ഈ വിഷുവിന് ചെയ്യാൻ പത്തിലേറെ കാര്യങ്ങൾ
ഓണം പോലെതന്നെ മലയാളികള്‍ക്ക് പ്രധാന ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിന് ആണ് വിഷു ആഘോഷിക്കുന്നത്. ഒരു വര്‍ഷാരംഭം ആയിട്ടും വിഷുവിനെ കണക്കാക്കുന്നു. ‘തുല്യത’ എന്നര്‍ത്ഥം വരുന്ന സംസ്കൃത മലയാളത്തിലെ ‘വിഷുവം’ എന്ന പദത്തില്‍ നിന്നാണ് വിഷു എന്ന വാക്ക് ഉത്ഭവിച്ചത്.
എന്താണ് വിഷു?
വിഷുവിന് പിന്നില്‍ പല ഐതീഹ്യങ്ങളും ഉണ്ട്. നരകാസുരന് ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതീഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില് തട്ടിയതിനാല്‍ രാവണന് കോപിഷ്ഠനായി സൂര്യനെ കൊട്ടാരത്തിന് നേരെ ഉദിക്കാന്‍ സമ്മതിച്ചില്ലെന്നും, രാമന് രാവണനെ നിഗ്രഹിച്ചതിന് ശേഷം സൂര്യന് നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നത് എന്നത് മറ്റൊരു ഐതീഹ്യം. കേരളത്തില്‍ വിഷു ഒരു വിളവെടുപ്പ് ഉത്സവമായാണ് ആഘോഷിക്കുന്നത്.
വിഷു എങ്ങനെ ആഘോഷിക്കാം? 10 കാര്യങ്ങൾ
വിഷു എങ്ങനെ ആഘോഷിക്കണം എന്നത് ഒരു മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഈ വിഷു കൂടുതല്‍ രസകരമാക്കാന്‍, കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും ചേര്‍ന്ന് ചെയ്യാവുന്ന വ്യത്യസ്തമായ 10 കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. വിഷുക്കണി കാണിക്കാൻ പോകാം
പണ്ടുകാലത്ത് ചില നാട്ടിന്‍പുറങ്ങളില്‍ വിഷുദിവസം വെളുപ്പിന് കണികാണിക്കാന്‍ വേണ്ടി കൊണ്ടുനടക്കുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു. അവിടത്തെ യുവാക്കള്‍ ആയിരിക്കും മിക്കവാറും അതിനു മേല്‍നോട്ടം വഹിക്കുന്നത്. അതെ, മീശമാധവന് സിനിമയിലെ തുടക്ക രംഗങ്ങളില്‍ ഉള്ളപോലെ തന്നെ കൃഷ്ണന്റെ വേഷമണിഞ്ഞ് ഓരോ വീട്ടിലും ചെന്ന് കണി കാണിക്കുന്ന കാര്യം തന്നെയാണ് പറഞ്ഞു വരുന്നത്.
ഈ വിഷുവിന് കൂട്ടുകാരുമൊത്ത് അത്തരം ഒരു പരിപാടി പ്ലാന്‍ ചെയ്യാം. കൃഷ്ണവേഷം കെട്ടാന്‍ ആളെ നോക്കിവയ്ക്കണം. അതിനുള്ള ചിലവും മറ്റും ഓരോ വീട്ടില്‍ നിന്നുള്ള വിഷുകൈനീട്ടത്തില് നിന്നും കിട്ടും. ചിലപ്പോൾ ആഘോഷിക്കാനുള്ള പടക്കം വാങ്ങാനുള്ള പണവും കിട്ടിയേക്കാം. ഫ്ലാറ്റുകളില്‍ ജീവിക്കുന്നവര്‍ക്കും ചെയ്തുനോക്കാവുന്നതാണ്. ഒരു പുതിയ അനുഭവം ആയിരിയ്ക്കും.
2. യാത്ര പോകാം
യാത്ര പോകാന്‍ ഇഷ്ടമല്ലാത്തവരായി ആരുണ്ട്? അത് വിഷുവിനോട് അനുബന്ധിച്ചാണെങ്കില്‍ വീട്ടിലുള്ള എല്ലാവരും കൂടെ കാണും. എല്ലാവര്‍ഷവും വിഷു വീട്ടിലിരുന്നാകാം ആഘോഷിക്കുന്നത്. ഇത്തവണ ഒന്നു പുറത്തേക്ക് ഇറങ്ങാം. കുടുംബത്തോടൊപ്പമോ കൂട്ടുകാരുമൊത്തോ ഒരു യാത്ര പോകാം.
കുട്ടികള്‍ക്കെല്ലാവര്‍ക്കും ഈ സമയം അവധിയായിരിക്കും. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുചേരുന്ന സമയമാവും. ഈ സമയം ഒരു യാത്രയ്ക്ക് വിനിയോഗിച്ചാല്‍ അതൊരു കുടുംബ സംഗമം പോലെയും ആവും. അതും കോവിഡ് മൂലം വീട്ടില്‍ അടച്ചുപൂട്ടിയിരുന്നവര്ക്ക് കൂടുതല്‍ ആശ്വാസവുമാകും. ഒരു മലമുകളിലേക്ക് യാത്രപോകാനാവാം ചിലര്‍ക്ക് ഇഷ്ടം. ചിലര്‍ക്ക് അതൊരു ബീച്ചിലേക്കാകാം. കോവളം, മൂന്നാര്‍, തേക്കടി, വയനാട് പോലുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോകാം. അല്ലെങ്കില്‍, നിങ്ങളുടെ ഏറ്റവും അടുത്തു കിടക്കുന്ന സ്ഥലത്തേക്ക്, നിങ്ങളൊട്ടും പോകാത്ത സ്ഥലത്തേക്ക് യാത്രയാവാം. എവിടേക്കായാലും വിഷുവിന് തലേ ദിവസം പോയി വിഷുദിവസം ഉദയസൂര്യനെ കണികാണാം.
3. അനാഥാലയത്തിൽ വിഷു ആഘോഷിക്കാം
ഇത്തവണ വിഷു നമുക്ക് അടുത്തുള്ള അനാഥാലയത്തിലോ അഗതിമന്ദിരത്തിലോ ആക്കിയാലോ? കുടുംബത്തോടൊപ്പമോ കൂട്ടുകാരുമൊത്തോ അവിടെപ്പോയി അവിടത്തെ അന്തേവാസികളുമായി വിഷു ആഘോഷിക്കാം. കഴിഞ്ഞ വിഷുവിന് കിട്ടിയ വിഷുകൈനീട്ടം എടുത്തുവച്ചിട്ടുണ്ടെങ്കില്‍ അത് അവര്‍ക്കായി ചിലവഴിക്കാം. അല്ലെങ്കില്‍ ഉറ്റവരെന്ന് കരുതി അവരുടെ പുഞ്ചിരിക്കായി കുറച്ചു പണം ചിലവഴിക്കാം. വിഷുകൈനീട്ടവും വിഷുക്കോടിയും അവര്‍ക്ക് നല്‍കാം. കൂടെയിരുന്ന് സദ്യ കഴിക്കാം. സന്തോഷത്തോടെ പായസം കുടിക്കാം. വിഷു എന്നാല്‍ തുല്യത എന്നാണല്ലോ അര്‍ത്ഥം. അവരും നമ്മളും തുല്ല്യരാണെന്നും അവര്‍ക്കൊപ്പം നമ്മളുണ്ടെന്നും ഉള്ള ആശ്വാസമേകാം.
4. കണിവയ്ക്കൽ മത്സരം
ഫ്ളാറ്റില്‍ ജീവിക്കുന്നവര്‍ക്ക് വിഷു കൂടുതല്‍ രസകരമാക്കാന്‍ ഒരു മത്സരം നടത്താം. കണിവയ്ക്കല് മത്സരം. ഓരോ ഫ്ലാറ്റിലെയും ആള്ക്കാര് അവരുടെ വീട്ടില്‍ കണിവയ്ക്കണം. കണിയൊരുക്കാനായി അരി, നെല്ല്, കോടി മുണ്ട്, വാൽക്കണ്ണാടി, സ്വർണ്ണം, കണിവെള്ളരി, കണിക്കൊന്ന, വെറ്റില, അടയ്ക്ക, ചക്കപ്പഴം, മാമ്പഴം, പഴം, നാളികേര പാതികൾ, തിരി കൊളുത്തി വയ്ക്കാനായി വിളക്ക്, വെള്ളം നിറച്ച് വച്ച കിണ്ടി, കൃഷ്ണ വിഗ്രഹം എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇവയെല്ലാം ഒരു ഉരുളിയിൽ വച്ച് കണിയൊരുക്കാം.
ഓണത്തിന് പൂക്കളമത്സരം നടത്തുന്നപോലെ തന്നെ ഓരോ വീട്ടിലും പോയി വച്ചിരിക്കുന്ന കണി എങ്ങനെയുണ്ടെന്ന് നോക്കാം. വിധി നിര്‍ണ്ണയിക്കാന്‍ നിഷ്പക്ഷരായിട്ടുള്ള ആള്‍ക്കാരെ നിയോഗിക്കാം. അതൊരു ആഘോഷമാക്കി മാറ്റാം. മത്സരം കണിവയ്ക്കുന്നതില് മാത്രം ഒതുക്കണ്ട. മറ്റ് മേഖലകളിലും മത്സരം വയ്ക്കാം. മികച്ച സദ്യ, നല്ല പായസം പോലുള്ള ഇനങ്ങളിലും മത്സരം വയ്ക്കാം. ഈ വിഷു മത്സരങ്ങളിലൂടെയും ഒത്തൊരുമയിലും ആഘോഷിക്കാം.
5. കൃഷി തുടങ്ങാം
വിഷു മലയാളികള്‍ക്ക് ഒരു കാര്‍ഷികോത്സവം കൂടിയാണ്. പണ്ട് കാലത്ത് വിഷുവിനോട് അനുബന്ധിച്ച് പാടത്തും തങ്ങളുടെ കൃഷി സ്ഥലങ്ങളിലും കര്‍ഷകർ ചെയ്യുന്ന പല ആചാരങ്ങള്‍ ഉണ്ടായിരുന്നു. ചാലിടീല്‍ കര്‍മ്മം, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്.
ഇതിനെ പിന്തുടര്ന്നു തന്നെ നമുക്കും ഒരു കൃഷി തുടങ്ങാം. പാടത്ത് വിത്ത് വിതയ്ക്കാനോ തോപ്പില്‍ തെങ്ങ് വയ്ക്കാനോ കഴിയണം എന്നില്ല. ഒരു ചെറിയ കവറില്‍ കുറച്ച് മണ്ണെടുത്ത് അതില്‍ പഴുത്ത മുളകിന്റെ വിത്ത് പാവിയാലും മതി. പല പച്ചക്കറി വിത്തുകള്‍ ഇപ്പോള്‍ സുലഭമായി വാങ്ങാന്‍ കിട്ടും. തൊടിയിലോ വീടിന്റെ ടെറസ്സിലോ ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലോ ഒക്കെ നമുക്ക് ഗ്രോ ബാഗുകള്‍ ഉപയോഗിച്ച് ചെറിയ കൃഷി തുടങ്ങാവുന്നതാണ്. ഈ വിഷു അതിനുള്ള കാരണമാകട്ടെ.
