Katha

നേരത്തെയുള്ള റിട്ടയര്‍മെന്‍റ് എങ്ങനെ പ്ലാന്‍ ചെയ്യാം?

Apr 30, 2022
നേരത്തെയുള്ള റിട്ടയര്‍മെന്‍റ് എങ്ങനെ പ്ലാന്‍ ചെയ്യാം?

റിട്ടയര്‍മെന്‍റ്. ജോലിയില്‍ നിന്നും വിരമിക്കല്‍. 60 വയസ്സ് വരെ സര്‍ക്കാര്‍ ജോലി ചെയ്ത് ശിഷ്ട ജീവിതം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ വേണ്ടി ജോലിയില്‍ നിന്നും വിരമിക്കുന്നു. ഇതായിരുന്നു കുറച്ചു നാള്‍ മുന്‍പ് വരെ വിരമിക്കല്‍ എന്ന വാക്ക് കേട്ടാല്‍ മനസ്സിലേക്ക് ഓടിവരുന്നത്. എന്നാല്‍ ഇന്ന് കാലം മാറി. എല്ലാ നാളും ജോലി ചെയ്ത് ജീവിക്കണം എന്ന നിര്‍ബന്ധം ഇല്ലാത്ത പുതിയ തലമുറയാണ് ഇന്ന്. ഇപ്പോള്‍ 60 വയസ്സുവരെയൊന്നും കാത്തു നില്‍ക്കാതെ നേരത്തെ തന്നെ ചെയ്യുന്ന ജോലിയോട് വിടപറയുന്ന പ്രവണതയുണ്ട്. പലര്‍ക്കും പല കാരണങ്ങള്‍ ആകാം. ജീവിതാവസാനം വരെ മറ്റൊരാളുടെ കീഴില്‍ പണിയെടുത്ത് കഴിയണ്ട എന്ന തീരുമാനം ആകാം, ചിലപ്പോള്‍ തങ്ങളുടെ പാഷന്‍ അനുസരിച്ച് മറ്റൊരു രീതിയില്‍ ജീവിക്കാനുമാകാം. വിരമിക്കല്‍ എന്ന കാര്യം എപ്പോഴും ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. നേരത്തെയുള്ള വിരമിക്കല്‍ കൂടുതല്‍ അച്ചടക്കത്തോടെയും ശ്രദ്ധയോടെയും ചെയ്യേണ്ടതാണ്. അതിന് എന്തൊക്കെ ശ്രദ്ധിക്കാം എന്നു നമുക്ക് നോക്കാം.

1. നേരത്തെ തുടങ്ങാം

Start saving early

ഒരു ജോലിയില്‍ നിന്നു എപ്പോള്‍ വിരമിക്കണം എന്നത് തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനുള്ള ആസൂത്രണം അപ്പോള്‍ തന്നെ തുടങ്ങുക എന്നതാണു ഉചിതമായ കാര്യം. ചിലപ്പോള്‍ അത് വരുമാനം കിട്ടി തുടങ്ങിയ ആദ്യ നാളുകളില്‍തന്നെയാകാം. വാര്‍ദ്ധക്ക്യ കാലത്ത് വിരമിക്കുന്നവരെക്കാള്‍ അപകട സാധ്യത കൂടുതലാണ് നേരത്തെ വിരമിക്കല്‍ ചിന്തിക്കുന്നവര്‍ക്ക്. അതുകൊണ്ടുതന്നെ, പാഴാക്കുന്ന ഓരോ വര്‍ഷവും വിരമിക്കുന്ന സമയത്തുള്ള ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കും. ആസൂത്രണത്തിലെ ആദ്യ പടി, വിരമിച്ചു കഴിയുന്ന സമയത്ത് എത്രത്തോളം ചിലവുകള്‍ ഉണ്ടാകും എന്നാ ധാരണ വേണം. വിരമിച്ചു കഴിഞ്ഞുള്ള ഓരോ മാസവും ഭക്ഷണത്തിനും, താമസത്തിനും, വസ്ത്രത്തിനും, ഇന്‍ഷുറന്‍സിനും, യാത്രകള്‍ക്കും ഒക്കെ എത്രയാകുമെന്ന ധാരണയാണ് വേണ്ടത്. അപ്പോള്‍ കടങ്ങളുണ്ടെങ്കില്‍ അതും ഈ ചിലവുകളില്‍ ഉള്‍ക്കൊള്ളിക്കണം. ഇത് കൂടാതെ, മാനസ്സികോല്ലാസത്തിനും, പൂര്‍ത്തികരിക്കേണ്ട ആഗ്രഹങ്ങള്‍ക്ക് വരുന്ന ചിലവുകളും കണക്കുകൂട്ടി വയ്ക്കണം. നാണയപ്പെരുപ്പവും ഭാവിയിലുള്ള ഉത്തരവാദിത്തങ്ങളും നേരത്തെ കണക്കുകൂട്ടാന്‍ പറ്റില്ലെങ്കിലും ഒരു ഏകദേശ ധാരണ വയ്ക്കുന്നതാണ് ഉത്തമം.

