Katha

IVF ചികിത്സയെ കുറിച്ച് അറിയേണ്ടതെന്തെല്ലാം

Jun 8, 2022
IVF ചികിത്സയെ കുറിച്ച് അറിയേണ്ടതെന്തെല്ലാം

സ്വാഭാവികമായി കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിയാത്ത പലരും തിരഞ്ഞെടുക്കുന്ന ഒരു ചികിത്സാരീതിയാണ് ഐ വി എഫ് അഥവാ ഇൻവിട്രോ ഫെർട്ടിലൈസേഷൻ. ഐവിഎഫ് വളരെ സങ്കീർണമായ ഒരു പ്രത്യുത്പാദന സാങ്കേതിക വിദ്യയാണ്. അണ്ഡാശയത്തിൽ നിന്നും പൂർണ്ണ വളർച്ചയെത്തിയ അണ്ഡങ്ങളെ ശേഖരിച്ച് ലബോറട്ടറിയിൽ വെച്ച് പുരുഷ ബീജങ്ങളുമായി സങ്കലനം നടത്തുന്ന രീതിയാണിത്.

സ്ത്രീ ശരീരത്തിലെ അണ്ഡോത്പാദന പ്രക്രിയ നിരീക്ഷിച്ചു മാത്രമേ ഇങ്ങനെ ശരീരത്തിന് പുറത്തു വെച്ചു ബീജസങ്കലനം നടത്താൻ സാധിക്കൂ. ലൈംഗികോല്പാദനത്തിലെ അണ്ഡ-ബീജ സങ്കലനം നടത്തുന്ന ഈ പ്രക്രിയ സാധാരണ ഗതിയിൽ സ്ത്രീയുടെ ഫെല്ലോപിയൻ ട്യൂബ്‌ അഥവാ അണ്‌ഡവാഹിനിക്കുഴലിലാണ് നടക്കുന്നത്.

നാല് ദിവസത്തോളം ഫെല്ലോപിയൻ ട്യൂബിൽ വളരുന്ന കുഞ്ഞിനെ പിന്നീട് ഗർഭപാത്രത്തിലേക്ക് എത്തിക്കുന്നു. എന്നാൽ ഇവിടെ ഐവിഎഫിൽ ബീജസങ്കലനം നടത്തി ഉണ്ടാക്കിയ ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഒൻപത് മാസത്തിനുള്ളിൽ ഈ ഭ്രൂണം ഒരു കുഞ്ഞായി വളരുന്നു. ദമ്പതികളിൽ നിന്നുള്ളതോ അജ്ഞാത ദാതാവിൽ നിന്നുള്ളതോ ആയ അണ്ഡമോ പരുഷബീജമോ ഈ പ്രക്രിയയിൽ ഉപയോഗിക്കാം.

പങ്കാളികളിൽ അണ്ഡമോ ബീജമോ ഇല്ലാത്ത അവസ്ഥയുണ്ടായാൽ വേണമെങ്കിൽ ബീജദാതാക്കളെയും അണ്ഡദാതാക്കളെയും ആശ്രയിക്കുകയും ചെയ്യാം. ഇതിനാണ് ഡോണർ പ്രോഗ്രാം എന്ന് പറയുന്നത്. ദാതാക്കളിൽ ലൈംഗികമായതോ ജനിതകമായതോ ആയ രോഗങ്ങളില്ലെന്നു പരിശോധിച്ചു ഉറപ്പ് വരുത്തിയതിന് ശേഷമേ ഇങ്ങനെ ദാനം ചെയ്യാൻ സാധിക്കൂ.

ഐ വി എഫ് ആവശ്യമായി വരുന്ന സാഹചര്യങ്ങൾ ഏതെല്ലാം?

