Katha

ആരോഗ്യകരമായ ജീവിതത്തിന് മികച്ച 10 ജീവിത ശൈലി മാറ്റങ്ങൾ

May 21, 2022
ആരോഗ്യകരമായ ജീവിതത്തിന് മികച്ച 10 ജീവിത ശൈലി മാറ്റങ്ങൾ

ഒരു നല്ല ജീവിതം നയിക്കുന്നതിന് നമുക്ക് ആരോഗ്യം മുഖ്യമാണ്. ഈ തിരക്ക് പിടിച്ചുള്ള ജീവിതത്തിൽ ആരോഗ്യം കൃത്യമായി നോക്കി ജീവിക്കുന്നവർ വിരളം. ജീവിത ശൈലി രോഗങ്ങളുടെ ഇടയിൽപെട്ട് മനുഷ്യൻ വീർപ്പുമുട്ടുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യപ്രദമായ ജീവിതം അത്യന്താപേക്ഷിതമാണ്.

നമ്മുടെ ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തന്നെ നല്ല ആരോഗ്യത്തോടെയുള്ള ജീവിതം നമുക്ക് സാധ്യമാകുന്നതാണ്. അത്തരം മികച്ച 10 മാർഗ്ഗങ്ങളാണ് ഇവിടെ ചേർക്കുന്നത്.

1. നന്നായി ഉറങ്ങാം

Sleep schedule

ഒരു നല്ല തുടക്കത്തിനായി നല്ല വിശ്രമം ആവശ്യമാണ്. ഉറക്കം മനുഷ്യൻ്റെ ഏറ്റവും ദീർഘമായ വിശ്രമമാണ്. മനസ്സും ശരീരവും മുഴുവനായി വിശ്രമിക്കുന്ന സമയമാണ് ഉറക്കം. ആ സമയം നമ്മൾ നല്ല രീതിയിൽ ഉറങ്ങിയാൽ തന്നെ കൂടുതൽ രോഗങ്ങളും മാറി നിൽക്കും.

മുതിർന്ന ഒരു മനുഷ്യൻ ഏകദേശം ഏഴ് മുതൽ എട്ട് മണിക്കൂർ വരെ നന്നായി ഉറങ്ങണം എന്നാണ് പഠനങ്ങൾ നിർദേശിക്കുന്നത്. നന്നായി ഉറങ്ങുക എന്നാൽ ഇടതടവില്ലാതെ ഉള്ള ഉറക്കം. മനസ്സിൽ ഒരു ചിന്തയുമില്ലാതെ ദീർഘമായ സുന്ദരമായ ഉറക്കം.

ആ ഉറക്കം സാധ്യമാകണമെങ്കിൽ ഉറങ്ങുന്നതിനു മുൻപത്തെ കാര്യങ്ങളിൽ ചില ക്രമീകരണങ്ങൾ വരുത്തണം. ഉറങ്ങുന്നതിന് ഏകദേശം ഒന്നു മുതൽ രണ്ടു മണിക്കൂർ മുൻപെങ്കിലും രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞിരിക്കണം. ഉറങ്ങുന്ന നേരത്ത് ആമാശയത്തിന് ഭക്ഷണം ദഹിപ്പിക്കാനുള്ള ജോലി കൊടുക്കാതിരിക്കാനാൻ ഇതു തന്നെയാണ് നല്ലത്.

ഉറങ്ങുന്നതിന് മുൻപ് ഉള്ള ടി വി കാണൽ മൊബൈൽഫോൺ ഉപയോഗങ്ങൾ എല്ലാം ഒഴിവാക്കുക. അവയിലെ ദൃശ്യങ്ങളും പ്രകാശകിരണങ്ങളും നമ്മുടെ ഉറക്കത്തെ തടസപ്പെടുത്തും. ഉറങ്ങാൻ നേരത്തുള്ള അന്തരീക്ഷം ശാന്തവും പ്രകാശം കുറഞ്ഞതുമാണെന്ന് ഉറപ്പുവരുത്തുക. നല്ല ഉറക്കം എപ്പോഴും ആരോഗ്യത്തിന് ഒരു മുതൽക്കൂട്ടായിരിക്കും.

2. നേരത്തേ എഴുന്നേൽക്കാം

Wake up early

ജീവിതവിജയം നേടുന്നവരും ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തുന്നവരും ഒരേ പോലെ ചെയ്യുന്ന കാര്യമാണ് നേരത്തെ എഴുന്നേൽക്കുക എന്നത്. കാരണം ഉറക്കം പോലെതന്നെ പ്രധാനമാണ് ഉറക്കമുണരുന്നതും.

ശബ്ദയാനമായ ഒരു അന്തരീക്ഷത്തിലേക്ക് ഉണരുക എന്നത് അത് ദിവസത്തിൻ്റെ തുടക്കം തന്നെ കൈവിട്ടു പോവുക എന്നതുപോലെയാണ്. ഏവർക്കും മുന്നേ രാവിലെ എഴുന്നേൽക്കുന്നതിലൂടെ ആ പ്രശ്നം പരിഹരിക്കപ്പെടുകയാണ്.

നേരത്തെ എഴുന്നേൽക്കുന്നതിലൂടെ നമുക്ക് മാത്രമായി കുറച്ചു സമയം ഉണ്ടാവുകയും ആ സമയത്ത് ചെയ്യുന്ന കാര്യങ്ങളിലൂടെ നമ്മുടെ മാനസികാരോഗ്യത്തെ പരിപാലിക്കാനും നമുക്ക് സാധിക്കും.

3. വ്യായാമം ശീലമാക്കാം

Exercise regularly

കുറെ നാളായി ഓടിക്കാതെ കിടക്കുന്ന ഡീസൽ കാർ അത് കേടാകാതിരിക്കാൻ വേണ്ടി നമ്മൾ ഇടക്കിടക്ക് ഓണാക്കി ഇടാറുണ്ട്. പക്ഷേ നമ്മുടെ ശരീരത്തിൽ പ്രവർത്തനക്ഷമമല്ലാത്ത എത്രയോ മാംസപേശികൾ ഉണ്ടാകും? കുറച്ചു ഭാരം എടുത്തു നോക്കിയാൽ മതിയാകും അതറിയാൻ. അതൊഴിവാക്കാനും ശരീരം മൊത്തമായി പ്രവർത്തന സജ്ജമാക്കാനും വ്യായാമം ആണ് നല്ലത്. വ്യായാമത്തിലൂടെ മാംസപേശികൾക്ക് പുതിയ ഉണർവ് ലഭിക്കുകയും രക്തയോട്ടം സാധാ രീതിയിലാകുകയും ചെയ്യുന്നു. അതുവഴി നമ്മുടെ ആരോഗ്യം മെച്ചപ്പെടുന്നുമുണ്ട്.

വ്യായാമം എന്നത് ജിമ്മിൽ പോകൽ മാത്രമല്ല. ഏതെങ്കിലും കളികളിൽ ഏർപ്പെടുന്നതും ഒരു തരം വ്യായാമം തന്നെയാണ്. കളികളിൽ ഏർപ്പെടുന്നതിലൂടെ വ്യായാമം വിനോദപ്രദവുമായിത്തീരുന്നു.

4. വെള്ളം കുടിക്കാം

Drink water

മനുഷ്യശരീരത്തിൽ ഏകദേശം 60% വെള്ളമാണ്. കരളിൻറെ 83% ഹൃദയത്തിൻ്റെയും മസ്തിഷ്കത്തിൻ്റെയും 73% വെള്ളമാണ്. വെള്ളത്തിൻറെ പ്രാധാന്യം ഇതിൽ കൂടുതൽ പറയേണ്ടതില്ല. ശരീരത്തിൽ ആവശ്യമായ വെള്ളമുണ്ടായാലുള്ള ഗുണങ്ങൾ ഏറെയാണ്. വെള്ളം ശരീരത്തിലെ ഊഷ്മാവ് ക്രമീകരിച്ചു നിർത്തുന്നു. സന്ധികളിൽ ഉള്ള ഘർഷണം കുറയ്ക്കുന്നു.

വെള്ളം കൃത്യമായി കുടിച്ചില്ലെങ്കിൽ നിർജ്ജലീകരണത്തിലേക്ക് നമ്മൾ നമ്മുടെ ശരീരത്തെ തള്ളിവിടുകയാണ്. കിഡ്നിയിൽ കല്ല്, ഓർമ്മക്കുറവ്, മലബന്ധം എന്നീ അവസ്ഥകളിലേക്കും അതു വഴിവെക്കുന്നതാണ്. ഏകദേശം നാല് ലിറ്ററോളം വെള്ളമെങ്കിലും ഒരു ദിവസം ഒരു മനുഷ്യൻ കുടിച്ചിരിക്കണം. ആരോഗ്യമുള്ള ജീവിതത്തിനായി വെള്ളം ധാരാളം കുടിക്കാം.

