Katha

എന്താണ് മദ്യപാനം കൊണ്ട്‌ ശരീരത്തിനുണ്ടാകുന്ന ദോഷങ്ങൾ?

Apr 22, 2022
എന്താണ് മദ്യപാനം കൊണ്ട്‌ ശരീരത്തിനുണ്ടാകുന്ന ദോഷങ്ങൾ?

മദ്യത്തിനും മദ്യഉപഭോഗത്തിനും വിതരണത്തിനും മനുഷ്യനോളം തന്നെ പഴക്കമുണ്ട്. സംസ്കാരങ്ങളും ചരിത്രങ്ങളും മാറുന്നതിന് അനുസരിച്ചു അവയുടെ രൂപവും ഭാവവും മാറിക്കൊണ്ടെ ഇരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ട് പ്രകാരം 2.3 ലക്ഷം കോടി ആളുകൾ മദ്യവും അതുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. കൂടാതെ, 237 ദശലക്ഷം പുരുഷന്മാരും 46 ദശലക്ഷം സ്ത്രീകളും അമിത മദ്യപാനത്തിന്റെ ഫലമായി പല മാരകരോഗങ്ങൾക്കും ഇരകളാണ്. മദ്യത്തിന്റെ ജനനം രോഗശമനത്തിനു വേണ്ടിയാണ്. മിതമായ രീതിയിലുള്ള മദ്യ ഉപയോഗം ആരോഗ്യത്തിന് ഗുണകരമാണെന്ന് പല ഗവേഷണങ്ങളും പറയുന്നുണ്ട്. ഹാനികരമല്ലാത്ത മദ്യഉപഭോഗത്തിനായി ഒരു നിശ്ചിത അളവ് തന്നെ അവർ രേഖപ്പെടുത്തിയിട്ടുണ്ട്.

മദ്യപാനം : നിങ്ങളറിയാത്ത പത്തു കാര്യങ്ങൾ

ഹൃദ്രോഗങ്ങൾ, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയ പല മാരകരോഗങ്ങളുടെയും അപകടസാധ്യതക്ക് കടിഞ്ഞാണിടാൻ ഈ അളവിലുള്ള മദ്യ ഉപയോഗം നല്ലതാണെന്നാണ് കണ്ടെത്തൽ. ഈ വാദം ഉയർത്തിപ്പിടിച്ചു ഒരുപാട് മദ്യപാനികൾ രംഗത്തെത്തിയിട്ടുണ്ട് എന്നത് മറ്റൊരു ആഭാസം. ഒരു അളവിനപ്പുറം ശരീരത്തിൽ എത്തുന്നത് എന്തും അപകടം തന്നെ. മദ്യത്തിന്റെ കാര്യവും മറിച്ചല്ല.അമിത മദ്യപാനം നല്ല ആരോഗ്യശീലത്തിന്റെ ഭാഗമല്ല. ഒരു വ്യക്തിയുടെ ആരോഗ്യനില, ജനിതക ഘടകങ്ങൾ, ലിംഗം ഇവയെല്ലാം തന്നെ അയാൾക്ക് വഹിക്കാൻ കഴിയുന്ന മദ്യത്തിന്റെ അളവിനെ നിർണയിക്കും. മദ്യപാനി കടന്ന് പോകുന്ന പല ഘട്ടങ്ങൾ, അയാളിൽ തന്നെ ഉണ്ടാക്കുന്ന മാറ്റങ്ങൾ വലുതാണ്. തലച്ചോറിലെ നാഡി- ഞരമ്പുകളെ അവ സാരമായി ബാധിക്കുന്നുണ്ട്. മദ്യ ഉപഭോക്താവ് സാമൂഹിക- മാനസിക- ശാരീരിക അസ്വസ്ഥതകൾ നേരിടുന്നു എന്നത് ഒരു സത്യമാണെങ്കിൽ ഉപയോഗിക്കുന്നവനേക്കാൾ കൂടുതൽ അയാളുടെ ചുറ്റുമുള്ള മനുഷ്യർക്കാണ് അത്‌ ദോഷം ചെയ്യുന്നത്. നിരവധി ക്രമസമാധാന പ്രശ്നങ്ങൾക്കും വാഹനാപകടങ്ങൾക്കും കുടുംബ പ്രശ്നങ്ങൾക്കും അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കുമെല്ലാം ഒരു പരിധി വരെ മദ്യപാനം തന്നെയാണ് കാരണം. തലച്ചോറിനെ മദ്യം സാരമായി ബാധിക്കുന്നതിനാൽ മങ്ങിയ കാഴ്ച, വിറയൽ, നടക്കാനുള്ള പ്രയാസം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുന്നു. അമിത മദ്യപാനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മന്ദത, മദ്യ വിഷബാധ, തലച്ചോറിനുണ്ടാകുന്ന തകരാറുകൾ ഇവയെല്ലാം പലയിടങ്ങളിൽ നിന്നായി നാം നിത്യവും കേൾക്കുന്നതും കാണുന്നതുമായ കാര്യങ്ങളാണ്. പക്ഷെ, നിങ്ങളറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്.