What is in vitro fertilization

ഐ വി എഫ് ചികിത്സാ രീതി പിന്തുടരുന്നതിന് മുൻപ് മറ്റു പ്രാഥമിക ചികിത്സാ രീതികൾ പരീക്ഷിക്കുന്നത് നല്ലതായിരിക്കും. ബീജോത്പാദനം കൂട്ടുന്ന മരുന്നുകൾ കഴിക്കുന്നതും ഐയുഐ പോലെയുള്ള കൃത്രിമ ഗർഭധാരണം നടത്തുന്നതുമെല്ലാം ഇതിൽപെടുന്നു. ഈ ചികിത്സാ രീതികൾ എല്ലാം സ്വീകരിച്ചിട്ടും ഗർഭിണിയായിട്ടില്ലെങ്കിൽ മാത്രം ഐവിഎഫ് എന്ന മാർഗ്ഗം സ്വീകരിക്കാവുന്നതാണ്.

നാല്പതു വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും മറ്റു പല ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും ആറ്‌ മാസം വരെ ശ്രമിച്ചിട്ടും കുട്ടികളായില്ലെങ്കിൽ മാത്രമേ ഐ വി എഫ് മാർഗ്ഗം സ്വീകരിക്കാവൂ എന്നാണ് പ്രമുഖ ഡോക്ടർമാർ പറയുന്നത്.

സ്ത്രീകളിൽ അണ്ഡവാഹിനി കുഴലുകൾ പ്രവർത്തിക്കാതിരിക്കുകയോ ഏതെങ്കിലും സാഹചര്യത്തിൽ അവ നീക്കം ചെയ്യുകയോ അതുമല്ലെങ്കിൽ കുഴലുകൾക്കുള്ളിൽ തടസ്സങ്ങൾ ഉണ്ടാവുകയോ ചെയ്യുന്ന സാഹചര്യത്തിൽ സാധാരണ ഗതിയിലുള്ള ബീജസങ്കലനം നടക്കാനുള്ള സാധ്യതയില്ല. ഈ സാഹചര്യത്തിൽ ഐവിഎഫ് നല്ലൊരു മാർഗമാണ്.

അതുമല്ലെങ്കിൽ സ്ത്രീകളിൽ അണ്ഡോത്പാദനം സാധാരണ അളവിൽ നടക്കാതിരിക്കുകയോ പുരുഷന്മാരുടെ ബീജത്തിന്റെ എണ്ണത്തിലോ ചലനശേഷിയിലോ ഗണ്യമായ കുറവ് വരികയോ ബീജങ്ങൾ അസ്വാഭാവികമായ ആകൃതി കൈകൊള്ളുകയോ ചെയ്താലും ബീജസങ്കലനം തടസ്സപ്പെടും. ഈ സാഹചര്യങ്ങളിൽ ഐ വി എഫ് തന്നെയാണ് പരിഹാരം.

കൂടുതൽ സ്ത്രീകളും പോളിസിസ്റ്റിക് അണ്ഡാശയം എന്ന ആരോഗ്യപ്രശ്നം നേരിടുന്നവരാണ്. സ്ത്രീയുടെ ശരീരത്തിൽ പുരുഷ ഹോർമോൺ അളവ് ഉയരുന്ന അവസ്ഥയാണിത്. ഇത് സാധാരണ രീതിയിലുള്ള അണ്ഡ ഉൽപാദനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഒരു ചികിത്സയാണ് ഐവിഎഫ്.

കൃത്യമായി കാരണം കണ്ടെത്താൻ കഴിയാത്ത വന്ധ്യതയുള്ളവർക്കും ഐ വി എഫ് നിർദേശിക്കാറുണ്ട്. ഇൻട്രായൂട്ടറൈൻ ഇൻസെമിനേഷൻ (IUI) ചികിത്സ പരാജയപ്പെട്ടവർക്കും ഐ വി എഫ് പ്രയോജനപ്പെടുത്താം.

നല്ല വാർത്തകൾ കേട്ടറിയു! download katha app

ഐ വി എഫ് ചികിത്സാ കാലാവതി എത്ര?

