Katha

എഫെക്ട് ഓഫ് ഡിജിറ്റൽ കൺടെന്റ് ഓൺ മെന്റൽ ഹെൽത്ത്

Apr 15, 2022
എഫെക്ട് ഓഫ് ഡിജിറ്റൽ കൺടെന്റ് ഓൺ മെന്റൽ ഹെൽത്ത്

നിത്യജീവിതത്തിൽ നാം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന ഒരു മേഖലയാണ് സാമൂഹികമാധ്യമങ്ങൾ. മുൻകാലങ്ങളെ അപേക്ഷിച്ച് പരസ്പരം പങ്കുവെക്കലുകളും ആശയകൈമാറ്റവും ഇന്ന് വിരൽത്തുമ്പിലൂടെ സാധ്യമാണ്. ആളുകൾ തമ്മിൽ നല്ല ബന്ധം സ്ഥാപിക്കുന്നതിനും അവർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനുമുള്ള നല്ല വേദിയായിട്ടാണ് സാമൂഹികമാധ്യമങ്ങൾ വിലയിരുത്തപ്പെടുന്നത്. ഒരു പരിധിവരെ നമ്മുടെ പ്രശ്നങ്ങൾക്കും ഉത്കണ്ഠകൾക്കും സാമൂഹികമാധ്യമങ്ങൾ പരിഹാരം കാണുന്നുണ്ട് എന്നത് ശരിതന്നെ . പക്ഷെ, മറുപുറം വായിക്കുകയാണെങ്കിൽ ഇവയുടെയൊക്കെ കടന്നുകയറ്റം നമ്മുടെ മാനസികാരോഗ്യത്തെ എങ്ങനെയല്ലാം ബാധിക്കുന്നുണ്ടെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സാമൂഹികമാധ്യമങ്ങൾ  മാനസികസമ്മർദ്ദങ്ങൾക്ക് കാരണമാകുന്നു

സാമൂഹികമാധ്യമങ്ങൾ മാനസികസമ്മർദ്ദങ്ങൾക്ക് കാരണമാകുന്നു

ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ പോലുള്ള മാധ്യമങ്ങൾ ആണ് ഇന്നത്തെ തലമുറയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്. ഒരു വീഡിയോ കാണുമ്പോൾ അല്ലെങ്കിൽ പോസ്റ്റ് വായിക്കുമ്പോൾ അതിലെ ഉള്ളടക്കത്തെ മനസിലാക്കാൻ നാം ശ്രമിക്കും. ഓരോ മനുഷ്യരുടെയും ഈ കഴിവ് വ്യത്യസ്തമാണ്. ഇതിനെയാണ് ഉള്ളടക്ക ഉപഭോഗം (content intake) എന്ന് പറയുന്നത്. നാം കാണുന്നതെന്തും നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ ശ്രമിക്കും. ഇതിന്റെ ഫലമായി നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ ചെറുതൊന്നുമല്ല. സ്വയം അവലോകനവും കുറ്റപ്പെടുത്തലുകളും മാത്രമായിരിക്കും പിന്നീട് അങ്ങോട്ട് നമ്മുടെ ഉള്ളിൽ നടക്കുന്നത്. നവമാധ്യമങ്ങൾക്ക് യഥാർത്ഥ ജീവിതവുമായി ബന്ധമില്ലെന്ന് അറിവുളളതാണെങ്കിൽ കൂടിയും നമ്മുടെ ഉള്ളിൽ സ്വന്തം ജീവിതസാഹചര്യങ്ങളെ താരതമ്യം ചെയ്യാനുള്ള ഒരു പ്രവണത വരും.