1. അപകടകാരികളായ രാസഘടകങ്ങൾ

മദ്യത്തിന്റെ ദൂഷ്യഫലങ്ങളിൽ ഒന്നാമൻ വിട്ടുമാറാത്ത മന്ദത തന്നെയാണ്. മദ്യത്തിന് അതിന്റെ സവിശേഷതകൾ നൽകുന്ന ചില രാസപദാർത്ഥങ്ങൾ ആണ് ഇതിന് കാരണം. മദ്യനിർമാണ സമയത്തു സ്വയം ഉത്ഭവിക്കുന്നവയാണ് ഈ ഘടകങ്ങൾ. കടുത്ത നിറത്തിലുള്ള വൈൻ, ബ്രാണ്ടി തുടങ്ങിയ പാനീയങ്ങളിലാണ് ഇവ വലിയ തോതിൽ കാണപ്പെടുന്നത്. ഈ രാസപദാർത്ഥങ്ങൾ ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ രക്തക്കുഴലുകളിലും കോശങ്ങളിലും അസ്വസ്‌ഥതകൾ ഉണ്ടാകും. ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ ഇവ സാരമായി ബാധിക്കുന്നു. സംസാരം, നടത്തം എല്ലാം മന്ദഗതിയിലാകുന്നു.

2. ഉറക്ക തടസ്സം

Sleeplessness

ജോലി, പഠനം തുടങ്ങിയ പല സമ്മർദ്ദങ്ങളിൽ നിന്നും രക്ഷപ്പെടാൻ പലരും ദിവസേന മദ്യം കഴിക്കുന്നുണ്ട്. മദ്യം ശരീരത്തിൽ എത്തുന്ന സമയം തൊട്ട് ഒരു വ്യക്തിക്ക് കാര്യമായ തോതിൽ തന്നെ ക്ഷീണം അനുഭവപ്പെടുന്നു. ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു. പെട്ടെന്നുള്ള ഒരു മയക്കം സാധ്യമാണെങ്കിലും തുടർച്ചയായ ഗുണനിലവാരമുള്ള ഉറക്കം അവർക്കു ലഭിക്കുന്നില്ല. അവരറിയാതെ തന്നെ ഉറക്കത്തിൽ ഉണർന്നിരിക്കുകയും അസ്വസ്ഥതകൾ കാണിക്കുകയും ചെയ്യും. സ്ഥിരമായ ദു:സ്വപ്‌നങ്ങൾ ഇത്തരക്കാരെ അലട്ടികൊണ്ടേ ഇരിക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

3. അലർജി, ആസ്ത്മ

മദ്യം ചിലപ്പോൾ അലർജി, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകാറുണ്ട്. യഥാർത്ഥത്തിൽ മദ്യത്തിൽ അടങ്ങിയിട്ടുള്ള സൾഫൈറ്റ് എന്ന പദാർത്ഥമാണ് ഇതിനു കാരണം. ചിലരിലെ മദ്യപാനം ശാരീരികാസ്വാസ്ഥ്യങ്ങൾക് കാരണമാകുന്നത് ഇതുകൊണ്ടാണ്. ആസ്ത്മ ഉള്ളവർക്കു അത്‌ കൂടുകയും ചെയ്യുന്നു. അവർ മദ്യപാനത്തിൽ നിന്നും പൂർണമായി വിട്ടുനിൽക്കുക എന്നുള്ളത് മാത്രമാണ് ഒരേയൊരു വഴി.