സ്ത്രീകളിൽ ആർത്തവചക്രം മുഴുമിപ്പിക്കുന്നത് മൂന്ന് ആഴ്ച എടുത്താണ്. അതായത് കൃത്യം ഒരു മാസം. അതുകൊണ്ട് ഐ വി എഫ് ചികിത്സയുടെ കാലാവതിയും സാധാരണ ഗതിയിൽ ഒരു മാസം തന്നെയാണ്.

ചില സാഹചര്യങ്ങളിൽ ഐ വി എഫ് പല ഘട്ടങ്ങളായി തിരിക്കാറുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ചികിത്സ ഒരുപാട് കാലം നീണ്ടു നിൽക്കും. മാസമുറയുടെ ഒന്നാം ദിവസം തൊട്ട് സ്ത്രീയുടെ അണ്ഡങ്ങൾ വികസിക്കാനുള്ള ഹോർമോണൽ ഇഞ്ചക്ഷൻ കൊടുത്തു തുടങ്ങുന്നു.

10 മുതൽ 12 ദിവസം വരെ ഇങ്ങനെ തുടർച്ചയായി കുത്തിവെപ്പുകൾ നൽകുന്നു. മൂന്ന് തരത്തിലുള്ള ഹോർമോണൽ കുത്തിവെപ്പുകളാണ് അണ്ഡങ്ങൾ വികസിക്കാൻ സ്ത്രീ ശരീരത്തിൽ കുത്തി വെക്കുന്നത്.ഒന്നിൽ കൂടുതൽ അണ്ഡങ്ങൾ ഒരേ സമയം വികസിച്ചു വരാൻ എഫ് എസ് എച്( FSH), എച് എം ജി(HMG) തുടങ്ങിയ കുത്തിവെപ്പുകളാണ് എടുക്കുന്നത്. അവസാനത്തെ ആന്റഗോണിസ്റ്റ് (antagonist) എന്ന കുത്തിവെപ്പ് അണ്ഡങ്ങൾ പൂർണ വളർച്ചയിൽ എത്തുന്നതിൽ നിന്നും തടയുന്നു.

വജൈനൽ അൾട്രാസൗണ്ട് ഉപയോഗിച്ചാണ് അണ്ഡത്തിന്റെ വളർച്ചയെ വിലയിരുത്തുന്നത്. അതിന് അനുസരിച്ചു ഹോർമോൺ ഇഞ്ചക്ഷന്റെ അളവിലും മാറ്റം വരുത്തും. സ്ത്രീ ശരീരത്തിൽ അണ്ഡോത്പാദനം നടക്കുന്നതിനു മുമ്പേ തന്നെ വികസിപ്പിച്ചെടുത്ത ഈ അണ്ഡങ്ങളെ ശരീരത്തിന് പുറത്തെടുക്കുന്നു. ഇതിനെയാണ് ഊസൈറ്റ് പിക്ക്അപ്പ് (oocyte pickup) എന്ന് പറയുന്നത്.

അനസ്തേഷ്യ കൊടുത്തതിനു ശേഷം അൾട്രാസൗണ്ട് പ്രോബ് ഉപകരണത്തോട് ഘടിപ്പിച്ചിട്ടുള്ള പ്രത്യേക സൂചി ഉപയോഗിച്ചാണ് സ്ത്രീ ശരീരത്തിൽ നിന്നും അണ്ഡങ്ങളെ ശേഖരിക്കുന്നത്. ഇങ്ങനെ ലഭിച്ച അണ്ഡത്തെ കൾച്ചർ മീഡിയയിൽ വെച്ചു ഏറ്റവും ഗുണമേന്മയുള്ള പുരുഷബീജവുമായി സങ്കലനം നടത്തുന്നു. ഐ വി എഫ് ഇൻസെമിനേഷൻ ( IVF insemination) അല്ലെങ്കിൽ ഇക്സി (ICSI) വഴി ആണ് ഇത്‌ സാധ്യമാകുന്നത്.

