നേരത്തെയുള്ള റിട്ടയര്‍മെന്റ് എങ്ങനെ പ്ലാന്‍ ചെയ്യാം?
റിട്ടയര്‍മെന്റ്. ജോലിയില്‍ നിന്നും വിരമിക്കല്‍. 60 വയസ്സ് വരെ സര്‍ക്കാര്‍ ജോലി ചെയ്ത് ശിഷ്ട ജീവിതം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ വേണ്ടി ജോലിയില്‍ നിന്നും വിരമിക്കുന്നു. ഇതായിരുന്നു കുറച്ചു നാള് മുന്‍പ് വരെ വിരമിക്കല്‍ എന്ന വാക്ക് കേട്ടാല്‍ മനസ്സിലേക്ക് ഓടിവരുന്നത്. എന്നാല്‍ ഇന്ന് കാലം മാറി. എല്ലാ നാളും ജോലി ചെയ്ത് ജീവിക്കണം എന്ന നിര്‍ബന്ധം ഇല്ലാത്ത പുതിയ തലമുറയാണ് ഇന്ന്. ഇപ്പോള്‍ 60 വയസ്സുവരെയൊന്നും കാത്തു നില്‍ക്കാതെ നേരത്തെ തന്നെ ചെയ്യുന്ന ജോലിയോട് വിടപറയുന്ന പ്രവണതയുണ്ട്. പലര്‍ക്കും പല കാരണങ്ങള്‍ ആകാം. ജീവിതാവസാനം വരെ മറ്റൊരാളുടെ കീഴില്‍ പണിയെടുത്ത് കഴിയണ്ട എന്ന തീരുമാനം ആകാം, ചിലപ്പോള്‍ തങ്ങളുടെ പാഷന് അനുസരിച്ച് മറ്റൊരു രീതിയില്‍ ജീവിക്കാനുമാകാം. വിരമിക്കല്‍ എന്ന കാര്യം എപ്പോഴും ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. നേരത്തെയുള്ള വിരമിക്കല്‍ കൂടുതല്‍ അച്ചടക്കത്തോടെയും ശ്രദ്ധയോടെയും ചെയ്യേണ്ടതാണ്. അതിന് എന്തൊക്കെ ശ്രദ്ധിക്കാം എന്നു നമുക്ക് നോക്കാം.
1. നേരത്തെ തുടങ്ങാം
ഒരു ജോലിയില്‍ നിന്നു എപ്പോള്‍ വിരമിക്കണം എന്നത് തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനുള്ള ആസൂത്രണം അപ്പോള്‍ തന്നെ തുടങ്ങുക എന്നതാണു ഉചിതമായ കാര്യം. ചിലപ്പോള്‍ അത് വരുമാനം കിട്ടി തുടങ്ങിയ ആദ്യ നാളുകളില്തന്നെയാകാം. വാര്‍ദ്ധക്ക്യ കാലത്ത് വിരമിക്കുന്നവരെക്കാള് അപകട സാധ്യത കൂടുതലാണ് നേരത്തെ വിരമിക്കല്‍ ചിന്തിക്കുന്നവര്‍ക്ക്. അതുകൊണ്ടുതന്നെ, പാഴാക്കുന്ന ഓരോ വര്‍ഷവും വിരമിക്കുന്ന സമയത്തുള്ള ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കും. ആസൂത്രണത്തിലെ ആദ്യ പടി, വിരമിച്ചു കഴിയുന്ന സമയത്ത് എത്രത്തോളം ചിലവുകള്‍ ഉണ്ടാകും എന്നാ ധാരണ വേണം. വിരമിച്ചു കഴിഞ്ഞുള്ള ഓരോ മാസവും ഭക്ഷണത്തിനും, താമസത്തിനും, വസ്ത്രത്തിനും, ഇന്‍ഷുറന്‍സിനും, യാത്രകള്‍ക്കും ഒക്കെ എത്രയാകുമെന്ന ധാരണയാണ് വേണ്ടത്. അപ്പോള്‍ കടങ്ങളുണ്ടെങ്കില്‍ അതും ഈ ചിലവുകളില്‍ ഉള്‍ക്കൊള്ളിക്കണം. ഇത് കൂടാതെ, മാനസ്സികോല്ലാസത്തിനും, പൂര്‍ത്തികരിക്കേണ്ട ആഗ്രഹങ്ങള്‍ക്ക് വരുന്ന ചിലവുകളും കണക്കുകൂട്ടി വയ്ക്കണം. നാണയപ്പെരുപ്പവും ഭാവിയിലുള്ള ഉത്തരവാദിത്തങ്ങളും നേരത്തെ കണക്കുകൂട്ടാന്‍ പറ്റില്ലെങ്കിലും ഒരു ഏകദേശ ധാരണ വയ്ക്കുന്നതാണ് ഉത്തമം.
2. മിതവിനിയോഗം ശീലമാക്കാം
വിരമിക്കുന്ന സമയത്ത് സമ്പാദ്യമായി കയ്യില്‍ പണം വേണമെങ്കില്‍, ഇപ്പോള്‍ മുതല്‍ പണത്തിന്റെ വിനിയോഗം മിതമാക്കി നിര്‍ത്താം. സേവിങ്സ് എന്നത് എപ്പോഴും ഒരു മുതല്‍ക്കൂട്ടാണ്. മിച്ചം പിടിക്കുന്ന ഓരോ രൂപയും സമ്പാദ്യമാണ്. അത് കൊണ്ട് ഓരോ രൂപയും മിച്ചം വച്ച് വേണം വിരമിക്കലിനെക്കുറിച്ച് ആലോചിക്കാന്‍. കുറച്ചു ചിലവഴിച്ച് കൂടുതല്‍ സമ്പാദിക്കാൻ നോക്കാം. അങ്ങനെ ചെയ്തു ശീലിച്ചാല്‍ വിരമിക്കല്‍ നേരത്തെയാകാം. നമ്മുടെ ജീവിതത്തില്‍ നിസാരമെന്ന് തോന്നുന്ന കാര്യങ്ങളില്‍ തന്നെ മിതത്വം പാലിച്ചാല്‍ നമുക്ക് ആ ലക്ഷ്യത്തില്‍ എത്താവുന്നതേയുള്ളൂ. പലപ്പോഴും ഓഫീസിലേക്കും മറ്റുമുള്ള യാത്രകള്‍ക്ക് പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. സ്വന്തം വാഹനത്തില്‍ തന്നെ യാത്ര ചെയ്യണം എന്ന നിര്‍ബന്ധം കാരണം പലരും ലോണ്‍ ഒക്കെ എടുത്ത് വാഹനം വാങ്ങുകയും, അതിനും അതിന്റെ പരിചരണത്തിനുമായി ശമ്പളത്തിന്റെ ഏറിയ പങ്കും മാറ്റി വയ്ക്കേണ്ടി വരികയും ചെയ്യുന്നു. പട്ടണങ്ങളില്‍ ഷെയറിങ് ക്യാബുകളും മറ്റും ഉപയോഗിക്കുന്നതിലൂടെ പണം മിച്ചം പിടിക്കാന്‍ പറ്റും. ചിലപ്പോള്‍ നിസ്സാരമെന്ന് തോന്നുന്നെങ്കിലും, പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും, അതുവഴി പണം ലാഭിക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം. ആവശ്യ സാധനങ്ങള്‍ മാത്രം വാങ്ങുക എന്നതും നല്ല ശീലം തന്നെയാണ്. അനാവശ്യ ചിലവുകള്‍ ഒഴിവാക്കി സമ്പാദ്യത്തിലേക്ക് മാറ്റിവയ്ക്കാം. ബാങ്കുകളും മറ്റും ഇപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും പെട്ടെന്നു തന്നെ ലോണ്‍ തരപ്പെടുത്തി തരുന്നുണ്ട്. പല സാധനങ്ങളും തവണ വ്യവസ്ഥയില്‍ വാങ്ങാവുന്നതും ആണ്. പക്ഷേ, ഇത്തരം വലയില്‍ വീണാല്‍ ജീവിതം മുഴുവന്‍ തവണകള്‍ അടച്ചു തീരുകയും വിരമിക്കലിന് ശേഷമുള്ള സമ്പാദ്യം ഒന്നുമില്ലാതെ വരികയും ചെയ്യുന്നു. ജീവിതം ഒരു ബഡ്ജറ്റിൽ ജീവിക്കാന്‍ ശ്രമിക്കാം. വരവുചിലവ് കണക്കുകള്‍ നോക്കാനൊക്കെ സഹായകരമായ മൊബൈല്‍ ആപ്പുകള്‍ വരെ ഇപ്പോള്‍ സുലഭമാണ്.