5. ആഹാരം നല്ലതാക്കാം

Healthy diet

ആഹാരത്തിലൂടെയാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്. ഏത് ആഹാരം എത്ര അളവിൽ കഴിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും ഒരു മനുഷ്യൻ്റെ ആരോഗ്യം. മരുന്ന് കഴിക്കുന്നത് പോലെ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഭക്ഷണം കഴിക്കുന്നത് പോലെ മരുന്ന് കഴിക്കേണ്ടി വരും എന്നാണ് ഡോ. മൈക്കിൾ ഓസെ പറഞ്ഞിരിക്കുന്നത്.

ഫാസ്റ്റ് ഫുഡ് ഒഴിവാക്കുന്നത് ശരീരാരോഗ്യത്തിന് നല്ലതാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. അതുപോലെ തന്നെയാണ് പാക്ക് ചെയ്ത ഭക്ഷണോൽപ്പന്നങ്ങളും. കൊഴുപ്പു നിറഞ്ഞതായ ഭക്ഷണങ്ങളും പഞ്ചസാരയും ഒഴിവാക്കിയാൽ തന്നെ നല്ലൊരു ശതമാനം രോഗങ്ങളും വരാതിരിക്കും എന്ന് പറയപ്പെടുന്നു. പഞ്ചസാര, പോഷകപ്രദമല്ലാത്ത ആഹാരവും പല്ലിനെയും കരളിനെയും ദോഷമായി ബാധിക്കുന്നതുമാണ്.

പഴങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതുതന്നെയാണ് നല്ല ആരോഗ്യമുള്ള ശരീരത്തിനായി നമ്മൾ ചെയ്യേണ്ടത്. അവയിലൊക്കെ ധാരാളം വിറ്റാമിനും ഫൈബറും മറ്റു പോഷകഗുണങ്ങളും അടങ്ങിയിരിക്കുന്നു.

ഏത് ആഹാരം കഴിക്കുന്നു എന്നത് പോലെ പ്രധാനമാണ് അത് എങ്ങനെ കഴിക്കുന്നു എന്നതും. എല്ലാ ഭക്ഷണവും നല്ലവണ്ണം ചവച്ചരച്ചു തന്നെ കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കുകയും അതുവഴി ആരോഗ്യം നല്ലതാക്കുകയും ചെയ്യുന്നു. നല്ല ആഹാരത്തിലൂടെ നമുക്ക് നല്ല ആരോഗ്യം വീണ്ടെടുക്കാം.

6. ശുചിത്വം പാലിക്കാം

Basic hygiene

ശരീരത്തിന് അകത്തേക്ക് പോകുന്ന ആഹാരം എത്രതന്നെ നല്ലതാണെങ്കിലും ശുചിത്വമില്ലാത്ത അവസ്ഥയാണെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. നമ്മൾ ജീവിക്കുന്ന പരിസരവും സ്വന്തം ശരീരവും ശുചിത്ത്വപൂർണമായി വയ്ക്കുക എന്നത് നമ്മുടെ ആരോഗ്യത്തിനു വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാണ്.

കഴിക്കുന്ന സാധനങ്ങൾ വെക്കുന്ന സ്ഥലവും നമ്മൾ ശ്വസിക്കുന്ന ഇടവും വൃത്തിയുള്ളതല്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതാണ്. ഭക്ഷണസാധനങ്ങളും മറ്റും വയ്ക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

സമയാസമയങ്ങളിൽ കൈ കാൽ നഖങ്ങൾ വെട്ടി വൃത്തിയാക്കി വയ്ക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നതൊക്കെ നല്ല ആരോഗ്യത്തിനു വേണ്ടി നമ്മൾ സ്വീകരിക്കേണ്ട കാര്യങ്ങളാണ്. നമ്മൾ ആഹാരം കഴിക്കുന്ന വായ വൃത്തിയായി സൂക്ഷിക്കുക എന്നത് ഹൃദയത്തിൻ്റെ ആരോഗ്യത്തിനു വരെ വളരെ നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. അപ്പോൾ രണ്ടുനേരവും പല്ല് തേക്കണം എന്നത് ആരോഗ്യപരിപാലനത്തിൽ അനിവാര്യമായി വരുന്നു.

