന്‍റെ ആവശ്യകത

മാനസിക സമ്മർദ്ദം വളരെ ഉയർന്നു നിൽക്കുന്ന കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ നമ്മൾ കടന്നു പോകുന്നത്. ഏകദേശം 2 വർഷമായി കൊറോണയെന്ന മഹാമാരി ജനങ്ങളുടെ ജീവിത ശൈലിയെ തന്നെ ആകെ മാറ്റിമറിച്ചിരിക്കുകയാണ്. അതിന്‍റെ തുടർച്ചയായി ജോലി നഷ്ടപ്പെട്ടവർ, സ്കൂൾ ജീവിതം നഷ്ടപ്പെട്ടവർ അങ്ങനെ പല പല പല നഷ്ടങ്ങൾ കുറെ പേരെ മാനസിക പിരിമുറുക്കത്തിലേക്കും ആത്മഹത്യയിലേക്കും എത്തിച്ചു.

എന്താണ് സ്ട്രെസ്സ്

സ്പീഡിൽ പോയ്‌ക്കോണ്ടിരുന്ന വണ്ടി സഡൻ ബ്രേക്കിട്ട അവസ്ഥ. തിരക്കു പിടിച്ച ജീവിതം മാത്രം അറിയാവുന്ന പുതിയ തലമുറക്ക് ഈ അടച്ചു പൂട്ടൽ ഒരു തരം ജയിൽ വാസം തന്നെയായി. അടച്ചുപൂട്ടൽ അവസാനിച്ചെങ്കിലും ഈ അവസ്ഥയെ തരണം ചെയ്യാൻ മാനസികാരോഗ്യം ഉള്ള ഒരു പൊതുജനത്തെ സൃഷ്ടിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു.

എന്താണ് സ്ട്രെസ്സ്?

ഒരാളില്‍ മാനസികരോഗം ഉടലെടുക്കുന്നത് ജെനിറ്റിക് ജൈവശാസ്ത്രപരമായ പ്രത്യേകതകള്‍, തലച്ചോറിന്‍റെ പ്രവര്‍ത്തനം ,ഹോര്‍മോണുകളുടെ അളവ്, സാഹചര്യ അനുഭവങ്ങള്‍ എന്നിവ ചേര്‍ന്നാണ്. അതില്‍ ജൈവശാസ്ത്രപരമായ പ്രത്യേകതകള്‍ മിക്കവാറും ജനനത്തോടു കൂടി തന്നെ തീരുമാനിക്കപ്പെടുന്നു. പിന്നീടുള്ള ജീവിതത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നത് സാഹചര്യ അനുഭവങ്ങളാണ്. മനഃശാസ്ത്രപരമായി വിശകലനം ചെയ്യുമ്പോള്‍ അപ്രതീക്ഷിത പ്രതിസന്ധികളെ എല്ലാ മനുഷ്യരും നേരിടുന്നത് ഒരു പ്രത്യേക ക്രമത്തിലാണ്.

ആദ്യം വ്യക്തി തന്‍റെ മുമ്പിലുള്ള പ്രശ്നത്തെ കണ്ണുമടച്ച് നിഷേധിക്കും. തനിക്ക് ഒന്നും വരില്ല എന്ന് സ്വയം വിശ്വസിക്കുന്നു. പിന്നീട് അത് ഭാഗികമായി അംഗീകരിക്കുമെങ്കിലും പ്രശ്നത്തെ നിസ്സാരവല്‍ക്കരിക്കും. അടുത്തത് യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കലാണ്. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു കഴിഞ്ഞാല്‍ ചിലര്‍ പേടി, സങ്കടം, ദേഷ്യം തുടങ്ങിയ വൈകാരിക പ്രതിസന്ധിക്കളിലേക്ക് നീങ്ങുന്നു. നിസ്സംഗത, നിരാശ, നിഷ്ക്രിയത്വം, ന്യായീകരണം, ഒളിച്ചോട്ടം, പഴിചാരല്‍ തുടങ്ങിയ അവസ്ഥകളിലൂടെ കടന്ന് പോകുന്നു. പിന്നീട് വ്യത്യസ്ഥ ശാരീരികരോഗങ്ങളിലോ മാനസിക രോഗങ്ങളിലോ എത്തിപ്പെടുന്നു, ഈ സമയത്ത് വേണ്ട പരിചരണവും ശുശ്രൂഷയും കൊടുത്തില്ലെങ്കില്‍ ആത്മഹത്യയില്‍ വരെ എത്തിച്ചേരും.