ഇരുത്തം വന്ന ഭാഷ, പലതരത്തിലുള്ള എഡിറ്റിംഗ് എന്നിവയൊന്നും ഈ മാധ്യമങ്ങൾക്കില്ല. അതിനാൽ ആർക്കും എവിടെയും കേറി അഭിപ്രായം പറയാനും ഇടപെടാനും സാമൂഹികമാധ്യമങ്ങളിൽ സാധ്യമാണ്. എല്ലാ രീതിയിലുമുള്ള അഭിപ്രായങ്ങളും ഒരു പോസ്റ്റിന് താഴെ വായിക്കാൻ കഴിയും. വീഡിയോ അല്ലെങ്കിൽ പോസ്റ്റ് പങ്കുവെച്ചവന്റെ സ്വകാര്യതകളിലേക്ക് ഉള്ള ഒരു എത്തിനോട്ടം കൂടിയാണ് ഇവിടെ സംഭവിക്കുന്നത്. തെറ്റായ ഭാഷാ പ്രയോഗത്തിലൂടെ പോസ്റ്റ് പങ്കുവെച്ച വ്യക്തിക്കും നേരത്തെ പറഞ്ഞ പോലുള്ള മാനസിക പിരിമുറുക്കം അനുഭവപ്പെടാം.

സാമൂഹിക മാധ്യമങ്ങളുടെ ഉപയോക്താക്കളിൽ പത്തു ശതമാനം ആൾക്കാരും പലതരം ഭീഷണികൾക്കും(cyberbullying) മറ്റ് തരത്തിലുള്ള കുറ്റകരമായ അഭിപ്രായങ്ങൾക്കും(offensive comments) ഇരകളാണെന്ന് ഒട്ടനവധി പഠനങ്ങൾ രേഖപെടുത്തുന്നുണ്ട്.അത്‌ ആ വ്യക്തിയുടെ ഉള്ളിൽ ഉണങ്ങാത്ത മുറിവ്‌ ആയി തന്നെ ശേഷിക്കും.

സാമൂഹികമാധ്യമങ്ങളുടെ സമ്മർദ്ദങ്ങൾ നിങ്ങളിൽ എങ്ങനെ  പ്രകടമാകുന്നു

സാമൂഹിക മാധ്യമങ്ങളിൽ അനിയന്ത്രിതമായി പല സെൽഫികളും സ്റ്റാറ്റസുകളും പോസ്റ്റ് ചെയ്യുന്നവർ യഥാർത്ഥ ലോകത്തിൽ നിന്ന് എത്രമാത്രം മാറി നിൽക്കുന്നവരാണെന്നും എത്രമാത്രം സ്വയം കേന്ദ്രീകൃത ജീവിതമാണ് നയിക്കുന്നത് എന്നും സ്വയംവിലയിരുത്തുന്നത് നല്ലതായിരിക്കും.

മനുഷ്യൻ സമൂഹജീവിയാണ്.അതിനാൽ തന്നെ പരസ്പരം കണ്ടുകൊണ്ടുള്ള ആരോഗ്യകരമായ ബന്ധം സ്ഥാപിക്കപ്പെടേണ്ടതാണ്. അതില്ലാത്ത പക്ഷം ആരും ആരുടെയും പ്രശ്നങ്ങളെ മനസിലാക്കുന്നില്ല. ഇന്നത്തെ കാലത്ത് മാനസിക പിരിമുറുക്കം, ഉറക്കമില്ലായ്മ, ഉത്കണ്ഠ തുടങ്ങിയ പല രോഗങ്ങൾക്കുമുള്ള യഥാർത്ഥ കാരണം മനുഷ്യർ പരസ്പരം മുഖത്തു നോക്കി സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നതു തന്നെയാണ്. എല്ലാം സാമൂഹിക മാധ്യമങ്ങളുടെ മറ പറ്റിയാണ്.

നാം കൂടുതൽ സമയം ഇത്തരം മാധ്യമങ്ങളിൽ ചിലവഴിക്കുന്നു എന്നത് സത്യം തന്നെ. പക്ഷെ നമ്മുടെ ഒക്കെ ഉള്ളിൽ എവിടെയോ ഒരു ഒറ്റപ്പെടൽ അനുഭവപ്പെടുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത.