7. കുടി കുറയ്ക്കാം, വലി നിർത്താം

Stop drinking

ശരീരാരോഗ്യപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ് മദ്യപാനവും പുകവലിയും. അമിതമായ മദ്യപാനവും പുകവലിയും ആരോഗ്യം ക്ഷയിപ്പിക്കും എന്നത് തീർച്ചതന്നെ. പുകവലി മൂലം ശ്വാസകോശ രോഗങ്ങളും ക്യാൻസർ പോലുള്ള രോഗങ്ങളും വരുന്നതാണ്. ഞരമ്പിലൂടെയുള്ള രക്തത്തിൻ്റെ സ്വാഭാവിക ഒഴുക്ക് പുകവലിമൂലം തടസ്സപ്പെടുന്നതാണ്. എന്തിനേറെ, മരണത്തിനുപോലും കാരണമാകുന്നുണ്ട് പുകവലി എന്ന ശീലം. ആരോഗ്യകരമായ ജീവിതത്തിന് പുകവലി വർജ്ജ്യം തന്നെയാണ്.

പുകവലി പോലെ തന്നെ അമിതമായ മദ്യപാനം ശരീരത്തിന് ദൂഷ്യമായി ഫലം ചെയ്യുന്നുണ്ട്. മദ്യപാനം മൂലം രക്തസമ്മർദം, കരൾരോഗങ്ങൾ, ദഹനമില്ലായ്മ, മാനസിക രോഗങ്ങൾ, ഓർമ്മക്കുറവ് എന്നിവ വരാവുന്നതാണ്. ചെറിയ അളവിലുള്ള മദ്യം ഉള്ളിൽ ചെല്ലുന്നതുകൊണ്ട് കുഴപ്പം ഇല്ലെങ്കിലും അമിതമായ മദ്യപാനം ആരോഗ്യം ക്ഷയിപ്പിക്കും.

പുകവലി നിർത്തുന്നതിലൂടെ മദ്യപാനം കുറയ്ക്കുന്നതിലൂടെ നമുക്ക് നല്ല ആരോഗ്യം നിലനിർത്താം.

8. മാനസിക പിരിമുറുക്കം കുറയ്ക്കാം

Avoid stress

ഇപ്പോൾ ഈ ലോകത്ത് കൂടുതലായി കണ്ടു വരുന്ന കാര്യമാണ് മാനസികപിരിമുറുക്കം. ഡിപ്രഷനും ആങ്സൈറ്റിയും ഇല്ലാത്ത മനുഷ്യരില്ലന്നായി. മനസ്സും ശരീരവും തമ്മിലുള്ള ബന്ധം അനുസരിച്ച് മാനസികമായി ആരോഗ്യം നന്നല്ലെങ്കിൽ ശാരീരികമായി ആരോഗ്യം സാധ്യമല്ല എന്നതാണ് പഠനങ്ങൾ പറയുന്നത്.

മനസ്സും ശരീരവും അത്രത്തോളം ബന്ധപ്പെട്ടുകിടക്കുന്നു. മാനസിക പിരിമുറുക്കം മൂലം ജീവിതത്തിലുള്ള സന്തോഷമാണ് നഷ്ടപ്പെടുന്നത്. ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിയാത്ത അവസ്ഥ വന്നുചേരുകയാണ്. ഈ പിരിമുറുക്കം കുറയ്ക്കാതെ മനുഷ്യന് നല്ല ആരോഗ്യം അസാധ്യമാണ്. പല രീതിയിൽ ഈ പിരിമുറുക്കം കുറയ്ക്കാവുന്നതാണ്. ജീവിതത്തെ കുറച്ചുകൂടി ലാഘവത്തോടെ കാണാൻ ശ്രമിക്കുക. യോഗ, ധ്യാനം പോലുള്ളവ ശീലിക്കുക. ഇഷ്ടമുള്ള പാട്ട് കേൾക്കുക. ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കുക. ഇഷ്ടമുള്ളവരുമായി സമയം ചിലവഴിക്കുക.

ഇതൊക്കെ ചെയ്യുന്നത് വഴി നമുക്ക് മാനസികമായി സന്തോഷം ലഭിക്കുന്നു. ഇതുവഴിയും സന്തോഷം ലഭിക്കുന്നില്ലെങ്കിൽ ഒരു മനശാസ്ത്ര വിദഗ്ധനെ കാണാനും മടിക്കരുത്. സ്വച്ഛമായ മനസ്സിലൂടെ നല്ല ആരോഗ്യം നമുക്ക് സ്വന്തമാക്കാം.