സ്ട്രെസ്സിനെ കുറിച്ചുള്ള വസ്തുതകള്‍

ലോകത്തില്‍ 264 മില്യണ്‍ ജനങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം മൂലം ഉണ്ടാകുന്ന വിഷാദരോഗം ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇതില്‍ എല്ലാ പ്രായത്തിലുള്ളവരും ഉള്‍പ്പെടുന്നു. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ വിഷാദരോഗം ഉള്ള രാജ്യം ഇന്ത്യയാണ്. വിഷാദരോഗികളില്‍ സ്ത്രീകളാണ് മുന്‍പന്തിയില്‍ ഉള്ളത് എന്നത് പ്രത്യേകം ശ്രദ്ധിക്കണ്ട കാര്യമാണ്. വീടുകളിലും ഓഫീസിലും ഒരു പോലെ മാനസ്സിക സംഘര്‍ഷം അനുഭവിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ശരാശരി ഒരു ഇന്ത്യന്‍ വനിത വീട്ടുകാര്യങ്ങള്‍ എല്ലാം ചെയ്തതിനുശേഷം ഓഫീസില്‍ പോകണ്ടിവരുമ്പോള്‍ രാവിലെ രണ്ടോ മൂന്നോ മണിക്കൂറില്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ധം താരതമ്യം ചെയ്യാൻ പറ്റാത്ത വിധത്തിൽ ആണ്. പ്രത്യേകിച്ചും ആർത്തവ വിരാമം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലയളവിൽ.

പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റാവുന്നതാണെങ്കിലും ഏറ്റവും അധികം അവഗണിക്കപ്പെടന്ന രോഗം വിഷാദരോഗമാണ്. 8 ലക്ഷത്തോളം ജനങ്ങള്‍ ഓരോ വര്‍ഷവും ഈ രോഗം മൂലം ആത്മഹത്യചെയ്യുന്നു. അല്ലെങ്കില്‍ അനുബന്ധരോഗങ്ങളാല്‍ മരിക്കുന്നു. തുടക്കത്തില്‍ ശ്രദ്ധിച്ചാല്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്നതാണ് വിഷാദരോഗം. അതിനായി തെറാപ്പി, കൗണ്‍സിലിംഗ്, യോഗ, മുതലായവ പ്രാക്ടീസ് ചെയ്യുക.

അമിതമായ സമ്മര്‍ദ്ദത്തിന്‍റെ ഫലമായി തലവേദന, പുറംവേദന, ഛര്‍ദ്ദില്‍, വയറിളക്കം എന്നീ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. പലപ്പോഴും പരിശോധനകളില്‍ ഇക്കൂട്ടര്‍ക്ക് പ്രത്യേകിച്ച് അസുഖം ഒന്നും കാണില്ല. പക്ഷെ അസുഖം ഉണ്ടെന്ന അവസ്ഥയുണ്ടാകുകയും ചെയ്യും. നമ്മുടെ അഡ്രിനാലിനില്‍ കൂടുതല്‍ കോര്‍ട്ടിസോള്‍ ഉല്‍പ്പാദിപ്പിക്കപ്പടുന്നു. അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കോര്‍ട്ടിസോള്‍ (ഊര്‍ജ്ജം) കത്തിച്ചുകളയുക. അത് തന്നെയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ തക്കതായ മാര്‍ഗ്ഗം.

സ്ട്രെസ്സിനെ മറികടക്കാൻ പറ്റിയ മാർഗങ്ങള്‍

  • അടുപ്പമുള്ള ആളോട് സംസാരിക്കുക
  • പ്രാണായാമം (Deep Breath)
  • സ്ഥലം മാറ്റം (Location Change)
  • ഓടുക, സ്പീഡില്‍ നടക്കുക (Speed Walk/Running)
  • പാട്ടുകേള്‍ക്കുക, ഡാന്‍സ് ചെയ്യുക (Music & Dance)
  • പൂന്തോട്ട പരിപാലനം (Gardening)
  • ലക്ഷ്യബോധം ഉണ്ടാക്കുക (കുട്ടികള്‍ക്ക്) (Concentrate on Goals)

1. അടുപ്പമുള്ള ആളോട് സംസാരിക്കുക

അടുപ്പമുള്ള ആളോട് സംസാരിക്കുക

മാനസിക സമ്മർദ്ദം കൂടുമ്പോൾ അടുപ്പമുള്ള ആരെയെങ്കിലും സമീപിക്കുന്നത് ഒരു പരിധിവരെ ഉത്കണ്ഠയെ ലഘൂകരിക്കാൻ സഹായിക്കുമെന്ന് മാനസികാരോഗ്യ വിദഗ്ധർ എല്ലായ്പ്പോഴും നിർദ്ദേശിക്കുന്നു. ഉൽക്കണ്ഠകൾ കുറയ്ക്കാനുള്ള ഒരു പ്രധാന മാർഗ്ഗം ആശയവിനിമയം നടത്തുക എന്നത് തന്നെയാണ്. അങ്ങനെയെങ്കിൽ നിങ്ങൾക്ക് ഒറ്റപ്പെടലും നിരാശയും കൂടുതലായി അനുഭവപ്പെടില്ല. ഉത്കണ്ഠയ്ക്കെതിരെ പോരാടുന്നത് മറ്റു രോഗങ്ങൾ പോലെ ഒരിക്കലുമൊരു നീണ്ട യുദ്ധമല്ലെന്ന കാര്യം തിരിച്ചറിയണം. പൂർണ്ണമായ വീണ്ടെടുക്കൽ സാധ്യമാക്കിക്കൊണ്ട് സന്തോഷകരമായ ജീവിതത്തിലേക്ക് തിരികെ പോകുന്നത് അത്ര കഷ്ടപ്പാടുള്ള കാര്യമല്ല.