അമിതമായ ആസക്തി ഇന്ന് കണ്ടു വരുന്ന മറ്റൊരു വലിയ പ്രശ്നമാണ്. കൂടുതൽ സമയവും സാമൂഹിക മാധ്യമങ്ങളുടെ ലോകത്തു ചിലവഴിക്കാൻ താല്പര്യപെടുന്നവരാണ് നമ്മളിൽ അധികംപേരും. അതിനാൽ, മറ്റൊന്നിലും താല്പര്യമില്ലായ്മ, ഉറക്കക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയ ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. നമ്മെ നിയന്ത്രിക്കുന്നത് നാം തന്നെ ആവണം.അല്ലെങ്കിൽ ഇതെല്ലാം ചെന്ന് അവസാനിക്കുന്നത് വലിയൊരു തകർച്ചയിലേക്കായിരിക്കും.

സാമൂഹികമാധ്യമങ്ങളുടെ സമ്മർദ്ദങ്ങൾ നിങ്ങളിൽ എങ്ങനെ പ്രകടമാകുന്നു?

ഇത് സ്മാർട്ഫോണുകളുടെയും സാങ്കേതികവിദ്യയുടെയും കാലമാണ്. സാമൂഹിക മാധ്യമങ്ങളുടെ ഭാഗമാവാതെ ജീവിക്കുക എന്നത് വെല്ലുവിളി നേരിടുന്ന ഒരു കാര്യം തന്നെയാണ്. യഥാർത്ഥജീവിതത്തിലെ കൂട്ടുകെട്ടുകളേക്കാൾ മിഥ്യാലോകത്തെ കൂട്ടുകെട്ടിന് പ്രാധാന്യം നൽകുന്നവരുണ്ട്. ദിവസവും കാണുന്നവരാണെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിലൂടെ സംസാരിക്കാൻ ഇഷ്ടപെടുന്നവരാണ് അധികവും. നമ്മുടെ യഥാർത്ഥ ചിന്തകളെ അവർക്ക് ഒരിക്കലും മനസിലാക്കാൻ സാധിക്കില്ല എന്ന ഒരു മുൻവിചാരം ഉള്ളത് കൊണ്ടാണത്.

നിങ്ങളിലെ മാധ്യമഉപയോഗത്തിന്റെ നിലവാരം മനസിലാക്കാൻ നിങ്ങളുടെ ഒരു ദിവസം എടുത്താൽ മതി. ഉദാഹരണത്തിന്, ഒരു വ്യക്തി അമിതമായി ഫോണിൽ തന്നെ സമയം ചിലവഴിക്കുക( ആവശ്യങ്ങൾ പലതുമുണ്ടാവും). പക്ഷെ അനാവശ്യമായി സോഷ്യൽ മീഡിയയിൽ കയറി ഇറങ്ങുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം. ഇത് കൂടാതെ മറ്റുപല ലക്ഷണങ്ങളും നിങ്ങളുടെ മാനസികസമ്മർദ്ദത്തെ കാണിക്കുന്നതാണ്. വളരെ വലിയ സുഹൃത് വലയങ്ങളുള്ള, സാമൂഹിക മാധ്യമങ്ങളിൽ സജീവമായ വ്യക്തികൾ ചിലപ്പോഴെങ്കിലും ഒരുപാട് പേരെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടാം. ഇതും ഒരുപക്ഷെ മാനസിക സമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം.

ഏകാഗ്രത നഷ്ടപ്പെടുക

ഏകാഗ്രത നഷ്ടപ്പെടുക (Lack of Focus)

നോട്ടിഫിക്കേഷൻ, കമന്റ്, ലൈക് ഇതിലെല്ലാം അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥ ചിലപ്പോഴെങ്കിലും നമുക്ക് ഒക്കെ ഉണ്ടാവാറുണ്ട്.പക്ഷെ ഒരു പരിധിക്കപ്പുറം ഇതിനോട് ആസക്തി കാണിച്ചാൽ അത്‌ നമ്മുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുക തന്നെ ചെയ്യും.കുട്ടികൾക്ക് പഠനത്തിലും മുതിർന്നവർക്ക് ജോലിയിലും ഏകാഗ്രത കിട്ടാത്ത അവസ്ഥ ഇന്ന് കണ്ടു വരുന്നു.

