Katha

മദ്യപാനം നിർത്തിയ ആദ്യത്തെ 30 നാളുകൾ

May 17, 2022
മദ്യപാനം നിർത്തിയ ആദ്യത്തെ 30 നാളുകൾ

മദ്യം വിനാശകാരിയാണ്, ലഹരിയാണ്. മദ്യത്തിന്റെ ഉന്മാദത്തിൽ കൗമാരക്കാരും യുവാക്കളും മധ്യവയസ്കരും ഒരുപോലെ കുരുങ്ങി കിടക്കുകയാണ്.

ഇന്നു നടക്കുന്ന മിക്ക ഗാർഹികപീഡനങ്ങൾ, ആത്മഹത്യകൾ, വാഹന അപകടങ്ങൾ, കൊലപാതകങ്ങൾ തുടങ്ങി എല്ലാ വിധത്തിലുള്ള നീചവും അപകടകരവുമായ പ്രവർത്തികൾ ചെയ്യുന്നതിന് മദ്യം നൽകുന്ന പിൻബലം ചെറുതൊന്നുമല്ല.

മദ്യം പോലുള്ള ലഹരിവസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഒരു മാഫിയ തന്നെ സമൂഹത്തിൽ പടർന്നു പന്തലിച്ചു കിടക്കുന്നുണ്ട്. നിയമത്തിന്റെ പിൻബലമില്ലാത്തതു കൊണ്ട് ഇത്തരത്തിലുള്ള പല അനധികൃത വില്പനകളും പുറംലോകം അറിയുന്നില്ലെന്നു മാത്രം.

കേരളം പോലുള്ള ഒരു സംസ്ഥാനത്തു ലഹരി ഉത്പന്നങ്ങൾ നിരോധിച്ചുവെങ്കിലും പ്രതിവർഷം സർക്കാരിന് കിട്ടുന്ന വരുമാനത്തിലെ വലിയ ഒരു പങ്ക് മദ്യവില്പനയിലൂടെ തന്നെയാണ്. വിഷുവും ഓണവും കഴിഞ്ഞു മദ്യ ഉപഭോഗത്തിന്റെ കണക്ക് പ്രസിദ്ധപ്പെടുത്തുമ്പോൾ മാത്രമാണ് കാര്യത്തിന്റെ ഗൗരവം നാം ഉൾക്കൊള്ളുന്നത്.

മദ്യം ലഹരിയല്ല എന്ന വാദമാണ് അവർക്കുള്ളത്. മയക്കുമരുന്നും കഞ്ചാവും പോലെ ഹാനികരമായ ഉത്പന്നം തന്നെയാണ് മദ്യവും എന്ന് മനസ്സിലാക്കേണ്ട സമയം അധികരിച്ചിരിക്കുന്നു.

മദ്യപാനത്തിന്റെ അപകടകരമായ വശം തിരിച്ചറിയാനും മദ്യാസക്തിയിൽ നിന്ന് പിന്തിരിഞ്ഞു പോരുവാനും ഇനിയും വൈകിയിട്ടില്ല.

കഴിക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുമ്പോൾ തന്നെ അയാളുടെ ജീവിതത്തിൽ പ്രകടമായ പല മാറ്റങ്ങളും സംഭവിക്കുന്നു.

മദ്യപാനം നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിലൂടെ നാം നമ്മെ തന്നെ രക്ഷിക്കുകയാണ് ചെയ്യുന്നത്. മദ്യവർജ്ജനത്തിന് യാതൊരു വിധ ദോഷവശങ്ങളും ഇന്ന് വരെ കണ്ടെത്താൻ പറ്റിയിട്ടില്ല.

Quit alcohol

മനുഷ്യശരീരം മദ്യത്തിനോട് പ്രതികരിക്കുന്നത് ഓരോ തരത്തിലാണ്. അതിനാൽ ചിലരിലെ തിരിച്ചു വരവിന് സമയമെടുക്കും. മറ്റു ചിലർക്ക് അത്‌ പെട്ടെന്നു സാധ്യമാകും. എല്ലാ ദിവസവും രാത്രി മാത്രം മദ്യപിക്കുന്ന ഒരാൾക്കു ആഴ്ചയിൽ ഒരു തവണ മദ്യപിക്കുന്ന ആളെക്കാളും ബുദ്ധിമുട്ടാവും തിരിച്ചു വരാൻ.