അണ്ഡത്തിലേക്ക് പുരുഷബീജം ഇഞ്ചക്ട് ചെയ്യുന്ന രീതിയാണ് ഇത്. മൂന്ന് തൊട്ട് അഞ്ചു ദിവസം വരെ അണ്ഡങ്ങളെ ഭ്രൂണമായി വളരാൻ അനുവദിക്കുന്നു. എത്ര അണ്ഡങ്ങൾ ഭ്രൂണമായി വളർന്നു എന്ന് നോക്കുന്നു. ഈ വളർച്ചയെത്തിയ ഒന്നോ രണ്ടോ ഭ്രൂണത്തെ സ്ത്രീ ശരീരത്തിൽ നിക്ഷേപിക്കുന്നു. രണ്ട് ആഴ്ചയ്ക്ക് ശേഷം ഗർഭിണിയാണോ അല്ലയോ എന്ന് പരിശോധന നടത്തുന്നു. ഇങ്ങനെ ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഒരു പ്രക്രിയ ആണ് ഐ വി എഫിന്റേത്.

ഐ വി എഫിന്റെ വിജയ സാധ്യത എത്രത്തോളമാണ്?

In vitro fertilization treatment

ഒരു വ്യക്തിയുടെ പ്രായം, ജീവിതശൈലി, വന്ധ്യതയ്ക്കുള്ള കാരണം, പൊതുവായ ആരോഗ്യം തുടങ്ങിയ കാര്യങ്ങളാണ് ഐ വി എഫ് ചികിത്സ രീതിയുടെ വിജയ സാധ്യതയെ സ്വാധീനിക്കുന്നത്‌. ഐ യു ഐ (IUI) രീതിയാണെങ്കിൽ 10-12 ശതമാനവും ഐ വി എഫ് അല്ലെങ്കിൽ ഇക്സി ചികിത്സ രീതിക്ക് 40 - 45 ശതമാനം വരെയാണ് വിജയസാധ്യതയായി കണക്കാക്കപ്പെടുന്നത്.

ഐ വി എഫ് ഭ്രൂണത്തെ ഭാവിയിലേക്ക് സൂക്ഷിച്ചു വെയ്ക്കാം

അണ്ഡവും ബീജവും ഭ്രൂണവും ഒരുപാട് കാലം ശീതികരിച്ച് സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട്. ഒന്നിൽ കൂടുതൽ അണ്ഡങ്ങൾ ഒരുമിച്ച് ശേഖരിക്കുന്നതിനാൽ അവ ഭാവിയിലേക്കും ഉപയോഗപ്പെടുത്താം. ലിക്വിഡ് നൈട്രജനിലാണ് ഇവ സൂക്ഷിക്കുന്നത്. ഈ പ്രക്രിയയെയാണ് ക്രയോപ്രിസെർവേഷൻ (cryopreservation) എന്ന് വിളിക്കുന്നത്.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് അത് ഭേദമാകുന്നതുവരെ അണ്ഡമോ ബീജമോ ഭ്രൂണമോ സൂക്ഷിച്ചുവയ്ക്കാൻ ഈ സംവിധാനം സഹായിക്കും. കാൻസർ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി തുടങ്ങുന്നതിനു മുൻപും ഇത്തരത്തിൽ ബീജമോ അണ്ഡമോ ശേഖരിച്ച് സൂക്ഷിക്കാറുണ്ട്.

ചികിത്സയ്ക്കുശേഷം ഇത് ഉപയോഗപ്പെടുത്തി ഗർഭധാരണം സാധ്യമാവുകയും ചെയ്യും. ഇങ്ങനെ അണ്ഡങ്ങളെയും ഭ്രൂണങ്ങളെയും സൂക്ഷിച്ചു വെയ്ക്കുമ്പോൾ അവ വീണ്ടും ഉപയോഗിക്കാവുന്നത് കൊണ്ട് ചികിത്സ ചിലവും കുറയ്ക്കാൻ സഹായകരമാകും.