സ്വഭാവരീതിയിലെ മാറ്റങ്ങൾ (Behavioral Change)

ഒന്നിനോടും താല്പര്യമില്ലായ്മ അനുഭവപ്പെടുക. അതേസമയം സാങ്കേതികജീവിതം നയിക്കുന്നതിൽ താല്പര്യം കാണിക്കുന്നു. ഈ പ്രവണത നമ്മുടെ ചുറ്റുപാടിനെ അറിഞ്ഞു വളരുന്നതിന് തടസ്സമാകും. ഒരു പ്രശ്നം വന്നാൽ പരിഹാരം കണ്ടെത്താൻ സ്വയം പ്രാപ്തരാകാത്തവരായി അവർ മാറും.

ഉത്കണ്ഠ (Anxiety)

ഉത്കണ്ഠ മനുഷ്യരിൽ സ്വാഭാവികമായ ഒരു അവസ്ഥയാണ്. എങ്കിലും ചില സാഹചര്യത്തിൽ അത്‌ നിയന്ത്രണം വിടാറുണ്ട് എന്നതാണ് സത്യം. അതൊരു പക്ഷെ സാമൂഹിക മാധ്യമങ്ങളിൽ നിന്നും ഉണ്ടാവുന്ന അമിതമായ ആകുലത ആവാം. തന്നെ മോശം രീതിയിൽ ചിത്രീകരിക്കുമോ, മറ്റുള്ളവർ തന്നെ പറ്റി എന്ത്‌ വിചാരിക്കും എന്ന ഭയം, ഇവയെല്ലാമാണ് കൂടുതൽ ആളുകളുടേയും ഉത്കണ്ഠക്ക് കാരണം.

ഉറക്കമില്ലായ്മ (Lack of Sleep)

ഇത് മറ്റൊരു ലക്ഷണമാണ്. പോസ്റ്റുകളുടെ റീച്, കമന്റ് ഒക്കെ ഒരാളുടെ ഉറക്കത്തെ നിർണയിക്കുന്ന അവസ്ഥ. മറ്റുള്ളവരുടെ സ്റ്റാറ്റസിൽ കാണുന്ന സ്ഥലങ്ങൾ അവർക്ക് കിട്ടിയ നല്ല നല്ല കാര്യങ്ങൾ, തന്റെ ജീവിതത്തിൽ തനിക്കും കിട്ടാതെന്ത് എന്ന അമിതമായ ചിന്തയും ഇന്ന് ഒരുപാട് പേരുടെ ഉറക്കം കെടുത്തുന്നുണ്ട്.

സമ്മർദ്ദങ്ങളിൽ നിന്നും നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചു വരാം

സാമൂഹിക മാധ്യമങ്ങളെ പൂർണമായി വർജിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ സാധ്യമല്ല. പക്ഷെ, എപ്പോഴും ഒരു സ്വയം കരുതൽ നല്ലതാണ്.യഥാർത്ഥ ജീവിതം സാങ്കേതികവിദ്യയുടെ ലോകത്തിൽ നിന്നും വ്യത്യസ്തമാണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. പലർക്കും ഒരു നിമിഷത്തെ ചിന്തകൊണ്ടൊന്നും സാമൂഹിക മാധ്യമങ്ങളുടെ ആസക്തിയിൽ നിന്ന് പിന്തിരിഞ്ഞു പോരാൻ പറ്റാറില്ല. അങ്ങനെ ഒന്ന് നിങ്ങൾക്ക് സാധ്യമാണെങ്കിൽ വളരേ നല്ലതാണ്. ഇവയിൽ നിന്ന് താത്കാലിക ഇടവേള എടുക്കുന്നവരുണ്ട്. എത്ര തന്നെ ആയാലും പൂർണമായി സാമൂഹിക മാധ്യമങ്ങളിൽ നിന്നു പിന്തിരിഞ്ഞോടാൻ നമുക്ക് സാധിക്കില്ല. വീണ്ടും വീണ്ടും ഫോൺ എടുക്കാനും പുതിയ കാര്യങ്ങൾ അറിയാനും നമുക്ക് ഒരു പ്രവണതയുണ്ട്. തികച്ചും മനുഷ്യസഹജം!

