Katha

കേരളത്തിൽ അന്യം നിന്ന് പോയിരിക്കുന്ന കലകൾ

Jul 8, 2022
കേരളത്തിൽ അന്യം നിന്ന് പോയിരിക്കുന്ന കലകൾ

കലകളുടെ നാടാണ് കേരളം എന്നൊരു വിശേഷണം കേരളത്തിനുണ്ട് എന്നാൽ ഇന്ന് കേരളീയ കലകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്, അല്ലെങ്കിൽ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് നമുക്ക് പറയാം. വിദേശികളെ പോലും ആകർഷിപ്പിക്കുന്ന തരത്തിൽ അത്രയും പ്രാധാന്യവും പ്രസക്തിയുമുള്ള കലാരൂപങ്ങൾ ആയിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത് എന്നാൽ കാലം മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കലാരൂപങ്ങളെ പോലും നമ്മൾ മറന്നിരിക്കുന്നു.

കലകളാൽ സമ്പുഷ്ടമായ കേരളത്തിൽ നിരവധി അനവധി കലകളുണ്ട്.വടക്കൻ മലബാറിലെ തെയ്യം, തെക്കൻ മലബാറിലെ തിറയാട്ടം മധ്യതിരുവിതാംകൂറിലെ പടയണി ഇവയൊക്കെ കേരളത്തിലെ തനത് കലകളാണ്. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായി വീടുകളിലും അമ്പലങ്ങളിലും ഈ കലാരൂപങ്ങൾ നടത്തി വരാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ഇവയെല്ലാം അന്യം നിന്ന് പോയിക്കൊണ്ടിരിക്കുകയാണ്. കേരളീയ കലകൾ എന്നത് കേവലം വിനോദത്തിനുപരി കേരളീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

ഹിന്ദു കലാരൂപങ്ങൾ, മുസ്ലിം കലാരൂപങ്ങൾ, ക്രിസ്ത്യൻ കലാരൂപങ്ങൾ തുടങ്ങി ഓരോ മതവിഭാഗത്തിനും അവരുടേതായ തനത് കലാരൂപങ്ങൾ ഉണ്ട്. ഇവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലും ഈ കലാരൂപങ്ങൾ നടത്തി വന്നിരുന്നു. സംഘമായും ഒറ്റയ്ക്കും കലാരൂപങ്ങൾ ചെയ്തു കാണാറുണ്ട്. അനുഷ്ഠാനപരമായി ആരംഭിച്ച കലാരൂപങ്ങൾ പിന്നീട് പ്രദർശനമായും നടത്തപ്പെടാറുണ്ട്. ദൃശ്യകല, പ്രകടന കല എന്നിങ്ങനെ പ്രധാനമായും കലകളെ രണ്ടായി തിരിക്കാം.

കേരളത്തിന്റെ തനത് കലാരൂപങ്ങൾ

Art forms in Kerala

കേരളത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എടുത്തു കാണിക്കുന്ന വിധത്തിലുള്ള തനത് കലാരൂപങ്ങൾ കേരളത്തിലുണ്ട്. കേരളത്തിൽ ആവിർഭവിച്ച് മറ്റ് സംസ്ഥാനങ്ങളിൽ പോലും അരങ്ങേറുന്ന നിരവധി കലകൾ നമുക്ക് കാണാം. കേരളീയ കലകളെ ദൃശ്യ കലകൾ, നൃത്ത കലകൾ, ക്ഷേത്ര കലകൾ തുടങ്ങയാവയാക്കി തരംതിരിക്കാം.

കഥകളി, മോഹിനിയാട്ടം, കൃഷ്ണനാട്ടം,കേരളനടനം, ചാക്യാർകൂത്ത് പടയണി,തെയ്യം, പഞ്ചവാദ്യം, തുള്ളൽ, തിറ,തീയാട്ടം,ഗരുഡൻ തൂക്കം,പൂരക്കളി,മുടിയേറ്റ്,കളരി, കുമ്മാട്ടി കളി, കൂടിയാട്ടം, പരിച കളി,സർപ്പം തുള്ളൽ, പുള്ളുവൻ പാട്ട്,കതിരുകാള നൃത്തം,പൂതനും തിറയും,പൊറാട്ട്,കാക്കാരിശ്ശി നാടകം,ഒപ്പന, മാപ്പിളപ്പാട്ട്, ദഫ് മുട്ട്, കളമെഴുത്ത്,അറബനമുട്ട്,വട്ടപ്പാട്ട്,കോൽക്കളി, മാർഗ്ഗംകളി, ചവിട്ടുനാടകം, എന്നിവ കേരളത്തിന്റെ തനത് കലാരൂപങ്ങളാണ്. എന്നാൽ ഇവയെല്ലാം അന്യം നിന്ന് പോയിക്കൊണ്ടിരിക്കുകയാണ്.