4. പ്രതിരോധശേഷി നഷ്ടപ്പെടൽ

അമിതമദ്യപാനം രോഗപ്രതിരോധശേഷിക്ക് ഭീഷണിയാകുന്നു. ക്ഷയം, ന്യൂമോണിയ തുടങ്ങിയ പകർച്ചവ്യാധികൾക്ക് പെട്ടെന്ന് വഴി ഒരുക്കുന്നു. മനുഷ്യശരീരത്തിലെ ശ്വേതരക്താണുക്കളുടെയും അരുണരക്താണുക്കളുടെയും ഉത്പാദനത്തിൽ മദ്യം വൻ തോതിൽ മാറ്റങ്ങളുണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മദ്യപാനം ശ്വേതരക്താണുക്കളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നതിന്റെ ഫലമായി അവയുടെ എണ്ണത്തിൽ വൻ കുറവ് സംഭവിക്കുന്നു. ഇത് ശരീരത്തിന്റെ പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്നു.

5. ഉത്കണ്ഠ

Anxiety

ശരീരത്തിൽ മദ്യത്തിന്റെ പ്രവർത്തനം പ്രവചനാതീതമാണ്. ഉത്കണ്ഠ വർധിക്കാനും മദ്യപാനം കാരണമാകുന്നുണ്ട്. യഥാർത്ഥത്തിൽ മദ്യപിക്കുന്നവന്റെ ഉദ്ദേശം ഉത്കണ്ഠയിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമാണെങ്കിലും സംഭവിക്കുന്നത് മറിച്ചാണ്. ഉത്കണ്ഠ അധികരിക്കാനാണ് മദ്യം കാരണമാകുന്നത്.

6. അർബുദം

അമിത മദ്യപാനം പല തരത്തിലുള്ള ക്യാൻസറിന് കാരണമാകുന്നുണ്ട് എന്ന് പലർക്കും അറിയാവുന്ന കാര്യം തന്നെയാണ്. പക്ഷെ മദ്യം ഏതു അളവിൽ ചെന്നാലും അർബുദത്തിന് കാരണമാകുന്നുണ്ടെന്ന് ഈ അടുത്ത കാലത്തു വർഷങ്ങളെടുത്തു നടത്തിയ ഒരു ആഗോളപഠനം വ്യക്തമാക്കുന്നു. സാധാരണ അർബുദങ്ങൾ മാത്രമല്ല, കരൾ, സ്തനം, അന്നനാളം, ആമാശയം, നെഞ്ച് തുടങ്ങിയ അവയവങ്ങളിലാണ് മദ്യപാനം കാരണമായുണ്ടാകുന്ന അർബുദം പിടിപെടുന്നത്.

7. ദഹനശേഷി നഷ്ടപ്പെടൽ

മദ്യത്തിന് ദഹനശേഷി കുറവാണ്. മദ്യം സ്വയം ദഹിക്കുന്നില്ല എന്ന് മാത്രമല്ല മറ്റു ഭക്ഷണപദാർത്ഥങ്ങളുടെ ദഹനവും തടസ്സപ്പെടുത്തുന്നു. ആമാശയത്തിലെത്തുന്ന മദ്യം രക്തത്തിൽ നേരിട്ട് കലരുകയാണ് ചെയുന്നത്. ഇങ്ങനെ രക്തത്തിൽ ചേരുന്ന മദ്യത്തിന്റെ അളവ് ഒരാളുടെ പ്രായം, തൂക്കം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. മദ്യം കാരണം ആമാശയം ഉല്പാദിപ്പിക്കുന്ന അമ്ലതയുടെ അളവ് കൂടുന്നു.ആമാശയത്തിന്റെ പാളികളെ അവ നശിപ്പിക്കുന്നു. ഇതിന്റെ ഫലമായി ആമാശയവീക്കം ഉണ്ടാകുന്നു. മാത്രമല്ല മറ്റു ചിലപ്പോൾ ആമാശയത്തിനുള്ളിൽ രക്തസ്രാവത്തിനും കാരണമാകാറുണ്ട്.