ഒരു വ്യക്തി ഉത്കണ്ഠകളിലൂടെയും മാനസിക സംഘർഷങ്ങളിലൂടെയും കടന്നുപോകുമ്പോൾ, ആ അനുഭവം അയാളുടെ മനോനിലയെ ദുർബലപ്പെടുത്തിയേക്കാം. ഇത്തരം അവസരങ്ങളിൽ വിഷമങ്ങൾ കേട്ടുകൊണ്ട് ചാഞ്ഞു നിൽക്കാൻ കൈത്താങ്ങായി ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കതിനെ എളുപ്പത്തിൽ നേരിടാനാവും.

ഈയൊരു മാർഗ്ഗനിർദ്ദേശം ജനങ്ങൾക്ക് നൽകിയശേഷം ടൊറന്റോ സർവകലാശാലയിലെ ചില ഗവേഷകർ 2,128 കനേഡിയൻ മുതിർന്നവരെക്കുറിച്ച് പഠനം നടത്തിയപ്പോൾ, അവരിൽ 72 ശതമാനം പേരും കുറഞ്ഞത് ഒരു വർഷമായി ഉത്കണ്ഠകളും മാനസിക ബുദ്ധിമുട്ടുകളും ഇല്ലാതെ ജീവിക്കുന്നതായി കണ്ടെത്തി. അതിനുമുൻപ് അവരെല്ലാം ഉത്കണ്ഠ രോഗം ബാധിച്ചവരായിരുന്നു. 60 ശതമാനം പേരും തങ്ങൾക്ക് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല എന്ന് അഭിപ്രായപ്പെട്ടപ്പോൾ 40 ശതമാനം പേർ തങ്ങൾ മികച്ച മാനസികാരോഗ്യാവസ്ഥയിലേക്ക് തിരികെ വന്നു കൊണ്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. ഒരാളുടെ മാനസിക ക്ഷേമവും ആനന്ദവുമെല്ലാം പ്രാകൃത്യ ഉള്ള ചില ഘടകങ്ങളിൽ നിന്ന് ഉടലെടുക്കുന്നവയാണ്. അതിന് ഏറ്റവും സഹായകരമായി മാറുന്നത് അവരുടെ വിഷമങ്ങളിൽ പങ്കുചേരാനും, അവരുടെ വികാരങ്ങൾ വെളിപ്പെടുത്താനും കഴിയുന്ന വ്യക്തികളാണ്. വിശ്വാസമർപ്പിക്കാനും വിഷമങ്ങൾ തുറന്നു പറയാനും സഹമനുഷ്യരുള്ള ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അവരുടെ രോഗത്തിൽ നിന്ന് കരകയറാനുള്ള “മൂന്നിരട്ടി സാധ്യതയുണ്ട്” എന്ന് വിദഗ്ധര്‍ പറയുന്നു. ഉൽക്കണ്ഠകളും സമ്മർദവും കുറയ്ക്കുന്ന കാര്യത്തിൽ സാമൂഹിക പിന്തുണ സംവിധാനം എത്രത്തോളം പ്രധാനമാണെന്ന് ഇത് തെളിയിക്കുന്നു.

2. പ്രാണായാമം ചെയ്യുക

പ്രാണായാമം ചെയ്യുക

പതഞ്‌ജലി മഹർഷിയുടെ യോഗ സൂത്രത്തിൽ യോഗാസനത്തോടൊപ്പം പ്രാധാന്യമുള്ള ഒന്നാണ് പ്രാണായാമം. ഇത് ശരീരത്തിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന ഒന്നാണ് . പ്രാണായാമം ചെയ്യുന്നതിലൂടെ മികച്ച ആരോഗ്യം പരിപാലിക്കാൻ സാധിക്കും. ദിവസേന പത്തു മിനിറ്റെങ്കിലും പ്രാണായാമം ചെയ്യുന്നതിലൂടെ പല വിധത്തിലുള്ള രോഗങ്ങൾ വരാതെ ശരീരത്തെ സംരക്ഷിക്കാം കഴിയും.

വൃത്തിയുള്ള ഒരു സ്ഥലത്ത് ഒരു ചെറിയ പായയോ മാറ്റൊ വിരിച്ചതിനു ശേഷം സ്വസ്ഥമായി ഇരിക്കാൻ കഴിയുന്ന രീതിയിൽ ഇരിക്കുക. അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ ഇരുന്നു പ്രാണായാമം ചെയ്യാൻ പാടില്ല.