3. നിക്ഷേപം തുടങ്ങാം
വിദ്യാഭ്യാസ കാലം മുതല്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ട ഒരു കാര്യമാണ് നിക്ഷേപം. എല്ലാവര്ക്കും ജോലി ചെയ്യാനും ശമ്പളം വാങ്ങാനും അറിയാം. പക്ഷേ നാളേക്ക് വേണ്ടി നിക്ഷേപിക്കാന്‍ ശീലിക്കുന്നില്ല. നേരത്തേയുള്ള വിരമിക്കല്‍ പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ നിക്ഷേപ സാധ്യതകളെക്കുറിച്ചും നമ്മള് ചിന്തിക്കേണ്ടിയിരിക്കുന്നു. സേവിങ്സിന് ഒപ്പം തന്നെ നിക്ഷേപം എന്നതും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് നല്ലത്. ജീവിതത്തില്‍ നേരത്തെ തന്നെ നിക്ഷേപം നടത്തിത്തുടങ്ങുന്നതാണ് നല്ലത്. കാരണം കൂടുതല്‍ കാലം നിക്ഷേപം കിടക്കും തോറും കൂട്ടുപലിശയുടെ ഗുണം കൂടുതല്‍ കിട്ടുന്നതാണ്. അതേ സമയം, എവിടെ നിക്ഷേപിക്കണം എന്നതും മുഖ്യമാണ്. ഓഹരിയില്‍ നിക്ഷേപിക്കലാണ് ഇപ്പോഴത്തെ ഒരു പ്രവണതയും കൂടുതല്‍ ലാഭകരവും. പല കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടുകയോ മൂച്വല്‍ ഫണ്ട്സുകളില് നിക്ഷേപിക്കുകയോ വഴി അത് സാധ്യമാക്കാം. എപ്പോഴും വളരെ അച്ചടക്കത്തോടെയും ദീര്‍ഘകാലത്തേക്കും വേണ്ടി ചെയ്യണ്ടതാണ് ഓഹരി നിക്ഷേപങ്ങള്‍. അത്തരത്തില്‍ നോക്കുമ്പോള്‍ സിസ്റ്റെമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍(എസ്.ഐ.പി) ആണ് കൂടുതല്‍ നല്ലതെന്നു പറയേണ്ടിവരും. കാരണം എസ്.ഐ.പികളിലൂടെ പണം സമ്പാദിക്കുകയും കൂടാതെ പണം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. എത്ര ചെറിയ തുകയിലും നിക്ഷേപം ആരംഭിക്കാം എന്നതാണു ഇതിന്റെ പ്രത്യേകത. ഇതിന്റെ ആനുകൂല്യം മുഴുവനായി ലഭിക്കണമെങ്കില്‍ കൃത്യമായ തവണകളില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കണം എന്നുമാത്രം. എസ്.ഐ.പിയുടെ സ്വഭാവം ഒരു റെക്കറിങ് ഡെപ്പോസിറ്റിന് സമാനമാണെങ്കിലും അതിനേക്കാള്‍ ലാഭകരമാണ് എന്നാതാണ് എസ്.ഐ.പിയെ ജനപ്രിയമാക്കുന്നത്. എത്രയും നേരത്തേ തുടങ്ങുകയാണെങ്കില്‍ അത്രയും കൂടുതല്‍ ഫലം ഇതില്‍ നിന്നും ലഭിക്കുന്നതാണ്. വിരമിക്കുന്ന സമയത്ത് ഇതൊരു മുതല്‍ക്കൂട്ടായിരിക്കും. സമ്പാദിക്കുന്ന സമയത്ത് കൂടുതല്‍ പണം ലഭിക്കുമ്പോള്‍ എസ്.ഐ.പിയില്‍ നിക്ഷേപിക്കുന്ന അളവും കൂട്ടുവാന്‍ ശ്രമിക്കുക. ഇത്തരം നിക്ഷേപങ്ങളുടെ ചിന്തകള്‍ വിരമിക്കുന്ന കാര്യത്തെ കുറിച്ചുള്ള ചിന്തകളില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതാണ്.
4. ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാം.
ആരോഗ്യപരിപാലനവും ചികില്‍സാ ചിലവുകളും കൂടിവരുന്ന ഈ കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് എന്നത് എന്തുകൊണ്ടും ഗുണം ചെയ്യുന്നതാണ്. ജോലി ചെയ്യുന്ന കമ്പനി വക ഇന്‍ഷുറന്‍സുകള്‍ ഉണ്ടെങ്കിലും, അത് ജോലി ഉള്ളപ്പോള്‍ വരെയാണ് ഉപയോഗിക്കാന്‍ പറ്റുന്നത്. വിരമിച്ചു കഴിഞ്ഞതിന് ശേഷം അതിന്റെ ഗുണം ഉണ്ടാവുകയില്ല. അതിനു മറ്റൊരു ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തു വയ്ക്കുന്നത് അത്യന്താപേക്ഷിതമാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ വയസ്സു കൂടും തോറും കൂടികൊണ്ടിരിക്കും. അതുകൊണ്ട് വിരമിച്ചു കഴിഞ്ഞതിന് ശേഷം അതെടുക്കാം എന്ന ആലോചന കൂടുതല്‍ പണച്ചിലാവുണ്ടാക്കുന്നതാണ്. ജീവിത ശൈലീ രോഗങ്ങളുടെ ചികിത്സക്കും മറ്റും ഇന്‍ഷുറന്‍സ് പ്ലാനുകളില്‍ പല നിബന്ധകളും ഉണ്ടാകും. അതുകൊണ്ടു തന്നെ നേരത്തെ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് ചേര്ന്നുവയ്ക്കുന്നത് എന്തുകൊണ്ടും അനുയോജ്യമാണ്.
5. കടങ്ങള്‍ വരുത്തിവയ്ക്കാതിരിക്കാം
ഒരു ജോലിയില്‍ നിന്നും വിരമിച്ചു നില്ക്കുന്ന സമയത്തും, കാര്യമായ വരുമാനം ഇല്ലാത്ത സമയത്തും കടബാധ്യത ഉണ്ടാവുക എന്നത് അത്ര രസകരമായ അവസ്ഥയല്ല. അത് കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാക്കുകയെ ഉള്ളൂ. അതിനു പകരമായി റിട്ടയര്‍മെന്റിന് ശേഷം ഉപയോഗിക്കാനെടുത്തുവച്ച പണത്തില്‍ നിന്നും എടുത്തു കടം വീട്ടുന്നതും നല്ല ആശയം അല്ല. അതുകൊണ്ടുതന്നെ, കടങ്ങള്‍ വരുത്തിവയ്ക്കാതിരിക്കാന്‍ ശ്രമിക്കുകയോ ഉണ്ടെങ്കില്‍ തന്നെ നേരത്തെ തന്നെ തീര്‍ക്കാനോ ശ്രമിക്കുന്നതാണ് നല്ലത്. ലോണ്‍ ഒക്കെ എടുത്തു പല കാര്യങ്ങളും ചെയ്യുന്നവര്‍, തിരിച്ചടവുകളില്‍ പലിശക്ക് പുറമെ മുതലിലേക്കും കുറച്ചായി അടച്ചുതീര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. അങ്ങനെ ചെയ്യുമ്പോള്‍ ലോണ്‍ എടുത്തത് നേരത്തെ അടച്ചു തീരുകയും, കൂടുതല്‍ പണം സമ്പാദിക്കാനും സാധിക്കും.
6. സാമ്പത്തിക ഉപദേഷ്ടാവിനെ കൂടെ കൂട്ടാം
നേരത്തെയുള്ള വിരമിക്കലിന് കടമ്പകള്‍ പലതാണ്. ഒരു സാധാരണക്കാരന് ഉണ്ടാവുന്നതില്‍ കൂടുതല്‍ സാമ്പത്തികമായ അറിവ് ഈ കാര്യത്തില്‍ ആവശ്യമായി വന്നേക്കാം. അങ്ങനെയുള്ള ഒരാളാണ് നിങ്ങളെങ്കില്‍ ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ കൂടെ കൂട്ടുന്നത് എന്തുകൊണ്ടും ഉത്തമമാണ്. ഒരു നല്ല സാമ്പത്തിക ഉപദേഷ്ടാവിന് നമ്മുടെ ലക്ഷ്യം അനുസരിച്ചുള്ള നല്ല നിക്ഷേപ തന്ത്രങ്ങളും മറ്റും മെനഞ്ഞു തരാന്‍ കഴിയും. നിക്ഷേപങ്ങള്‍ എങ്ങനെയൊക്കെ, എവിടെയൊക്കെ, എത്രയൊക്കെ എന്നത് പറഞ്ഞു മനസ്സിലാക്കി തരുന്നതിലും ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ പങ്ക് ചെറുതല്ല. ഇനി വിരമിച്ചു കഴിഞ്ഞതിന് ശേഷവും ഉപദേശങ്ങള്‍ക്കും, ഉള്ള സമ്പാദ്യം നിലനിര്‍ത്താനുമുള്ള കാര്യങ്ങള്‍ക്കും ഒരു സാമ്പത്തിക ഉപദേഷ്ടാവ് സഹായിക്കുന്നതാണ്. എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രം ഒരു നല്ല സാമ്പത്തിക ഉപദേഷ്ടാവിനെ കണ്ടെത്തുക.