9. ഫോൺ കുറച്ചു മാറ്റി വയ്ക്കാം

Reduce screen time

ഈ കാലഘട്ടം ടെക്നോളജിയുടെ കൈപ്പിടിയിൽ ആണല്ലോ. ഡിജിറ്റൽ ഉപകരണങ്ങളും ടെക്നോളജിയും ഇൻറർനെറ്റും എല്ലാം മനുഷ്യന് സഹായകരമാണ്. പക്ഷേ ഇവയുടെ അമിതമായ ഉപയോഗം ഗുണത്തേക്കാളേറെ ദോഷമാണ് മനുഷ്യന് ചെയ്യുന്നത്.

ഫോൺ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ മൂലം മനുഷ്യൻ്റെ കുറെ സമയം വെറുതെ പാഴാകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഉള്ള അമിതമായ ഇടപെടലും മറ്റും മനുഷ്യമനസ്സുകളെ സാരമായി ബാധിക്കുന്നു. മാനസിക ആരോഗ്യത്തെ ബാധിക്കുന്ന ഇവയൊക്കെ പരോക്ഷമായി ശാരീരികക്ഷമത കുറയ്ക്കുന്നുമുണ്ട്. മടി, തളർച്ച സ്ഥിരമായി വരികയും മനുഷ്യൻ്റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളിലുള്ള സമയക്രമീകരണം മാത്രമാണ് ഇതിൽ നിന്നും രക്ഷ നേടാനുള്ള ഏക പോംവഴി. ആരോഗ്യകരമായ ഒരു ജീവിതം പടുത്തുയർത്താൻ ഫോണിനോടും മറ്റുമുള്ള ആസക്തി കുറയ്ക്കുക എന്നതാണ് നല്ല രീതി.

കുറച്ചു സമയം ഫോണിൽ ചിലവഴിച്ച് മറ്റു സമയങ്ങൾ നമ്മുടെ പ്രധാന കാര്യങ്ങൾക്കായി വിനിയോഗിക്കാം. കൂട്ടുകാരുമൊത്തുള്ള നിമിഷങ്ങളിൽ ഫോണിൻ്റെ ഉപയോഗം കുറയ്ക്കാം. ഫോണിലും സോഷ്യൽ മീഡിയയിലുമായി ചിലവഴിക്കുന്ന സമയം കുറയ്ക്കാൻ ഉപകരിക്കുന്ന ആപ്പുകൾ ഉപയോഗിക്കാം. പ്രകൃതിയിലേക്ക് ഇറങ്ങി നടക്കാം. അതുവഴി മാനസിക ആരോഗ്യവും ശാരീരികാരോഗ്യവും കൈവരിക്കാം.

10. സ്വയം ഇഷ്ടപ്പെടാം, ഇഷ്ടമുള്ളത് ചെയ്യാം

Love yourself

സ്വയം ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് മനുഷ്യൻ്റെ ആത്മവിശ്വാസത്തെ ഉയർത്തുന്നതാണ്. അതുവഴി മാനസികമായി മനുഷ്യൻ വളരുകയും ജീവിതം സുന്ദരമാവുകയും ചെയ്യുന്നു. സ്വയം ഇഷ്ടപ്പെടുമ്പോൾ സ്വന്തമായി ചെയ്യുന്ന കാര്യങ്ങൾ ഇഷ്ടപ്പെടുകയും മറ്റുള്ള മനുഷ്യനെ അംഗീകരിക്കാൻ പഠിക്കുകയും അതുവഴി മാനസികമായി ഉല്ലാസപൂർണ്ണമായ ജീവിത വീക്ഷണവും കൈവരിക്കുന്നു.

മാനസികമായുള്ള ഉയർച്ച തീർച്ചയായും ശാരീരികമായി കൂടുതൽ കാര്യങ്ങൾ ചെയ്യാനും ആരോഗ്യം നിലനിർത്താനും നമുക്ക് സഹായകമാകും. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നത് വഴി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തോന്നുകയും എല്ലാദിവസവും സന്തോഷവാനും ഉന്മേഷവാനുമായി ഇരിക്കാൻ പറ്റുകയും ചെയ്യുന്നു.

ഈ പത്ത് മാറ്റങ്ങൾ നിങ്ങളിലെ ആരോഗ്യത്തെ പുതിയ തലത്തിലേക്ക് എത്തിക്കുന്നതാണ്.

continue reading.

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

Oct 2, 2022
ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

Sep 21, 2022
മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ മികച്ച 10 പുസ്തകങ്ങൾ

മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ മികച്ച 10 പുസ്തകങ്ങൾ

May 25, 2022
download katha app