ആദ്യം, തലയും കഴുത്തും നട്ടെല്ലും നേരെ വരുന്ന രീതിയിൽ നിവർന്നിരിക്കുക. പദ്മാസനത്തിലോ. വജ്രാസനത്തിലോ ഇരിക്കാം. എന്നാൽ ഈ രണ്ടു സ്ഥിതിയിലും പ്രയാസമുള്ളവർക്ക് സുഖാസനത്തിൽ വേണമെങ്കിലും ഇരിക്കാം. നിവർന്നിരുന്നു കണ്ണുകളടച്ചു ആദ്യം ശ്വാസം പൂർണ്ണമായി പുറത്തു വിടുക. അതിനു ശേഷം; തള്ള വിരൽ കൊണ്ട് മൂക്കിന്റെ വലത്തെ ദ്വാരം അടച്ചു പിടിച്ചുകൊണ്ട്, ഇടത്തെ ദ്വാരത്തിക്കൂടി പതുക്കെ ശ്വാസം ഉള്ളിലേയ്ക്ക് വലിക്കുക. എന്നിട്ട്, മോതിര വിരൽകൊണ്ട് ഇടത്തെ ദ്വാരം അടച്ചു പിടിച്ചിട്ട് , വലത്തേ ദ്വാരത്തിൽ കൂടി ശ്വാസം പതുക്കെ പുറത്തേയ്ക്കു വിടുക. അതിനു ശേഷം; മൂക്കിന്റെ വലത്തേ ദ്വാരത്തിൽക്കൂടിത്തന്നെ ശ്വാസം ഉള്ളിലേയ്‌ക്കെടുക്കുക പിന്നീട് തള്ള വിരൽകൊണ്ട് വലത്തേ ദ്വാരം അടച്ചു പിടിച്ചിട്ട് ഇടത്തെ ദ്വാരത്തിൽക്കൂടി പുറത്തേയ്ക്കു വിടുക. ഇതാണ് ഒരു റൗണ്ട്. ഇങ്ങനെ പത്ത് റൗണ്ടെങ്കിലും ചെയ്യണം. തുടർച്ചയായ പരിശീലനത്തിലൂടെ ഇത് ക്രമമായി വർദ്ധിപ്പിച്ച് ഇരുപതു റൗണ്ട് വരെ ആക്കാൻ സാധിക്കും. ഒരു റൗണ്ടിന് ഏകദേശം ഇരുപതു സെക്കൻഡ് വരെ സമയമെടുക്കും.ശ്വാസം ഉള്ളിലേക്കെടുത്ത് ശേഷം പിടിച്ചു നിർത്തേണ്ടതില്ല. വളരെ ആയാസ രഹിതമായി വേണം ഇത് പരിശീലിക്കാൻ. കുറഞ്ഞത് 3 മാസമെങ്കിലും തുടർച്ചയായി പരിശീലിക്കണം.

ശ്വാസകോശത്തെയും, നാഡികളെയും, ഹൃദയത്തെയും, വയറിനെയും ശുദ്ധീകരിക്കാൻ ഇത് സഹായിക്കുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അകറ്റാനും ഹൃദയമിടിപ്പ് സാധാരണ ഗതിയിൽ നിലനിർത്താനും ഇത് സഹായിക്കുന്നു.

ശ്വാസം ഉള്ളിലേയ്ക്ക് വലിച്ചെടുക്കുന്നതിനെ ‘പൂരകം’ എന്നാണു പറയുന്നത്. ഉള്ളിൽ ശ്വാസത്തെ നിലനിർത്തുന്നതിന് ‘കുംഭകം’ എന്നും ശ്വാസം പുറത്തേയ്ക്കു വിടുന്നതിനെ ‘രേചകം’ എന്നും പറയുന്നു.

3. മാനസികാരോഗ്യവും ആത്മീയതയും

ഇതുകൂടാതെ ആത്മീയത, അല്ലെങ്കിൽ ഏതെങ്കിലും മതത്തിലുള്ള ഉയർന്ന വിശ്വാസവും എന്നിവ രണ്ടും ഒരു വ്യക്തിയെ മാനസിക സംഘർഷങ്ങളിൽ നിന്നും കരകയറാൻ സഹായിക്കും. ഇത്തരക്കാർക്ക് അമിതമായി ഭയവും മറ്റ് വികാരങ്ങളും അനുഭവപ്പെടുമ്പോൾ അവർ‌ അവരുടെ വിശ്വാസങ്ങളിലേക്കും ചിന്തകളിലേക്കും തിരിയുകയും അതിൽ നിന്ന് സ്വയമേ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു. ദൈനംദിന വെല്ലുവിളികളെ നേരിടാൻ മതപരമായ കാര്യങ്ങളിലേക്ക് തിരിയുന്നത് ആരോഗ്യ സൂചകമായ ഒരു പ്രവർത്തിയാണെന്ന് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു.

