Katha

കേരളത്തിലെ നിങ്ങളുടെ വീടിനും ഓഫീസിനുമുള്ള മികച്ച ഇൻഡോർ സസ്യങ്ങൾ

Jun 24, 2022
കേരളത്തിലെ നിങ്ങളുടെ വീടിനും ഓഫീസിനുമുള്ള മികച്ച ഇൻഡോർ സസ്യങ്ങൾ

കേരളത്തിലെ നിങ്ങളുടെ വീടിനും ഓഫീസിനും പറ്റിയ ഇൻഡോർ സസ്യങ്ങൾ നിരവധിയുണ്ട്. പ്രധാനമായും ഇൻഡോർ സസ്യങ്ങൾ അലങ്കാര ആവശ്യത്തിനാണ് വീടുകളിലും ഓഫീസുകളിലും വളർത്താറുള്ളത്.

വീടുകളും ഓഫീസുകളും മനോഹരമാക്കിവെക്കുക എന്നതിലുപരി വായു ശുദ്ധീകരണത്തിലും ഇൻഡോർ സസ്യങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. കുറഞ്ഞ സൂര്യപ്രകാശം,മണ്ണ്,ജലം എന്നിവയാണ് ഇൻഡോർ സസ്യങ്ങളുടെ വളർച്ചയ്ക്ക് പ്രധാനമായും ആവശ്യമായി വരുന്നത്.

അതുകൊണ്ടുതന്നെ അവ എളുപ്പത്തിൽ വളർത്തിയെടുക്കാനും പരിപാലിക്കാനും സാധിക്കുന്നു. ഇൻഡോർ സസ്യങ്ങൾ മുറികളിൽ വെക്കുന്നത് മനുഷ്യൻ പുറത്തു വിടുന്ന കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് മുറികളിൽ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും വലിയ പങ്കുവഹിക്കുന്നു.

കേരളത്തിൽ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഇൻഡോർ സസ്യങ്ങൾ

 • മണി പ്ലാന്റ്
 • സ്‌നേക്ക് പ്ലാന്റ്
 • പീസ് ലില്ലി പ്ലാന്റ്
 • ബ്രോക്കൻ ഹാർട്ട് പ്ലാന്റ്
 • സ്പൈഡർ പ്ലാന്റ്
 • കറ്റാർവാഴ
 • ആന്തൂറിയം
 • ഓർക്കിഡ്
 • ലക്കി ബാംബൂ പ്ലാന്റ്
 • റബ്ബർ പ്ലാന്റ്
 • ഇംഗ്ലീഷ് ഐവി
 • ഇഞ്ച് പ്ലാന്റ്
 • പീകോക്ക് പ്ലാന്റ്
 • ഹൈഡ്രാഞ്ചസ്
 • ടർട്ടിൽ വൈൻ

1. മണി പ്ലാന്റ്

Money plant

കേരളത്തിലെ വീടുകളിലും ഓഫീസുകളിലും കൂടുതലായും കണ്ടുവരുന്ന ഇൻഡോർ പ്ലാന്റ് ആണ് മണി പ്ലാന്റ്. കുറഞ്ഞ ചിലവിൽ വീടുകളെയും ഓഫീസുകളെയും മനോഹരമാക്കി മാറ്റുന്നതിൽ മണി പ്ലാന്റ് വഹിക്കുന്ന പങ്ക് വളരെ വലുത് തന്നെയാണ്.

ഹാങ്ങിങ് പോട്ടുകളിലോ, ചെറിയ ചെടിച്ചട്ടികളിലോ മണി പ്ലാന്റ് എളുപ്പത്തിൽ വളർത്തിയെടുക്കാം. സാധാരണയായി തണ്ട് മുറിച്ചു നട്ടാണ് മണി പ്ലാന്റുകൾ വളർത്തിയെടുക്കാറ്.

അരേഷ്യയ (Araceae) കുടുംബത്തിൽ ഉൾപ്പെട്ട ഒരു വള്ളിച്ചെടിയാണ് മണിപ്ലാന്റ്. ഡെവിൾസ് വൈൻ, ഡെവിൾസ് ഐവി, ഗോൾഡൻ പോത്തോസ്, ഹണ്ടേർസ് റോബ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യം ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ മണി പ്ലാന്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഈ ചെടി, ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വാസിക്കുന്നതുകൊണ്ടാണ് മണി പ്ലാന്റ് എന്ന പേരിൽ അറിയപ്പെടുന്നത്.