8. ഓർമ്മശക്തിയെ ബാധിക്കുന്നു

Memory loss

എല്ലാ സങ്കടങ്ങളിൽ നിന്നും മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മദ്യം മോചനം നൽകുന്നു എന്ന വ്യാഖ്യാനം യാഥാർഥ്യത്തിൽ തിരുത്തി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മദ്യം മറവി ഉണ്ടാക്കുന്നുണ്ട്. പക്ഷെ ആ മറവി താൽക്കാലികം മാത്രമാണ്. മുൻപുള്ള കാര്യങ്ങളെ അല്ല യഥാർത്ഥത്തിൽ മദ്യപാനി മറക്കുന്നത്. മദ്യം ശരീരത്തിൽ എത്തുന്നതോടെയുള്ള കാര്യങ്ങളാണ് മറന്ന് പോകുന്നത്. പിറ്റേ ദിവസം എഴുന്നേൽക്കുന്നതോടെ തലേന്ന് മദ്യപിച്ചതിന് ശേഷമുള്ള കാര്യങ്ങളാണല്ലോ ഒരു മദ്യപാനി മറന്ന് പോകുന്നത്. അതല്ലാതെ അതിന് മുൻപ് സംഭവിച്ച കാര്യങ്ങളല്ല. അതിനർത്ഥം സാധാരണ ജീവിതത്തിലെ സംഭവങ്ങളെ അയാൾക്ക് മറക്കാൻ സാധിക്കുന്നില്ല എന്നാണ്. ഓർമകളിൽ നിന്നുള്ള താത്കാലികമായ ഒരു ആശ്വാസം മാത്രമാണ് മദ്യപാനിക്ക് ലഭിക്കുന്നത്.

9. അമിതമായ തണുപ്പ് അനുഭവപ്പെടുക

മദ്യം ശരീരത്തിലെ ചെറിയ നാഡി ഞരമ്പുകളെ അപകടമായ രീതിയിൽ ബാധിക്കുന്നുണ്ട്. ചർമത്തിനടിയിലെ ചെറിയ രക്തക്കുഴലുകളെ പോലും അമിതമായ രീതിയിൽ വികസിപ്പിക്കാനുള്ള കഴിവ് അവയ്ക്കുണ്ട്. മദ്യം കഴിക്കുന്നതോടെ ചൂട് അനുഭവപ്പെടാനുള്ള പ്രധാന കാരണം ഇതുപോലെ ഞരമ്പുകൾ വികസിക്കുമ്പോൾ കൂടിയ രീതിയിൽ രക്തം ശരീരപ്രതലത്തിലേക്ക് സഞ്ചരിക്കുന്നതാണ്. ഇങ്ങനെ സംഭവിക്കുന്നതോടെ ശരീരത്തിന്റെ ഉള്ളിലുള്ള താപനില കുറയുന്നു. പുറമെ ചൂട് ആണെങ്കിലും ശരീരത്തിന്റെ ഉള്ളിൽ തണുപ്പ് അയാൾക്കു അനുഭവപ്പെടുന്നുണ്ട് എന്നതാണ് വസ്തുത.

10. ഭക്ഷണകൊതി

അമിതമായ കൊഴുപ്പ്, ഉപ്പ് എല്ലാം അടങ്ങിയ ഭക്ഷണങ്ങളോട് (ജങ്ക് ഫുഡ്) ഇത്തരക്കാർ ആസക്തി കാണിക്കുന്നു. അനാരോഗ്യകരമായ ഒരു ശീലമാണിത്. മദ്യം ശരീരത്തിലെ നിർജ്ജലീകരണത്തിന് കാരണമാകുന്നു. ഇതിന്റെ ഫലമായി ദാഹം അനുഭവപ്പെടുന്നു. ഉപ്പു കൂടിയ ഭക്ഷണം കഴിക്കുന്നതോടെ ശരീരം പൂർവ്വാവസ്ഥയിൽ എത്തുന്നു. നഷ്ടപ്പെട്ട പോഷകങ്ങളെ ഒറ്റ ഇരുപ്പിൽ അകത്താക്കാൻ ശ്രമിക്കുന്നത് ആപത്താണ്. അമിതമായി ഭക്ഷണം കഴിക്കുന്നതോടെ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കിടക്കുന്നു. രക്തക്കുഴലുകളുടെ സ്വാഭാവിക പ്രവർത്തനങ്ങളെ ബാധിക്കുന്നു. മറ്റൊരു കാരണമായി പഠനങ്ങൾ പറയുന്നത് തലച്ചോറിലെ കോശങ്ങൾ അനാവശ്യമായി പ്രവർത്തിക്കുന്നതു കാരണം അമിതമായ വിശപ്പ് അനുഭവപ്പെടുന്നുണ്ട് എന്നാണ്.