2. മിതവിനിയോഗം ശീലമാക്കാം

Practice frugality

വിരമിക്കുന്ന സമയത്ത് സമ്പാദ്യമായി കയ്യില്‍ പണം വേണമെങ്കില്‍, ഇപ്പോള്‍ മുതല്‍ പണത്തിന്റെ വിനിയോഗം മിതമാക്കി നിര്‍ത്താം. സേവിങ്സ് എന്നത് എപ്പോഴും ഒരു മുതല്‍ക്കൂട്ടാണ്. മിച്ചം പിടിക്കുന്ന ഓരോ രൂപയും സമ്പാദ്യമാണ്. അത് കൊണ്ട് ഓരോ രൂപയും മിച്ചം വച്ച് വേണം വിരമിക്കലിനെക്കുറിച്ച് ആലോചിക്കാന്‍. കുറച്ചു ചിലവഴിച്ച് കൂടുതല്‍ സമ്പാദിക്കാൻ നോക്കാം. അങ്ങനെ ചെയ്തു ശീലിച്ചാല്‍ വിരമിക്കല്‍ നേരത്തെയാകാം. നമ്മുടെ ജീവിതത്തില്‍ നിസാരമെന്ന് തോന്നുന്ന കാര്യങ്ങളില്‍ തന്നെ മിതത്വം പാലിച്ചാല്‍ നമുക്ക് ആ ലക്ഷ്യത്തില്‍ എത്താവുന്നതേയുള്ളൂ. പലപ്പോഴും ഓഫീസിലേക്കും മറ്റുമുള്ള യാത്രകള്‍ക്ക് പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. സ്വന്തം വാഹനത്തില്‍ തന്നെ യാത്ര ചെയ്യണം എന്ന നിര്‍ബന്ധം കാരണം പലരും ലോണ്‍ ഒക്കെ എടുത്ത് വാഹനം വാങ്ങുകയും, അതിനും അതിന്റെ പരിചരണത്തിനുമായി ശമ്പളത്തിന്റെ ഏറിയ പങ്കും മാറ്റി വയ്ക്കേണ്ടി വരികയും ചെയ്യുന്നു. പട്ടണങ്ങളില്‍ ഷെയറിങ് ക്യാബുകളും മറ്റും ഉപയോഗിക്കുന്നതിലൂടെ പണം മിച്ചം പിടിക്കാന്‍ പറ്റും. ചിലപ്പോള്‍ നിസ്സാരമെന്ന് തോന്നുന്നെങ്കിലും, പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും, അതുവഴി പണം ലാഭിക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം. ആവശ്യ സാധനങ്ങള്‍ മാത്രം വാങ്ങുക എന്നതും നല്ല ശീലം തന്നെയാണ്. അനാവശ്യ ചിലവുകള്‍ ഒഴിവാക്കി സമ്പാദ്യത്തിലേക്ക് മാറ്റിവയ്ക്കാം. ബാങ്കുകളും മറ്റും ഇപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും പെട്ടെന്നു തന്നെ ലോണ്‍ തരപ്പെടുത്തി തരുന്നുണ്ട്. പല സാധനങ്ങളും തവണ വ്യവസ്ഥയില്‍ വാങ്ങാവുന്നതും ആണ്. പക്ഷേ, ഇത്തരം വലയില്‍ വീണാല്‍ ജീവിതം മുഴുവന്‍ തവണകള്‍ അടച്ചു തീരുകയും വിരമിക്കലിന് ശേഷമുള്ള സമ്പാദ്യം ഒന്നുമില്ലാതെ വരികയും ചെയ്യുന്നു. ജീവിതം ഒരു ബഡ്ജറ്റിൽ ജീവിക്കാന്‍ ശ്രമിക്കാം. വരവുചിലവ് കണക്കുകള്‍ നോക്കാനൊക്കെ സഹായകരമായ മൊബൈല്‍ ആപ്പുകള്‍ വരെ ഇപ്പോള്‍ സുലഭമാണ്.