7. പദ്ധതിയില്‍ ഉറച്ചുനില്ക്കുക.
റിട്ടയര്‍മെന്റ് നേരത്തെയാക്കണം എന്നതാണു ഉദ്ദേശമെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുക മാത്രം പോര, അതെല്ലാം എല്ലായ്പ്പോഴും നടക്കുന്നു എന്നുറപ്പു വരുത്തുകയും വേണം. നിക്ഷേപങ്ങളും സേവിങ്സുകളും എവിടേയും നിന്നുപോകാതെ നോക്കിയാല്‍ മാത്രമേ റിട്ടയര്‍മെന്റ് ദിനങ്ങളില്‍ അതിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുകയുള്ളൂ. അതിനായി ജോലി ചെയ്യുന്ന സമയം തന്നെ ശമ്പളത്തില്‍ നിന്നും എല്ലാ മാസവും ഒരു വിഹിതം സേവിങ്സിലേക്കും നിക്ഷേപങ്ങളിലേക്കും പോകുന്ന പോലെ സെറ്റ് ചെയ്തു വയ്ക്കാം. അപ്പോള്‍ ആ പ്ലാനില്‍ കൂടുതല്‍ ഉറച്ചു നില്ക്കുന്നപോലെയാകും.
ജീവിതത്തില്‍ നേരത്തെ തന്നെ പ്ലാനിങ് തുടങ്ങി, ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായത്തോടുകൂടി കൃത്യമായ നിക്ഷേപങ്ങളില്‍ നിക്ഷേപിച്ച് വിരമിക്കലിന് വേണ്ടി തയ്യാറെടുക്കുന്നത് കൂടുതല്‍ ഗുണകരമാകും. നേരത്തെയുള്ള വിരമിക്കല്‍ എപ്പോഴും ഒരു കടുത്ത തീരുമാനം ആണ്. പക്ഷേ, കൃത്യമായുള്ള പ്ലാനിങ്ങിലൂടെയും അത് നടത്തിയെടുക്കുന്നതിലൂടെയും ആ പ്രക്രിയ ആയാസകരമാക്കാം.
continue reading.
ഈ വിഷുവിന് ചെയ്യാൻ പത്തിലേറെ കാര്യങ്ങൾ
ഓണം പോലെതന്നെ മലയാളികള്‍ക്ക് പ്രധാന ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിന് ആണ് വിഷു ആഘോഷിക്കുന്നത്. ഒരു വര്‍ഷാരംഭം ആയിട്ടും വിഷുവിനെ കണക്കാക്കുന്നു. ‘തുല്യത’ എന്നര്‍ത്ഥം വരുന്ന സംസ്കൃത മലയാളത്തിലെ ‘വിഷുവം’ എന്ന പദത്തില്‍ നിന്നാണ് വിഷു എന്ന വാക്ക് ഉത്ഭവിച്ചത്.

## എന്താണ് വിഷു? വിഷുവിന് പിന്നില്‍ പല ഐതീഹ്യങ്ങളും ഉണ്ട്. നരകാസുരന് ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതീഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില് തട്ടിയതിനാല്‍ രാവണന് കോപിഷ്ഠനായി സൂര്യനെ കൊട്ടാരത്തിന് നേരെ ഉദിക്കാന്‍ സമ്മതിച്ചില്ലെന്നും, രാമന് രാവണനെ നിഗ്രഹിച്ചതിന് ശേഷം സൂര്യന് നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നത് എന്നത് മറ്റൊരു ഐതീഹ്യം. കേരളത്തില്‍ വിഷു ഒരു വിളവെടുപ്പ് ഉത്സവമായാണ് ആഘോഷിക്കുന്നത്. ## വിഷു എങ്ങനെ ആഘോഷിക്കാം? 10 കാര്യങ്ങൾ വിഷു എങ്ങനെ ആഘോഷിക്കണം എന്നത് ഒരു മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഈ വിഷു കൂടുതല്‍ രസകരമാക്കാന്‍, കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും ചേര്‍ന്ന് ചെയ്യാവുന്ന വ്യത്യസ്തമായ 10 കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ### 1. വിഷുക്കണി കാണിക്കാൻ പോകാം പണ്ടുകാലത്ത് ചില നാട്ടിന്‍പുറങ്ങളില്‍ വിഷുദിവസം വെളുപ്പിന് കണികാണിക്കാന്‍ വേണ്ടി കൊണ്ടുനടക്കുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു. അവിടത്തെ യുവാക്കള്‍ ആയിരിക്കും മിക്കവാറും അതിനു മേല്‍നോട്ടം വഹിക്കുന്നത്. അതെ, മീശമാധവന് സിനിമയിലെ തുടക്ക രംഗങ്ങളില്‍ ഉള്ളപോലെ തന്നെ കൃഷ്ണന്റെ വേഷമണിഞ്ഞ് ഓരോ വീട്ടിലും ചെന്ന് കണി കാണിക്കുന്ന കാര്യം തന്നെയാണ് പറഞ്ഞു വരുന്നത്. ഈ വിഷുവിന് കൂട്ടുകാരുമൊത്ത് അത്തരം ഒരു പരിപാടി പ്ലാന്‍ ചെയ്യാം. കൃഷ്ണവേഷം കെട്ടാന്‍ ആളെ നോക്കിവയ്ക്കണം. അതിനുള്ള ചിലവും മറ്റും ഓരോ വീട്ടില്‍ നിന്നുള്ള വിഷുകൈനീട്ടത്തില് നിന്നും കിട്ടും. ചിലപ്പോൾ ആഘോഷിക്കാനുള്ള പടക്കം വാങ്ങാനുള്ള പണവും കിട്ടിയേക്കാം. ഫ്ലാറ്റുകളില്‍ ജീവിക്കുന്നവര്‍ക്കും ചെയ്തുനോക്കാവുന്നതാണ്. ഒരു പുതിയ അനുഭവം ആയിരിയ്ക്കും. ### 2. യാത്ര പോകാം

യാത്ര പോകാന്‍ ഇഷ്ടമല്ലാത്തവരായി ആരുണ്ട്? അത് വിഷുവിനോട് അനുബന്ധിച്ചാണെങ്കില്‍ വീട്ടിലുള്ള എല്ലാവരും കൂടെ കാണും. എല്ലാവര്‍ഷവും വിഷു വീട്ടിലിരുന്നാകാം ആഘോഷിക്കുന്നത്. ഇത്തവണ ഒന്നു പുറത്തേക്ക് ഇറങ്ങാം. കുടുംബത്തോടൊപ്പമോ കൂട്ടുകാരുമൊത്തോ ഒരു യാത്ര പോകാം. കുട്ടികള്‍ക്കെല്ലാവര്‍ക്കും ഈ സമയം അവധിയായിരിക്കും. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുചേരുന്ന സമയമാവും. ഈ സമയം ഒരു യാത്രയ്ക്ക് വിനിയോഗിച്ചാല്‍ അതൊരു കുടുംബ സംഗമം പോലെയും ആവും. അതും കോവിഡ് മൂലം വീട്ടില്‍ അടച്ചുപൂട്ടിയിരുന്നവര്ക്ക് കൂടുതല്‍ ആശ്വാസവുമാകും. ഒരു മലമുകളിലേക്ക് യാത്രപോകാനാവാം ചിലര്‍ക്ക് ഇഷ്ടം. ചിലര്‍ക്ക് അതൊരു ബീച്ചിലേക്കാകാം. കോവളം, മൂന്നാര്‍, തേക്കടി, വയനാട് പോലുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോകാം. അല്ലെങ്കില്‍, നിങ്ങളുടെ ഏറ്റവും അടുത്തു കിടക്കുന്ന സ്ഥലത്തേക്ക്, നിങ്ങളൊട്ടും പോകാത്ത സ്ഥലത്തേക്ക് യാത്രയാവാം. എവിടേക്കായാലും വിഷുവിന് തലേ ദിവസം പോയി വിഷുദിവസം ഉദയസൂര്യനെ കണികാണാം. ### 3. അനാഥാലയത്തിൽ വിഷു ആഘോഷിക്കാം