മദ്യപാനം എങ്ങനെ നിയന്ത്രിക്കാം?

How to control alcohol consumption

മദ്യപാനം നിയന്ത്രണത്തിൽ വരുത്തുക എന്നത് പെട്ടെന്ന് സാധ്യമാകുന്ന ഒന്നല്ല. ഓരോ വ്യക്തികളിലും മദ്യം ഉണ്ടാക്കുന്ന ആഘാതത്തിന്റെ അളവ് വ്യത്യസ്തമാണ്. അതിനാൽ മദ്യത്തിൽ നിന്നുള്ള മോചനത്തിന് പല വഴികൾ സ്വീകരിക്കേണ്ട അവസ്ഥയാണ്. മദ്യ ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ എങ്ങനെയൊക്കെയാണ് ആ വ്യക്തിയിൽ കാണുന്നതെന്ന് മനസിലാക്കി വേണം പ്രതിവിധി ചെയ്തു തുടങ്ങാൻ. നിങ്ങൾക്കു സ്വയം നിയന്ത്രിക്കാൻ പറ്റാത്ത കുടി ഉണ്ടെങ്കിൽ ഒരു വിട്ടുനില്‍ക്കലിന്, മാറ്റത്തിന് സമയമായി എന്ന് തന്നെ വേണം മനസിലാക്കാൻ. ഒരു നിമിഷത്തെ തോന്നലുകൊണ്ട് മദ്യത്തിൽ നിന്നും പൂർണമോചനം സാധ്യമാകണമെന്നില്ല. ചിലർക്ക് കൗൺസിലിങ്, കുടുംബത്തിന്റെ പൂർണപിന്തുണ എല്ലാം ആവശ്യമായി വരും.

  • ഒരു ഡോക്‌ടറുടെ മേൽനോട്ടത്തിൽ കടുത്ത മദ്യപാനം നിശ്ചിത അളവിലേക്ക് മാറ്റാൻ സാധിക്കുന്നതാണ്. കൃത്യമായി അത്‌ പാലിക്കുക എന്നത്‌ നമ്മുടെ ആവശ്യവും ഉത്തരവാദിത്തവുമാണെന്ന ബോധം ഉണ്ടായിരിക്കുക. പെട്ടെന്നു നിർത്താൻ സാധിക്കാത്തവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം നിശ്ചിത അളവിലുള്ള, നിശ്ചിത സാന്ദ്രതയിലുള്ള മദ്യം വാങ്ങി കഴിക്കാൻ ശ്രദ്ധിക്കുക.

  • കുറഞ്ഞ രീതിയിൽ ആൽക്കഹോൾ അടങ്ങിയിട്ടുള്ള ബിയർ, വൈൻ പോലുള്ളവയിലേക്ക് പതുക്കെ ചേക്കാറാൻ ശ്രദ്ധിക്കുക. അളവിൽ അധികം ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

  • കൂടെയുള്ള ചങ്ങാതിമാർ അല്ലെങ്കിൽ മറ്റാരെങ്കിലും നിങ്ങളിലെ മദ്യപാന ശീലത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിൽ മദ്യപാനം നിർത്താൻ തുടങ്ങുന്ന ആദ്യത്തെ ഒരു മാസമെങ്കിലും അവരിൽ നിന്ന് അകലം പാലിക്കാൻ ശ്രദ്ധിക്കണം. നല്ല രീതിയിലുള്ള പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കുക. പിന്നീട് അത്‌ വളരേ നല്ല രീതിയിൽ ഉപകാരപ്പെടും.