6. വിഷു കഞ്ഞി വയ്ക്കാം
പലയിടത്തും പ്രചാരമുള്ള വിഷു വിഭവമാണ് വിഷു കഞ്ഞി അഥവാ വിഷു കട്ട. പ്രഭാതഭക്ഷണം ആണ്. കേരളത്തിൽ തൃശ്ശൂർ ഭാഗത്താണ് ഇത് കൂടുതൽ കണ്ടു വരുന്നത്. ഈ വിഷുവിന് നമുക്ക് അതൊന്ന് ഉണ്ടാക്കിനോക്കാം. വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍. വിഷു ദിവസം വ്യത്യസ്തമായ വിഭവവും ആവും.
അരി നാളികേരപ്പാലിൽ വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചെടുത്താണ് വിഷുക്കട്ട ഉണ്ടാക്കുന്നത്. അത് വറ്റിക്കാതെ ചെയ്താൽ അത് വിഷുകഞ്ഞി ആയി. ഇത്രയും ലളിതമായും വേഗത്തിലും ഉണ്ടാക്കാന്‍ പറ്റുന്ന പ്രാതല്‍ ഈ വിഷുവിന് നമുക്ക് ഉണ്ടാക്കി നോക്കാവുന്നതാണ്. ഇതിൽ കുറച്ച് നെയ്യോ ശർക്കര ചിരണ്ടിയിട്ടോ മധുരം കൂട്ടിയും കഴിക്കാവുന്നതാണ്. ചിലര്‍ ഇതിന്റെ കൂടെ മത്തനും പയറും എരിശ്ശേരി കൂട്ടി കഴിക്കാറുണ്ട്. പുതിയ തലമുറക്ക് പകര്‍ന്ന് കൊടുക്കാവുന്ന ഒരു പോഷകാഹാരം കൂടിയാണ് ഈ വിഷുകഞ്ഞി അഥവാ വിഷുകട്ട.
7. പടക്കം പൊട്ടിക്കാം
കൈനീട്ടം മാറി കഴിഞ്ഞാല്‍ ഉടനെ പടക്കം പൊട്ടിക്കാനുള്ള പാച്ചിലാണ് കുട്ടികള്‍ക്ക്. വിഷു, മലയാളികൾക്ക് പടക്കം പൊട്ടിക്കുന്നതിന്റെയും ആഘോഷം ആണ്. കേരളത്തിന് പുറത്തുള്ളവരും ഫ്ലാറ്റില്‍ ജീവിക്കുന്നവരും പടക്കം പൊട്ടിച്ചുള്ള വിഷു ആഘോഷം കുറവായിരിക്കും. എങ്കിലും കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന കമ്പിത്തിരി, മത്താപ്പ് പോലുള്ളവ കത്തിച്ചു വിഷു ആഘോഷിക്കാം. പടക്കം പൊട്ടിക്കുമ്പോഴും കമ്പിത്തിരി പോലുള്ള സാധനങ്ങൾ കത്തിക്കുമ്പോഴും അതീവ ശ്രദ്ധ വേണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ച് കൊച്ചു കുട്ടികൾ അടുത്തുള്ളപ്പോൾ. ഇവയെല്ലാം ആഘോഷങ്ങൾക്ക് വേണ്ടി മാത്രം മിതമായ രീതിയിൽ ഉപയോഗിക്കാം. വീട്ടിൽ വയ്യാത്ത ആൾക്കാരുണ്ടെങ്കിലോ മൃഗങ്ങൾ ഉണ്ടെങ്കിലോ പടക്കം വച്ചുള്ള ആഘോഷം വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ദീപങ്ങള്‍ വച്ചും വിഷു ആഘോഷിക്കാം.
8. ചക്ക വറുത്ത് വിൽക്കാം
വിഷുക്കാലത്ത് വിളയുന്ന വിഭവങ്ങളാണ് ചക്കയും മാങ്ങയും. അതുകൊണ്ടുതന്നെ വിഷു എന്നത് ചക്കയും മാമ്പഴവും കൊണ്ടുള്ള ഉത്സവം തന്നെ. വിഷുവിഭവങ്ങളില്‍ ഏറ്റവും കേമന്‍ ചക്ക വറുത്തത് തന്നെ. ഓണത്തിന് കായ വറുത്തത് പോലെതന്നെ പ്രധാനമാണ് വിഷുവിന് ചക്ക വറുത്തത്.
ഇത്തവണ അതൊരു ബിസിനസ്സ് ആക്കിയെടുത്താലോ? വിഷുവിന് മുന്നേ തയ്യാറെടുപ്പുകള്‍ തുടങ്ങണം. കൂട്ടുകാരെയും കൂട്ടാം. തൊടിയിലുള്ള ചക്ക പറിച്ചോ അല്ലെങ്കില്‍ ചക്ക വാങ്ങിയോ കൂട്ടുകാരുമൊത്ത് ചക്ക വെട്ടി പൊളിച്ച് നുറുക്കി വറുത്തെടുക്കാം. നല്ല വെളിച്ചെണ്ണയില്‍ തന്നെ ചക്ക വറുത്താല്‍ നല്ല സ്വാദായിരിക്കും. ഉപ്പിടാന്‍ മറക്കാതിരിക്കുക എന്നതേ ശ്രദ്ധിക്കേണ്ടതുള്ളൂ. പുതുതായി പരീക്ഷങ്ങള്‍ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് വറുത്ത് കോരിയ ചക്കയില്‍ കുറച്ച് മുളകുപൊടിയോ കുരുമുളക് പൊടിയോ വിതറി ചക്കവറുത്തത് പ്രത്യേകതയുള്ളതാക്കാം.
ഈ ചക്ക വറുത്തത് പാക്കറ്റുകളിലാക്കി ഓരോ വീട്ടിലും കൊണ്ടുപോയി വില്‍ക്കാം. മിതമായി വിലയീടാക്കിയാല്‍ എല്ലാവരും വാങ്ങും. വേഗതയുള്ള ഈ ജീവിതത്തില്‍ വീട്ടിലുണ്ടാക്കിയ ചക്ക വറുത്തത് ഇന്‍സ്റ്റന്റ് ആയി കിട്ടിയാല്‍ ആരാണ് വാങ്ങിക്കാത്തത്. അത് വില്‍ക്കുക വഴി നിങ്ങള്‍ക്ക് വിഷു ആഘോഷിക്കാനുള്ള വരുമാനവും ആവും. ഇതേ രീതിയില്‍ തന്നെ ചക്ക പ്രഥമനും വില്‍ക്കാം.
9. ഒരു സിനിമ കാണാം
കുടുംബത്തിലെ മൂത്തവരും ഇളയവരും കൂട്ടുകാരും എല്ലാവരും ഒത്തുചേരുന്ന വിഷുദിനത്തിൽ ഒരു സിനിമ കാണാൻ ശ്രമിക്കാം. വീട്ടിലിരുന്നു തന്നെ സിനിമ കണ്ടാല്‍ വീട്ടിൽ തന്നെ ഒരു തീയറ്റർ പ്രതീതി ആവും. വിഷു ദിനത്തിൽ പല ചാനലുകളും പുതിയ ചിത്രങ്ങൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഇഷ്ടം പോലെ സിനിമ കാണാൻ അവസരവുമുണ്ട്. അല്ലെങ്കില്‍ ഈ വിഷുവിന് രണ്ട് സൂപ്പര്‍ ചിത്രങ്ങള്‍ തിയറ്ററില്‍ ഇറങ്ങുന്നുണ്ട്. കന്നഡ സിനിമ കെ.ജി.എഫും തമിഴ് ചിത്രം ബീസ്റ്റും. കുറെ കാലത്തിന് ശേഷം കുടുംബത്തോടൊപ്പം തിയറ്ററില്‍ പോയി സിനിമ കാണാനുള്ള അവസരമാണ്.
10. വീട് വൃത്തിയാക്കാം
ഒന്നു മനസ്സുവച്ചാല്‍ വീട് വൃത്തിയാക്കുന്നതും വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷമായി മാറ്റാം. വിഷു ദിവസത്തിന് തലേ നാള് ആണ് ശരിക്കും വീട് വൃത്തിയാക്കല്‍ എന്ന ചടങ്ങ് നടക്കുന്നത്. ഒരു പുതിയ വര്‍ഷം വരവേല്‍ക്കാന്‍ വീടിനെക്കൂടി വൃത്തിയാക്കി ഒരുക്കിനിര്‍ത്തുകയാണ് ഇവിടെ ചെയ്യുന്നത്. വീടും പരിസരവും വൃത്തിയാക്കി ബാക്കിയുള്ള സാധങ്ങള്‍ പറമ്പില്‍ ഇട്ടു കത്തിക്കുന്നു. ഫ്ലാറ്റിലെ ജീവിതത്തിലും ഈ മാതൃക ഇത്തവണ നമുക്ക് പകര്‍ത്താവുന്നതാണ്.
ഓരോ പണികളും കുടുംബത്തിലെ ഓരോരുത്തര്ക്കായിട്ടു വീതിച്ചുനല്കാം. അടിച്ചു വാരുന്നതും, തുടയ്ക്കുന്നതും, അടുക്കി വയ്ക്കുന്നതും മറ്റും ഓരോ ആള്‍ക്കാര്‍ക്കും കൊടുത്ത് അതൊരു മത്സര ബുദ്ധിയോടെ ചെയ്തുതീര്‍ക്കാം. വീട് വൃത്തിയായി വിഷുവിനെ വരവേല്‍ക്കാനായി ഒരുങ്ങുകയും ചെയ്യാം. എല്ലാവര്ക്കും ഇത് ഒരു ആഘോഷമാവുകയും ചെയ്യും.
11. ക്ഷേത്ര ദർശനം നടത്താം
വിഷു ദിവസം രാവിലെ കണികണ്ടും, പടക്കം പൊട്ടിച്ചും കഴിഞ്ഞതിനു ശേഷം ആരും ഉറങ്ങാറില്ല. എല്ലാവരും നേരെ പോയി കുളിച്ച് പുതിയ വസ്ത്രങ്ങളും അണിഞ്ഞ് ക്ഷേത്ര ദര്‍ശനത്തിനുള്ള തയ്യാറെടുപ്പിലാവും. വിഷുദിവസം കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കൃഷ്ണവിഗ്രഹത്തിന്റെ മുന്നില്‍ വിഷുക്കണി വച്ചിട്ടുണ്ടാകും. കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷു എന്നത് ആഘോഷം തന്നെയാണ്. അന്നേ ദിവസം കണികാണാനായി ക്ഷേത്രത്തില്‍ എത്തുന്നത് ആയിരക്കണക്കിന് ആളുകളാണ്.