എന്തുകൊണ്ട് മദ്യം ദോഷം ചെയ്യുന്നു എന്ന ചോദ്യത്തിന് മുന്നിൽ നിരത്തിവെക്കാൻ ഒരായിരം കാരണങ്ങളുണ്ട്. ഒരർത്ഥത്തിലും മദ്യപാനം ഗുണകരമല്ല എന്ന് തന്നെ നിരുപാധികം പറയാം.

മദ്യം ആരോഗ്യത്തിലുണ്ടാക്കുന്ന രോഗാവസ്ഥകൾ ചെറുതൊന്നുമല്ല. ഉയർന്ന ശ്വാസഗതി, വിയർപ്പ്, ദുഃസ്വപ്നം, ഉറക്കമില്ലായ്മ, അസ്വസ്ഥത, തലവേദന തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഒരു മദ്യപാനി നേരിടേണ്ടി വരുന്നത്. മാത്രമല്ല വലിയ രോഗങ്ങളും പിടികൂടുന്നു.

മദ്യം ഉപേക്ഷിച്ച 24 മണിക്കൂറിനുള്ളിൽ പിന്മാറൽ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നു. അസ്വസ്ഥതകൾ, കുഴഞ്ഞു വീഴൽ, വിറയൽ, അമിതമായ ആസക്തി - ഇവയൊക്കെയാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാവുക.

രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ മദ്യം കൂടാതെയും നിൽക്കാം എന്ന് മനസ്സിന് സ്വയം ബോധ്യപ്പെട്ടു തുടങ്ങും. ഈ ഒരു സമയത്തു അമിത രക്തസമ്മർദ്ദവും ശരീരം വിയർക്കലും ഉണ്ടാകുന്നു. ഒരു ആഴ്ച്ചക്കുള്ളിൽ മദ്യത്തിന്റെ പിന്മാറൽ ലക്ഷണങ്ങൾക്ക് കുറവ് കണ്ടുതുടങ്ങുന്നു.

മദ്യപാനിയുടെ ശരീരം മദ്യം കൂടാതെ നിൽക്കാം എന്ന് തെളിയിക്കുന്ന ഒരു ഘട്ടമാണ് ഇത്. മദ്യം ഉപേക്ഷിക്കുന്ന ആദ്യ 30 നാളുകൾ പല വിധ മാറ്റങ്ങളാണ് ആ വ്യക്തിയിൽ ഉണ്ടാകുന്നത്.

ഉറക്കം ക്രമീകരിക്കപ്പെടുന്നു

Proper sleep

മദ്യപാനം നിർത്തി ഒരാഴ്ചയ്ക്ക് ശേഷം ഗുണമേന്മയുള്ള നല്ല ഉറക്കം ലഭിക്കുന്നു. ഉറക്കത്തിന്റെ സമയം ക്രമീകരിക്കപ്പെടുന്നു. മദ്യത്തിൽ നിന്ന് ലഭിക്കുന്ന അസാധാരണമായ ഉറക്കമല്ല.

മറിച്ച് സമാധാനപൂർണമായ ഉറക്കമാണ് സാധ്യമാകുന്നത്. നല്ല ഉറക്കം നല്ല ചിന്തയെ ഉത്പാദിപ്പിക്കുന്നു. നല്ല ചിന്ത നല്ല തീരുമാനങ്ങൾ എടുക്കാനുള്ള കരുത്ത് പകരുന്നു.

പ്രശ്നപരിഹാരശേഷി വർധിക്കുന്നു. വികാരവിചാരങ്ങളെയും പെരുമാറ്റ രീതികളെയും നിയന്ത്രിക്കുന്നതിൽ ഉറക്കത്തിനും നല്ല ഒരു പങ്കുണ്ട്.