3. നിക്ഷേപം തുടങ്ങാം

Start investing

വിദ്യാഭ്യാസ കാലം മുതല്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ട ഒരു കാര്യമാണ് നിക്ഷേപം. എല്ലാവര്‍ക്കും ജോലി ചെയ്യാനും ശമ്പളം വാങ്ങാനും അറിയാം. പക്ഷേ നാളേക്ക് വേണ്ടി നിക്ഷേപിക്കാന്‍ ശീലിക്കുന്നില്ല. നേരത്തേയുള്ള വിരമിക്കല്‍ പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ നിക്ഷേപ സാധ്യതകളെക്കുറിച്ചും നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. സേവിങ്സിന് ഒപ്പം തന്നെ നിക്ഷേപം എന്നതും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് നല്ലത്. ജീവിതത്തില്‍ നേരത്തെ തന്നെ നിക്ഷേപം നടത്തിത്തുടങ്ങുന്നതാണ് നല്ലത്. കാരണം കൂടുതല്‍ കാലം നിക്ഷേപം കിടക്കും തോറും കൂട്ടുപലിശയുടെ ഗുണം കൂടുതല്‍ കിട്ടുന്നതാണ്. അതേ സമയം, എവിടെ നിക്ഷേപിക്കണം എന്നതും മുഖ്യമാണ്. ഓഹരിയില്‍ നിക്ഷേപിക്കലാണ് ഇപ്പോഴത്തെ ഒരു പ്രവണതയും കൂടുതല്‍ ലാഭകരവും. പല കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടുകയോ മൂച്വല്‍ ഫണ്ട്സുകളില്‍ നിക്ഷേപിക്കുകയോ വഴി അത് സാധ്യമാക്കാം. എപ്പോഴും വളരെ അച്ചടക്കത്തോടെയും ദീര്‍ഘകാലത്തേക്കും വേണ്ടി ചെയ്യണ്ടതാണ് ഓഹരി നിക്ഷേപങ്ങള്‍. അത്തരത്തില്‍ നോക്കുമ്പോള്‍ സിസ്റ്റെമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാനുകള്‍(എസ്.ഐ.പി) ആണ് കൂടുതല്‍ നല്ലതെന്നു പറയേണ്ടിവരും. കാരണം എസ്.ഐ.പികളിലൂടെ പണം സമ്പാദിക്കുകയും കൂടാതെ പണം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. എത്ര ചെറിയ തുകയിലും നിക്ഷേപം ആരംഭിക്കാം എന്നതാണു ഇതിന്റെ പ്രത്യേകത. ഇതിന്റെ ആനുകൂല്യം മുഴുവനായി ലഭിക്കണമെങ്കില്‍ കൃത്യമായ തവണകളില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കണം എന്നുമാത്രം. എസ്.ഐ.പിയുടെ സ്വഭാവം ഒരു റെക്കറിങ് ഡെപ്പോസിറ്റിന് സമാനമാണെങ്കിലും അതിനേക്കാള്‍ ലാഭകരമാണ് എന്നാതാണ് എസ്.ഐ.പിയെ ജനപ്രിയമാക്കുന്നത്. എത്രയും നേരത്തേ തുടങ്ങുകയാണെങ്കില്‍ അത്രയും കൂടുതല്‍ ഫലം ഇതില്‍ നിന്നും ലഭിക്കുന്നതാണ്. വിരമിക്കുന്ന സമയത്ത് ഇതൊരു മുതല്‍ക്കൂട്ടായിരിക്കും. സമ്പാദിക്കുന്ന സമയത്ത് കൂടുതല്‍ പണം ലഭിക്കുമ്പോള്‍ എസ്.ഐ.പിയില്‍ നിക്ഷേപിക്കുന്ന അളവും കൂട്ടുവാന്‍ ശ്രമിക്കുക. ഇത്തരം നിക്ഷേപങ്ങളുടെ ചിന്തകള്‍ വിരമിക്കുന്ന കാര്യത്തെ കുറിച്ചുള്ള ചിന്തകളില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതാണ്.

4. ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാം.

Health insurance

ആരോഗ്യപരിപാലനവും ചികില്‍സാ ചിലവുകളും കൂടിവരുന്ന ഈ കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് എന്നത് എന്തുകൊണ്ടും ഗുണം ചെയ്യുന്നതാണ്. ജോലി ചെയ്യുന്ന കമ്പനി വക ഇന്‍ഷുറന്‍സുകള്‍ ഉണ്ടെങ്കിലും, അത് ജോലി ഉള്ളപ്പോള്‍ വരെയാണ് ഉപയോഗിക്കാന്‍ പറ്റുന്നത്. വിരമിച്ചു കഴിഞ്ഞതിന് ശേഷം അതിന്റെ ഗുണം ഉണ്ടാവുകയില്ല. അതിനു മറ്റൊരു ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തു വയ്ക്കുന്നത് അത്യന്താപേക്ഷിതമാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ വയസ്സു കൂടും തോറും കൂടികൊണ്ടിരിക്കും. അതുകൊണ്ട് വിരമിച്ചു കഴിഞ്ഞതിന് ശേഷം അതെടുക്കാം എന്ന ആലോചന കൂടുതല്‍ പണച്ചിലാവുണ്ടാക്കുന്നതാണ്. ജീവിത ശൈലീ രോഗങ്ങളുടെ ചികിത്സക്കും മറ്റും ഇന്‍ഷുറന്‍സ് പ്ലാനുകളില്‍ പല നിബന്ധകളും ഉണ്ടാകും. അതുകൊണ്ടു തന്നെ നേരത്തെ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് ചേര്‍ന്നുവയ്ക്കുന്നത് എന്തുകൊണ്ടും അനുയോജ്യമാണ്.

5. കടങ്ങള്‍ വരുത്തിവയ്ക്കാതിരിക്കാം

Avoid debts

ഒരു ജോലിയില്‍ നിന്നും വിരമിച്ചു നില്‍ക്കുന്ന സമയത്തും, കാര്യമായ വരുമാനം ഇല്ലാത്ത സമയത്തും കടബാധ്യത ഉണ്ടാവുക എന്നത് അത്ര രസകരമായ അവസ്ഥയല്ല. അത് കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാക്കുകയെ ഉള്ളൂ. അതിനു പകരമായി റിട്ടയര്‍മെന്‍റിന് ശേഷം ഉപയോഗിക്കാനെടുത്തുവച്ച പണത്തില്‍ നിന്നും എടുത്തു കടം വീട്ടുന്നതും നല്ല ആശയം അല്ല. അതുകൊണ്ടുതന്നെ, കടങ്ങള്‍ വരുത്തിവയ്ക്കാതിരിക്കാന്‍ ശ്രമിക്കുകയോ ഉണ്ടെങ്കില്‍ തന്നെ നേരത്തെ തന്നെ തീര്‍ക്കാനോ ശ്രമിക്കുന്നതാണ് നല്ലത്. ലോണ്‍ ഒക്കെ എടുത്തു പല കാര്യങ്ങളും ചെയ്യുന്നവര്‍, തിരിച്ചടവുകളില്‍ പലിശക്ക് പുറമെ മുതലിലേക്കും കുറച്ചായി അടച്ചുതീര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. അങ്ങനെ ചെയ്യുമ്പോള്‍ ലോണ്‍ എടുത്തത് നേരത്തെ അടച്ചു തീരുകയും, കൂടുതല്‍ പണം സമ്പാദിക്കാനും സാധിക്കും.