ഇതിനെല്ലാമുപരി, ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടർന്നുകൊണ്ട് ആവശ്യമായ വൈദ്യ സഹായം തേടുന്നതും ഉൽക്കണ്ഠ അകറ്റിക്കൊണ്ട് പൂർണ്ണമായ വീണ്ടെടുക്കലിന് നിങ്ങളെ സഹായിക്കും. ഒരു നല്ല മാനസികാരോഗ്യ വിദഗ്ദ്ധന് ഇക്കാര്യത്തിൽ നിങ്ങളെ ഏറ്റവും മികച്ച രീതിയിൽ സഹായിക്കാൻ കഴിയും. ഇത്തരം അവസരങ്ങളിൽ അവർ നിങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ആവശ്യമെങ്കിൽ നിങ്ങളുടെ മാനസികാരോഗ്യത്തിന് ഗുണം നൽകുന്ന ഒരു കോഴ്‌സ് തയ്യാറാക്കുകയും ചെയ്യും.

സമ്മർദ്ദവും പിരിമുറുക്കവും കുറയ്ക്കാൻ സൗണ്ട് തെറാപ്പി ഉപയോഗിക്കാം. സൗണ്ട് തെറാപ്പി ഒരു പുരാതന സമ്പ്രദായമാണ്, അത് ഇപ്പോൾ വീണ്ടും പ്രചാരത്തിലാവുന്നുണ്ട്. നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് രോഗശാന്തി പകരുന്ന ശബ്ദങ്ങൾ ഉപയോഗിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുത്താനും വിഷാദരോഗം പോലുള്ള നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ഇതിന് കഴിയും. പ്രകൃതി ശബ്ദങ്ങളും സംഗീതവും കേൾക്കുന്നത് മുതൽ മന്ത്രം ആലപിക്കുകയും പരിശീലനം ലഭിച്ച ഒരു വിദഗ്ദ്ധ പരിശീലകനെ സന്ദർശിക്കുന്നതും ഉൾപ്പെടെ ചെയ്യുന്നതിലൂടെ സൗണ്ട് തെറാപ്പി നിങ്ങളെ സഹായിക്കും.

4. പ്രകൃതിയിൽ നിന്നുള്ള ശബ്ദങ്ങൾ

നമ്മുടെ മാനസികാരോഗ്യ കാര്യത്തിൽ പ്രകൃതി ഒരു പ്രധാന പങ്ക് വഹിക്കുന്നു. 80-കളിൽ, ജാപ്പനീസ് ഗവേഷകർ ഏകദേശം 40 മിനിറ്റ് പ്രകൃതിയിൽ ചെലവഴിക്കുന്നതിന്റെ രോഗശാന്തി ഗുണങ്ങൾ കണ്ടെത്തിയിരുന്നു. ഇത് ആളുകൾ കൂടുതൽ സമയം പുറത്ത് ചിലവഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചും വെളിച്ചം വീശി. മാനസിക സമ്മർദ്ദം കുറയ്ക്കാനും ശാന്തതയും വിശ്രമവും നൽകാനും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും പ്രകൃതിയുടെ ശബ്ദങ്ങൾ സഹായിക്കും. നദി ഒഴുകുന്ന ശബ്ദമോ, കിളികളുടെ ശബ്ദമോ എല്ലാം ഇങ്ങനെ സഹായിക്കുന്ന കാര്യങ്ങളാണ്. ചിലർക്ക് വലിയ ആശ്വാസം പകരുന്ന ഒന്നാണ് മഴയുടെ ശബ്ദം. മൈൻഡ്ഫുൾനെസ് ആപ്പുകൾ വഴി കൃത്രിമ പ്രകൃതി ശബ്‌ദങ്ങൾ കേൾക്കുകയുംചെയ്യാം.

പ്രത്യേക വാക്യങ്ങൾ ജപിക്കുക, ഭക്തി മന്ത്രങ്ങൾ ആലപിക്കുക എന്നിവ പല മതങ്ങളുടെയും അടിസ്ഥാന പ്രാർത്ഥനാ രീതിയാണ്. ദൈവികതയിലേക്ക് നമ്മെ അടുപ്പിക്കാൻ വേണ്ടി മാത്രമായി രൂപപ്പെട്ടത് എന്ന് ആദ്യം കരുതിയ ഈ രീതിക്ക് നിരവധി മാനസികാരോഗ്യ ഗുണങ്ങളും ഉണ്ട്. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും വിഷാദം ലഘൂകരിക്കാനും ഇതിന് കഴിയും. അതിനാൽ, നിങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക മതവിശ്വാസിയല്ലെങ്കിലും, നിങ്ങൾക്ക് അപ്പോഴും ദീർഘനിശ്വാസമെടുത്ത് നിങ്ങൾ ആഗ്രഹിക്കുന്ന മന്ത്രമോ ജപമോ പോലുള്ള വാക്യങ്ങളും വാക്കുകളും ഉച്ചരിക്കാം.