ഈ വിഷുവിന് നമുക്കും അടുത്തുള്ള ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം തൊഴാന്‍ പോകാം. ദേവനെ പ്രാര്‍ഥിച്ച് അവിടെയുള്ള വിഷുക്കണി കാണാം.
12. വീട്ടിലിരുന്ന് വിഷു ആഘോഷിക്കാം
വീട്ടില്‍ വയസ്സായവര്‍ ഉണ്ടെങ്കില്‍, യാത്ര ചെയ്യാനൊന്നും പറ്റാത്തവരാണെങ്കില്‍ അവര്‍ക്കും വിഷു ആഘോഷിക്കണ്ടേ? അവരുടെ കൂടെയിരുന്ന് നമുക്കും ആഘോഷിക്കാം. സാധാരണ വിഷുദിവസത്തില്‍ ചെയ്യുന്നപോലെ രാവിലെ എഴുന്നേറ്റ് കണി കാണാം. മുതിര്‍ന്നവരുടെ കയ്യില്‍ നിന്നും കൈനീട്ടം വാങ്ങാം. ഇളയവര്‍ക്ക് കൈനീട്ടം കൊടുക്കാം. ഒരുമിച്ച് പടക്കം പൊട്ടിക്കാം. പടക്കം പൊട്ടിക്കുമ്പോഴും കമ്പിത്തിരി പോലുള്ള സാധനങ്ങൾ കത്തിക്കുമ്പോഴും അതീവ ശ്രദ്ധ വേണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ച് കൊച്ചു കുട്ടികൾ അടുത്തുള്ളപ്പോൾ. ഇവയെല്ലാം ആഘോഷങ്ങൾക്ക് വേണ്ടി മാത്രം മിതമായ രീതിയിൽ ഉപയോഗിക്കാം. വീട്ടിൽ വയ്യാത്ത ആൾക്കാരുണ്ടെങ്കിലോ മൃഗങ്ങൾ ഉണ്ടെങ്കിലോ പടക്കം വച്ചുള്ള ആഘോഷം വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ദീപങ്ങള്‍ വച്ചും വിഷു ആഘോഷിക്കാം. ഒത്തൊരുമിച്ച് ഒരു സദ്യ ഉണ്ടാക്കി കഴിക്കാം. ഇങ്ങനെ പരമ്പരാഗത രീതിയില്‍ തന്നെ വിഷു ആഘോഷിക്കാം.
ഇത്തരം പ്രവര്‍ത്തികളിലൂടെ സമ്പല്സമൃദ്ധമായ ഒരു വിഷു നമുക്ക് ആഘോഷിക്കാം. ഏവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു വിഷു ആശംസിക്കുന്നു.
continue reading.
നിങ്ങളുടെ വിഷന്‍ ബോര്‍ഡ് എങ്ങനെ ചിട്ടയോടുകൂടി ഉണ്ടാക്കാം?
നിങ്ങളുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നത് പൂര്‍ണ്ണമായും സാധ്യമാണെന്ന് ഓപ്ര വിന്ഫ്രിയെപ്പോലുള്ള പ്രശസ്തര്‍ പറഞ്ഞിട്ടുണ്ട്. അതിനെ അവര്‍ മാനിഫെസ്റ്റേഷന് എന്ന പേരിട്ട് വിളിക്കുന്നു. ഇത് ഒരു മായാജാലമോ രഹസ്യമോ അല്ല. ഒറ്റ രാത്രി കൊണ്ട് സംഭവിക്കുന്നതുമല്ല ഇത്. മാനിഫെസ്റ്റേഷന് കൊണ്ടുള്ള വിജയത്തിനായി, നിങ്ങളുടെ ഉദ്ദേശം സജ്ജീകരിക്കുകയും അത് യാഥാര്‍ത്ഥ്യമാകുമെന്ന് വിശ്വസിക്കുകയും ആ അമൂര്‍ത്തമായ ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് സജീവമായ നടപടികള്‍ കൈക്കൊള്ളുകയും വേണം. അത്തരത്തില്‍ ഒരു ഉപകരണമാണ് വിഷന്‍ ബോര്‍ഡ്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ എന്തായിരുന്നാലും- എങ്ങനെ റിലാക്സ് ആയി ഇരിക്കാം, എങ്ങനെ ക്ഷമാശീലം വളര്‍ത്താം, ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍, ഇഷ്ടപ്പെടുന്ന ജോലി കണ്ടെത്താന്‍- അതൊക്കെ സാധ്യമാക്കിയെടുക്കാന്‍ വിഷന്‍ ബോര്‍ഡ് ഒരു മികച്ച ഉപകരണമാണ്. ## വിഷന്‍ ബോര്‍ഡ് എന്നാല്‍ എന്ത്?  ഒരു വിഷന്‍ ബോര്‍ഡ് എന്നത് നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്ന, ചെയ്യാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ ഉണ്ടായിരിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ചിത്രങ്ങളുടെയോ സൂചനയുടെയോ ഒരു കൊളാഷ് ആണ്. നിങ്ങള്‍ക്ക് മാഗസിന് കട്ട് ഔട്ടുകള്‍, ഡ്രോയിങ്ങുകള്‍. എഴുത്തുകള്‍, ഫോട്ടോകള്‍ അല്ലെങ്കില്‍ നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് നിങ്ങളെ ഓര്‍മിപ്പിക്കുന്ന മറ്റേതെങ്കിലും കാര്യങ്ങളും ഇതിനുവേണ്ടി ഉപയോഗിക്കാം. വിഷന്‍ ബോര്‍ഡുകളുടെ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ നിയമങ്ങളൊന്നുമില്ല. കാരണം അത് ദൈനംദിന അടിസ്ഥാനത്തില്‍ നിങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാന്‍ നിങ്ങളെ പ്രചോദിപ്പിക്കുന്ന എന്തെങ്കിലും ക്രാഫ്റ്റ് ചെയ്യുന്നതിനെക്കുറിച്ചാണ്. ചില വിഷന്‍ ബോര്‍ഡുകള്‍ ഒരു ആശയത്തില്‍ ഊന്നിയതായിരിക്കാം, എന്നാല്‍ മറ്റ് ചിലത് നിങ്ങളുടെ ഭാവി എങ്ങനെയായിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ വലിയ ചിത്രത്തിലേക്ക് ഊന്നിയതായിരിക്കാം. ## വിഷ്വല്‍ ബോര്‍ഡ് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമോ?  മനശാസ്ത്ര ഗവേഷണ പ്രകാരം, വിഷ്വലൈസേഷന്‍ പോലുള്ള മാനസിക പരിശീലനങ്ങള്‍, പ്രചോദനവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. ഒരു പഠനത്തില്‍ കായിക താരങ്ങളില്‍ വിഷ്വലൈസേഷന്‍ ശാരീരിക പരിശീലനം പോലെ തന്നെ ഫലപ്രദമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. നിങ്ങളുടെ ലക്ഷ്യങ്ങള്‍ വിഷ്വലൈസ് ചെയ്യുന്നത്, നിങ്ങളുടെ സ്വപ്ന ജീവിതം സൃഷ്ടിക്കുന്നതിന് ലക്ഷ്യങ്ങള്‍ സജീകരിക്കാനും നിങ്ങളുടെ മാനസികാവസ്ഥ രൂപപ്പെടുത്താനും സഹായിക്കുന്ന ശക്തമായ ഉപകരണമാണ്. വിഷ്വലൈസേഷന്‍ എന്നത് വെറുതെ ഒരു ബോര്‍ഡില്‍ ചിത്രം വച്ച് നിങ്ങള്‍ക്ക് വേണ്ടത് മാനിഫെസ്റ്റ് ചെയ്യുകയോ ആകര്‍ഷണ നിയമം ഉപയോഗിക്കുകയോ ചെയ്യുന്നതല്ല. ഇതെല്ലാം തലച്ചോറിന്റെയും പ്രവര്‍ത്തനം ഉള്‍ക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ തലയിലെ ഒരു അരിപ്പയാണ് റെക്റ്റിക്കുലര് ആക്റ്റിവേഷന്‍ സിസ്റ്റം (ആര്‍എഎസ്). നിങ്ങളുടെ വിഷന്‍ ബോര്‍ഡിലെ ചിത്രങ്ങള്‍ നിരന്തരം കാണുന്നതിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ അരിച്ചെടുക്കാന്‍ നിങ്ങളുടെ തലച്ചോറിനെ സഹായിക്കുകയും ചെയ്യുന്നു. നിങ്ങൾ ഒരു വിഷ്വല്‍ ബോര്‍ഡ് സൃഷ്ടിച്ച് അത് ഇടയ്ക്കിടെ കാണുന്ന ഒരു സ്ഥലത്ത് സ്ഥാപിക്കുമ്പോൾ, നിങ്ങൾ അറിയാതെ തന്നെ ദിവസം മുഴുവനും വിഷ്വലൈസേഷനും നിങ്ങളുടെ ലക്ഷ്യത്തിനെ ക്രമീകരിക്കുന്ന വ്യായാമങ്ങളും ചെയ്യുന്നു. ഒരു വിഷൻ ബോർഡ് സൃഷ്ടിക്കുന്നത് നിങ്ങളുടെ ലക്ഷ്യങ്ങൾ കാണാനും ദൈനംദിന അടിസ്ഥാനത്തിൽ അവയിൽ എത്തിച്ചേരാനുള്ള ഒരു മാനസികാവസ്ഥ വികസിപ്പിക്കാനുമുള്ള മാര്‍ഗം നല്കുന്നു. ## എങ്ങനെ ഒരു വിഷ്വല്‍ ബോര്‍ഡ് ഉണ്ടാക്കാം?  