  • സ്വയം യാത്ര ചെയ്ത് വീട്ടിൽ പോവാതിരിക്കുക. കാരണം ഒറ്റയ്ക്ക് ആകുമ്പോൾ മദ്യം കഴിക്കണം എന്ന ചിന്ത ഉടലെടുക്കും. മറ്റൊരാൾ കൂടെ ഉണ്ടാകുമ്പോൾ അതിനുള്ള പ്രേരണ കുറഞ്ഞു വരും. ടാക്സി, ബസ് പോലുള്ള പൊതുവാഹനങ്ങളിൽ സഞ്ചരിക്കുന്നതും ഇതിനൊരു ആയാസം നൽകാൻ സാധ്യത ഉണ്ട്.

  • നല്ല ആരോഗ്യശീലങ്ങൾ ഉണ്ടാക്കിയെടുക്കുക. നടത്തം, വ്യായാമം, യോഗ എല്ലാം ശീലമാക്കുക. ഒരുപാട് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ശരീരത്തിന്റെ ആരോഗ്യമുള്ള അവസ്ഥ നമ്മുടെ മനസ്സിനെയും ബാധിക്കാൻ തുടങ്ങും. പതിയെ നമ്മുടെ ഉത്കണ്ഠ, സമ്മർദ്ദം എല്ലാം നിയന്ത്രണത്തിൽ എത്തും. നല്ല ആരോഗ്യമുള്ള വ്യക്തിക്ക് മദ്യത്തെ ആശ്രയിക്കേണ്ടി വരുന്നില്ല.

  • വീട്ടിലോ ജോലിസ്ഥലത്തോ മദ്യം സൂക്ഷിക്കാതിരിക്കുക. ഒരു പരിധി വരെ ഇതിലൂടെ മദ്യപാനം നിയന്ത്രിക്കാം.

  • ഇഷ്ടപ്പെട്ട വിനോദങ്ങളിലോ, പ്രവർത്തനങ്ങളിലോ സമയം ചിലവഴിക്കുക. ചിലപ്പോൾ പുറത്തു പോയി ഭക്ഷണം കഴിക്കുന്നതാവാം, അല്ലെങ്കിൽ ഏതെങ്കിലും വിനോദമാവാം, ചിത്രം വരയ്ക്കലാവാം, സംഗീതമാകാം. നമ്മെ നാം ആക്കുന്ന ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്ത്കൊണ്ടിരിക്കുക. നമ്മുടെ മാനസിക ആരോഗ്യമാണ് മറ്റെന്തിനേക്കാളും പ്രധാനം.

പ്രധാനമായും മനസ്സിനേയും ശരീരത്തിനെയും നിയന്ത്രിക്കുന്ന ഘടകം നാം തന്നെയാണ്. ഉറച്ച തീരുമാനങ്ങൾ എടുക്കാൻ നമുക്ക് പറ്റണം. മദ്യം നമ്മളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് സ്വയം അറിഞ്ഞിരുന്നാൽ മാത്രമേ നല്ലൊരു മാറ്റത്തിന് സാധ്യമാകൂ. വരുന്ന തലമുറയെങ്കിലും മദ്യാസക്തിയിൽ നിന്നും പൂർണ മോചിതരാവാൻ നാം ശ്രദ്ധിക്കണം. മദ്യപാനം കാരണം സമൂഹത്തിനും വ്യക്തികൾക്കും ഉണ്ടാകുന്ന നഷ്ടങ്ങളെ പറ്റി അവരെ ബോധവത്കരിക്കണം. പരസ്പരം സംസാരിക്കാനും പ്രശ്നങ്ങൾ പങ്കുവെക്കാനും വേദി ഉണ്ടാക്കിയെടുക്കുക. തീർച്ചയായും മദ്യത്തെയും അതുമായി ബന്ധപ്പെട്ട ലഹരി വസ്തുക്കളെയും പൂർണമായി തുടച്ചു മാറ്റാൻ നമുക്ക് സാധിക്കും.

continue reading.

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

Oct 2, 2022
ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

Sep 21, 2022
മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ മികച്ച 10 പുസ്തകങ്ങൾ

മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ മികച്ച 10 പുസ്തകങ്ങൾ

May 25, 2022
download katha app