ഐ വി എഫിന്റെ ചികിത്സ ചിലവുകൾ

IVF costs

10 മുതൽ 15 ശതമാനം ദമ്പതിമാർക്കും ഐ വി എഫ് ചികിത്സ രീതിയാണ് ആവശ്യമായി വരുന്നത്. ഒരുപാട് സമയമെടുക്കുന്ന ചിലവ് കൂടിയ ഒരു പ്രക്രിയ ആണ് പൊതുവെ ഐ വി എഫിന്റേത്. ഐ വി എഫ് ഭ്രൂണം പുറമെ സജ്ജീകരിച്ച സാഹചര്യങ്ങളിൽ കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നവയാണ്. ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നും ഉപകരണങ്ങളും വളരെ വിലപിടിപ്പുള്ളവയാണ്.

ലാബ് ക്രമീകരണങ്ങൾ ചെയ്യുന്നതിനും നല്ല ചിലവുണ്ട്. ഇത് കൂടാതെ തുടക്കത്തിൽ സ്ത്രീകൾക്ക് കൊടുക്കുന്ന ഹോർമോൺ കുത്തിവെപ്പുകൾ സാധാരണയായി വിപണിയിൽ ലഭ്യമല്ല. ഇതെല്ലാം കാരണമാണ് ഐ വി എഫ് ചികിത്സാരീതി ചിലവേറിയതായി മാറുന്നത്.

ഐ വി എഫിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാധാരണ ഗർഭം ധരിക്കുന്ന സ്ത്രീകളെക്കാൾ വെല്ലുവിളി നിറഞ്ഞതാണ് വന്ധ്യതയുള്ള സ്ത്രീകളിലെ കൃത്രിമ ഗർഭധാരണം. മുൻപ് ഗർഭധാരണത്തിന് തടസ്സമായ അതേ കാര്യങ്ങൾ തന്നെ ഐ വി എഫ് വഴി ഉണ്ടായ ഭ്രൂണം അലസിപ്പോകാൻ കാരണമായേക്കാം.

ഐ വി എഫിന് ശേഷം കൃത്യസമയത്തു മരുന്നെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യകരമായ പോഷകാഹാരങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ചായയുടെയും കാപ്പിയുടെയും ഉപയോഗം പരിമിതപ്പെടുത്താൻ ശ്രദ്ധിക്കണം.

പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുക. നല്ല വ്യായാമവും അനുയോജ്യമായ യോഗരീതികളും ശീലമാക്കുക. വിശ്രമം അധികമായി ആവശ്യമില്ല. പക്ഷെ, ഭാരിച്ച ജോലികൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. സ്റ്റെപ്പുകൾ അധികമായി കയറി ഇറങ്ങാതിരിക്കുക. ജീവിതശൈലികളിലും ചില മാറ്റങ്ങൾ വരുത്താൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.

ടെൻഷൻ കുറയ്ക്കുക, ശരീരഭാരം കുറയ്‌ക്കുക, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇവയെല്ലാം വളർന്നു വരുന്ന കുഞ്ഞിനും ഗർഭിണിയായ അമ്മയ്ക്കും ഒരുപോലെ ദോഷം ചെയ്യും.

ഐ വി എഫിന്റെ പാർശ്വഫലങ്ങൾ

Problems after IVF

എല്ലാ ചികിത്സാരീതികൾക്കും ഉള്ളതുപോലെ ഐവിഎഫിനും പാർശ്വഫലങ്ങളുണ്ട്. വന്ധ്യതക്കുള്ള കൃത്യമായ കാരണം മനസിലാക്കി അനുയോജ്യമായ ഐവിഎഫ് മാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഈ മേഖലയിൽ മികച്ച അനുഭവ സമ്പത്തുള്ള ഒരു ഡോക്ടറുടെ വൈദ്യസഹായം തേടുന്നതാണ് ഏറ്റവും ഉത്തമം.