2. സ്നേക്ക് പ്ലാന്റ്

Snake plant

കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീടിനെയും ഓഫീസിനെയും മനോഹരമാക്കാൻ ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ സ്നേക്ക് പ്ലാൻ വളർത്തിയെടുക്കുന്നതിലൂടെ നിങ്ങൾക്ക് അതിന് സാധിക്കും എന്നതിൽ സംശയമില്ല.

Dracaena trifasciata എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ചെടി സാധാരണയായി പാമ്പ് ചെടി എന്നറിയപ്പെടുന്നു. പച്ചയും മഞ്ഞയും കലർന്ന നീളമേറിയ ഇലകളാണ് ഈ ചെടിക്ക് ഉള്ളത്.

തിളക്കമുള്ള മഞ്ഞയുടെ ഹൈലൈറ്റുകൾ ഉള്ളതിനാൽ ആകർഷകമായ ഇൻഡോർ പ്ലാന്റ്ആയി സ്‌നേക്ക് പ്ലാന്റിനെ നമുക്ക് വീടുകളിൽ വളർത്താം. ആഴ്ചകളോളം വെള്ളമില്ലാതെ പോകാം എന്ന പ്രത്യേകത കൂടി ഈ സസ്യത്തിനുണ്ട് അതുകൊണ്ട് തന്നെ കൂടുതൽ ശ്രദ്ധ ആവശ്യമില്ലാത്ത സസ്യമാണിത്.

3. പീസ് ലില്ലി പ്ലാന്റ്

Peace lily plant

തൂവെള്ളപ്പൂക്കളുള്ള മനോഹരമായ ഒരു ഇൻഡോർ പ്ലാന്റ് ആണ് ലില്ലിച്ചെടി. പീസ് ലില്ലി എന്നാണ് ഈ ചെടിയെ വിളിക്കുന്നത്. വീട്ടിനകത്ത് സമാധാനം നിറയ്ക്കാനും പോസിറ്റീവ് ഊര്‍ജ്ജം തരാനും ഈ ചെടിക്ക് കഴിയുമെന്ന് വിദേശികള്‍ വിശ്വസിക്കുന്നു.

ചേമ്പിന്റെ വര്‍ഗത്തില്‍പ്പെട്ട ഈ ചെടി ഓഫീസുകളിലും വീടുകളിലും ഇന്‍ഡോര്‍ പ്ലാന്റ് ആയി വളര്‍ത്താന്‍ യോജിച്ചതാണ്.കടുംപച്ചനിറത്തിലുള്ള ഇലകളാണ് ഈ ചെടിക്ക് ഉള്ളത്.

വീട്ടിനകത്ത് വെക്കുമ്പോള്‍ ആവശ്യത്തില്‍ക്കൂടുതല്‍ നനയ്‌ക്കേണ്ട ആവശ്യമില്ല. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം നനച്ചാല്‍ മതി. സൂര്യപ്രകാശം ഇല്ലാത്ത മുറികളില്‍ വളര്‍ത്താന്‍ പറ്റുന്ന ചെടിയാണിത്.

അശുദ്ധവായു ശുദ്ധീകരിക്കാന്‍ കഴിവുള്ള സസ്യമാണിത്. കിടപ്പുമുറിയുടെ ഒരു മൂലയില്‍ വളര്‍ത്തിയാല്‍ നല്ല ഉറക്കം പ്രദാനം ചെയ്യാനും ഈ ചെടിക്ക് കഴിയുമത്രെ.

രാത്രിയിലും ഓക്‌സിജന്‍ പുറത്തുവിടാന്‍ കഴിയും എന്ന പ്രത്യേകത ഈ സസ്യത്തിനുണ്ട്.വളരാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കിയാല്‍ ആരോഗ്യത്തോടെ വളര്‍ന്ന് പൂക്കളുണ്ടാകും.