ഇത്തവണ വിഷു നമുക്ക് അടുത്തുള്ള അനാഥാലയത്തിലോ അഗതിമന്ദിരത്തിലോ ആക്കിയാലോ? കുടുംബത്തോടൊപ്പമോ കൂട്ടുകാരുമൊത്തോ അവിടെപ്പോയി അവിടത്തെ അന്തേവാസികളുമായി വിഷു ആഘോഷിക്കാം. കഴിഞ്ഞ വിഷുവിന് കിട്ടിയ വിഷുകൈനീട്ടം എടുത്തുവച്ചിട്ടുണ്ടെങ്കില്‍ അത് അവര്‍ക്കായി ചിലവഴിക്കാം. അല്ലെങ്കില്‍ ഉറ്റവരെന്ന് കരുതി അവരുടെ പുഞ്ചിരിക്കായി കുറച്ചു പണം ചിലവഴിക്കാം. വിഷുകൈനീട്ടവും വിഷുക്കോടിയും അവര്‍ക്ക് നല്‍കാം. കൂടെയിരുന്ന് സദ്യ കഴിക്കാം. സന്തോഷത്തോടെ പായസം കുടിക്കാം. വിഷു എന്നാല്‍ തുല്യത എന്നാണല്ലോ അര്‍ത്ഥം. അവരും നമ്മളും തുല്ല്യരാണെന്നും അവര്‍ക്കൊപ്പം നമ്മളുണ്ടെന്നും ഉള്ള ആശ്വാസമേകാം. ### 4. കണിവയ്ക്കൽ മത്സരം ഫ്ളാറ്റില്‍ ജീവിക്കുന്നവര്‍ക്ക് വിഷു കൂടുതല്‍ രസകരമാക്കാന്‍ ഒരു മത്സരം നടത്താം. കണിവയ്ക്കല് മത്സരം. ഓരോ ഫ്ലാറ്റിലെയും ആള്ക്കാര് അവരുടെ വീട്ടില്‍ കണിവയ്ക്കണം. കണിയൊരുക്കാനായി അരി, നെല്ല്, കോടി മുണ്ട്, വാൽക്കണ്ണാടി, സ്വർണ്ണം, കണിവെള്ളരി, കണിക്കൊന്ന, വെറ്റില, അടയ്ക്ക, ചക്കപ്പഴം, മാമ്പഴം, പഴം, നാളികേര പാതികൾ, തിരി കൊളുത്തി വയ്ക്കാനായി വിളക്ക്, വെള്ളം നിറച്ച് വച്ച കിണ്ടി, കൃഷ്ണ വിഗ്രഹം എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇവയെല്ലാം ഒരു ഉരുളിയിൽ വച്ച് കണിയൊരുക്കാം. ഓണത്തിന് പൂക്കളമത്സരം നടത്തുന്നപോലെ തന്നെ ഓരോ വീട്ടിലും പോയി വച്ചിരിക്കുന്ന കണി എങ്ങനെയുണ്ടെന്ന് നോക്കാം. വിധി നിര്‍ണ്ണയിക്കാന്‍ നിഷ്പക്ഷരായിട്ടുള്ള ആള്‍ക്കാരെ നിയോഗിക്കാം. അതൊരു ആഘോഷമാക്കി മാറ്റാം. മത്സരം കണിവയ്ക്കുന്നതില് മാത്രം ഒതുക്കണ്ട. മറ്റ് മേഖലകളിലും മത്സരം വയ്ക്കാം. മികച്ച സദ്യ, നല്ല പായസം പോലുള്ള ഇനങ്ങളിലും മത്സരം വയ്ക്കാം. ഈ വിഷു മത്സരങ്ങളിലൂടെയും ഒത്തൊരുമയിലും ആഘോഷിക്കാം. ### 5. കൃഷി തുടങ്ങാം

വിഷു മലയാളികള്‍ക്ക് ഒരു കാര്‍ഷികോത്സവം കൂടിയാണ്. പണ്ട് കാലത്ത് വിഷുവിനോട് അനുബന്ധിച്ച് പാടത്തും തങ്ങളുടെ കൃഷി സ്ഥലങ്ങളിലും കര്‍ഷകർ ചെയ്യുന്ന പല ആചാരങ്ങള്‍ ഉണ്ടായിരുന്നു. ചാലിടീല്‍ കര്‍മ്മം, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്. ഇതിനെ പിന്തുടര്ന്നു തന്നെ നമുക്കും ഒരു കൃഷി തുടങ്ങാം. പാടത്ത് വിത്ത് വിതയ്ക്കാനോ തോപ്പില്‍ തെങ്ങ് വയ്ക്കാനോ കഴിയണം എന്നില്ല. ഒരു ചെറിയ കവറില്‍ കുറച്ച് മണ്ണെടുത്ത് അതില്‍ പഴുത്ത മുളകിന്റെ വിത്ത് പാവിയാലും മതി. പല പച്ചക്കറി വിത്തുകള്‍ ഇപ്പോള്‍ സുലഭമായി വാങ്ങാന്‍ കിട്ടും. തൊടിയിലോ വീടിന്റെ ടെറസ്സിലോ ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലോ ഒക്കെ നമുക്ക് ഗ്രോ ബാഗുകള്‍ ഉപയോഗിച്ച് ചെറിയ കൃഷി തുടങ്ങാവുന്നതാണ്. ഈ വിഷു അതിനുള്ള കാരണമാകട്ടെ. ### 6. വിഷു കഞ്ഞി വയ്ക്കാം പലയിടത്തും പ്രചാരമുള്ള വിഷു വിഭവമാണ് വിഷു കഞ്ഞി അഥവാ വിഷു കട്ട. പ്രഭാതഭക്ഷണം ആണ്. കേരളത്തിൽ തൃശ്ശൂർ ഭാഗത്താണ് ഇത് കൂടുതൽ കണ്ടു വരുന്നത്. ഈ വിഷുവിന് നമുക്ക് അതൊന്ന് ഉണ്ടാക്കിനോക്കാം. വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍. വിഷു ദിവസം വ്യത്യസ്തമായ വിഭവവും ആവും. അരി നാളികേരപ്പാലിൽ വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചെടുത്താണ് വിഷുക്കട്ട ഉണ്ടാക്കുന്നത്. അത് വറ്റിക്കാതെ ചെയ്താൽ അത് വിഷുകഞ്ഞി ആയി. ഇത്രയും ലളിതമായും വേഗത്തിലും ഉണ്ടാക്കാന്‍ പറ്റുന്ന പ്രാതല്‍ ഈ വിഷുവിന് നമുക്ക് ഉണ്ടാക്കി നോക്കാവുന്നതാണ്. ഇതിൽ കുറച്ച് നെയ്യോ ശർക്കര ചിരണ്ടിയിട്ടോ മധുരം കൂട്ടിയും കഴിക്കാവുന്നതാണ്. ചിലര്‍ ഇതിന്റെ കൂടെ മത്തനും പയറും എരിശ്ശേരി കൂട്ടി കഴിക്കാറുണ്ട്. പുതിയ തലമുറക്ക് പകര്‍ന്ന് കൊടുക്കാവുന്ന ഒരു പോഷകാഹാരം കൂടിയാണ് ഈ വിഷുകഞ്ഞി അഥവാ വിഷുകട്ട. ### 7. പടക്കം പൊട്ടിക്കാം

കൈനീട്ടം മാറി കഴിഞ്ഞാല്‍ ഉടനെ പടക്കം പൊട്ടിക്കാനുള്ള പാച്ചിലാണ് കുട്ടികള്‍ക്ക്. വിഷു, മലയാളികൾക്ക് പടക്കം പൊട്ടിക്കുന്നതിന്റെയും ആഘോഷം ആണ്. കേരളത്തിന് പുറത്തുള്ളവരും ഫ്ലാറ്റില്‍ ജീവിക്കുന്നവരും പടക്കം പൊട്ടിച്ചുള്ള വിഷു ആഘോഷം കുറവായിരിക്കും. എങ്കിലും കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന കമ്പിത്തിരി, മത്താപ്പ് പോലുള്ളവ കത്തിച്ചു വിഷു ആഘോഷിക്കാം. പടക്കം പൊട്ടിക്കുമ്പോഴും കമ്പിത്തിരി പോലുള്ള സാധനങ്ങൾ കത്തിക്കുമ്പോഴും അതീവ ശ്രദ്ധ വേണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ച് കൊച്ചു കുട്ടികൾ അടുത്തുള്ളപ്പോൾ. ഇവയെല്ലാം ആഘോഷങ്ങൾക്ക് വേണ്ടി മാത്രം മിതമായ രീതിയിൽ ഉപയോഗിക്കാം. വീട്ടിൽ വയ്യാത്ത ആൾക്കാരുണ്ടെങ്കിലോ മൃഗങ്ങൾ ഉണ്ടെങ്കിലോ പടക്കം വച്ചുള്ള ആഘോഷം വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ദീപങ്ങള്‍ വച്ചും വിഷു ആഘോഷിക്കാം. ### 8. ചക്ക വറുത്ത് വിൽക്കാം വിഷുക്കാലത്ത് വിളയുന്ന വിഭവങ്ങളാണ് ചക്കയും മാങ്ങയും. അതുകൊണ്ടുതന്നെ വിഷു എന്നത് ചക്കയും മാമ്പഴവും കൊണ്ടുള്ള ഉത്സവം തന്നെ. വിഷുവിഭവങ്ങളില്‍ ഏറ്റവും കേമന്‍ ചക്ക വറുത്തത് തന്നെ. ഓണത്തിന് കായ വറുത്തത് പോലെതന്നെ പ്രധാനമാണ് വിഷുവിന് ചക്ക വറുത്തത്. ഇത്തവണ അതൊരു ബിസിനസ്സ് ആക്കിയെടുത്താലോ? വിഷുവിന് മുന്നേ തയ്യാറെടുപ്പുകള്‍ തുടങ്ങണം. കൂട്ടുകാരെയും കൂട്ടാം. തൊടിയിലുള്ള ചക്ക പറിച്ചോ അല്ലെങ്കില്‍ ചക്ക വാങ്ങിയോ കൂട്ടുകാരുമൊത്ത് ചക്ക വെട്ടി പൊളിച്ച് നുറുക്കി വറുത്തെടുക്കാം. നല്ല വെളിച്ചെണ്ണയില്‍ തന്നെ ചക്ക വറുത്താല്‍ നല്ല സ്വാദായിരിക്കും. ഉപ്പിടാന്‍ മറക്കാതിരിക്കുക എന്നതേ ശ്രദ്ധിക്കേണ്ടതുള്ളൂ. പുതുതായി പരീക്ഷങ്ങള്‍ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് വറുത്ത് കോരിയ ചക്കയില്‍ കുറച്ച് മുളകുപൊടിയോ കുരുമുളക് പൊടിയോ വിതറി ചക്കവറുത്തത് പ്രത്യേകതയുള്ളതാക്കാം. ഈ ചക്ക വറുത്തത് പാക്കറ്റുകളിലാക്കി ഓരോ വീട്ടിലും കൊണ്ടുപോയി വില്‍ക്കാം. മിതമായി വിലയീടാക്കിയാല്‍ എല്ലാവരും വാങ്ങും. വേഗതയുള്ള ഈ ജീവിതത്തില്‍ വീട്ടിലുണ്ടാക്കിയ ചക്ക വറുത്തത് ഇന്‍സ്റ്റന്റ് ആയി കിട്ടിയാല്‍ ആരാണ് വാങ്ങിക്കാത്തത്. അത് വില്‍ക്കുക വഴി നിങ്ങള്‍ക്ക് വിഷു ആഘോഷിക്കാനുള്ള വരുമാനവും ആവും. ഇതേ രീതിയില്‍ തന്നെ ചക്ക പ്രഥമനും വില്‍ക്കാം. ### 9. ഒരു സിനിമ കാണാം കുടുംബത്തിലെ മൂത്തവരും ഇളയവരും കൂട്ടുകാരും എല്ലാവരും ഒത്തുചേരുന്ന വിഷുദിനത്തിൽ ഒരു സിനിമ കാണാൻ ശ്രമിക്കാം. വീട്ടിലിരുന്നു തന്നെ സിനിമ കണ്ടാല്‍ വീട്ടിൽ തന്നെ ഒരു തീയറ്റർ പ്രതീതി ആവും. വിഷു ദിനത്തിൽ പല ചാനലുകളും പുതിയ ചിത്രങ്ങൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഇഷ്ടം പോലെ സിനിമ കാണാൻ അവസരവുമുണ്ട്. അല്ലെങ്കില്‍ ഈ വിഷുവിന് രണ്ട് സൂപ്പര്‍ ചിത്രങ്ങള്‍ തിയറ്ററില്‍ ഇറങ്ങുന്നുണ്ട്. കന്നഡ സിനിമ കെ.ജി.എഫും തമിഴ് ചിത്രം ബീസ്റ്റും. കുറെ കാലത്തിന് ശേഷം കുടുംബത്തോടൊപ്പം തിയറ്ററില്‍ പോയി സിനിമ കാണാനുള്ള അവസരമാണ്. ### 10. വീട് വൃത്തിയാക്കാം ഒന്നു മനസ്സുവച്ചാല്‍ വീട് വൃത്തിയാക്കുന്നതും വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷമായി മാറ്റാം. വിഷു ദിവസത്തിന് തലേ നാള് ആണ് ശരിക്കും വീട് വൃത്തിയാക്കല്‍ എന്ന ചടങ്ങ് നടക്കുന്നത്. ഒരു പുതിയ വര്‍ഷം വരവേല്‍ക്കാന്‍ വീടിനെക്കൂടി വൃത്തിയാക്കി ഒരുക്കിനിര്‍ത്തുകയാണ് ഇവിടെ ചെയ്യുന്നത്. വീടും പരിസരവും വൃത്തിയാക്കി ബാക്കിയുള്ള സാധങ്ങള്‍ പറമ്പില്‍ ഇട്ടു കത്തിക്കുന്നു. ഫ്ലാറ്റിലെ ജീവിതത്തിലും ഈ മാതൃക ഇത്തവണ നമുക്ക് പകര്‍ത്താവുന്നതാണ്. ഓരോ പണികളും കുടുംബത്തിലെ ഓരോരുത്തര്ക്കായിട്ടു വീതിച്ചുനല്കാം. അടിച്ചു വാരുന്നതും, തുടയ്ക്കുന്നതും, അടുക്കി വയ്ക്കുന്നതും മറ്റും ഓരോ ആള്‍ക്കാര്‍ക്കും കൊടുത്ത് അതൊരു മത്സര ബുദ്ധിയോടെ ചെയ്തുതീര്‍ക്കാം. വീട് വൃത്തിയായി വിഷുവിനെ വരവേല്‍ക്കാനായി ഒരുങ്ങുകയും ചെയ്യാം. എല്ലാവര്ക്കും ഇത് ഒരു ആഘോഷമാവുകയും ചെയ്യും. ### 11. ക്ഷേത്ര ദർശനം നടത്താം വിഷു ദിവസം രാവിലെ കണികണ്ടും, പടക്കം പൊട്ടിച്ചും കഴിഞ്ഞതിനു ശേഷം ആരും ഉറങ്ങാറില്ല. എല്ലാവരും നേരെ പോയി കുളിച്ച് പുതിയ വസ്ത്രങ്ങളും അണിഞ്ഞ് ക്ഷേത്ര ദര്‍ശനത്തിനുള്ള തയ്യാറെടുപ്പിലാവും. വിഷുദിവസം കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കൃഷ്ണവിഗ്രഹത്തിന്റെ മുന്നില്‍ വിഷുക്കണി വച്ചിട്ടുണ്ടാകും. കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷു എന്നത് ആഘോഷം തന്നെയാണ്. അന്നേ ദിവസം കണികാണാനായി ക്ഷേത്രത്തില്‍ എത്തുന്നത് ആയിരക്കണക്കിന് ആളുകളാണ്. ഈ വിഷുവിന് നമുക്കും അടുത്തുള്ള ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം തൊഴാന്‍ പോകാം. ദേവനെ പ്രാര്‍ഥിച്ച് അവിടെയുള്ള വിഷുക്കണി കാണാം. ### 12. വീട്ടിലിരുന്ന് വിഷു ആഘോഷിക്കാം വീട്ടില്‍ വയസ്സായവര്‍ ഉണ്ടെങ്കില്‍, യാത്ര ചെയ്യാനൊന്നും പറ്റാത്തവരാണെങ്കില്‍ അവര്‍ക്കും വിഷു ആഘോഷിക്കണ്ടേ? അവരുടെ കൂടെയിരുന്ന് നമുക്കും ആഘോഷിക്കാം. സാധാരണ വിഷുദിവസത്തില്‍ ചെയ്യുന്നപോലെ രാവിലെ എഴുന്നേറ്റ് കണി കാണാം. മുതിര്‍ന്നവരുടെ കയ്യില്‍ നിന്നും കൈനീട്ടം വാങ്ങാം. ഇളയവര്‍ക്ക് കൈനീട്ടം കൊടുക്കാം. ഒരുമിച്ച് പടക്കം പൊട്ടിക്കാം. പടക്കം പൊട്ടിക്കുമ്പോഴും കമ്പിത്തിരി പോലുള്ള സാധനങ്ങൾ കത്തിക്കുമ്പോഴും അതീവ ശ്രദ്ധ വേണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ച് കൊച്ചു കുട്ടികൾ അടുത്തുള്ളപ്പോൾ. ഇവയെല്ലാം ആഘോഷങ്ങൾക്ക് വേണ്ടി മാത്രം മിതമായ രീതിയിൽ ഉപയോഗിക്കാം. വീട്ടിൽ വയ്യാത്ത ആൾക്കാരുണ്ടെങ്കിലോ മൃഗങ്ങൾ ഉണ്ടെങ്കിലോ പടക്കം വച്ചുള്ള ആഘോഷം വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ദീപങ്ങള്‍ വച്ചും വിഷു ആഘോഷിക്കാം. ഒത്തൊരുമിച്ച് ഒരു സദ്യ ഉണ്ടാക്കി കഴിക്കാം. ഇങ്ങനെ പരമ്പരാഗത രീതിയില്‍ തന്നെ വിഷു ആഘോഷിക്കാം. ഇത്തരം പ്രവര്‍ത്തികളിലൂടെ സമ്പല്സമൃദ്ധമായ ഒരു വിഷു നമുക്ക് ആഘോഷിക്കാം. ഏവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു വിഷു ആശംസിക്കുന്നു.
മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ മികച്ച 10 പുസ്തകങ്ങൾ
ഈ ലോകം മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യനും വളരെ വേഗത്തിൽ തന്നെ മുന്നോട്ടു പോകേണ്ടി വരുന്നു.വേഗത കൂടിയുള്ള ഈ ഓട്ടത്തിൽ സ്വാഭാവികമായി വന്നുചേരുന്ന ഒന്നാണ് സ്ട്രെസ്സ് അഥവാ മാനസിക പിരിമുറുക്കം (മാനസിക സമ്മർദ്ദം). ഈ കാലഘട്ടത്തിൽ മാനസികപിരിമുറുക്കം അനുഭവിക്കാത്തവർ വിരളമായിരിക്കും. കാരണങ്ങൾ എന്തുമാകട്ടെ, ആ മാനസിക പിരിമുറുക്കങ്ങളിൽ നിന്നും രക്ഷ നേടാനും എല്ലാവരും ആഗ്രഹിക്കുന്നു. അതിനുള്ള വഴികൾ തേടുന്നു. മാനസിക പിരിമുറുക്കം നേരിടാൻ ചിലർ സംഗീതം കേൾക്കും. ചിലർ പുസ്തകം വായിക്കും. അങ്ങനെ മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള ചില വഴികൾ ശാസ്ത്രജ്ഞന്മാരും ചിന്തകരും കൂടി കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിൽ മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യാനുള്ള വഴികൾ അടങ്ങിയ പത്ത് നല്ല പുസ്തകങ്ങൾ ആണ് താഴെ പരിചയപ്പെടുത്തുന്നത്. ## 1. ഹൗ ടു സ്റ്റോപ്പ് വറീയിങ് ആൻഡ് സ്റ്റാർട്ട് ലിവിംഗ് - ഡേൽ കാർണെഗി  ജീവിത വിജയത്തിൻ്റെ പുസ്തകങ്ങളിൽ രാജാവായി വിചാരിക്കുന്ന പുസ്തകമാണ് ഹൗ ടു സ്റ്റോപ്പ് വറീയിങ് ആൻഡ് സ്റ്റാർട്ട് ലിവിംഗ്. എഴുത്തുകാരനും അധ്യാപകനുമായ ഡേൽ കാർണെഗിയാണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്. 1948-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻ്റെ പുതിയ പതിപ്പുകൾ ഇപ്പോഴും പുറത്തിറങ്ങുന്നുണ്ട് എന്നത് ഈ പുസ്തകത്തിൻ്റെ മഹത്വത്തെ വിളിച്ചോതുന്നു. വായനക്കാരനെ കൂടുതൽ ആസ്വാദ്യകരവും സംതൃപ്തവുമായ ജീവിതത്തിലേക്ക് നയിക്കുക എന്നതാണ് ഈ പുസ്തകത്തിൻ്റെ ലക്ഷ്യം. തങ്ങളെ മാത്രമല്ല ചുറ്റുമുള്ളവരെക്കുറിച്ചും കൂടുതൽ ബോധവാന്മാരാക്കാൻ ഈ പുസ്തകം സഹായിക്കുന്നു. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്കും എങ്ങനെ ജീവിതം ആസ്വാദ്യകരമാക്കാം എന്നും ഈ പുസ്തകത്തിൽ പറയുന്നുണ്ട്. ഡേൽ കാർണെഗിയുടെ വാക്കുകളിൽ, ന്യൂയോർക്കിലെ ഏറ്റവും അധികം അസന്തുഷ്ടരായ കുട്ടികളിൽ ഒരാളായിരുന്നു അദ്ദേഹം എന്നും അതിനാലാണ് മനുഷ്യർക്ക് ജീവിതത്തിലെ സ്ഥാനം മനസ്സിലാക്കി കൊടുക്കാനും, മനക്ലേശം അനുഭവിക്കാതെ ജീവിക്കാനും പഠിപ്പിക്കുന്ന ഈ പുസ്തകം എഴുതാൻ തീരുമാനിച്ചത്. നിരവധി മനുഷ്യരുമായി അഭിമുഖം നടത്തി അവരുടെ അനുഭവങ്ങളെ പഠിച്ച് നിരവധി സത്യ കഥകളിലൂടെയാണ് കാർണെഗി ജീവിതം രസകരമാക്കാനുള്ള വഴികൾ ഈ പുസ്തകത്തിലൂടെ പറഞ്ഞു തരുന്നത്. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/8175993952/ ഈ പുസ്തകത്തിൻ്റെ മലയാള പരിഭാഷയും വിപണിയിൽ ലഭ്യമാണ് : https://www.indulekha.com/manaklesamillathe-jeevikkunnathengane-dale-carnegie-how-to-stop-worrying-and-start-living ## 2. വൈ സീബ്രാസ് ഡോണ്ട് ഗെറ്റ് അൾസേഴ്സ് - റോബർട്ട് എം സപോൾസ്കി  ഈ പുസ്തകത്തിൻ്റെ രസകരമായ തലക്കെട്ട് വായിക്കുമ്പോൾ തന്നെ നമ്മുടെ പിരിമുറുക്കം മാറി മുഖത്ത് ഒരു പുഞ്ചിരി വിടരും. ഈ പുസ്തകത്തിൻ്റെ പുറം ചട്ടയിൽ തന്നെ "മനക്ലേശം മൂലമുള്ള രോഗങ്ങൾക്കും, മനക്ലേശത്തിനെ എങ്ങനെ അഭിമുഖീകരിക്കാം എന്നതിനുമുള്ള മികച്ച മാർഗദർശി" എന്ന് എഴുതിവച്ചിരിക്കുന്നു. അത് തന്നെയാണ് ഈ പുസ്തകവും. 1994-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പുസ്തകം എഴുതിയിരിക്കുന്നത് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ബയോളജിസ്റ്റ് ആയ റോബർട്ട് എം സപോൾസ്കി ആണ്. ഒരു ബായോളജിസ്റ്റ് എഴുതിയത് കൊണ്ടുതന്നെ ഈ പുസ്തകം കൂടുതൽ വിദ്യാഭ്യാസപരമായി രചിക്കപ്പെട്ടിരിക്കുന്നു. സപോൾസ്കിയുടെ വിശദീകരണത്തിൽ : നാം വിഷമിക്കുമ്പോഴോ സമ്മർദ്ദം അനുഭവിക്കുമ്പോഴോ ഒരു സാധാ മൃഗത്തിനുണ്ടാകുന്ന ശാരീരിക പ്രതികരണങ്ങളെ മനുഷ്യരിലും ഉണ്ടാകുന്നുള്ളൂ. പക്ഷേ, മൃഗങ്ങളെപ്പോലെ യുദ്ധത്തിലൂടെയോ ഒടിമാറുന്നതിലൂടെയോ നമ്മൾ ആ സംഘർഷം പരിഹരിക്കുന്നില്ല. കാലക്രമേണ ഈ സമ്മർദ്ദ പ്രതികരണങ്ങൾ നമ്മെ രോഗികളാക്കുന്നു. നർമ്മത്തിൻ്റെയും പ്രായോഗിക ഉപദേശത്തിൻ്റെയും ഭാഷയിലൂടെ ഗവേഷണവും സംയോജിപ്പിച്ച് നീണ്ടുനിൽക്കുന്ന സമ്മർദ്ദത്തിലൂടെ വിഷാദം, അൾസർ, ഹൃദ്രോഗം എന്നിവ വരുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നു നമ്മുടെ സമ്മർദ്ദ പ്രതികരണങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ആവശ്യ മാർഗനിർദേശങ്ങളും ഈ പുസ്തകം തരുന്നുണ്ട്. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/0805073698 ## 3. ദ അപ്സൈഡ് ഓഫ് സ്ട്രെസ്സ് - കെല്ലി മക്ഗോണിഗൽ  2015-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം മാനസിക പിരിമുറുക്കത്തെ മറ്റൊരു രാത്രിയിൽ കാണാൻ ശ്രമിക്കുന്നു. അപ്സൈഡ് സ്ട്രെസ്സിൻ്റെ രചയിതാവ് സ്റ്റൻഫോഡ് യൂണിവേഴ്സിറ്റിയിലെ അധ്യാപികയും ഹെൽത്ത് സൈക്കോളജിസ്റ്റുമായ കെല്ലി മക്ഗോണിഗൽ ആണ്. മാനസിക പിരിമുറുക്കം മോശമല്ല എന്നതാണ് കെല്ലി മക്ഗോണിഗൽ ഈ പുസ്തകത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. സമ്മർദ്ദം ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും, അത് വളരാനും കൂടുതൽ പ്രതിരോധശേഷിയുള്ളവരാകാനും നമ്മെ സഹായിക്കുമെന്ന് കെല്ലി പറയുന്നു. ഒരാൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാനും വ്യക്തിബന്ധങ്ങളെ ദൃഢമാക്കാനും, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ നേരിടാനുള്ള കഴിവു വർദ്ധിപ്പിക്കാനും സമ്മർദ്ദം എത്രത്തോളം ഗുണം ചെയ്യുന്നു എന്ന് കെല്ലി തൻ്റെ പുസ്തകത്തിലൂടെ പറഞ്ഞു തരുന്നു. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1101982934 `_BANNER_` ## 4. ഡോണ്ട് സ്വെറ്റ് ദ സ്മാൾ സ്റ്റഫ് ആൻഡ് ഇറ്റ്സ് ആൾ സ്മാൾ സ്റ്റഫ് - റിച്ചാർഡ് കാൾസൺ  നിങ്ങളുടെ ജീവിതം നശിപ്പിക്കുകയോ അല്ലെങ്കിൽ ജീവിക്കാൻ കഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുകയോ ചെയ്യുന്ന കാര്യങ്ങളിൽ മനക്ലേശം അനുഭവിച്ചിട്ട് കാര്യമില്ല. അതാണ് 1997-ൽ പുറത്തിറങ്ങിയ ഡോണ്ട് സ്വെറ്റ് ദ സ്മാൾ സ്റ്റഫ് ആൻഡ് ഇറ്റ്സ് ആൾ സ്മാൾ സ്റ്റഫ് എന്ന ഈ പുസ്തകത്തിൻ്റെ ആശയം. ഈ പുസ്തകത്തിൻ്റെ രചയിതാവായ റിച്ചാർഡ് കാൾസൺ എഴുത്തുകാരനും, സൈക്കോ തെറാപ്പിസ്റ്റും, മോട്ടിവേഷണൽ സ്പീക്കറുമാണ്. ഓരോ താളുകളിലും പിരിമുറുക്കം കുറയ്ക്കാനുള്ള വിശദമായ മാർഗ്ഗങ്ങൾ കുത്തിനിറയ്ക്കുന്നതിന് പകരം കാൾസൺ ലളിതമായ ഉപദേശങ്ങൾ കൊണ്ട് പുസ്തകം ക്രമീകരിച്ചിരിക്കുന്നു. ആർക്കും വരുത്താൻ കഴിയുന്ന ചെറിയ ദൈനംദിന മാറ്റങ്ങൾ ആണ് ഉപദേശങ്ങൾ ആയിട്ട് പേജുകളിൽ ഉള്ളത്. ഓരോ നല്ല മാറ്റവും നിങ്ങളുടെ ജീവിതത്തെ അൽപ്പം ശാന്തമാക്കുകയും സമ്മർദ്ദം കുറയ്ക്കുകയും കൂടുതൽ സ്ഥിരതയുള്ളതാക്കുകയും ചെയ്യുന്നു. സമ്മർദത്തെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിനെക്കുറിച്ച് പറഞ്ഞു തരുന്നതിനാൽ, പ്രത്യേകിച്ച് സമ്മർദപൂരിതമായ ജീവിതത്തിലൂടെ കടന്നു പോകുന്നവർക്ക് കയ്യിൽ കരുതാവുന്ന മികച്ച പുസ്തകമാണ് ഇത്. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/0786881852 ## 5. എ മൈൻഡ് ഫുൾനസ് ബേസ്ഡ് സ്ട്രെസ്സ് റിഡക്ഷൻ വർക്ക്ബുക്ക് - ബോബ് സ്റ്റാൾ, എലീഷ ഗോൾഡ്സ്റ്റെയിൻ  നമ്മുടെ ദൈനംദിന ജീവിതത്തിൽ സമ്മർദ്ദവും വേദനയും ഏറെക്കുറെ ഒഴിവാക്കാനാവാത്തതാണ്; അവ മനുഷ്യാവസ്ഥയുടെ ഭാഗമാണ്. ഈ സമ്മർദ്ദം പലപ്പോഴും നമ്മെ പ്രകോപിതരാക്കും, പിരിമുറുക്കം അനുഭവിപ്പിക്കും. ജീവിതത്തെ നല്ല രീതിയിൽ നിലനിർത്തുക എന്നത് സമ്മർദ്ദത്തോട് നിരാശയും സ്വയം വിമർശനത്താലും പ്രതികരിക്കുക എന്നതല്ല, മറിച്ച് നമ്മുടെ മനസ്സിനെയും ശരീരത്തിനെയും കുറിച്ചുള്ള ബുദ്ധിപൂർവ്വവും വിവേചനരഹിതവുമായ അവബോധത്തോടെയാണെന്ന് ഈ പുസ്തകം പറയുന്നത്. 2010-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം എഴുതിയിരിക്കുന്നത് ബോബ് സ്റ്റാളും എലീഷ ഗോൾഡ്സ്റ്റെയിനും ചേർന്നാണ്. മൈൻഡ്ഫുൾനെസ് ബേസ്ഡ് സ്ട്രെസ് റിഡക്ഷൻ (എംബിഎസ്ആർ) സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനുള്ള വളരെ ജനപ്രിയമായ ഒരു രീതിയാണ്. ഇത് ക്ലിനിക്കലായി പരീക്ഷിക്കുകയും ലോകമെമ്പാടുമുള്ള ക്ലിനിക്കുകളും ക്ലാസുകളിലും പഠിപ്പിക്കുകയും ചെയ്യുന്നു. രചയിതാക്കളിൽ ഒരാളായ ബോബ് സ്റ്റാൾ ആണ് എംബിഎസ്ആർ-ൻ്റെ ഉപജ്ഞാതാവ്. ഈ ശക്തമായ രീതി സ്ട്രെസ്സിനെ കൈകാര്യം ചെയ്യുന്ന രീതി മാറ്റാൻ ഇന്ന് എങ്ങനെ ജീവിക്കണം എന്നത് പഠിപ്പിച്ചു തരുന്നു. ഈ വർക്ക്ബുക്ക് വളരെ പ്രായോഗികവും പ്രവർത്തന അധിഷ്ഠിതവുമായ പരിശീലനമാണ് നൽകുന്നത്. സമ്മർദ്ദത്തെ നേരിടാൻ മൈൻഡ്ഫുൾനസ് രീതി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം വളരെ ഗുണപ്രദമായിരിക്കും. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/0369356454/ ## 6. ബേൺ ഔട്ട് : ദ സീക്രട്ട് ടു അൺലോക്കിങ് ദ സ്ട്രെസ്സ് സൈക്കിൾ - എമിലി നഗോസ്ക്കി, അമേലിയ നഗോസ്ക്കി  അമേരിക്കൻ ഗവേഷകയായ എമിലി നാഗോസ്ക്കിയും എഴുത്തുകാരിയും അധ്യാപികയുമായ അമേലിയ നഗോസ്ക്കിയും ചേർന്ന് എഴുതി 2019 മാർച്ചിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് ബേൺ ഔട്ട് : ദ സീക്രട്ട് ടു അൺലോക്കിങ് ദ സ്ട്രെസ്സ് സൈക്കിൾ. സ്ത്രീപക്ഷം നിൽക്കുന്ന പുസ്തകമാണ് ഇത്. കൂടുതലായി സ്ത്രീകളെ ബാധിക്കുന്ന മാനസിക പിരിമുറുക്കങ്ങളെ ദൂരീകരിക്കുന്നതിന് മുൻഗണന കൊടുക്കുന്നതാണ് ഈ പുസ്തകം. പുരുഷൻമാരേക്കാൾ വ്യത്യസ്തമായി സ്ത്രീകൾക്ക് സമ്മർദ്ദം അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. കൂടാതെ സമ്മർദ്ദം കുറയ്ക്കാനും വികാരങ്ങൾ നിയന്ത്രിക്കാനും കൂടുതൽ സന്തോഷകരമായ ജീവിതം നയിക്കാനും സ്ത്രീകളെ സഹായിക്കുന്നതിന് ലളിതവും ശാസ്ത്രാധിഷ്ഠിതവുമായ ഒരു പദ്ധതിയും നൽകുന്നു. സ്ത്രീകളുടെ മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യാൻ വേണ്ടിയുള്ള ഉത്തമ പുസ്തകമാണ് ഇത്. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1984818325/ ## 7. മൈൻഡ്ഫുൾനസ് ഫോർ സ്ട്രെസ്സ് മാനേജ്മെൻ്റ് - ഡോ. റോബർട്ട് ഷാച്ചർ  കുടുംബം, രക്ഷാകർതൃത്വം, ജോലി, ജീവിത സമ്മർദ്ദങ്ങൾ എന്നിവയുൾപ്പെടെ പല തരത്തിലുള്ള സമ്മർദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് 50 ശാസ്ത്ര-പിന്തുണയുള്ള സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകളിലൂടെ ഡോ. ഷാച്ചർ വായനക്കാരെ പഠിപ്പിക്കുന്നു. 2019-ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൻ്റെ രചയിതാവ് ഡോ. റോബർട്ട് ഷാച്ചർ ഒരു സൈക്കോളജിസ്റ്റും പ്രൊഫസറും കൂടിയാണ്. ശ്വാസനിയന്ത്രണത്തിലൂടെയും മൈൻഡ്ഫുൾനെസ് പരിശീലിക്കുന്നതിലൂടെയും, ക്രമരഹിതമായ സാഹചര്യങ്ങളിൽ എങ്ങനെ ശാന്തതയും നല്ല മനസ്സും നിലനിർത്താമെന്ന് വായനക്കാർക്ക് പഠിക്കാനും പരിശീലിക്കാനും ഈ പുസ്തകത്തിലൂടെ കഴിയും. ഈ പുസ്തകം, വിഷമിക്കുന്നത് നിർത്തി ഈ നിമിഷത്തിൽ ജീവിക്കാൻ പഠിക്കാനായി എളുപ്പമുള്ള സ്ട്രെസ് മാനേജ്മെന്റ് വ്യായാമങ്ങളുടെ ഒരു ശേഖരം നൽകുന്നു. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/Mindfulness-Stress-Management-Cultivate-Calmness-ebook/dp/B07V6HFP9S/ ## 8. ദ സ്ട്രെസ്സ് പ്രൂഫ് ബ്രെയിൻ - മെലാനി ഗ്രീൻബർഗ്  2017-ൽ പുറത്തിറങ്ങിയ ദ സ്ട്രെസ്സ് പ്രൂഫ് ബ്രെയിൻ എന്ന പുസ്തകം എഴുത്തുകാരിയും സൈക്കോളജിസ്റ്റ്മായ മെലാനി ഗ്രീൻബർഗ് രചിച്ചിരിക്കുന്നു. നമ്മെ സമ്മർദ്ദത്തിലാക്കുന്ന കാര്യങ്ങൾ ഒഴിവാക്കാൻ കഴിയില്ലെങ്കിലും, അവയോട് എങ്ങനെ പ്രതികരിക്കണം എന്ന് നമുക്ക് മാറ്റാനാകും എന്ന രീതിയിലാണ് ഈ പുസ്തകത്തിൻ്റെ രചന. ഈ പുസ്തകത്തിൽ, മെലാനി ഗ്രീൻബർഗ് സമ്മർദം മറികടക്കാൻ പോസിറ്റീവ് വികാരങ്ങളുടെ ശക്തി പ്രയോജനപ്പെടുത്താനുള്ള സമീപനം വിശദീകരിച്ച് വായനക്കാരെ സഹായിക്കുന്നു. സ്ട്രെസ്-പ്രൂഫ് ബ്രെയിൻ, നെഗറ്റീവ് ചിന്ത, സ്വയം വിമർശനം, ഭയം എന്നിവ പോലുള്ള സമ്മർദ്ദത്തോടുള്ള അനാരോഗ്യകരമായ പ്രതികരണങ്ങൾ അവസാനിപ്പിക്കാൻ മൈൻഡ്ഫുൾനസ്, ന്യൂറോ സയൻസ്, പോസിറ്റീവ് സൈക്കോളജി എന്നിവയിൽ അധിഷ്ഠിതമായ ശക്തമായ, സമഗ്രമായ ടൂളുകൾ വാഗ്ദാനം ചെയ്യുന്നു ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1626252661/ ## 9. ദ സ്ട്രെങ്ത്ത്സ് ബേസ്ഡ് വർക്ക്ബുക്ക് ഫോർ സ്ട്രെസ്സ് റിലീഫ് - റയാൻ എം നീമിക്ക്  2019- ൽ പുറത്തിറങ്ങിയ ഈ പുസ്തകം രചിച്ചിരിക്കുന്നത് സൈക്കോളജിസ്റ്റ് ആയ റയാൻ എം നീമിക്ക് ആണ്. വിട്ടുമാറാത്ത സമ്മർദ്ദത്തിന്റെ അവസ്ഥകളിൽ, ആളുകൾ അവരുടെ ശക്തിയും പോസിറ്റീവ് സ്വഭാവ സവിശേഷതകളും മറക്കുകയും നെഗറ്റീവ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. സൈക്കോളജിസ്റ്റായ റയാൻ നീമിക്ക്, പോസിറ്റീവ് സൈക്കോളജി ടെക്നിക്കുകൾ ഉപയോഗിച്ച്, വായനക്കാരെ അവരുടെ മികച്ച ശക്തി തിരിച്ചറിയാനും, മനസ്സിലുണ്ടാകുന്ന സമ്മർദ്ദം നിയന്ത്രിക്കാൻ ആ ശക്തികൾ ഉപയോഗിക്കാനും സഹായിക്കുന്നു. അപ്സൈഡ് ഓഫ് സ്ട്രെസ്സിൻ്റെ രചയിതാവായ കെല്ലി മക്ഗോണിഗലിൻ്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ " ദ സ്ട്രെങ്ത്ത്സ് ബേസ്ഡ് വർക്ക്ബുക്ക് ഫോർ സ്ട്രെസ്സ് റിലീഫ്, നിങ്ങളുടെ ശക്തികൾ സന്തോഷത്തിനും പ്രതിരോധത്തിനും ഒരു വിഭവമാകുന്നത് എങ്ങനെയെന്ന് നീമിക് കാണിക്കുന്നു. ഈ വർക്ക്ബുക്ക് വായനക്കാരെ കൂടുതൽ അർത്ഥവത്തായതും പ്രതിഫലദായകവുമായ ജീവിതം രൂപപ്പെടുത്താൻ സഹായിക്കും" ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1684032806/ ## 10. വെൻ ദ ബോഡി സെയ്സ് നോ - ഗബോർ മേറ്റ്  ഹംഗേറിയൻ ഫീസിഷ്യനായ ഗാബോർ മേറ്റ് രചിച്ച് 2003-ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് വെൻ ദ ബോഡി സെയ്സ് നോ. ഈ പുസ്തകത്തിൽ മേറ്റ്, മനസ്സും ശരീരവും തമ്മിലുള്ള ബന്ധവും മാനസിക സമ്മർദ്ദവും രോഗങ്ങളും തമ്മിലുള്ള ബന്ധവും പര്യവേക്ഷണം ചെയ്യുന്നു. സന്ധിവാതം, കാൻസർ, പ്രമേഹം, ഹൃദ്രോഗം, ഇറിറ്റബിൾ ബവൽ സിൻഡ്രോം, തുടങ്ങിയ അവസ്ഥകളിലും രോഗങ്ങളിലും മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തിന്റെ പങ്ക് ഗബോർ മാറ്റെ പര്യവേക്ഷണം ചെയ്യുന്നു. ഈ വിട്ടുമാറാത്ത അവസ്ഥകളിലെല്ലാം, പൊതുവായ ഒരു കാര്യമുണ്ടെന്ന് മേറ്റ് കണ്ടെത്തി: ഈ രോഗങ്ങളാൽ ബാധിതരായ ആളുകൾ അമിതമായ സമ്മർദ്ദത്തിന്റെ ജീവിതം നയിച്ചിട്ടുണ്ട്, പലപ്പോഴും വ്യക്തികൾക്ക് തന്നെ അദൃശ്യമാണ്. ഈ പുസ്തകത്തിലൂടെ മേറ്റ്, രോഗശാന്തിക്കും മറഞ്ഞിരിക്കുന്ന സമ്മർദ്ദത്തിൽ നിന്ന് രോഗം തടയുന്നതിനുമുള്ള തത്ത്വങ്ങൾ പറഞ്ഞു തരുന്നു. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/178504222X/ മുകളിൽ പറഞ്ഞ പുസ്തകങ്ങൾ വായിക്കുന്നതിലൂടെ സ്ട്രെസ്സ് എങ്ങനെ നേരിടാമെന്നും ജീവിത വിജയം എങ്ങനെ കൈവരിക്കാമെന്നും എളുപ്പത്തിൽ മനസ്സിലാകും.