5. സംഗീതോപകരണങ്ങൾ ഉപയോഗിക്കുക

സംഗീതോപകരണങ്ങൾ ഉപയോഗിക്കുക

സിങ്ങിംഗ് ബൗൾ, ടിബറ്റൻ ഗോങ്ങുകൾ, ട്യൂണിംഗ് ഫോർക്കുകൾ, ഡ്രമ്മുകൾ എന്നിവ ഉപയോഗിച്ച് ശബ്ദങ്ങൾ സൃഷ്ടിക്കുന്നതാണ് ആരോഗ്യപരമായ ഗുണങ്ങളുള്ള മറ്റൊരു പുരാതന രീതി. പരിശീലനം ലഭിച്ച ഒരു തെറാപ്പിസ്റ്റ് ഈ ഉപകരണങ്ങൾ ഒരു പ്രത്യേക രീതിയിൽ ഉപയോഗിച്ച് ചില ശബ്ദങ്ങളും വൈബ്രേഷനുകളും സൃഷ്ടിക്കുന്നതിനായി നിങ്ങൾക്ക് ചുറ്റും സ്ഥാപിക്കുകയും ചെയ്യുന്നു. ഈ പ്രകമ്പനങ്ങൾ പിരിമുറുക്കം നീക്കുകയും ഉത്കണ്ഠയും വിഷാദവും കുറയ്ക്കുകയും ആത്മീയ ക്ഷേമം വർദ്ധിപ്പിക്കുകയും ചെയ്യുന്നു

6. സംഗീതം കേള്‍ക്കാം

മാനസിക പിരിമുറുക്കം കുറയ്ക്കാൻ സംഗീതത്തിനാകുമെന്ന കാര്യം പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. മനസ്സ് സംഗീത സാന്ദ്രമാക്കുന്ന മ്യൂസിക്കൽ ഇൻസ്ട്രുമെന്റുകൾ, മനസിന് ആശ്വാസം നൽകുന്ന പാട്ടുകൾ എന്നിവയെല്ലാം സമ്മർദ്ദം കുറയ്ക്കാൻ മികച്ച പരിഹാരങ്ങളാണ്. എന്നിരുന്നാലും ദുഃഖസാന്ദ്രമായ പാട്ടുകൾ മാത്രം തിരഞ്ഞെടുത്ത് മനസിന്റെ അവസ്ഥ കൂടുതൽ വഷളാക്കരുത്.

7. മെഡിറ്റേഷൻ ചെയുക

മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മികച്ച മാർഗ്ഗമാണ് മെഡിറ്റേഷൻ. നല്ല ഉറക്കം ലഭിക്കാനും മെഡിറ്റേഷൻ സഹായിക്കുന്നു. ദിവസവും മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത രീതിയിലുള്ള മാനസിക സമ്മർദ്ദമാണ് കൊവിഡ് കാലം മിക്ക ആളുകൾക്കും നൽകിയത്. ഇത്തരത്തിലുള്ള സമ്മർദ്ദത്തിൽ നിന്നും പിരിമുറുക്കത്തിൽ നിന്നുമെല്ലാം കരകയറാൻ പലരെയും സഹായിച്ചത് ധ്യാനം അഥവാ മെഡിറ്റേഷൻ (Meditation) ആണ്. അമിത സമ്മർദ്ദവും മാനസിക സമ്മർദ്ദവും ഉത്കണ്ഠയുമെല്ലാം ദിനംപ്രതിയെന്നോണം നേരിടുന്ന ആളാണ് നിങ്ങളെങ്കിൽ തീർച്ചയായും ദിവസവും ഒരല്പനേരം മെഡിറ്റേഷൻ ശീലിക്കാൻ സമയം കണ്ടെത്തുക.

ഹാർവാർഡ് സർവ്വകലാശാലയിൽ നടത്തിയ ഒരു പഠനം ഉൾപ്പെടെ പല പഠനങ്ങളും, ധ്യാനത്തിന് നിരവധി ശാരീരികമായ ഗുണങ്ങളുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്നത് മാത്രമല്ല, അതിനേക്കാൾ കൂടുതൽ ചെയ്യാൻ ധ്യാനത്തിന് കഴിയും. അത് നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കാനും ഉത്കണ്ഠയ്ക്കെതിരെ പോരാടാനും വേദനയെ ചെറുക്കാനുമെല്ലാം ഗുണകരമാണ്.