ഹോർമോൺ കുത്തിവെപ്പുകൾ എടുക്കുന്ന സമയത്തു ഒരുപാട് അണ്ഡങ്ങൾ ഒരുമിച്ച് വലുതായി അമിതമായി അണ്ഡോത്പാദനം (ovarian hyperstimulation) നടക്കാനുള്ള സാധ്യതയുണ്ട്. അസഹിനീയമായ വേദനകൾ ഉണ്ടാകാൻ ഇത് കാരണമാകുന്നു. അതുപോലെ തന്നെ ഇങ്ങനെ ഇഞ്ചക്ഷൻ എടുക്കുമ്പോൾ ഈസ്ട്രജൻ ഹോർമോണുകൾ അമിതമായി ഉത്പാദിക്കപ്പെടുന്നത് കാരണം ഗർഭിണികളിൽ തലകറക്കവും ഓക്കാനവും ഛർദിയും ഉണ്ടാകുന്നു.

അണ്ഡവികസനം ശരിയായി ക്രമീകരിക്കാൻ നിർദ്ദേശിക്കപ്പെട്ട മരുന്നുകൾ കൃത്യമായി ഉപയോഗിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. അനസ്തേഷ്യ കാരണമോ പ്രക്രിയയിലുള്ള മറ്റു പല തകരാറുകൾ മൂലമോ സങ്കീർണതകൾ ഉണ്ടാകാം.

ഐ വി എഫ് വേണ്ടിവരുന്ന സ്ത്രീകളിൽ നല്ലൊരു ഭാഗവും മാനസിക സമ്മർദ്ദം നേരിടുന്നവരാണ്. തങ്ങളിലെ വന്ധ്യത, അതുകാരണം ഐ വി എഫ് ചെയ്യേണ്ടി വരുന്ന അവസ്ഥ അതുമല്ലെങ്കിൽ ഐ വി എഫ് ചെയ്യുമ്പോൾ ഉണ്ടാകുന്ന അമിത ചിലവുകൾ തുടങ്ങിയ കാരണങ്ങളാണ് സമ്മർദ്ദത്തിലേക്ക് നയിക്കുന്നത്.

മാനസികവും ശാരീരികവുമായ മുന്നൊരുക്കമാണ് ഐ വി എഫ് ചികിത്സ തേടുന്ന ദമ്പതിമാർക്ക് ഉണ്ടാവേണ്ടത്. ഐ വി എഫിന്റെ പരാജയം പല സ്ത്രീകളിലും അമിതമായ കുറ്റബോധം ഉണ്ടാക്കാറുണ്ട്.ശരിയായ വിശ്രമമില്ലായ്മ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന തെറ്റിധാരണയാണ് ഇതിനു കാരണം. ഐ വി എഫിന് ശേഷമുള്ള രണ്ടാഴ്ച്ച ബെഡ് റെസ്റ്റ് ആവശ്യമില്ലെന്നാണ് അന്താരാഷ്ട്ര പഠനങ്ങൾ സൂചിപ്പിക്കുന്നത്.

അണ്ഡങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന സൂചിയുടെ ഫലമായി രക്തസ്രാവം ഉണ്ടാകാനും സാധ്യതയുണ്ട്.ഇവ രക്തക്കുഴലുകളിൽ വലിയ തോതിൽ തകരാറുകൾ ഉണ്ടാക്കുന്നതിനും കാരണമായേക്കാം. ഐവിഎഫിൽ നിന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾ ഭാരക്കുറവും അകാലജനനവും കാണിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഈ മേഖലയിൽ മികച്ച അനുഭവ സമ്പത്തുള്ള ഒരു ഡോക്ടറുടെ വൈദ്യസഹായമാണ് തേടുന്നതെങ്കിൽ ഇത്തരം അവസ്ഥകൾക്ക് ഒരു പരിഹാരം കണ്ടെത്താം. ശരിയായ ചികിത്സാരീതിയാണ് നിങ്ങൾക്ക് ലഭിക്കുന്നതെങ്കിൽ ഒട്ടും ഭയപ്പെടേണ്ടതില്ല.

continue reading.

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

Oct 2, 2022
ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

Sep 21, 2022
Interview with Unnikrishnan (Youtuber)

Interview with Unnikrishnan (Youtuber)

Jun 30, 2022
Interview with Jinsha Basheer (Social Media Influencer)

Interview with Jinsha Basheer (Social Media Influencer)

Jun 17, 2022
download katha app