കേരളീയന് കലാരൂപങ്ങളോടുള്ള അടുപ്പം ഇല്ലാതായത് തന്നെയാണ് ഈ കലകൾ ഇന്ന് അന്യം നിന്നു പോവാൻ കാരണം.

കേരളത്തിൽ ഇന്ന് അന്യം നിന്നു പോകുന്ന കലാരൂപങ്ങൾ ഏതൊക്കെയെന്ന് നോക്കാം

പൂരക്കളി

Poorakali

വടക്കേ മലബാറിൽ പ്രത്യേകിച്ച് കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ ഭഗവതി കാവുകളിൽ നടത്തപ്പെടുന്ന അനുഷ്ഠാന കലാവിശേഷമാണ് പൂരക്കളി. എന്നാൽ ഇന്ന് പൂരക്കളി എന്നത് കലോത്സവ വേദികളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നായി മാറിയിരിക്കുന്നു. കലോത്സവ വേദികളിൽ പോലും വിരളമായി മാത്രമാണ് ഈ ഒരു കലാരൂപത്തെ കാണാറുള്ളത്. അതുകൊണ്ടുതന്നെ ഈയൊരു കലാരൂപം നശിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാം. കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ പങ്കെടുക്കുന്ന ഈ ഒരു കലാരൂപം ഇന്ന് എവിടെയും കാണാനില്ല. സംഘകാലത്തെ മതങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന ഒരു കല കൂടിയായിരുന്നു ഇത്.

കോലംതുള്ളൽ

Kolamthullal

കേരളത്തിലെ ക്ഷേത്രങ്ങളിൽ കണ്ടുവരുന്ന ഒരു കലാരൂപമാണ് കോലംതുള്ളൽ.കമുങ്ങിൻ പാള ചെത്തിയെടുത്ത് അതിൽ കോലങ്ങൾ വരച്ച് അരിക്കുകളിൽ ഈർക്കിൽ കുത്തി വെച്ചാണ് കോലം തുള്ളലിൽ വേണ്ട വേഷവിധാനം ഒരുക്കുന്നത്. ക്ഷേത്രങ്ങളിൽ കണ്ടുവരുന്ന ഈ ഒരു കലാരൂപം ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നില്ല. ഈ ഒരു കലാരൂപത്തിന്റെ അടയാളങ്ങൾ തീർത്തും ഇല്ലാതായെന്ന് തന്നെ നമുക്ക് പറയാം.

കളം എഴുത്ത്

Kalamezhuthu

കേരളത്തിലെ ദൃശ്യ കലകളിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു കലാരൂപമാണ് കളം എഴുത്ത്. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ വ്യത്യസ്ത നിറങ്ങൾ തയ്യാറാക്കി അവ പൊടിയായി മാറ്റി ഭംഗിയായി വരയ്ക്കുകയാണ് കളമെഴുത്ത് എന്ന കലാരൂപത്തിൽ ചെയ്യുന്നത്.

കുംഭ പാട്ട്

പ്രകൃതിയിലെ ഭാവങ്ങളെ വർണ്ണിച്ച് പ്രകൃതി ശക്തികളെ തൃപ്തിപ്പെടുത്തി പ്രകൃതിക്ഷോഭം ഇല്ലാതാക്കുന്നു എന്ന ഒരു ആശയത്തിൽ ആവിർഭവിച്ച ഒരു കലാരൂപമാണ് കുംഭ പാട്ട്. എന്നാൽ വിരളമായി മാത്രമേ കാണാറുള്ളൂ.