എന്തുകൊണ്ട് മെഡിറ്റേഷൻ? എല്ലാ ദിവസവും കുറഞ്ഞത് 15 മിനിറ്റ് വീതം ധ്യാനിക്കുന്നത് മൊത്തത്തിൽ അവിശ്വസനീയമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും. ധ്യാനം ശീലിക്കുന്നത് ദേഷ്യം കുറയ്ക്കാൻ സഹായിക്കുമെന്ന കാര്യം അറിയാമോ? മെഡിറ്റേഷൻ ചെയ്യുന്ന വ്യക്തിയിൽ ശാന്തമായും സമാധാനത്തോടെയും കാര്യങ്ങൾ നേരിടാനുള്ള കഴിവ് ഉണ്ടാകുന്നു. കൂടാതെ ചിന്തകളെ നിയന്ത്രിക്കാനുള്ള കഴിവും കൈവരിക്കുന്നു. ധ്യാനം ഞാനെന്ന ഭാവം സൃഷ്ടിക്കുന്ന പ്രതിരോധത്തെ ലഘൂകരിക്കുന്നു. ഇത് ശാന്തത, വ്യക്തത, ക്ഷമ എന്നിവ വർദ്ധിപ്പിക്കുന്നു.

മനസ്സാന്നിധ്യം കൈവിടാതിരിക്കാൻ - ധ്യാനം നിങ്ങളെ നല്ല മനസ്സാന്നിദ്ധ്യത്തോടെ ജീവിക്കാൻ സഹായിക്കുകയും ഉത്കണ്ഠയെ കൂടുതൽ ലഘൂകരിച്ചുകൊണ്ട് ഈ നിമിഷത്തിൽ ജീവിക്കാൻ നിങ്ങളെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ബോധപൂർവമായ ജീവിതമാണ് നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരാകുന്നത്, നിങ്ങളുടെ ദൈനംദിന ഊർജ്ജങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്.

8. ഓരോ കാര്യം ചെയ്യുമ്പോഴും ശ്രദ്ധ

ഒരു കാര്യം ചെയ്യുമ്പോൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന് നിങ്ങൾ പാത്രങ്ങൾ കഴുകുകയാണെങ്കിൽ, ആ നിമിഷം ആ പ്രവൃത്തിയിൽ ശ്രദ്ധിക്കുക. അല്ലാതെ, പാത്രം കഴുകുമ്പോൾ മനസ്സ് മറ്റെവിടെയെങ്കിലുമാണെങ്കിൽ നിങ്ങൾ ചെയ്യുന്ന പ്രവൃത്തി എന്ത് തന്നെയായാലും അത് കൂടുതൽ സങ്കീർണ്ണമായേക്കാം. മെഡിറ്റേഷൻ ശീലിക്കുന്നത് മനസിന് ശാന്തത നൽകാനും മനസിനെ ചെയ്യുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

സമ്മർദ്ദം കുറയ്ക്കാൻ - സമ്മർദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കിൽ നാം പോലും അറിയാതെ ചിന്തകൾ പിടിവിട്ട് പോകും. മെഡിറ്റേഷൻ ചെയ്യുമ്പോൾ സമ്മർദ്ദം ഉണ്ടാകാൻ കാരണമാകുന്ന ഹോർമോണിന്റെ ഉത്പാദനം നിയന്ത്രിക്കപ്പെടുന്നു.

ഏകാഗ്രത വർധിപ്പിക്കാൻ മെഡിറ്റെഷൻ ശീലിക്കുന്നതിന്റെ പ്രധാന ഗുണം ഏകാഗ്രത വളർത്തിയെടുക്കാം എന്നതാണ്. ഇതോടൊപ്പം ശ്രദ്ധ മെച്ചപ്പെടുത്താനും മെഡിറ്റേഷൻ സഹായിക്കുന്നു. നല്ല ഉറക്കത്തിന്

ഉറക്ക പ്രശ്നങ്ങളുണ്ടോ? എങ്കിൽ ധ്യാനം പതിവാക്കി നോക്കൂ... സമ്മർദ്ദവും ഉൽക്കണ്ഠയുമെല്ലാം ഉറക്കത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. എന്നാൽ മെഡിറ്റേഷൻ ചെയ്യുന്നത് വഴി ഈ പ്രശ്നങ്ങൾ കുറയുകയും നന്നായി ഉറങ്ങാൻ സാധിക്കുകയും ചെയ്യും.

ശ്വസന പ്രശ്നങ്ങൾക്ക് പരിഹാരം ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കും മെഡിറ്റേഷൻ പരിഹാരമാണ്. ശ്വസന രീതി മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

സമൂഹത്തില്‍ അടിയന്തിര ശ്രദ്ധ പതിയേണ്ട മറ്റൊരു മേഖലയാണ് കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണത. കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍, കുടുംബങ്ങളിലെ അന്തഃഛിദ്രം, മാതാപിതാക്കളില്‍ നിന്നുമുണ്ടാകുന്ന സമ്മര്‍ദ്ധങ്ങള്‍, അവഗണന, ഒറ്റപ്പെടലുകള്‍, അമിത ലാളിന, അമിത നിയന്ത്രണം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിങ്ങനെയുള്ള പലകാരണങ്ങളും കുട്ടികളില്‍ മാനസിക സമ്മര്‍ദ്ധത്തിനു കാരണമായിട്ടുണ്ട്.