ചിട്ടയായ ഭക്ഷണശീലം

Good diet

വിശപ്പിനെ നിർണയിക്കുന്ന ഹോർമോണുകളുടെ സുഗമമായ പ്രവത്തനം നടക്കുന്നതിനാൽ അനാവശ്യമായ വിശപ്പ് അനുഭവപ്പെടുന്നില്ല.

മദ്യം വർജ്ജിക്കുന്നതോടെ ഭക്ഷണത്തോടുള്ള അമിത ആർത്തിയും ഇല്ലാതെ ആകുന്നു. അതിനാൽ കൃത്യമായ ഭക്ഷണ സമയങ്ങൾ ശീലിക്കാൻ സാധിക്കുന്നു.

ശരീരത്തിലെ ജലാംശം വർധിക്കുന്നു

Water content

മദ്യപാനം നിർത്തുന്നതോടെ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നില്ല. അതിനാൽ ജലാംശം ശരീരത്തിൽ തന്നെ സൂക്ഷിക്കപ്പെടുന്നു. നിർജ്ജലീകരണം കാരണം തലവേദന ഉണ്ടാകുന്നത് തലച്ചോറിൽ നിന്നും അമിതമായി ജലാംശം നഷ്ടപ്പെടുമ്പോഴാണ്.

മദ്യപാനം നിൽക്കുന്നതോടെ അസഹ്യമായ ഈ തലവേദനയും ക്ഷീണവും അപ്രത്യക്ഷമാകുന്നു. നല്ല ഊർജ്ജവും സന്തോഷവും ലഭിക്കുന്നു. ചിന്താശേഷിയെ ഉത്തേജിപ്പിക്കുന്നു. ദിവസം മുഴുവൻ ഉന്മേഷത്തോടെ ഉണർന്നിരിക്കാൻ സാധിക്കും.

അമ്ല ഉത്പാദനം സാധാരണ രീതിയിലെത്തുന്നു

Body acidity

മദ്യ വർജ്ജനത്തിന്റെ രണ്ടാം ആഴ്ച്ച തൊട്ട് ആമാശയത്തിലെ അമിത അമ്ല ഉത്പാദനം ഇല്ലാതാകുന്നു. ഇത് കാരണം ആമാശയത്തിലെ പാളികൾ പൂർവ്വസ്ഥിതിയിൽ ആകുന്നു. ആമാശയവീക്കം ഇല്ലാതാകുന്നു. എരിച്ചിൽ, നീറൽ പോലുള്ള അസുഖങ്ങൾക്ക് ശമനം ലഭിക്കുന്നു.

ശരീരഭാരം കുറയുക

Weight loss

ആൽക്കഹോൾ ശരീരം ചീർക്കാൻ കാരണമാകുന്ന ഒരു ഘടകമാണ്. അമിതമായി ആൽക്കഹോൾ ശരീരത്തിൽ അടിഞ്ഞുകൂടുന്നതിന് മദ്യപാനം കാരണമാകുന്നു. ഉപാപചയ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നതോടെ ശരീരത്തിൽ കൊഴുപ്പ് അടിയുന്നു.

മദ്യപാനം നിർത്തുമ്പോൾ ശരീരഭാരം കുറയുന്നു. അടിഞ്ഞു കൂടിയ കൊഴുപ്പും ശരീരത്തിൽ സൂക്ഷിച്ച് വെച്ചിട്ടുള്ള കലോറിയുടെ അളവും കുറയുന്നത് കൊണ്ടാണിത്.

രക്തസമ്മർദ്ദം സാധാരണഗതിയിലാകുന്നു

Blood pressure

മൂന്നാമത്തെ ആഴ്ച തൊട്ട് രക്തസമ്മർദ്ധം സാധാരണ ഗതയിലേക്കെത്തുന്നു. അതുകൊണ്ട്, ഹൃദ്രോഗം പോലുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ശരീരം സംരക്ഷിക്കപ്പെടുന്നു. ശരീരഭാരത്തിൽ വരുന്ന കുറവാണ് രക്തസമ്മർദ്ധം കുറയ്ക്കുന്നത്.