6. സാമ്പത്തിക ഉപദേഷ്ടാവിനെ കൂടെ കൂട്ടാം

Financial advisor

നേരത്തെയുള്ള വിരമിക്കലിന് കടമ്പകള്‍ പലതാണ്. ഒരു സാധാരണക്കാരന് ഉണ്ടാവുന്നതില്‍ കൂടുതല്‍ സാമ്പത്തികമായ അറിവ് ഈ കാര്യത്തില്‍ ആവശ്യമായി വന്നേക്കാം. അങ്ങനെയുള്ള ഒരാളാണ് നിങ്ങളെങ്കില്‍ ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ കൂടെ കൂട്ടുന്നത് എന്തുകൊണ്ടും ഉത്തമമാണ്. ഒരു നല്ല സാമ്പത്തിക ഉപദേഷ്ടാവിന് നമ്മുടെ ലക്ഷ്യം അനുസരിച്ചുള്ള നല്ല നിക്ഷേപ തന്ത്രങ്ങളും മറ്റും മെനഞ്ഞു തരാന്‍ കഴിയും. നിക്ഷേപങ്ങള്‍ എങ്ങനെയൊക്കെ, എവിടെയൊക്കെ, എത്രയൊക്കെ എന്നത് പറഞ്ഞു മനസ്സിലാക്കി തരുന്നതിലും ഒരു സാമ്പത്തിക ഉപദേഷ്ടാവിന്‍റെ പങ്ക് ചെറുതല്ല. ഇനി വിരമിച്ചു കഴിഞ്ഞതിന് ശേഷവും ഉപദേശങ്ങള്‍ക്കും, ഉള്ള സമ്പാദ്യം നിലനിര്‍ത്താനുമുള്ള കാര്യങ്ങള്‍ക്കും ഒരു സാമ്പത്തിക ഉപദേഷ്ടാവ് സഹായിക്കുന്നതാണ്. എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രം ഒരു നല്ല സാമ്പത്തിക ഉപദേഷ്ടാവിനെ കണ്ടെത്തുക.

7. പദ്ധതിയില്‍ ഉറച്ചുനില്‍ക്കുക.

Stick to plan

റിട്ടയര്‍മെന്‍റ് നേരത്തെയാക്കണം എന്നതാണു ഉദ്ദേശമെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുക മാത്രം പോര, അതെല്ലാം എല്ലായ്പ്പോഴും നടക്കുന്നു എന്നുറപ്പു വരുത്തുകയും വേണം. നിക്ഷേപങ്ങളും സേവിങ്സുകളും എവിടേയും നിന്നുപോകാതെ നോക്കിയാല്‍ മാത്രമേ റിട്ടയര്‍മെന്‍റ് ദിനങ്ങളില്‍ അതിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുകയുള്ളൂ. അതിനായി ജോലി ചെയ്യുന്ന സമയം തന്നെ ശമ്പളത്തില്‍ നിന്നും എല്ലാ മാസവും ഒരു വിഹിതം സേവിങ്സിലേക്കും നിക്ഷേപങ്ങളിലേക്കും പോകുന്ന പോലെ സെറ്റ് ചെയ്തു വയ്ക്കാം. അപ്പോള്‍ ആ പ്ലാനില്‍ കൂടുതല്‍ ഉറച്ചു നില്‍ക്കുന്നപോലെയാകും.

ജീവിതത്തില്‍ നേരത്തെ തന്നെ പ്ലാനിങ് തുടങ്ങി, ഒരു സാമ്പത്തിക വിദഗ്‌ധന്റെ സഹായത്തോടുകൂടി കൃത്യമായ നിക്ഷേപങ്ങളില്‍ നിക്ഷേപിച്ച് വിരമിക്കലിന് വേണ്ടി തയ്യാറെടുക്കുന്നത് കൂടുതല്‍ ഗുണകരമാകും. നേരത്തെയുള്ള വിരമിക്കല്‍ എപ്പോഴും ഒരു കടുത്ത തീരുമാനം ആണ്. പക്ഷേ, കൃത്യമായുള്ള പ്ലാനിങ്ങിലൂടെയും അത് നടത്തിയെടുക്കുന്നതിലൂടെയും ആ പ്രക്രിയ ആയാസകരമാക്കാം.

continue reading.

Interview with Unnikrishnan (Youtuber)

Interview with Unnikrishnan (Youtuber)

Jun 30, 2022
Interview with Jinsha Basheer (Social Media Influencer)

Interview with Jinsha Basheer (Social Media Influencer)

Jun 17, 2022
Top 7 small scale business in Kerala

Top 7 small scale business in Kerala

Aug 1, 2022
ഉന്നത സ്ഥാനങ്ങളിൽ എത്തിയ ഇന്ത്യയിലെ പ്രമുഖരായ വനിത സംരംഭകർ

ഉന്നത സ്ഥാനങ്ങളിൽ എത്തിയ ഇന്ത്യയിലെ പ്രമുഖരായ വനിത സംരംഭകർ

May 31, 2022
നല്ല വാർത്തകൾ കേട്ടറിയു!download katha app