ഈ ചെടി വളര്‍ത്തുന്നവര്‍ ആവശ്യത്തില്‍ക്കൂടുതല്‍ വെള്ളം നല്‍കുന്നതിനാലാണ് ചെടി നശിച്ചുപോകുന്നത്. ചട്ടിയിലെ മണ്ണിന്റെ മുകള്‍ഭാഗം തൊട്ടുനോക്കി ഈര്‍പ്പമില്ലെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രം വെള്ളം ഒഴിച്ചുകൊടുക്കാം.

അതുപോലെ വളപ്രയോഗവും ശ്രദ്ധിക്കണം. മിതമായ രീതിയില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ വളപ്രയോഗം നടത്താവൂ. പാത്രത്തില്‍ നിന്നും പുറത്തേക്ക് വളരാന്‍ തുടങ്ങിയാല്‍ പോട്ടിങ്ങ് മിശ്രിതം മാറ്റി നിറച്ച് വീണ്ടും നടാവുന്നതാണ്.

അങ്ങനെ മാറ്റുമ്പോള്‍ ആദ്യം നടാനുപയോഗിച്ച പാത്രത്തേക്കാള്‍ രണ്ട് ഇഞ്ച് വലിയ പാത്രത്തിലേക്കാണ് മാറ്റി നടേണ്ടത്.ഉപയോഗ ശൂന്യമായ ചില്ലുപാത്രങ്ങളിലും പീസ് ലില്ലി വളര്‍ത്താം. രണ്ട് ഇഞ്ച് ആഴത്തില്‍ വെള്ളം നിറയ്ക്കാന്‍ കഴിവുള്ള കുപ്പി ഉപയോഗിക്കാവുന്നതാണ്.

പാത്രത്തില്‍ ശുദ്ധജലം നിറച്ച് ഇലകളില്‍ മുട്ടാതെ തണ്ടു മാത്രം മുങ്ങിനില്‍ക്കുന്ന രീതിയില്‍ ചെടി വളര്‍ത്താം. പീസ് ലില്ലിയുടെ വേര് നന്നായി കഴുകി വൃത്തിയാക്കി ചില്ലുപാത്രത്തിലെ വെള്ളത്തിലേക്ക് ഇറക്കിവെച്ച് വെള്ളാരംകല്ലുകള്‍ ഇട്ടുകൊടുത്ത് ചെടിക്ക് ബലം നല്‍കാം.

4. ബ്രോക്കൻ ഹാർട്ട് പ്ലാന്റ്

Broken heart plant

ഏറ്റവും ജനപ്രീതിയാർജ്ജിച്ച വീട്ടുചെടികളിലൊന്നായ ഇൻഡോർ പ്ലാന്റ് ആണ് ബ്രോക്കൻ ഹാർട്ട് പ്ലാന്റ്.ഹൃദയാകൃതിയിലുള്ള ഇലകളോട് കൂടി എളുപ്പത്തിൽ വളരുന്ന ഈ ചെടി ജനക്കൂട്ടത്തിന്റെ പ്രിയപ്പെട്ടതാണ്.

എല്ലാ ഇടങ്ങളെയും മനോഹരമാക്കി മാറ്റാൻ കഴിയുന്ന ഒരു സസ്യം കൂടിയാണിത്. അതിലോലമായ വള്ളികളാൽ വേഗത്തിൽ വളരാൻ കഴിയും എന്നത് ഈ സസ്യത്തിന്റെ പ്രത്യേകതയാണ്.

5. സ്പൈഡർ പ്ലാന്റ്

Spider plant

നമ്മുടെ ആരോഗ്യത്തിനും വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും സഹായിക്കുന്നു ചില ചെടികളുണ്ട്. അതില്‍ ഒന്നാണ് സ്‌പൈഡര്‍ പ്ലാന്റ്.സ്‌പൈഡര്‍ പ്ലാന്റ് മനോഹരമായ ഒരു ഇന്‍ഡോര്‍ പ്ലാന്റാണ്,

ഉഷ്ണമേഖലാ, പ്രദേശങ്ങളില്‍ നിന്നുള്ളതാണ് ഈ ചെടി.സ്‌പൈഡര്‍ വല പോലെ ഉള്ളത് കൊണ്ടാണ് ഈ ചെടിയെ സ്‌പൈഡര്‍ പ്ലാന്റ് എന്ന് പറയുന്നത്. ഇതിന്റെ ഇലകള്‍ നേര്‍ത്തതാണ്, വെള്ളയും പച്ചയും കലര്‍ന്ന നിറങ്ങളും ഇതിലുണ്ട്.