എങ്കിലും നമുക്ക് ചില കാര്യങ്ങൾ ചെയ്ത് നോക്കാം :

  • ഒരു ദിവസം എത്ര സമയം നമ്മൾ സാമൂഹിക മാധ്യമങ്ങളിൽ ചിലവഴിക്കുന്നുണ്ട് എന്നതാണ് ആദ്യം കണ്ടെത്തേണ്ടത്. ഇന്നത്തെ കാലത്ത് പലവിധ ട്രാക്കിങ് സിസ്റ്റം ലഭ്യമാണ്. സ്ക്രീൻ ടൈം ലിമിറ്റും പല സോഷ്യൽ മീഡിയ ആപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ചെയ്തതിന് ശേഷം ഒരു കൃത്യമായ സമയപരിധി നിർണയിക്കുന്നത് നല്ലതായിരിക്കും.

  • മറ്റുള്ളവർ നല്ല നിമിഷങ്ങളെ മാത്രമേ പങ്കുവെക്കുന്നൊള്ളൂ എന്ന തിരിച്ചറിവ് നമ്മളിൽ ഉണ്ടാക്കി എടുക്കണം.നാം കടന്നു പോകുന്ന പല അനുഭവങ്ങളും കഷ്ടപ്പാടുകളും അവർക്കും ഉണ്ട്. ഒരു നല്ല കുന്നും മലയും നിറഞ്ഞ ചിത്രം കണ്ടാൽ അതിന്റെ പിന്നിൽ ആ കാഴ്ച കാണാൻ അത്ര ദൂരം സഞ്ചരിച്ച ഒരു മനുഷ്യന്റെ കഷ്ടപ്പാടുണ്ട് എന്ന് ചിന്തിച്ചാൽ മാത്രം മതി.

  • സ്‌ക്രീനിലൂടെ സ്ക്രോൾ ചെയ്ത് പോകുമ്പോൾ നമ്മുടെ തന്നെ വിചാരങ്ങളെ പറ്റി ഒന്ന് സ്വയം വിലയിരുത്തുന്നത് നല്ലതായിരിക്കും.നമ്മളിൽ നിന്ന് തന്നെയാണ് മാറ്റം കണ്ടു തുടങ്ങേണ്ടത്.

  • ഒരു വാർത്തയുടെ സത്യാവസ്ഥ അറിയാൻ വിശ്വാസപരമായ സൈറ്റുകളിൽ മാത്രം കയറുക. അനാവശ്യ ചർച്ചകളും അഭിപ്രായങ്ങളും ഉള്ളടക്കങ്ങളും നമുക്ക് മാനസിക സംഘർഷങ്ങൾ ഉണ്ടാക്കിയേക്കാം.

  • ഒരു മണിക്കൂറിൽ എത്ര തവണ ഫോണിലേക്ക് എത്തി നോക്കുന്നുണ്ട് എന്നത് നമ്മൾ തന്നെ വിലയിരുത്തണം.

  • നിത്യജീവിതത്തിൽ വളരെ അധികം തിരക്കുള്ള സമയങ്ങളിൽ അല്ലെങ്കിൽ ഏകാഗ്രത വേണ്ട നിമിഷങ്ങളിൽ കഴിവതും ഫോൺ ഉപയോഗിക്കാതിരിക്കുക. അല്ലെങ്കിൽ സ്വിച്ച് ഓഫ് ചെയ്ത് വെക്കാം.

  • കിടക്കുന്ന സമയത്തും എഴുന്നേൽക്കുന്ന സമയത്തും ഫോൺ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. നല്ലൊരു അലാം ക്ലോക്ക് വാങ്ങിയാൽ സമയം എന്ന പ്രശ്നവും പരിഹരിക്കാം.

continue reading.

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

Oct 2, 2022
ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

Sep 21, 2022
കേരളത്തിലെ 12 പ്രമുഖ ബിസിനസ് രാജാക്കൻമാർ

കേരളത്തിലെ 12 പ്രമുഖ ബിസിനസ് രാജാക്കൻമാർ

Aug 22, 2022
Top 7 small scale business in Kerala

Top 7 small scale business in Kerala

Aug 1, 2022
download katha app