നല്ല ചർമ്മം

Fair skin

മദ്യം ചർമ്മത്തിന് അനാരോഗ്യകരമായ നിറവും രൂപവും ഭാവവും ഉണ്ടാക്കുന്നു. ജലാംശം ശരീരത്തിൽ തന്നെ നിലനിൽക്കുന്നത് കൊണ്ട് ചർമത്തിന് പ്രായം തോന്നുകയില്ല. വരണ്ടചർമ്മത്തിൽ നിന്നും രക്ഷ ലഭിക്കുന്നു. അതുപോലെ താരൻ, അകാലനര തുടങ്ങിയവയിൽ നിന്നെല്ലാം സംരക്ഷണം ലഭിക്കുന്നു.

ഊർജ്ജസ്വലത

Energetic

വിറ്റാമിൻ ബി- യുടെ ഉത്പാദനത്തെ മദ്യം അടിച്ചമർത്തുന്നത്‌ ഉപാപചയ പ്രവർത്തനത്തെ ബാധിക്കുന്നു. അതിനാൽ ഊർജ്ജത്തിന്റെ ഉത്പാദനം തടസ്സപ്പെടുന്നു. മദ്യം ലഭിക്കാതെ വരുമ്പോൾ സ്വാഭാവിക പ്രവർത്തനം വീണ്ടെടുക്കപ്പെടുകയാണ് ചെയ്യുന്നത്. അതിനാൽ, ശ്രദ്ധ കേന്ദ്രികരിക്കാനുള്ള കഴിവും ഊർജ്ജസ്വലതയും തിരിച്ചു ലഭിക്കുന്നു.

മാനസികസമ്മർദ്ദം കുറയുന്നു

Anxiety

മദ്യത്തിന്റെ അളവ് കൂടുതലായി ഒരാളുടെ ശരീരത്തിലെത്തുമ്പോൾ ഓർമ്മക്കുറവ്, മാനസിക സമ്മർദ്ദം തുടങ്ങിയ അപകടകരമായ അവസ്ഥകൾ ഉണ്ടാകുന്നു.

മദ്യത്തിൽ നിന്നുള്ള അകൽച്ച ശാരീരികം മാത്രല്ല മാനസികവുമായ സംതൃപ്‌തിക്കാണ് കാരണമാകുന്നത്. മാത്രമല്ല, മദ്യം ഉണ്ടാക്കുന്ന തലകറക്കം, മനംപുരട്ടൽ, തലവേദന, ക്ഷീണം തുടങ്ങിയവയിൽ നിന്നെല്ലാം മോചനം കിട്ടുന്നു.

രോഗങ്ങളിൽ നിന്നും രക്ഷപ്പെടാം

Immunity

ശരീരത്തിലെ ആവശ്യമല്ലാത്ത വസ്തുക്കളെ പുറന്തള്ളുകയും പോഷകമൂലകങ്ങളെ സൂക്ഷിച്ചു വെയ്ക്കുകയും ചെയ്യുന്ന ആന്തരികാവയവമാണ് കരൾ. മദ്യം ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്ന അവയവവും കരൾ തന്നെ.

ആൽക്കഹോൾ അമിതമായി അടിഞ്ഞു കൂടി കരൾവീക്കം പോലുള്ള അസുഖങ്ങൾ മദ്യപരിൽ നന്നായി കണ്ടു വരുന്നു.മദ്യം ഉപേക്ഷിക്കുന്നതോടെ കരൾ സ്വാഭാവിക പ്രവർത്തനത്തിൽ ഏർപ്പെടും. അതിനാൽ കരൾ രോഗത്തിനുള്ള സാധ്യത ഒരു പരിധി വരെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കുന്നു.

മദ്യത്തിലെ വിഷാംശങ്ങൾ രക്തത്തിലൂടെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി എത്തുകയും അവിടെ അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇവയുടെ അപകടകരമായ പ്രവർത്തികൾ കാരണം കോശങ്ങൾ അനിയന്ത്രിതമായി പെറ്റുപെരുകുന്നു. തുടർന്ന് അർബുദം ഉണ്ടാകുകയും ചെയ്യും. മദ്യം ഉപേക്ഷിക്കുന്നതോടെ പല തരത്തിലുള്ള അർബുദങ്ങൾക്കുള്ള സാധ്യത കുറയുന്നു

മദ്യം അമിതമായി ശരീരത്തിൽ എത്തുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നു. ഹൃദയത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ താറുമാറാകുന്നു. ഹൃദ്രോഗങ്ങൾ വളരേ കൂടുതൽ മദ്യപാനികളിൽ കാണപ്പെടുന്നത് ഇത് കൊണ്ടൊക്കെയാണ്.