വിഷ്വല്‍ ബോര്‍ഡിന്റെ ഗുണങ്ങള്‍ അറിഞ്ഞ സ്ഥിതിക്ക് അതെങ്ങനെ നല്ല രീതിയില്‍ നമ്മുടെ ലക്ഷ്യത്തിലേക്ക് എത്തുന്ന രീതിയില്‍ ഉണ്ടാക്കാം എന്ന് നോക്കാം. ### 1. 10 മിനിറ്റ് വിഷ്വലൈസേഷന്‍ ചെയ്യാം വിഷ്വല്‍ ബോര്‍ഡ് തയ്യാറാക്കാനായി ആദ്യമായി വേണ്ടത് നിങ്ങള്‍ക്ക് എന്താണ് ജീവിതത്തില്‍ വേണ്ടതെന്നും എവിടെയാണ് എത്തേണ്ടത് എന്നതുമായ ഉത്തമ ബോധ്യമാണ്. അതിനായി ഒരു നിമിഷം സ്വയം ചിന്തിക്കുക, നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്ന് കണ്ടെത്തുക. ശാന്തമായ ഒരു സ്ഥലത്ത് നിങ്ങളുടെ ചിന്തകൾ സ്പഷ്ടമാക്കാനും ശാന്തമായ സംഗീതം സജ്ജീകരിക്കാനും കുറച്ച് സമയമെടുക്കുക. ഇത് ശാന്തവും ധ്യാനാത്മകവുമായ അനുഭവമായിരിക്കണം. നിങ്ങൾക്ക് ഇത് ചെയ്യാൻ 5-10 മിനിറ്റോ അല്ലെങ്കിൽ ആവശ്യമുള്ളിടത്തോളം സമയമോ എടുക്കാം. - ഒരു പേനയും പേപ്പറും എടുക്കുക - മനസ്സ് ശാന്തമാക്കാന്‍ കുറച്ച് ആഴത്തിലുള്ള ശ്വാസം എടുത്ത് വിടുക. മനസ്സ് ശാന്തമാകുന്നതുവരെ ഇത് തുടരുക. - നിങ്ങളോട് തന്നെ ചോദ്യങ്ങള്‍ ചോദിക്കുക. - എന്റെ ജീവിതം എങ്ങനെ ആയിരിക്കണം? - എന്റെ വീട് എങ്ങനെ ഇരിക്കണം? - എന്റെ ഭക്ഷണവും ആഹാര രീതികളും എങ്ങനെ ആയിരിക്കണം? - എന്തൊക്കെ കാര്യങ്ങള്‍ ജീവിതത്തില്‍ കൂടുതലായി ചെയ്യാനുണ്ട്? - ശാരീരികപരമായി എങ്ങനെയാകണം? - ഓരോ ദിവസവും എനിക്കു എങ്ങനെ അനുഭവപ്പെടണം? - അടുത്ത വർഷം എന്ത് സാമ്പത്തിക, തൊഴിൽ ലക്ഷ്യങ്ങളാണ് ഞാൻ കൈവരിക്കാൻ ആഗ്രഹിക്കുന്നത്? - അടുത്ത വർഷത്തെ എന്റെ സ്വപ്ന യാത്രാ സ്ഥലം ഏതാണ്? - മനസ്സില്‍ തോന്നുന്നത് കുറിച്ചിടുക. ഒരു ചോദ്യം നിങ്ങളെ സംബന്ധിക്കുന്നതല്ലെങ്കില് അത് വിടുക. മറ്റൊരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുക. നിങ്ങളോട് തന്നെ വീണ്ടും വേറെ ചോദ്യങ്ങളും ചോദിച്ച് ഉത്തരം കണ്ടെത്തുക. ഒരു മികച്ച വിഷ്വല്‍ ബോർഡ് നിർമ്മിക്കുന്നതിനുള്ള രഹസ്യം നിങ്ങളുടെ ലക്ഷ്യങ്ങൾ കൈയക്ഷരത്തിലൂടെ പ്രകടിപ്പിക്കുക എന്നതാണ്. കയ്യക്ഷരങ്ങളില്‍ ലക്ഷ്യങ്ങള്‍ എഴുതി വയ്ക്കുന്നതിന് ഒരു ഊര്‍ജ്ജസ്വലമായ ഒരു സ്വഭാവമുണ്ട്. ഒരു വിഷൻ ബോർഡ് സൃഷ്ടിക്കാൻ കലാപരമായ കഴിവ് ഉണ്ടായിരിക്കണമെന്നില്ല. വ്യക്തവും പോസിറ്റീവുമായ വീക്ഷണത്തോടെ ആരംഭിക്കാൻ വിഷന്‍ ബോര്‍ഡ് സഹായിക്കുന്നു എന്നേയുള്ളൂ. നിങ്ങളോട് തന്നെ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ചിലപ്പോള്‍ ഉത്തരങ്ങള്‍ പെട്ടെന്നു കിട്ടിയേക്കാം, ചിലപ്പോള്‍ സമയം എടുത്തേക്കാം. ഉത്തരങ്ങള്‍ സ്പഷ്ടമാക്കി എടുക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. ജേര്‍ണലിങ്, ചിത്രം വര, ധ്യാനം, സംഗീതം അങ്ങനെ നിങ്ങളുടെ ഉള്ളിലുള്ള ആഗ്രഹങ്ങളെ പുറത്തുകൊണ്ടുവരുന്ന എന്തും നിങ്ങള്‍ക്ക് ഉപയോഗിക്കാം. നിങ്ങളുടെ ബോർഡ് ഒരു കാര്യത്തില്‍ ആരംഭിച്ച് തികച്ചും വ്യത്യസ്തമായ രീതിയിൽ പൂർത്തിയാക്കുകയാണെങ്കിൽ നിരുത്സാഹപ്പെടരുത്, അതിനെ സർഗ്ഗാത്മക പ്രക്രിയ എന്ന് വിളിക്കുന്നു, അത് വളരെ പ്രധാനമാണ്. നിങ്ങളുടെ ബോർഡ് സൃഷ്ടിക്കുന്നതിലൂടെ നിങ്ങളെക്കുറിച്ച് നിങ്ങൾ കണ്ടെത്തുന്നതിൽ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. ### 2. വിഷന്‍ ബോര്‍ഡ് രൂപരേഖ തയ്യാറാക്കാം അടുത്തതായി ചെയ്യേണ്ടത് നിങ്ങളുടെ വിഷന്‍ ബോര്‍ഡിന് ഒരു രൂപരേഖ തയ്യാറാക്കുക എന്നതാണ്. വിഷ്വല്‍ ബോര്‍ഡില്‍ എന്തൊക്കെ വരണം എന്നത് ഇവടെ തീരുമാനിക്കാം. ഒരു വിഷൻ ബോർഡ് സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന നിയമം, നിയമങ്ങളൊന്നുമില്ല എന്നതാണ്! നിങ്ങളുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള രസകരവും ക്രിയാത്മകവുമായ സമയമായിരിക്കണം ഇത്. നിങ്ങളെ പ്രേരിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ എന്തും നിങ്ങളുടെ ബോർഡിൽ ഉൾപ്പെടുത്താം. നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എന്നതിന്റെ ഒരു വിഷ്വൽ പ്രാതിനിധ്യമായിരിക്കണം അത്. നിങ്ങളുടെ ബോർഡിന്റെ ഉദ്ദേശ്യം അതിലുള്ളതെല്ലാം പ്രാവര്‍ത്തികമാക്കുക എന്നതാണ്. ഒരു വിഷൻ ബോർഡ് കിറ്റ് ഇപ്പോള്‍ വിപണിയില്‍ വാങ്ങാന്‍ ലഭിക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ സ്വന്തം വിഷൻ ബോർഡ് സൃഷ്ടിക്കുന്നത് ഒരു പ്രത്യേക അനുഭവമായിരിക്കും. നിങ്ങളുടേതായവ സൃഷ്ടിക്കുന്നത് യഥാർത്ഥത്തിൽ പിന്തുടരാനും കൂടുതൽ ലക്ഷ്യങ്ങൾ സ്വപ്നം കാണാനും നിങ്ങളെ കൂടുതല്‍ പ്രേരിപ്പിക്കും. ഏതില്‍ നിന്നും നിങ്ങള്‍ക്ക് ആശയങ്ങള്‍ സ്വരുക്കൂട്ടാം. ചിത്രങ്ങള്‍, ഇഷ്ടപ്പെട്ട ഉദ്ധരണികള്‍, ഓര്‍മ്മകള്‍, പോസ്റ്റ് കാര്‍ഡുകള്‍ ഒക്കെ ഇതിനായി ഉപയോഗിക്കാവുന്നതാണ്. - മാഗസിന് ചിത്രങ്ങള്‍ : നിങ്ങൾക്ക് എങ്ങനെ തോന്നണമെന്ന് പ്രതിനിധീകരിക്കുന്ന മാഗസിൻ കട്ട്ഔട്ടുകൾ, നിങ്ങൾ എവിടെയ്ക്കാണ് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഏത് കാര്യവും നിങ്ങളുടെ ബോർഡിലേക്ക് ചേർക്കുന്നതിന് അനുയോജ്യമാണ്. ഫാഷൻ മാഗസിനുകൾ, ലൈഫ്സ്റ്റൈൽ മാഗസിനുകൾ, ട്രാവൽ മാഗസിനുകൾ എന്നിങ്ങനെ ഏത് മാസികയിൽ നിന്നും ഇവ ആകാം. - ഫോട്ടോകള്‍ : ഓണ്‍ലൈനില്‍ നിന്നും എടുത്തതോ അല്ലെങ്കില്‍ നിങ്ങളുടെ കയ്യില്‍ നേരത്തെ ഉള്ള ചിത്രങ്ങളോ ഉപയോഗിക്കാം. നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പ്രതിനിധീകരിക്കുന്ന ഏതെങ്കിലും ചിത്രങ്ങൾ ഉപയോഗിക്കുക. - പ്രചോദനാത്മകമായ ഉദ്ധരണികള്‍ : പുസ്തകങ്ങളില്‍ നിന്നോ സിനിമകളില്‍ നിന്നോ ഉള്ള നിങ്ങളുടെ ജീവിതത്തെ പ്രചോദിപ്പിക്കുന്ന ഉദ്ധരണികള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. `_BANNER_` ### 3. വേണ്ട സാധങ്ങള്‍ ശേഖരിക്കാം അടുത്തതായി ഒരു വിഷ്വല്‍ ബോര്‍ഡ് നിര്‍മ്മിക്കാനുള്ള സാധനങ്ങള്‍ ശേഖരിച്ചു വയ്ക്കാം. അതിനായി വേണ്ട സാധനങ്ങള്‍… **ബോര്‍ഡ്** ആദ്യമായി ഒരു വിഷന്‍ ബോര്‍ഡ് ഉണ്ടാക്കുകയാണെങ്കില്‍ തെര്‍മോകോള്‍ കൊണ്ടോ കാര്‍ഡ് ബോര്‍ഡ് കൊണ്ടോ ഒരു ബോര്‍ഡ് നിര്‍മ്മിക്കാവുന്നതാണ്. അതില്‍ നമ്മള് ശേഖരിച്ചു വച്ചിരിക്കുന്ന ചിത്രങ്ങളും മറ്റും ഒട്ടിച്ചു വയ്ക്കാവുന്നതാണ്. അല്ലെങ്കില്‍ ഒരു പിന് ബോര്‍ഡ് വാങ്ങിക്കാം. ഇപ്പോള്‍ വിപണിയില്‍ സുലഭമായി ലഭിക്കുന്നതാണ്. അതില്‍ ചിത്രങ്ങളും മറ്റും പിന് ചെയ്തു വയ്ക്കാം. പിന് ബോര്‍ഡ് ആവുമ്പോള്‍ വിഷന്‍ ബോര്‍ഡ് ഇടയ്ക്കിടയ്ക്ക് മാറ്റം വരുത്താനും എളുപ്പമായിരിക്കും. **അലങ്കാര വസ്തുക്കള്‍** ചിലര്‍ക്ക് തങ്ങളുടെ വിഷന്‍ ബോര്‍ഡ് അലങ്കരിക്കാനും ഒക്കെ ഇഷ്ടമാണ്. അങ്ങനെയുള്ളവരാണെങ്കില്‍ അലങ്കാരത്തിനുള്ള തോരണങ്ങളും സ്റ്റിക്കറുകളും ഉപയോഗിക്കാവുന്നതാണ്. **ആശയ സാധനങ്ങള്‍** വിഷന്‍ ബോര്‍ഡിലേക്ക് വയ്ക്കേണ്ടുന്ന നിങ്ങളുടെ ആശയങ്ങള്‍ പ്രകടമാക്കുന്ന ചിത്രങ്ങളും, ഉദ്ധരണികളും ഒക്കെ ശേഖരിച്ചു തയ്യാറാക്കി വയ്ക്കുക. വിഷന്‍ ബോര്‍ഡിലെ പ്രധാന ഘടകമാണ് ഇത്. **മറ്റ് ആവശ്യ വസ്തുക്കള്‍** ചിത്രങ്ങളും ഉദ്ധരണികളും തോരണങ്ങളും വിഷന്‍ ബോര്‍ഡില്‍ ഒട്ടിച്ചു വയ്ക്കാനും മറ്റുമായി ആവശ്യമായി വേണ്ടി വരുന്ന കാര്യങ്ങള്‍ എടുത്തുവയ്ക്കണം. കത്രിക, ടേപ്പ്, പിന്, പശ അങ്ങനെ ആവശ്യമുള്ള എല്ലാം എടുത്തുവയ്ക്കുക. ### 4. വിഷന്‍ ബോര്‍ഡ് തയ്യാറാക്കാം ഇപ്പോൾ, നിങ്ങളുടെ വിഷൻ ബോർഡ് യഥാർത്ഥത്തിൽ സൃഷ്ടിക്കാൻ നിങ്ങൾ തയ്യാറാണ്. ഒരു വിഷൻ ബോർഡ് എങ്ങനെ നിർമ്മിക്കാമെന്ന് നോക്കാം. **മനസ്സ് ശാന്തമാക്കുക** നിങ്ങള്‍ നിങ്ങളുടെ വിഷന്‍ ബോര്‍ഡ് തയ്യാറാക്കാന്‍ പോവുകയാണ്. അത് കുറ്റമറ്റതായി ചെയ്യണമെങ്കില്‍ നിങ്ങളുടെ മനസ്സ് ശാന്തവും തെളിമയാര്ന്നതുമാകണം. ലളിതമായ ഗാനം കേട്ടുകൊണ്ടോ ഒരു സുഗന്ധ മെഴുതുതിരി കത്തിച്ചുവച്ചുകൊണ്ടോ മനസ്സിനെ ശാന്തമാക്കി വിഷന്‍ ബോര്‍ഡ് തയ്യാറാക്കുന്നതിനെ കുറിച്ച് ചിന്തിക്കാം. **വ്യത്യസ്ഥ ലേയൌട്ടുകള്‍ പരീക്ഷിക്കുക** നിങ്ങളുടെ ചിത്രങ്ങൾ നിങ്ങളുടെ ബോർഡിൽ വച്ച് നോക്കുക. എന്നാൽ ഇപ്പോള്‍ തന്നെ പശ തേച്ച് ഒട്ടിക്കരുത്. പല പല രീതിയില്‍ വച്ച് നോക്കി ഇഷ്ട്ടപ്പെടുന്ന ഒരു മാതൃക കണ്ടെത്തുക. ചില ആളുകൾ ഓരോ വിഭാഗവും വ്യത്യസ്തമായ ലക്ഷ്യത്തോടെ അവരുടെ ബോർഡ് ക്രമീകരിക്കുന്നു, ചിലർ കൂടുതൽ അടുക്കും ചിട്ടയുമുള്ളതിനെ സൃഷ്ടിക്കുന്നു, ചിലർ കൂടുതൽ ക്രമരഹിതമായ സമീപനം ഉപയോഗിക്കുന്നു. വലിയ ചിത്രങ്ങൾ പശ്ചാത്തലമായി ഉപയോഗിച്ചു മുന്നില്‍ ചെറിയ ചിത്രങ്ങള്‍ വയ്ക്കുന്നത് ഒരു നല്ല സമീപനമായിരിക്കും. ബോര്‍ഡ് തയ്യാറാക്കാന്‍ "ശരിയായ വഴി" എന്നൊന്നില്ല, അതിനാൽ നിങ്ങൾക്ക് അനുയോജ്യമെന്ന് തോന്നുന്നതെന്തും ചെയ്യുക. നിങ്ങൾ ഇഷ്ടപ്പെടുന്ന പോലെ സർഗ്ഗാത്മകത പുലർത്തുക. **ബോര്‍ഡ് സൃഷ്ടിക്കുക** നിങ്ങളുടെ ബോർഡ് നിങ്ങളുടെ വികാരങ്ങളുമായി പ്രതിധ്വനിക്കുകയും നിങ്ങളുടെ വിഷൻ ബോർഡുമായി നിങ്ങള്‍ക്ക് ഒരു വൈകാരിക ബന്ധം നൽകുകയും വേണം. ക്രമീകരണത്തിൽ നിങ്ങൾ സംതൃപ്തിയായ ശേഷം നിങ്ങളുടെ എല്ലാ ചിത്രങ്ങളും ഒട്ടിക്കുക. നിങ്ങൾക്ക് അതിൽ പെയിന്റ് ചെയ്യാം, അല്ലെങ്കിൽ മാർക്കറുകൾ ഉപയോഗിച്ച് വാക്കുകൾ എഴുതാം, സ്റ്റിക്കറുകൾ ചേർക്കാം, അല്ലെങ്കിൽ നിങ്ങളുടെ കാഴ്ചയെക്കുറിച്ച് നിങ്ങളെ ഏറ്റവും ആവേശഭരിതരാക്കുന്ന മറ്റെന്തു വേണമെങ്കിലും ചെയ്യാം. ### 5. വിഷന്‍ ബോര്‍ഡിന് ജീവന് നല്‍കാം നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ സ്വയം അവബോധം മെച്ചപ്പെടുത്തുന്നതിനുമുള്ള നിങ്ങളുടെ ടൂൾബോക്സിലെ മറ്റൊരു ഉപകരണമാണ് വിഷൻ ബോർഡ്. വിഷൻ ബോർഡ് നിര്‍മ്മാണം കഴിഞ്ഞാല്‍ അത് എന്നും കാണുന്ന ഒരു സ്ഥലത്ത് സ്ഥാപിക്കുക എന്നതാണ് പ്രധാനം. അതിനായി ഒരു പ്രത്യേക സ്ഥലം കണ്ടെത്തുക തന്നെ വേണം. ഇത് നിങ്ങളുടെ ഓഫീസിലോ സ്റ്റുഡിയോയിലോ കിടക്കയുടെ അരികിലോ സ്ഥാപിക്കാം, അതുവഴി നിങ്ങൾക്ക് ഇത് ദിവസവും കാണാൻ കഴിയും. അല്ലെങ്കിൽ, ഇത് നിങ്ങളുടെ കംപ്യൂട്ടറിലെയോ ഫോണിലേയോ സ്ക്രീൻസേവർ ആക്കാം. എല്ലാ ദിവസവും നിങ്ങളുടെ ബോർഡിൽ നോക്കി കുറച്ച് സമയം ചിലവഴിക്കുക, അതുവഴി നിങ്ങളുടെ അബോധ മനസ്സിന് നിങ്ങളുടെ ലക്ഷ്യങ്ങൾ കൂടുതൽ മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കും. നിങ്ങളുടെ വിഷന്‍ ബോര്‍ഡ് നിങ്ങളുടെ ലക്ഷ്യത്തിനെക്കുറിച്ചുള്ള ആഴത്തിലുള്ള ചിത്രം പ്രകടമാക്കുന്നതായിരിക്കണം. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാവുന്ന എല്ലാ അത്ഭുതങ്ങളിലേക്കും നിങ്ങളുടെ മനസ്സ് തുറക്കുക!