സ്‌പൈഡര്‍ പ്ലാന്റിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. നിങ്ങളുടെ വീടിനുള്ളില്‍ ഈ പ്ലാന്റ് വെക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

സ്പൈഡര്‍ പ്ലാന്റ് വീടിനുള്ളിലെ ഏറ്റവും മികച്ച വായു ശുദ്ധീകരണ സസ്യങ്ങളില്‍ ഒന്നാണെന്നതാണ് സത്യം. നിങ്ങളുടെ വീട്ടില്‍ ഒരു സ്‌പൈഡര്‍ പ്ലാന്റ് സ്ഥാപിക്കുന്നത് ടോലുയിന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, സൈലീന്‍, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ വായുവിലെ ദോഷകരമായ രാസവസ്തുക്കള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

6. കറ്റാർവാഴ

Aloe vera

അസ്ഫോഡെലേഷ്യേ കുടുംബത്തിൽ പെട്ട ഒരു ചെടിയാണ് കറ്റാർവാഴ . പേരിൽ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന് യാതൊരു ബന്ധവുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.

ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. തണ്ടില്ലാത്തതോ ചെറിയ തണ്ടോടുകൂടിയതോ ആയ ഇത് 80-100 സെ.മീ ഉയരത്തിൽ വളരുന്നു.

ഇലകൾ‍ ജലാംശം നിറഞ്ഞ് വീർത്തവയാണ്. ഇലകളുടെ അരികിൽ മുള്ളുകൾ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു. ഒരുപാട് ഔഷധഗുണങ്ങളുള്ള ഈ സസ്യം വീടുകളിലും ഓഫീസുകളിലും ഒരു ഇൻഡോർ പ്ലാന്റ് ആയി ഉപയോഗിക്കാവുന്നതാണ്.

7. ആന്തൂറിയം

Anthurium

അരേസി (Araceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ആയിരത്തോളം സ്പീഷീസുകൾ ഉള്ള പുഷ്പിക്കുന്ന സസ്യ വർഗ്ഗം ആണ് ആന്തൂറിയം. ഇതിന്റെ ഉദ്ഭവം കോസ്റ്റാറിക്ക ആണെന്ന് പറയപ്പെടുന്നു.

പൂവിന്റെ ആകൃതി കണക്കിലെടുത്ത് ഇവയെ ഫ്ലെമിങ്കോ ഫ്ലവർ ബോയ് ഫ്ലവർ,എന്നും വിളിക്കാറുണ്ട്.വലിയ ഇലകളോടു കൂടിയ ആന്തൂറിയം പല നിറങ്ങളിൽ ഉള്ള പൂക്കൾ ഉണ്ടാവുന്നവയാണ്.

പൂക്കൾ തടിച്ച മാംസളമായ തണ്ടുകളിൽ ഉണ്ടാവുന്നു. “ആന്തൂറിയം ആൻഡ്രിയേനം” എന്ന ഇനത്തിന് കടും ചുവപ്പ് നിറമുള്ള പൂക്കളാണ്. വെള്ള നിറത്തിലുള്ള ആന്തൂറിയവും കാണാറുണ്ട്.

പല ആകൃതിയിലുള്ള പൂക്കൾ കാണപ്പെടുന്നു. ഇരുനിറങ്ങൾ കലർന്ന പൂക്കളും ചില സസ്യങ്ങളിൽ കാണാറുണ്ട്.മിക്കപ്പോഴും നിത്യഹരിതമായി കാണുന്ന ഇവയ്ക്ക്, ഇളം ചൂട്, ഉയർന്ന ആർദ്രത, തണൽ, കൂടെക്കൂടെയുള്ള ജലസേചനം എന്നിവ ആവശ്യമാണ്.

മിതമായ കാലാവസ്ഥയിലാണ്‌ ഈ ചെടി നന്നായി വളരുന്നത്. അതുകൊണ്ടുതന്നെ വീടുകളിലും ഓഫീസുകളിലും ഒരു ഇൻഡോർ പ്ലാന്റ് ആയി ആന്തൂറിയം വളർത്താം.