സർപ്പം തുള്ളൽ

Sarpamthullal

കേരളത്തിന്റെ ഒരു പരമ്പരാഗത കലാരൂപമാണ് സർപ്പം തുള്ളൽ. നാഗം പാട്ട് എന്ന പേരും ഈയൊരു കലാരൂപത്തിനുണ്ട്. പരമ്പരാഗത കലാരൂപമായ സർപ്പം തുള്ളൽ നടത്തിവരുന്നത് പുള്ളുവർ എന്ന സമുദായക്കാരാണ്.സർപ്പക്കാവുകളിലാണ് ഇത് നടത്താറുള്ളത്. സർപ്പങ്ങളെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇവ സർപ്പക്കാവുകളിൽ അരങ്ങേറുന്നത്. വീടുകളിലും കാണാറുണ്ട്. 41 ദിവസം വരെ അരങ്ങേറുന്ന ഈ ഒരു കലാരൂപം ഇന്ന് കേരളത്തിൽ കാണുന്നില്ല. പുള്ളോർക്കുടം, വീണ, ഇലത്താളം, എന്നിവ ഉപയോഗിച്ചായിരുന്നു പുള്ളുവർ നാഗസ്തുതികൾ പാടിയിരുന്നത്. നാഗ സ്തുതിക്കനുസരിച്ചു സ്ത്രീകൾ അതിന്റെ താളത്തിനനുസരിച്ച് നൃത്തം ചെയ്യാറുമുണ്ട്.പാരമ്പര്യമായി കൈമാറി വന്നിരുന്ന ഈയൊരു കലാരൂപം ഏറ്റെടുക്കാൻ ആളുകൾ ഇല്ലാതായതോടെ ഇന്ന് അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്നത് .

നല്ല വാർത്തകൾ കേട്ടറിയു! download katha app

കതിരുകാള നൃത്തം

നെൽകൃഷിക്കാർക്കിടയിൽ കണ്ടുവരുന്ന ഒരു കാർഷിക നൃത്തമാണ് കതിരുകാള നൃത്തം. നെൽക്കതിർ കൊണ്ട് കാളയെ ഉണ്ടാക്കി വാദ്യഘോഷത്തോടെ എഴുന്നള്ളിക്കുകയാണ് ഈ കലാരൂപത്തിൽ ചെയ്യുന്നത്.എന്നാൽ ഈ കലാരൂപം ഇന്ന് നമുക്ക് കാണാൻ സാധിക്കുകയില്ല.തികച്ചും അന്യം നിന്നുപോയ ഒരു കലാരൂപമാണ് ഇത്

പുള്ളുവൻ പാട്ട്.

Pulluvanpattu

നാടൻപാട്ട് സംസ്കാരത്തിൽ നേരിട്ട് നിൽക്കുന്ന ഒരു സംഗീത ശാഖയാണ് പുള്ളുവൻ പാട്ട്. കേരളത്തിന്റെ തനതു പാരമ്പര്യത്തിന്റെയും പ്രാചീനതയുടെയും പാരമ്പര്യം വിളിച്ചോതുന്ന ഒന്നുകൂടിയായിരുന്നു പുള്ളുവൻ പാട്ട്. കേരളത്തിലെ ഹൈന്ദവ ജനതയുടെ ജീവിതാചാര അനുഷ്ഠാന സംസ്കാരങ്ങളുമായി പുള്ളുവൻ പാട്ടിന് അഭേദ്യമായ ബന്ധമുണ്ട്. ക്ഷേത്രങ്ങളിലും വീടുകളിലും കണ്ടുവരുന്ന ഈ ഒരു കലാരൂപം വിരളമായി മാത്രമേ ഇന്ന് കണ്ടുവരുന്നുള്ളൂ.