കേരളത്തിൽ അന്യം നിന്ന് പോയിരിക്കുന്ന കലകൾ
കലകളുടെ നാടാണ് കേരളം എന്നൊരു വിശേഷണം കേരളത്തിനുണ്ട് എന്നാൽ ഇന്ന് കേരളീയ കലകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്, അല്ലെങ്കിൽ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് നമുക്ക് പറയാം. വിദേശികളെ പോലും ആകർഷിപ്പിക്കുന്ന തരത്തിൽ അത്രയും പ്രാധാന്യവും പ്രസക്തിയുമുള്ള കലാരൂപങ്ങൾ ആയിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത് എന്നാൽ കാലം മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കലാരൂപങ്ങളെ പോലും നമ്മൾ മറന്നിരിക്കുന്നു. കലകളാൽ സമ്പുഷ്ടമായ കേരളത്തിൽ നിരവധി അനവധി കലകളുണ്ട്.വടക്കൻ മലബാറിലെ തെയ്യം, തെക്കൻ മലബാറിലെ തിറയാട്ടം മധ്യതിരുവിതാംകൂറിലെ പടയണി ഇവയൊക്കെ കേരളത്തിലെ തനത് കലകളാണ്. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായി വീടുകളിലും അമ്പലങ്ങളിലും ഈ കലാരൂപങ്ങൾ നടത്തി വരാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ഇവയെല്ലാം അന്യം നിന്ന് പോയിക്കൊണ്ടിരിക്കുകയാണ്. കേരളീയ കലകൾ എന്നത് കേവലം വിനോദത്തിനുപരി കേരളീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഹിന്ദു കലാരൂപങ്ങൾ, മുസ്ലിം കലാരൂപങ്ങൾ, ക്രിസ്ത്യൻ കലാരൂപങ്ങൾ തുടങ്ങി ഓരോ മതവിഭാഗത്തിനും അവരുടേതായ തനത് കലാരൂപങ്ങൾ ഉണ്ട്. ഇവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലും ഈ കലാരൂപങ്ങൾ നടത്തി വന്നിരുന്നു. സംഘമായും ഒറ്റയ്ക്കും കലാരൂപങ്ങൾ ചെയ്തു കാണാറുണ്ട്. അനുഷ്ഠാനപരമായി ആരംഭിച്ച കലാരൂപങ്ങൾ പിന്നീട് പ്രദർശനമായും നടത്തപ്പെടാറുണ്ട്. ദൃശ്യകല, പ്രകടന കല എന്നിങ്ങനെ പ്രധാനമായും കലകളെ രണ്ടായി തിരിക്കാം. ## കേരളത്തിന്റെ തനത് കലാരൂപങ്ങൾ  കേരളത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എടുത്തു കാണിക്കുന്ന വിധത്തിലുള്ള തനത് കലാരൂപങ്ങൾ കേരളത്തിലുണ്ട്. കേരളത്തിൽ ആവിർഭവിച്ച് മറ്റ് സംസ്ഥാനങ്ങളിൽ പോലും അരങ്ങേറുന്ന നിരവധി കലകൾ നമുക്ക് കാണാം. കേരളീയ കലകളെ ദൃശ്യ കലകൾ, നൃത്ത കലകൾ, ക്ഷേത്ര കലകൾ തുടങ്ങയാവയാക്കി തരംതിരിക്കാം. കഥകളി, മോഹിനിയാട്ടം, കൃഷ്ണനാട്ടം,കേരളനടനം, ചാക്യാർകൂത്ത് പടയണി,തെയ്യം, പഞ്ചവാദ്യം, തുള്ളൽ, തിറ,തീയാട്ടം,ഗരുഡൻ തൂക്കം,പൂരക്കളി,മുടിയേറ്റ്,കളരി, കുമ്മാട്ടി കളി, കൂടിയാട്ടം, പരിച കളി,സർപ്പം തുള്ളൽ, പുള്ളുവൻ പാട്ട്,കതിരുകാള നൃത്തം,പൂതനും തിറയും,പൊറാട്ട്,കാക്കാരിശ്ശി നാടകം,ഒപ്പന, മാപ്പിളപ്പാട്ട്, ദഫ് മുട്ട്, കളമെഴുത്ത്,അറബനമുട്ട്,വട്ടപ്പാട്ട്,കോൽക്കളി, മാർഗ്ഗംകളി, ചവിട്ടുനാടകം, എന്നിവ കേരളത്തിന്റെ തനത് കലാരൂപങ്ങളാണ്. എന്നാൽ ഇവയെല്ലാം അന്യം നിന്ന് പോയിക്കൊണ്ടിരിക്കുകയാണ്. കേരളീയന് കലാരൂപങ്ങളോടുള്ള അടുപ്പം ഇല്ലാതായത് തന്നെയാണ് ഈ കലകൾ ഇന്ന് അന്യം നിന്നു പോവാൻ കാരണം. ## കേരളത്തിൽ ഇന്ന് അന്യം നിന്നു പോകുന്ന കലാരൂപങ്ങൾ ഏതൊക്കെയെന്ന് നോക്കാം ### പൂരക്കളി  വടക്കേ മലബാറിൽ പ്രത്യേകിച്ച് കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ ഭഗവതി കാവുകളിൽ നടത്തപ്പെടുന്ന അനുഷ്ഠാന കലാവിശേഷമാണ് പൂരക്കളി. എന്നാൽ ഇന്ന് പൂരക്കളി എന്നത് കലോത്സവ വേദികളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നായി മാറിയിരിക്കുന്നു. കലോത്സവ വേദികളിൽ പോലും വിരളമായി മാത്രമാണ് ഈ ഒരു കലാരൂപത്തെ കാണാറുള്ളത്. അതുകൊണ്ടുതന്നെ ഈയൊരു കലാരൂപം നശിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാം. കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ പങ്കെടുക്കുന്ന ഈ ഒരു കലാരൂപം ഇന്ന് എവിടെയും കാണാനില്ല. സംഘകാലത്തെ മതങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന ഒരു കല കൂടിയായിരുന്നു ഇത്. ### കോലംതുള്ളൽ  കേരളത്തിലെ ക്ഷേത്രങ്ങളിൽ കണ്ടുവരുന്ന ഒരു കലാരൂപമാണ് കോലംതുള്ളൽ.കമുങ്ങിൻ പാള ചെത്തിയെടുത്ത് അതിൽ കോലങ്ങൾ വരച്ച് അരിക്കുകളിൽ ഈർക്കിൽ കുത്തി വെച്ചാണ് കോലം തുള്ളലിൽ വേണ്ട വേഷവിധാനം ഒരുക്കുന്നത്. ക്ഷേത്രങ്ങളിൽ കണ്ടുവരുന്ന ഈ ഒരു കലാരൂപം ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നില്ല. ഈ ഒരു കലാരൂപത്തിന്റെ അടയാളങ്ങൾ തീർത്തും ഇല്ലാതായെന്ന് തന്നെ നമുക്ക് പറയാം. ### കളം എഴുത്ത്  കേരളത്തിലെ ദൃശ്യ കലകളിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു കലാരൂപമാണ് കളം എഴുത്ത്. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ വ്യത്യസ്ത നിറങ്ങൾ തയ്യാറാക്കി അവ പൊടിയായി മാറ്റി ഭംഗിയായി വരയ്ക്കുകയാണ് കളമെഴുത്ത് എന്ന കലാരൂപത്തിൽ ചെയ്യുന്നത്. ### കുംഭ പാട്ട് പ്രകൃതിയിലെ ഭാവങ്ങളെ വർണ്ണിച്ച് പ്രകൃതി ശക്തികളെ തൃപ്തിപ്പെടുത്തി പ്രകൃതിക്ഷോഭം ഇല്ലാതാക്കുന്നു എന്ന ഒരു ആശയത്തിൽ ആവിർഭവിച്ച ഒരു കലാരൂപമാണ് കുംഭ പാട്ട്. എന്നാൽ വിരളമായി മാത്രമേ കാണാറുള്ളൂ. ### സർപ്പം തുള്ളൽ  കേരളത്തിന്റെ ഒരു പരമ്പരാഗത കലാരൂപമാണ് സർപ്പം തുള്ളൽ. നാഗം പാട്ട് എന്ന പേരും ഈയൊരു കലാരൂപത്തിനുണ്ട്. പരമ്പരാഗത കലാരൂപമായ സർപ്പം തുള്ളൽ നടത്തിവരുന്നത് പുള്ളുവർ എന്ന സമുദായക്കാരാണ്.സർപ്പക്കാവുകളിലാണ് ഇത് നടത്താറുള്ളത്. സർപ്പങ്ങളെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇവ സർപ്പക്കാവുകളിൽ അരങ്ങേറുന്നത്. വീടുകളിലും കാണാറുണ്ട്. 41 ദിവസം വരെ അരങ്ങേറുന്ന ഈ ഒരു കലാരൂപം ഇന്ന് കേരളത്തിൽ കാണുന്നില്ല. പുള്ളോർക്കുടം, വീണ, ഇലത്താളം, എന്നിവ ഉപയോഗിച്ചായിരുന്നു പുള്ളുവർ നാഗസ്തുതികൾ പാടിയിരുന്നത്. നാഗ സ്തുതിക്കനുസരിച്ചു സ്ത്രീകൾ അതിന്റെ താളത്തിനനുസരിച്ച് നൃത്തം ചെയ്യാറുമുണ്ട്.പാരമ്പര്യമായി കൈമാറി വന്നിരുന്ന ഈയൊരു കലാരൂപം ഏറ്റെടുക്കാൻ ആളുകൾ ഇല്ലാതായതോടെ ഇന്ന് അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്നത് . `_BANNER_` ### കതിരുകാള നൃത്തം നെൽകൃഷിക്കാർക്കിടയിൽ കണ്ടുവരുന്ന ഒരു കാർഷിക നൃത്തമാണ് കതിരുകാള നൃത്തം. നെൽക്കതിർ കൊണ്ട് കാളയെ ഉണ്ടാക്കി വാദ്യഘോഷത്തോടെ എഴുന്നള്ളിക്കുകയാണ് ഈ കലാരൂപത്തിൽ ചെയ്യുന്നത്.എന്നാൽ ഈ കലാരൂപം ഇന്ന് നമുക്ക് കാണാൻ സാധിക്കുകയില്ല.തികച്ചും അന്യം നിന്നുപോയ ഒരു കലാരൂപമാണ് ഇത് ### പുള്ളുവൻ പാട്ട്.  നാടൻപാട്ട് സംസ്കാരത്തിൽ നേരിട്ട് നിൽക്കുന്ന ഒരു സംഗീത ശാഖയാണ് പുള്ളുവൻ പാട്ട്. കേരളത്തിന്റെ തനതു പാരമ്പര്യത്തിന്റെയും പ്രാചീനതയുടെയും പാരമ്പര്യം വിളിച്ചോതുന്ന ഒന്നുകൂടിയായിരുന്നു പുള്ളുവൻ പാട്ട്. കേരളത്തിലെ ഹൈന്ദവ ജനതയുടെ ജീവിതാചാര അനുഷ്ഠാന സംസ്കാരങ്ങളുമായി പുള്ളുവൻ പാട്ടിന് അഭേദ്യമായ ബന്ധമുണ്ട്. ക്ഷേത്രങ്ങളിലും വീടുകളിലും കണ്ടുവരുന്ന ഈ ഒരു കലാരൂപം വിരളമായി മാത്രമേ ഇന്ന് കണ്ടുവരുന്നുള്ളൂ. ### പൊറാട്ട് നാടകം കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ അരങ്ങേറുന്ന കേരളത്തിലെ ഒരു കലാരൂപം ആയിരുന്നു പൊറാട്ട് നാടകം. പാലക്കാട് ജില്ലയിലാണ് ഇത് സാധാരണയായി കണ്ടുവരാറുള്ളത്. നിത്യ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ കൂട്ടിച്ചേർത്ത് അവതരിപ്പിക്കുന്ന ഒരു കലാരൂപം കൂടിയാണിത്.