വേരുകൾ നീളത്തിൽ താഴേക്ക് വളർന്ന് തറയിലേക്കിറങ്ങുന്നതിനാൽ ഇവ മഴക്കാടുകളിൽ മുകളിലായി വളരുവാൻ സഹായകമാകുന്നു. ചിലയിനങ്ങൾ പാറകളിലും ഇവയെ കാണപ്പെടുന്നു. അന്തൂറിയം വ്യവസായിക അടിസ്ഥാനത്തിൽ കൃത്രിമ തോട്ടങ്ങളിൽ വളർത്തുന്നുണ്ട്.

8. ഓർക്കിഡ്

Orchid

ഓർക്കിഡേസിയ കുടുംബത്തിൽ പെട്ടതാണ് ഓർക്കിഡ്. മരവാഴ എന്ന് മലയാളത്തിൽ പേരുള്ള ഓർക്കിഡ് ഒരു അധിസസ്യമാണ്. 800 ജനുസ്സുകൾ ഉള്ള ഓർക്കിഡ് ഏഷ്യ,ദക്ഷിണ അമേരിക്ക മുതലായ സ്ഥലങ്ങളിൽ കണ്ട് വരുന്നു.

പുഷ്പിക്കുന്ന സസ്യങ്ങളിൽ ഏറ്റവും വലിയ കുടുംബം ഓർക്കിഡിന്റേതായി കരുതപ്പെടുന്നു.സുഗന്ധ വിളയായ വാനില ഈ കുടുംബത്തിലെ ഒരംഗമാണ്. പല നിറങ്ങളിലും ആകൃതിയിലും കാണപ്പെടുന്ന ഇതിന്റെ പൂക്കൾ മനോഹരവും, താരതമ്യേന കൂടുതൽ ദിവസം കൊഴിയാതെ നിൽക്കുന്നതുമാണ്.

ഇക്കാരണങ്ങളാൽ ലോകമെമ്പാടുമുള്ള പുഷ്പ പ്രേമികളുടെയിടയിൽ ഏറ്റവും സ്വീകാര്യതയുള്ള ചെടികളിലെ പ്രമുഖ സ്ഥാനം തന്നെ ഓർക്കിഡിനുണ്ട്. അതുകൊണ്ടുതന്നെ ഒരു മികച്ച ഇൻഡോർ പ്ലാന്റ് ആയി വീടുകളിലും ഓഫീസുകളിലും ഓർക്കിഡിനെ നമുക്ക് വളർത്തിയെടുക്കാം.

9. ലക്കി ബാംബൂ

Lucky bamboo

ചെറിയ പരിപാലനത്തിലൂടെ വളരെ വേഗത്തിൽ വളർത്തിയെടുക്കാവുന്ന ചെടിയാണ് ലക്കി ബാംബൂ.ആഫ്രിക്കയിലെ കാമറൂണാണ് ഈ ചെടിയുടെ സ്വദേശം.

ഇളം പച്ച നിറത്തിലുള്ള തണ്ടുകളും ഇലകളുമാണ് ഈ ചെടിക്ക് ഉള്ളത്.കുറ്റിചെടിയായാണ് ഈ ചെടി വളരുന്നത്.ഇവയ്ക്ക് 1.5 മീറ്റർ (5അടി) വരെ ഉയരം വെക്കും. ജലാംശം അധികമുള്ള ചുറ്റുപാടാണ് ഈ സസ്യത്തിന്റെ വളർച്ചയ്ക്ക് അനുയോജ്യം.

സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലങ്ങളിൽ ഈ സസ്യം വളർത്തിയെടുക്കുന്നത് പ്രയാസകരമാണ്.ചൈനീസ് ആചാരപ്രകാരം ലക്കി ബാംബൂ വീടുകളിലും ഓഫീസുകളിലും വളർത്തുന്നതിലൂടെ സാമ്പത്തിക നേട്ടങ്ങൾ, ഭാഗ്യം, ഐശ്വര്യം എന്നിവ ഉണ്ടാവുമെന്ന് വിശ്വസിക്കാറുണ്ട്.

ലക്കി ബാംബൂ തണ്ട് മുറിച്ചു നട്ട് ജലത്തിലും വളർത്താറുണ്ട്. ജലത്തിൽ വളർത്തുന്ന ലക്കിബാംബൂവിന്റെ വെള്ളം രണ്ടാഴ്ചയ്ക്ക് ശേഷം മാറ്റേണ്ടത് അത്യാവശ്യമാണ്.ഓക്സിജന് അളവ് ക്രമീകരിക്കാനും അലങ്കാരത്തിനുമായി ഈ ചെടി അക്വാറിയങ്ങളിലും വളർത്തിയെടുക്കാം.