പൊറാട്ട് നാടകം

കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ അരങ്ങേറുന്ന കേരളത്തിലെ ഒരു കലാരൂപം ആയിരുന്നു പൊറാട്ട് നാടകം. പാലക്കാട് ജില്ലയിലാണ് ഇത് സാധാരണയായി കണ്ടുവരാറുള്ളത്. നിത്യ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ കൂട്ടിച്ചേർത്ത് അവതരിപ്പിക്കുന്ന ഒരു കലാരൂപം കൂടിയാണിത്.പുരുഷന്മാർ അവതരിപ്പിക്കുന്ന ഈ ഒരു കലാരൂപത്തിൽ സ്ത്രീ കഥാപാത്രങ്ങളും ഉണ്ടായിരിക്കും. സ്ത്രീ കഥാപാത്രങ്ങളുടെ വേഷവിധാനത്തോട് കൂടി പുരുഷന്മാർ തന്നെയാണ് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുക. പാണന്മാർ എന്ന സമുദായത്തിലെ അംഗങ്ങളായിരുന്നു ഈ ഒരു കലാരൂപം പ്രധാനമായും അവതരിപ്പിച്ചിരുന്നത്. ഈയൊരു കലാരൂപത്തിന്റെ പശ്ചാത്തല സംഗീതത്തിനായി മൃദംഗം, ചെണ്ട ഇലത്താളം, എന്നിവ ഉപയോഗിക്കാറുണ്ട്.ഓരോ സമുദായത്തിന്റെയും ജീവിതരീതികൾ ഫലിത രൂപത്തിൽ അവതരിപ്പിക്കുകയാണ് ഈയൊരു കലാരൂപത്തിൽ ചെയ്യുന്നത്. നൃത്തം,നർമ്മഭാഷണം,ആസ്വാദ്യകരമായ പാട്ടുകൾ,എന്നിവ ഈ ഒരു കലാരൂപത്തിന്റെ ഭാഗങ്ങളാണ്. എന്നാൽ ഈ ഒരു കലാരൂപം അവതരിപ്പിക്കാൻ ആളുകൾ ഇല്ലാതായതോടെ കേരളീയരുടെ മനസ്സിൽ നിന്നും ഈയൊരു കലാരൂപം മാഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്.

കാക്കാരിശ്ശി നാടകം.

Kakkarissinatakam

പരമ്പരാഗത രീതിയിൽ അവതരിപ്പിക്കുന്ന ഒരു കേരളീയ കലാരൂപമാണ് കാക്കാരിശ്ശി നാടകം. നാടോടികളായ കാക്കലന്മാരായിരുന്നു ഇത് അവതരിപ്പിച്ചിരുന്നത്. പാണന്മാർ, ഈഴവർ, കുറവർ, എന്നിവരും ഈയൊരു കലാരൂപം അവതരിപ്പിക്കാറുണ്ട്. പുരാണ കഥാപാത്രങ്ങളായ ശിവൻ, പാർവതി, എന്നിവരെ കഥാപാത്രങ്ങൾ ആക്കിയാണ് ഈ നാടകം അരങ്ങേറാറുള്ളത്. മനുഷ്യന്റെ വിഷമതകൾ കഷ്ടപ്പാടുകൾ എന്നിവ മുഖ്യപ്രമേയം ആക്കിയാണ് നാടകത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ഈയൊരു കലാരൂപം അവതരിപ്പിക്കുവാൻ ആളുകൾ ഇല്ലാതായതോടെ നശിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചു വർഷങ്ങൾക്കുശേഷം ഈ കലാരൂപത്തെ പൂർണ്ണമായും കാണാൻ കഴിയാത്ത സ്ഥിതിയിലാവും എന്നതിൽ സംശയമില്ല; പരമ്പരാഗതമായി കൈമാറി വന്ന ഈ ഒരു കലാരൂപം ആരും തന്നെ ഏറ്റെടുക്കാനില്ല എന്നത് തന്നെയാണ് ഇതിന് കാരണം.

ദഫ് മുട്ട്

Duffmuttu

കേരളത്തിലെ ഇസ്ലാം മത വിശ്വാസികളുടെ ഇടയിൽ പ്രചാരമുള്ള ഒരു കലാരൂപമാണ് ദഫ് മുട്ട്. അറബനമുട്ട് എന്ന ഒരു പേരുകൂടി ഈ ഒരു കലാരൂപത്തിന് ഉണ്ട്.ഇസ്ലാം മതവിഭാഗത്തിലെ എല്ലാ ആഘോഷവേളകളിലും നടത്തിവരുന്ന ഒരു കലാരൂപം ആയിരുന്നു ഇത്. എന്നാൽ ഇന്ന് കലോത്സവവേദികളിൽ മാത്രമായി ചുരുങ്ങി കൊണ്ടിരിക്കുകയാണ് ഈയൊരു കലാരൂപം. വൃത്താകൃതിയിലുള്ള ഒരു മരക്കുറ്റിയിൽ മൃഗങ്ങളുടെ കട്ടിയുള്ള തോലുകൾ വലിച്ചുകെട്ടി ശബ്ദം വരുന്ന വിധത്തിൽ നിർമ്മിക്കുന്ന ഒന്നാണ് ദഫുകൾ. ഈ ദഫുകളാണ് ദഫ് മുട്ടിന് ഉപയോഗിക്കാറ്. ദഫുകൾ മുട്ടുകയും അതിന്റെ കൂടെ പാട്ടുകൾ പാടി വൃത്തത്തിൽ നിന്ന് പ്രത്യേക ചലനത്തോടെ നൃത്തം ചെയ്തു കൊണ്ടാണ് ഈയൊരു കലാരൂപം അരങ്ങേറാറുള്ളത്. എന്നാൽ ഇന്ന് ഈ ഒരു കലാരൂപം മുസ്ലിം ആഘോഷവേളകളിൽ ഒന്നും കാണാറില്ല.