പുരുഷന്മാർ അവതരിപ്പിക്കുന്ന ഈ ഒരു കലാരൂപത്തിൽ സ്ത്രീ കഥാപാത്രങ്ങളും ഉണ്ടായിരിക്കും. സ്ത്രീ കഥാപാത്രങ്ങളുടെ വേഷവിധാനത്തോട് കൂടി പുരുഷന്മാർ തന്നെയാണ് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുക. പാണന്മാർ എന്ന സമുദായത്തിലെ അംഗങ്ങളായിരുന്നു ഈ ഒരു കലാരൂപം പ്രധാനമായും അവതരിപ്പിച്ചിരുന്നത്. ഈയൊരു കലാരൂപത്തിന്റെ പശ്ചാത്തല സംഗീതത്തിനായി മൃദംഗം, ചെണ്ട ഇലത്താളം, എന്നിവ ഉപയോഗിക്കാറുണ്ട്.ഓരോ സമുദായത്തിന്റെയും ജീവിതരീതികൾ ഫലിത രൂപത്തിൽ അവതരിപ്പിക്കുകയാണ് ഈയൊരു കലാരൂപത്തിൽ ചെയ്യുന്നത്. നൃത്തം,നർമ്മഭാഷണം,ആസ്വാദ്യകരമായ പാട്ടുകൾ,എന്നിവ ഈ ഒരു കലാരൂപത്തിന്റെ ഭാഗങ്ങളാണ്. എന്നാൽ ഈ ഒരു കലാരൂപം അവതരിപ്പിക്കാൻ ആളുകൾ ഇല്ലാതായതോടെ കേരളീയരുടെ മനസ്സിൽ നിന്നും ഈയൊരു കലാരൂപം മാഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. ### കാക്കാരിശ്ശി നാടകം.  പരമ്പരാഗത രീതിയിൽ അവതരിപ്പിക്കുന്ന ഒരു കേരളീയ കലാരൂപമാണ് കാക്കാരിശ്ശി നാടകം. നാടോടികളായ കാക്കലന്മാരായിരുന്നു ഇത് അവതരിപ്പിച്ചിരുന്നത്. പാണന്മാർ, ഈഴവർ, കുറവർ, എന്നിവരും ഈയൊരു കലാരൂപം അവതരിപ്പിക്കാറുണ്ട്. പുരാണ കഥാപാത്രങ്ങളായ ശിവൻ, പാർവതി, എന്നിവരെ കഥാപാത്രങ്ങൾ ആക്കിയാണ് ഈ നാടകം അരങ്ങേറാറുള്ളത്. മനുഷ്യന്റെ വിഷമതകൾ കഷ്ടപ്പാടുകൾ എന്നിവ മുഖ്യപ്രമേയം ആക്കിയാണ് നാടകത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ഈയൊരു കലാരൂപം അവതരിപ്പിക്കുവാൻ ആളുകൾ ഇല്ലാതായതോടെ നശിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചു വർഷങ്ങൾക്കുശേഷം ഈ കലാരൂപത്തെ പൂർണ്ണമായും കാണാൻ കഴിയാത്ത സ്ഥിതിയിലാവും എന്നതിൽ സംശയമില്ല; പരമ്പരാഗതമായി കൈമാറി വന്ന ഈ ഒരു കലാരൂപം ആരും തന്നെ ഏറ്റെടുക്കാനില്ല എന്നത് തന്നെയാണ് ഇതിന് കാരണം. ### ദഫ് മുട്ട്  കേരളത്തിലെ ഇസ്ലാം മത വിശ്വാസികളുടെ ഇടയിൽ പ്രചാരമുള്ള ഒരു കലാരൂപമാണ് ദഫ് മുട്ട്. അറബനമുട്ട് എന്ന ഒരു പേരുകൂടി ഈ ഒരു കലാരൂപത്തിന് ഉണ്ട്.ഇസ്ലാം മതവിഭാഗത്തിലെ എല്ലാ ആഘോഷവേളകളിലും നടത്തിവരുന്ന ഒരു കലാരൂപം ആയിരുന്നു ഇത്. എന്നാൽ ഇന്ന് കലോത്സവവേദികളിൽ മാത്രമായി ചുരുങ്ങി കൊണ്ടിരിക്കുകയാണ് ഈയൊരു കലാരൂപം. വൃത്താകൃതിയിലുള്ള ഒരു മരക്കുറ്റിയിൽ മൃഗങ്ങളുടെ കട്ടിയുള്ള തോലുകൾ വലിച്ചുകെട്ടി ശബ്ദം വരുന്ന വിധത്തിൽ നിർമ്മിക്കുന്ന ഒന്നാണ് ദഫുകൾ. ഈ ദഫുകളാണ് ദഫ് മുട്ടിന് ഉപയോഗിക്കാറ്. ദഫുകൾ മുട്ടുകയും അതിന്റെ കൂടെ പാട്ടുകൾ പാടി വൃത്തത്തിൽ നിന്ന് പ്രത്യേക ചലനത്തോടെ നൃത്തം ചെയ്തു കൊണ്ടാണ് ഈയൊരു കലാരൂപം അരങ്ങേറാറുള്ളത്. എന്നാൽ ഇന്ന് ഈ ഒരു കലാരൂപം മുസ്ലിം ആഘോഷവേളകളിൽ ഒന്നും കാണാറില്ല. ### വട്ടപ്പാട്ട് മുസ്ലിം മത വിഭാഗത്തിലെ ഒപ്പന എന്ന കലാരൂപവുമായി ഏറെ സാമ്യമുള്ള ഒരു കലാരൂപമാണ് വട്ടപ്പാട്ട്.ഒപ്പനയ്ക്ക് സ്ത്രീകൾ നൃത്തം ചെയ്യുമ്പോൾ വട്ടപ്പാട്ടിൽ പുരുഷന്മാരാണ് നൃത്തം ചെയ്യുന്നത്. മുസ്ലിം മത വിഭാഗത്തിലെ ആഘോഷങ്ങളിലാണ് വട്ട പാട്ട് കാണാറുള്ളത്. കലോത്സവ വേദികളിൽ ഒരു മത്സരയിനമായി ഈ കലാരൂപം കാണാറുണ്ട്. എന്നാൽ ഇന്ന് വട്ട പാട്ട് എന്ന കലാരൂപത്തിന്റെ പ്രചാരം കുറഞ്ഞു വരുന്നതായി കാണാം. ### പരിചമുട്ടുകളി  കേരളത്തിൽ ഏറെ പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു ആയോധനകലയായിരുന്നു പരിചമുട്ടുകളി. പത്തോ പന്ത്രണ്ടോ പുരുഷന്മാർ അടങ്ങിയ സംഘം ആയാണ് ഈ കളി അവതരിപ്പിക്കുന്നത്. കളരിയാശാൻ ചെല്ലുന്ന പാട്ടിന്റെ താളത്തിൽ പരിച കയ്യിലേന്തി നൃത്തം ചവിട്ടുകയാണ് ഈ കലാരൂപത്തിൽ ചെയ്യുന്നത്.ഈ കലാരൂപത്തിലൂടെ പരിചമുട്ട് കളിയുടെയും കളരിപ്പയറ്റിയും ദൃശ്യരൂപം നമുക്ക് കാണാൻ സാധിക്കും. ക്രൈസ്തവരുടെ വിവാഹാഘോഷങ്ങൾ, പള്ളിപ്പെരുന്നാൾ, എന്നീ ആഘോഷവേളകളിലായിരുന്നു പരിച മുട്ടുകളി അരങ്ങേറാറുണ്ടായിരുന്നത്. ക്രൈസ്തവരുടെ ഇടയിൽ മാത്രമല്ല ഹൈന്ദവ മുസ്ലിം വിഭാഗങ്ങളുടെ ഇടയിലും പരിചയമുട്ട് കളി കാണാൻ സാധിക്കും.എന്നാൽ ഇന്ന് പരിചമുട്ടുകളി കാണാൻ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ അന്യം നിൽക്കുന്ന ഒരു കലാരൂപമായി പരിചമുട്ടുകളിയെ നമുക്ക് കണക്കാക്കാം. ### കുറത്തിയാട്ടം കേരളത്തിലെ ഒരു ഗ്രാമീണ കലാരൂപമാണ് കുറത്തിയാട്ടം. തൃശ്ശൂർ പൂരം കാണാൻ ചെന്ന കുറവനും കുറത്തിയും കാണാതാവുന്നതുമായി ബന്ധപ്പെട്ട കഥയാണ് കുറത്തിയാട്ടത്തിൽ ഉള്ളത്. കുറത്തി,കുറവൻ, മുത്തിയമ്മ എന്നീ കഥാപാത്രങ്ങളാണ് ഇതിൽ പ്രധാനമായി ഉള്ളത്. വേദികളിൽ അരങ്ങേറിയിരുന്ന ഈ ഒരു കലാരൂപം ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നില്ല. ഈ ഒരു കലാരൂപം കേരളത്തിൽനിന്നും പൂർണ്ണമായും ഇല്ലാതായി എന്ന് നമുക്ക് കണക്കാക്കാം. എല്ലാ മതവിഭാഗങ്ങളിലും ജാതിമതഭേദമെന്യേ അരങ്ങേറിയിരുന്ന ഒരു കലാരൂപം കൂടിയായിരുന്നു ഇത്. ## കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന കലാരൂപങ്ങൾ അന്യം നിന്ന് പോവാനുള്ള കാരണങ്ങൾ വിദേശികളും അന്യസംസ്ഥാനക്കാരും ഏറെ കൗതുകത്തോടെ നോക്കിനിൽക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരുപാട് കലാരൂപങ്ങൾ ഉണ്ടായിരുന്നു കേരളത്തിൽ. എന്നാൽ ഇന്ന് അവയിൽ ഒട്ടുമിക്ക കലാരൂപങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രധാന കാരണം കലയെ സ്നേഹിക്കുന്ന കലാകാരന്മാർ കുറഞ്ഞുവരുന്നു എന്നത് തന്നെയാണ്. തിരക്കുപിടിച്ച ജീവിതത്തിൽ പണത്തിന് പിറകെ നെട്ടോട്ടം ഓടുമ്പോൾ കലയെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും നാം മറക്കുന്നു. ഓരോ കലാരൂപങ്ങളും ആസ്വാദനം, വിനോദം എന്നതിലുപരി കേരളത്തിന്റെ ആചാര അനുഷ്ഠാനങ്ങൾ വിളിച്ചോതുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. പാരമ്പര്യമായി കൈമാറി വന്ന ചില കലാരൂപങ്ങൾ ഏറ്റെടുക്കാൻ ആളില്ലാതായതും കലാരൂപങ്ങളുടെ പ്രാധാന്യം ജനങ്ങൾക്കിടയിൽ കുറഞ്ഞു വരാൻ കാരണമായിട്ടുണ്ട്. ക്ഷേത്രങ്ങളിലും മറ്റും നടത്തിവരാറുള്ള ക്ഷേത്ര കലകളും ഇതിന് ഉദാഹരണം തന്നെയാണ്. കലകൾക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ കലോത്സവ വേദികളിൽമാത്രം ഒതുങ്ങി പോവുകയും ചെയ്യുന്നുണ്ട്. കലോത്സവ വേദികളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണ് കലാരൂപം എന്നൊരു മിഥ്യാധാരണ കൂടി കലകളുടെ പ്രചാരം കുറഞ്ഞുവരുന്നതിന് കാരണമായിട്ടുണ്ട്.മനുഷ്യനോളം പ്രായം ചെന്ന പ്രാചീന കലകൾ മുതൽ അനുഷ്ഠാനകലകൾ വരെ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കല എന്നത് സമുദായത്തിന്റെയും മതത്തിന്റെയോ ചിറകുകളിൽ ഒതുങ്ങേണ്ടതല്ല. മനുഷ്യൻ ഉള്ളിടത്തോളം കല ഉണ്ടാവണം.