കോവിഡിനോടനുബന്ധിച്ച് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ ഒതുങ്ങേണ്ടിവന്നതും, കൂട്ടുകാരെ കണ്ടുമുട്ടുവാനുള്ള അവസരങ്ങള്‍ ഇല്ലാത്തതും, പുറത്തുപോകുവാനോ ഇടപഴകുവാനോ സാധിക്കാതെ വന്നതും സ്പോര്‍ട്സ്, ആര്‍ട്സ് ഉള്‍പ്പെടെ വിനോദങ്ങള്‍ ഇല്ലാതായതും കുട്ടികളിലെ മാനസിക സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിച്ചു. പൊതുവെ മാനസിക സംഘര്‍ഷമുള്ള മാതാപിതാക്കള്‍ കുട്ടികളോട് തെറ്റായി രീതിയില്‍ ഇടപെടുന്നത് കുട്ടികളേയും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

9. മാതാപിതാക്കള്‍ കുട്ടികളോട് കൂടുതല്‍‍ അടുത്തിടപഴകുക

എന്തും തുറന്ന് പറയുവാനുള്ള സ്വാതന്ത്ര്യം നല്‍കുക, സന്തോഷകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക, കുട്ടികളുമായി കൂടുതല്‍ സമയം ചില വഴിക്കുക, അവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കുക. തെറ്റുകള്‍ സംഭവിച്ചാല്‍ കുറ്റപ്പെടുത്താതെ കാര്യകാരണ സഹിതം പറഞ്ഞു മനസ്സിലാക്കുക, സ്വയം ചിന്തിച്ച് തിരുത്താന്‍ അനുവദിക്കുക. വീട്ടിലെ ജോലികളില്‍ പങ്കാളികളാക്കുക. പൊതുകാര്യ.ങ്ങള്‍ ചര്‍ച്ച ചെയ്യുക. കല സാഹിത്യം സ്പോര്‍ട്സ് തുടങ്ങിയ മേഖലയില്‍ അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക. യോഗ, ധ്യാനം, പ്രാണായാമം, പ്രാര്‍ത്ഥന, ഉല്ലാസ യാത്ര, ഗാര്ഡനിംഗ് തുടങ്ങിയവയില്‍ മക്കളെകൂടി പങ്കാളികളാക്കുക. വിഷാദം, അമിതകോപം, ഒറ്റത്തിരിഞ്ഞിരിക്കല്‍, അസ്വാഭാവിക പെരുമാറ്റങ്ങള്‍ ദര്‍ശിച്ചാല്‍ ആത്മ സംയമനത്തോടെ ഇടപെടുകയും ആവശ്യമങ്കില്‍ വിദഗ്ധ സഹായം തേടുകയും ചെയ്യുക.

ആരോഗ്യം എന്നാല്‍ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല അര്‍ത്ഥം. ഒരു വ്യക്തിയുടെ ശാരീരികവും മാനേസികവും സാമൂഹികവുമായ എല്ലാ കഴിവുകളും പൂര്‍ണ്ണ വികാസത്തിലെത്തുകയും മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് തൃപ്തികരമായും കാര്യരക്ഷമമായും പൊരുത്തപ്പെടാന്‍ കഴിയുന്ന അവസ്ഥ എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍വ്വചനം.

അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ച് തിരുത്തി ഉല്‍സാഹത്തോടെ മുന്നോട്ട് പോകുക, എല്ലാ നിഷേധാത്മക വികാരങ്ങളേയും അകറ്റി സ്നേഹം, സഹാനുഭൂതി, സഹിഷ്ണുത, സന്തോഷം, ശുഭാപ്തിവിശ്വാസം തുടങ്ങിയവ സ്വീകരിക്കുക. അനാരോഗ്യപരമായ ഭക്ഷണ ശീലങ്ങള്‍ ഉപേക്ഷിക്കുക (ജംഗ് ഫുഡ്). മാനസികമായ അച്ചടക്കവും ആത്മമനിയന്ത്രണവും കൈവരിക്കുക.

continue reading.

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

Oct 2, 2022
ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

Sep 21, 2022
കേരളത്തിലെ 12 പ്രമുഖ ബിസിനസ് രാജാക്കൻമാർ

കേരളത്തിലെ 12 പ്രമുഖ ബിസിനസ് രാജാക്കൻമാർ

Aug 22, 2022
Top 7 small scale business in Kerala

Top 7 small scale business in Kerala

Aug 1, 2022
download katha app