വട്ടപ്പാട്ട്

മുസ്ലിം മത വിഭാഗത്തിലെ ഒപ്പന എന്ന കലാരൂപവുമായി ഏറെ സാമ്യമുള്ള ഒരു കലാരൂപമാണ് വട്ടപ്പാട്ട്.ഒപ്പനയ്ക്ക് സ്ത്രീകൾ നൃത്തം ചെയ്യുമ്പോൾ വട്ടപ്പാട്ടിൽ പുരുഷന്മാരാണ് നൃത്തം ചെയ്യുന്നത്. മുസ്ലിം മത വിഭാഗത്തിലെ ആഘോഷങ്ങളിലാണ് വട്ട പാട്ട് കാണാറുള്ളത്. കലോത്സവ വേദികളിൽ ഒരു മത്സരയിനമായി ഈ കലാരൂപം കാണാറുണ്ട്. എന്നാൽ ഇന്ന് വട്ട പാട്ട് എന്ന കലാരൂപത്തിന്റെ പ്രചാരം കുറഞ്ഞു വരുന്നതായി കാണാം.

പരിചമുട്ടുകളി

Parichamuttukali

കേരളത്തിൽ ഏറെ പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു ആയോധനകലയായിരുന്നു പരിചമുട്ടുകളി. പത്തോ പന്ത്രണ്ടോ പുരുഷന്മാർ അടങ്ങിയ സംഘം ആയാണ് ഈ കളി അവതരിപ്പിക്കുന്നത്. കളരിയാശാൻ ചെല്ലുന്ന പാട്ടിന്റെ താളത്തിൽ പരിച കയ്യിലേന്തി നൃത്തം ചവിട്ടുകയാണ് ഈ കലാരൂപത്തിൽ ചെയ്യുന്നത്.ഈ കലാരൂപത്തിലൂടെ പരിചമുട്ട് കളിയുടെയും കളരിപ്പയറ്റിയും ദൃശ്യരൂപം നമുക്ക് കാണാൻ സാധിക്കും. ക്രൈസ്തവരുടെ വിവാഹാഘോഷങ്ങൾ, പള്ളിപ്പെരുന്നാൾ, എന്നീ ആഘോഷവേളകളിലായിരുന്നു പരിച മുട്ടുകളി അരങ്ങേറാറുണ്ടായിരുന്നത്. ക്രൈസ്തവരുടെ ഇടയിൽ മാത്രമല്ല ഹൈന്ദവ മുസ്ലിം വിഭാഗങ്ങളുടെ ഇടയിലും പരിചയമുട്ട് കളി കാണാൻ സാധിക്കും.എന്നാൽ ഇന്ന് പരിചമുട്ടുകളി കാണാൻ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ അന്യം നിൽക്കുന്ന ഒരു കലാരൂപമായി പരിചമുട്ടുകളിയെ നമുക്ക് കണക്കാക്കാം.