10. റബ്ബർ പ്ലാന്റ്

Rubber plant

വളരെ ആകർഷകമായ രീതിയിൽ ഓഫീസുകളിലും വീടുകളിലും വളർത്തിയെടുക്കാവുന്ന ഒരു ഇൻഡോർ പ്ലാന്റ് ആണ് റബ്ബർ പ്ലാന്റ്. പേരിലുള്ള സാമ്യം അല്ലാതെ റബ്ബറുമായി ഈ ചെടിക്ക് യാതൊരു ബന്ധവുമില്ല.

പൂക്കളില്ലാത്ത ഈ ചെടിയിൽ പുതിയ ഇലകൾ ഉണ്ടാവുന്ന സമയത്ത് ചുവപ്പ് കലർന്ന നിറത്തിൽ പൂക്കളുമായി സാമ്യമുള്ള ഇലകൾ വളർന്നു വരാറുണ്ട്. ചുവപ്പ് കലർന്ന നിറമായതിനാൽ പലരും ഇതിനെ പൂക്കൾ ആണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.

പ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലാണ് റബ്ബർ പ്ലാന്റ് വളർത്തേണ്ടത്. ജനലുകളുടെ അടുത്ത് ചെടിച്ചട്ടികളിൽ ആയി ഇവ വളർത്തിയെടുക്കാം.

11. ഇംഗ്ലീഷ് ഐവി

English ivy

അലങ്കാര സസ്യം എന്ന നിലയിൽ വീടുകളിലും ഓഫീസുകളിലും ധാരാളമായി കണ്ടുവരുന്ന ഒരു സസ്യമാണ് ഇംഗ്ലീഷ് ഐവി. ഹെഡോറ ഹെലിക്സ് എന്ന പേരിലും ഈ സസ്യം അറിയപ്പെടുന്നു.

പടർന്നു കയറുന്ന വള്ളികളായാണ് ഈ സസ്യം വളരുന്നത്. ഈ സസ്യത്തിന് വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ വള്ളികളിലായി ധാരാളം ചെറിയ വേരുകൾ കാണപ്പെടുന്നു.

ഇത് ഭിത്തികളിൽ പടർന്നു കയറാനും മറ്റും സസ്യത്തിന് സഹായകമാകുന്നു. പൂർണ്ണവളർച്ചയെത്തിയ ഐവി ചെടിയിൽ ചെറിയ വേരുകൾ കാണാറില്ല. വളർന്നു വരുമ്പോൾ ഇളം പച്ച നിറത്തിലുള്ള ഇവയുടെ ഇലകൾ പിന്നീട് കടും പച്ച നിറത്തിൽ ആയി മാറാറുണ്ട്.

ഹാങ്ങിങ് പോട്ടുകളിലും ചുവരുകളിൽ പടർന്നുകയറുന്ന വിധത്തിലും ഇവയെ നമുക്ക് വളർത്തിയെടുക്കാം. തുടക്കത്തിൽ നല്ല രീതിയിലുള്ള പരിചരണം കൊടുത്തു കഴിഞ്ഞാൽ വളരെ ആകർഷകമായ രീതിയിൽ ഈ ചെടിയെ നമുക്ക് വളർത്തിയെടുക്കാം.

12. സിൽവർ ഇഞ്ച് പ്ലാന്റ്

Silver inch plant

സിൽവർ ഇഞ്ച് പ്ലാന്റ് വളരെ ആകർഷകമായ രീതിയിൽ ഉള്ള ഒരു ഇൻഡോർ പ്ലാന്റ് ആണ്. സീബ്ര പാറ്റേണുകളിൽ കാണുന്ന ഇലകളാണ് ഈ ചെടിയെ മറ്റുള്ള ചെടികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

ഈർപ്പം നിറഞ്ഞ സ്ഥലങ്ങളിൽ ഈ സസ്യത്തെ എളുപ്പത്തിൽ വളർത്തിയെടുക്കാം. ഈ സസ്യത്തിന്റെ വളർച്ചയ്ക്ക് ധാരാളം വെള്ളം ആവശ്യമാണ്.