കുടി നിർത്തുന്നത് മുതൽ ആ വ്യക്തിയിൽ ഹൃദ്രോഗത്തിന്റെ അപകട സാധ്യത കുറഞ്ഞു വരുന്നു. ശരീരത്തിലെ ശ്വേത രക്താണുക്കളുടെ എണ്ണം സ്വാഭാവിക നിലയിലെത്തുന്നതോടെ രോഗപ്രതിരോധ ശേഷി വർധിക്കുന്നു.

അതിനാൽ ക്ഷയം, ന്യൂമോണിയ തുടങ്ങിയ പകർച്ചവ്യാധികളിൽ നിന്നും രക്താണുക്കൾ ശരീരത്തെ സംരക്ഷിക്കും.

മദ്യം നിർത്തണം എന്ന് സ്വയം തോന്നുന്ന ഒരു സന്ദർഭത്തിൽ ഒരു ഡോക്ടറോട് ഉപദേശം തേടുന്നത് നല്ലതാണ്.

ഓരോരുത്തർക്ക് അനുസരിച്ചുള്ള, ആരോഗ്യാടിസ്ഥാനത്തിലുള്ള ചികിത്സ നൽകാൻ അവർക്ക്‌ മാത്രമേ സാധിക്കൂ. മദ്യത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരാളിൽ 30 ദിവസത്തിനുള്ളിൽ പ്രകടമായ മാറ്റങ്ങൾ കാണാൻ സാധിക്കണമെന്നില്ല.

മദ്യത്തിന്റെ അക്രമത്തിൽ നിന്നും ശരീരത്തെ പുനർനിർമ്മിക്കാൻ പിന്നെയും നാളുകളെടുക്കും. മദ്യ ഉപഭോഗസമയത്ത് ഉടലെടുത്ത പല ദുഃശീലങ്ങളും വിട്ടുപോകാൻ സമയമെടുക്കും.

മദ്യപാനത്തിൽ നിന്ന് വിട്ടു നില്കുന്നതോടെ അയാളിലുള്ള സ്വഭാവ ദൂഷ്യത്തെ അയാൾക്ക് തന്നെ മനസിലാക്കാൻ സാധിക്കും. ഇതിനെ നിയന്ത്രിച്ചു പെരുമാറുക എന്നത് വളരെ പ്രയത്നം വേണ്ട ഒരു കാര്യമാണ്. നല്ല ബന്ധങ്ങൾ നല്ല ശീലങ്ങളും ഉപദേശങ്ങളും നൽകും.

മദ്യപാനം നിർത്തുന്നതിന് ക്ഷമയോടെ പ്രവർത്തിക്കുക. അങ്ങനെയുള്ള ആളുകൾക്ക് താങ്ങാവണം. കാരണം അവർ കടന്നുപോകുന്ന സങ്കീർണമായ അവസ്ഥയിൽ കൂട്ടായി നിൽക്കാൻ മാത്രമേ നമുക്ക് സാധിക്കൂ.

മദ്യപാനം നിർത്തുന്നതുവരെ പൂർണമായി പിന്തുണ നൽകുകയും ക്ഷമ കൈവിടാതെ ഇരിക്കുകയും ചെയ്യുക. തീർച്ചയായും നിങ്ങൾക്ക് ഒരു തിരിച്ചു വരവ് സാധ്യമാണ്.

continue reading.

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

Oct 2, 2022
ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

Sep 21, 2022
ലോകത്തെ മാറ്റിമറിച്ച 20 ശാസ്ത്രജ്ഞൻമാർ

ലോകത്തെ മാറ്റിമറിച്ച 20 ശാസ്ത്രജ്ഞൻമാർ

Oct 9, 2022
ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട 5 കാര്യങ്ങൾ

ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട 5 കാര്യങ്ങൾ

Sep 30, 2022
download katha app