കുറത്തിയാട്ടം

കേരളത്തിലെ ഒരു ഗ്രാമീണ കലാരൂപമാണ് കുറത്തിയാട്ടം. തൃശ്ശൂർ പൂരം കാണാൻ ചെന്ന കുറവനും കുറത്തിയും കാണാതാവുന്നതുമായി ബന്ധപ്പെട്ട കഥയാണ് കുറത്തിയാട്ടത്തിൽ ഉള്ളത്. കുറത്തി,കുറവൻ, മുത്തിയമ്മ എന്നീ കഥാപാത്രങ്ങളാണ് ഇതിൽ പ്രധാനമായി ഉള്ളത്. വേദികളിൽ അരങ്ങേറിയിരുന്ന ഈ ഒരു കലാരൂപം ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നില്ല. ഈ ഒരു കലാരൂപം കേരളത്തിൽനിന്നും പൂർണ്ണമായും ഇല്ലാതായി എന്ന് നമുക്ക് കണക്കാക്കാം. എല്ലാ മതവിഭാഗങ്ങളിലും ജാതിമതഭേദമെന്യേ അരങ്ങേറിയിരുന്ന ഒരു കലാരൂപം കൂടിയായിരുന്നു ഇത്.

കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന കലാരൂപങ്ങൾ അന്യം നിന്ന് പോവാനുള്ള കാരണങ്ങൾ

വിദേശികളും അന്യസംസ്ഥാനക്കാരും ഏറെ കൗതുകത്തോടെ നോക്കിനിൽക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരുപാട് കലാരൂപങ്ങൾ ഉണ്ടായിരുന്നു കേരളത്തിൽ. എന്നാൽ ഇന്ന് അവയിൽ ഒട്ടുമിക്ക കലാരൂപങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രധാന കാരണം കലയെ സ്നേഹിക്കുന്ന കലാകാരന്മാർ കുറഞ്ഞുവരുന്നു എന്നത് തന്നെയാണ്. തിരക്കുപിടിച്ച ജീവിതത്തിൽ പണത്തിന് പിറകെ നെട്ടോട്ടം ഓടുമ്പോൾ കലയെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും നാം മറക്കുന്നു. ഓരോ കലാരൂപങ്ങളും ആസ്വാദനം, വിനോദം എന്നതിലുപരി കേരളത്തിന്റെ ആചാര അനുഷ്ഠാനങ്ങൾ വിളിച്ചോതുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. പാരമ്പര്യമായി കൈമാറി വന്ന ചില കലാരൂപങ്ങൾ ഏറ്റെടുക്കാൻ ആളില്ലാതായതും കലാരൂപങ്ങളുടെ പ്രാധാന്യം ജനങ്ങൾക്കിടയിൽ കുറഞ്ഞു വരാൻ കാരണമായിട്ടുണ്ട്. ക്ഷേത്രങ്ങളിലും മറ്റും നടത്തിവരാറുള്ള ക്ഷേത്ര കലകളും ഇതിന് ഉദാഹരണം തന്നെയാണ്. കലകൾക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ കലോത്സവ വേദികളിൽമാത്രം ഒതുങ്ങി പോവുകയും ചെയ്യുന്നുണ്ട്. കലോത്സവ വേദികളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണ് കലാരൂപം എന്നൊരു മിഥ്യാധാരണ കൂടി കലകളുടെ പ്രചാരം കുറഞ്ഞുവരുന്നതിന് കാരണമായിട്ടുണ്ട്.മനുഷ്യനോളം പ്രായം ചെന്ന പ്രാചീന കലകൾ മുതൽ അനുഷ്ഠാനകലകൾ വരെ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കല എന്നത് സമുദായത്തിന്റെയും മതത്തിന്റെയോ ചിറകുകളിൽ ഒതുങ്ങേണ്ടതല്ല. മനുഷ്യൻ ഉള്ളിടത്തോളം കല ഉണ്ടാവണം.

continue reading.

രാജസ്ഥാനിൽ സന്ദർശിക്കേണ്ട മികച്ച 10 സ്ഥലങ്ങൾ

രാജസ്ഥാനിൽ സന്ദർശിക്കേണ്ട മികച്ച 10 സ്ഥലങ്ങൾ

Oct 4, 2022
മഹാരാഷ്ട്രയില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

മഹാരാഷ്ട്രയില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

Sep 23, 2022
എന്താണ് അക്വാപോണിക്‌സ്?

എന്താണ് അക്വാപോണിക്‌സ്?

Jun 22, 2022
കേരളത്തിനായുള്ള മികച്ച 10 ബിസിനസ്സ് ആശയങ്ങൾ

കേരളത്തിനായുള്ള മികച്ച 10 ബിസിനസ്സ് ആശയങ്ങൾ

Jun 10, 2022
download katha app