നാലു മുതൽ 10 സെന്റീമീറ്റർ വരെ ഈ സസ്യത്തിന് ഇലകൾ വളരാറുണ്ട്. വള്ളികൾ ആയി വളരുന്ന ഈ ചെടിയുടെ കാണ്ഡത്തിൽ ധാരാളം വേരുകൾ കാണപ്പെടുന്നു. വെള്ള നിറത്തിലുള്ള ചെറിയ പൂക്കൾ ഈ സസ്യത്തിൽ കാണാറുണ്ട്.

13. പീകോക്ക് പ്ലാന്റ്

Peacock plant

വായു ശുദ്ധീകരണത്തിൽ വലിയ പങ്കുവഹിക്കുന്ന ഒരു ചെടിയാണ് പീകോക്ക് പ്ലാന്റ്. വലിയ ഇലകളും ഇലകൾക്ക് മീതെ പിങ്ക് കലർന്ന വെള്ള വരകളോടുകൂടിയ പാറ്റേണുകൾ നിറഞ്ഞവയാണ് ഈ ചെടിയുടെ ഇലകൾ.

കുറഞ്ഞ പ്രകാശത്തിൽ വളരുന്നവയാണ് ഈ ചെടി. പൂക്കൾ ഒന്നുമില്ലാത്ത ഈ ചെടിയുടെ പ്രത്യേകത അതിന്റെ ഇലകൾ തന്നെയാണ്. അന്തരീക്ഷത്തിലെ വിഷാംശം നിറഞ്ഞ ഈർപ്പം വലിച്ചെടുത്ത് വായു സ്വാഭാവികമായി ശുദ്ധീകരിക്കാൻ ഈ ചെടിക്ക് കഴിയുന്നു.

ഈ ചെടിയുടെ വളർച്ചയ്ക്ക് അധികം ഈർപ്പമോ പ്രകാശമോ ആവശ്യമായി വരുന്നില്ല. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ വീടുകളിലും ഓഫീസുകളിലും ഈ ചെടിയെ വളർത്തിയെടുക്കാം.

കേരളത്തിൽ വളർത്തിയെടുക്കാവുന്ന ഇൻഡോർ പ്ലാന്റ്സുകളുടെ പ്രത്യേകതകൾ

കേരളത്തിൽ വളർത്തിയെടുക്കുന്ന ഇൻഡോർ പ്ലാന്റുകൾ നിരവധി ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. കുറഞ്ഞ രീതിയിലുള്ള പരിപാലനം , വളപ്രയോഗം, ആകർഷകമായ രീതിയിൽ ഉള്ള ഇലകളും പൂക്കളും തുടങ്ങിയ നിരവധി പ്രത്യേകതകൾ ഇൻഡോർ പ്ലാൻസിന് ഉണ്ട്.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവയാണ് മുകളിൽ നൽകിയിരിക്കുന്ന ഓരോ ഇൻഡോർ പ്ലാൻസുകളും. കുറഞ്ഞ രീതിയിലുള്ള പരിപാലനം എന്നതുകൊണ്ടുതന്നെ കേരളത്തിലെ വീടുകളിലും ഓഫീസുകളിലും ഇൻഡോർ പ്ലാന്റ്കൾ മികച്ച രീതിയിൽ വളർത്തിയെടുക്കാവുന്നവയാണ്.

continue reading.

രാജസ്ഥാനിൽ സന്ദർശിക്കേണ്ട മികച്ച 10 സ്ഥലങ്ങൾ

രാജസ്ഥാനിൽ സന്ദർശിക്കേണ്ട മികച്ച 10 സ്ഥലങ്ങൾ

Oct 4, 2022
മഹാരാഷ്ട്രയില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

മഹാരാഷ്ട്രയില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

Sep 23, 2022
എന്താണ് അക്വാപോണിക്‌സ്?

എന്താണ് അക്വാപോണിക്‌സ്?

Jun 22, 2022
കേരളത്തിനായുള്ള മികച്ച 10 ബിസിനസ്സ് ആശയങ്ങൾ

കേരളത്തിനായുള്ള മികച്ച 10 ബിസിനസ്സ് ആശയങ്ങൾ

Jun 10, 2022
download katha app