കേരളത്തിലെ കരകൗശല നിർമാണങ്ങൾ
ദൈവത്തിന്റെ സ്വന്തം നാടായ കേരളം അതിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ കരകൗശല വസ്തുക്കളുടെ സമ്പന്നമായ പാരമ്പര്യത്തിനും പേരുകേട്ടതാണ്. അതിന്റെ അതുല്യമായ കലകളും കരകൗശലങ്ങളും ഏതൊരു കലാകാരനും അഭിമാനാർഹമാണ് . കേരളത്തിലെ കരകൗശലത്തൊഴിലാളികൾ ദൈവങ്ങളുടെ ശില്പിയായ വിശ്വകർമ്മ യിൽ നിന്ന് അവരുടെ വംശപരമ്പരയെ കണ്ടെത്തുന്നു എന്നാണ് പറയപ്പെടുന്നത്. കരകൗശല വസ്തുക്കളിൽ ബെൽ മെറ്റൽ കാസ്റ്റ് ശിൽപങ്ങളും മൺപാത്ര വസ്തുക്കളും മരം, കയർ ഉൽപ്പന്നങ്ങൾ, ചുവർചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇവ ഉപയോഗപ്രദവും അലങ്കാര വസ്തുക്കളും പൂർണ്ണമായും ഒരാളുടെ കൈകൊണ്ടോ അല്ലെങ്കിൽ കത്രിക, കൊത്തുപണി ഉപകരണങ്ങൾ പോലെയുള്ള ലളിതവും , അല്ലാത്തതുമായ അനുബന്ധ ഉപകരണങ്ങൾ ഉപയോഗിച്ചും നിർമ്മിക്കുന്ന വൈവിധ്യമാർന്ന ഏതെങ്കിലും തരത്തിലുള്ള ജോലിയാണ് കരകൗശല നിർമ്മാണങ്ങൾ എന്ന് പറയാം . തുണിത്തരങ്ങളുമായുള്ള ജോലികൾ ഉൾപ്പെടെ, സ്വന്തം കൈകളും വൈദഗ്ധ്യവും ഉപയോഗിച്ച് സാധനങ്ങൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട വിപുലമായതും ക്രിയാത്മകമായതും ആയ ഡിസൈൻ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. വളരെ അധികം കാഴ്ച്ചക്കാരെ ആകർഷിക്കാൻ കഴിവുള്ളവയാണ് കരകൗശല വസ്തുക്കൾ .ഇവ പ്രതേകിച്ചും സ്വദേശീയരെ പോലെ തന്നെ വിദേശീയർക്കും വളരെയധികം പ്രിയമുള്ളവയാണ് . കുട്ടികാലം മുതൽ നമ്മളേവരേയും ഇവ ആകർഷിക്കുന്നത് അവയുടെ നിറത്തിലും ആകൃതിയിലും ഉള്ള നിർമ്മാണ രീതികളാവാം . ജന്മസിദ്ധമായ കഴിവുകൾ ഉള്ളവർക്ക് ഈ ജോലികളിൽ കഴിവുകൾ തെളിയിക്കാൻ കഴിയും. ജന്മനാൽ ശാരീരിക വൈകല്യങ്ങൾ ഉള്ള ആളുകളെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ നിലവിൽ ഉണ്ട് .അവർക്കു കരകൗശലവസ്തുക്കൾ ഉണ്ടാക്കി വിൽക്കുന്നത് ഒരു ചെറിയ വരുമാനം തന്നെയാണ് . ഇങ്ങനെ ഉള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഒരുപാട് ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ട് . കേരളത്തിൻറെ കരകൗശല മികവ് സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക എന്നതാവണം ഓരോ കേരളീയൻറെയും പ്രധാന ലക്ഷ്യം. യഥാർത്ഥവും പരമ്പരാഗതവും ആധുനീകവുമായ കലകളുടെയും കരകൗശല വസ്തുക്കളുടെയും വൈവിധ്യമാർന്നതുമായ ഇനങ്ങൾ കേരള തനിമയോടു കൂടി നമ്മുടെ വിപണിയിലും അന്ന്യ സംസ്ഥാനങ്ങളിലും ഇതിൻറെ പ്രസക്തി വ്യാപിപ്പിക്കണം . ## കേരള ഗവൺമെൻറ്റിൻറെ കീഴിൽ പ്രവർത്തിക്കുന്ന കരകൗശല വിപണന സ്ഥാപനങ്ങളെ കുറിച്ച് അറിയാം  കൈരളി ഹാൻഡിക്രഫ്ട്സ് കരകൗശല വികസന കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്, ഒരു കേരള ഗവൺമെൻറ്റിൻറെ സ്ഥാപനമാണ് . ഒരുപാട് കരകൗശല വസ്തുക്കളുടെ വിപണനങ്ങൾക്കു ഇതിലൂടെ കഴിയുന്നുണ്ട് .ഇതിനായി ഒരു വെബ്സൈറ്റ് തന്നെ നിലവിൽ ഉണ്ട് (www.handicrafts.kerala.gov.in). തേക്കിലും ,റോസ് വുഡിലും ,ചന്ദനത്തിലും മറ്റു പലതരം മരങ്ങളിലും നിർമ്മിച്ച വിവിധ ഇനം വസ്തുക്കൾ ഈ വെബ് സൈറ്റിൽ കൂടി വാങ്ങുവാനും വിൽക്കുവാനും സാധിക്കും കൂടാതെ മെറ്റലിലും ,ചെമ്പുകൊണ്ടുള്ളതും ,ബാംബൂ ഉത്പന്നങ്ങളും ഇതിൽ വിൽപനക്കായി നിലവിൽ ഉണ്ട്. ഈ സ്ഥാപനം കേരളത്തിൻറെ തലസ്ഥാന നഗരമായ തിരുവനന്തപുരത്താണ് സ്ഥിതിചെയ്തു വരുന്നത്. - SMSM ഇൻസ്റ്റിറ്റ്യൂട്ട് ,പ്രസ്സ് ക്ലബ് ,പുത്തൻചന്തയ് ,തിരുവനന്തപുരം - കൈരളി സ്റ്റാചു - കൈരളി ടെക്നോപാർക് - കൈരളിഫോർട്ട് പോലീസ് സ്റ്റേഷന് സമീപം,അട്ടക്കുളങ്ങര, തിരുവനന്തപുരം. - കൈരളി കൊല്ലം - കൈരളി തിരുവല്ല - കൈരളി കോട്ടയം - കൈരളി എറണാംകുളം - കൈരളി ഫോർട്ട് കൊച്ചി - കൈരളി തൃശ്ശൂർ - കൈരളി കോഴിക്കോട് - കൈരളി കണ്ണൂർ - കൈരളി കോയമ്പത്തൂർ - കൈരളി ഊട്ടി - കൈരളി ചെന്നൈ - കൈരളി ബാംഗ്ലൂർ - കൈരളി നവി മുംബൈ - കൈരളി ന്യൂ ഡെൽഹി - കോമൺ ഫെസിലിറ്റി സെന്റർ (CFC)ഫോർട്ട് പോലീസ് സ്റ്റേഷന് സമീപം,അട്ടക്കുളങ്ങര,തിരുവനന്തപുരം. മുകളിൽ പറഞ്ഞ സ്ഥാപനങ്ങൾ കേരള ഗവൺമെറ്റ്ൻറെ അനുമതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ആണ്. കേരളത്തിലെ കരകൗശല വസ്തുക്കളുടെ വിപണനത്തിൽ കേരളം എത്രത്തോളം ശ്രെദ്ധചെലുത്തുന്നു എന്നത് നമ്മുക്കിതിൽ നിന്നും മനസിലാക്കാവുന്നതാണ്. ## കരകൗശല വസ്തുക്കൾ നിർമിക്കുന്നതിനു എന്തൊക്കെ വസ്തുക്കൾ ഉപയോഗിക്കുന്നു എന്നറിയാം  കേരളീയ കരകൗശല വസ്തുക്കളിൽ പ്രധാനമായവ പിച്ചള, മണി ലോഹം, കയർ, ചൂരൽ ഉൽപന്നങ്ങൾ, ആനക്കൊമ്പുകൾ, ലാക്വർ വെയർ, ചന്ദനത്തിന്റെ കൊത്തുപണികൾ, തുണിത്തരങ്ങൾ, മരംകൊണ്ടുള്ള കളിപ്പാട്ടങ്ങൾ, കഥകളി മുഖംമൂടികൾ, മരം കൊത്തുപണികൾ തുടങ്ങിയവയാണ്. ഇതിന്റെ ആകർഷണീയതയാണ് അന്ന്യ സംസ്ഥനങ്ങളിലും കേരള കരകൗശല വസ്തുക്കൾ പ്രസിദ്ധമായത് .ഇവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത് ഒരിക്കലും നശിക്കാത്ത വസ്തുക്കളാണ്. .വീടുകൾ മോടിപിടിപ്പിക്കാനും ,മ്യൂസിയം ,അങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ അലങ്കാര വസ്തുക്കളായും നമുക്ക് ഇവയൊക്കെ വക്കാൻകഴിയും. `_BANNER_` ## കേരളത്തിലെ സാധാരണയായി നിർമ്മിക്കുന്ന കരകൗശല വസ്തുക്കൾ ഏതൊക്കെ എന്ന് താഴെ കൊടുത്തിരിക്കുന്നു - ബാഗ് പ്രിൻറ്റുകൾ - ബാനർ നിർമ്മാണം. - ബാത്തിക്. - കാലിഗ്രാഫി. - ക്യാൻവാസ് വർക്ക്. - ക്രോസ്-സ്റ്റിച്ച്. - ക്രോച്ചെറ്റ്. - ഡാർനിംഗ് ## പരമ്പരാഗതമായ കരകൗശല വസ്തുക്കൾ - ആനക്കൊമ്പ് കൊണ്ടുള്ള കരകൗശലവസ്തുക്കൾ - തെങ്ങിൻ തോട് കൊണ്ടുള്ള കരകൗശല വസ്തുക്കൾ - സ്ക്രൂ പൈൻ ഉൽപ്പന്നങ്ങൾ - വാഴനാരിന്റെ കരകൗശല വസ്തുക്കൾ - കഥകളി പേപ്പിയർ-മാഷെ മാസ്കുകൾ ## കേരളത്തിലെ കരകൗശല വ്യവസായത്തിന്റെ പ്രത്യേകതകൾ  കേരളത്തിൽ ഏകദേശം 1.7 ലക്ഷം കരകൗശല വിദഗ്ധർ ഈ മേഖലയിൽ സജീവമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. കേരളത്തിൽ 32 വ്യത്യസ്ത കരകൗശല വസ്തുക്കളുണ്ട്, അവയിൽ ആനക്കൊമ്പ് കൊത്തുപണി, മരവും കൊമ്പും കൊത്തുപണി, ബെൽ മെറ്റൽ കാസ്റ്റിംഗ് ഹാൻഡ് എംബ്രോയട്ടറി, ചിരട്ടകകൾ കൊണ്ടുള്ള കൊത്തുപണി എന്നിവ പ്രധാന വാണിജ്യ ഇനങ്ങളായി കണക്കാക്കപ്പെടുന്നു. ## കരകൗശല വസ്തുക്കൾക്ക് പേരുകേട്ട രാജ്യങ്ങൾ കരകൗശലത്തിന്റെ പരമ്പരാഗത രൂപങ്ങൾ ഇന്ത്യയിലെ മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് മുതലായ രാജ്യങ്ങളിൽ കാണപ്പെടുന്നു എന്നാണ് അറിയപ്പെടുന്നത് . ## കേരളത്തിലെ വ്യത്യസ്ത ലോഹ കരകൗശല വസ്തുക്കൾ എന്തൊക്കെയാണ് എന്ന് നോക്കാം ബെൽ മെറ്റൽ ക്രാഫ്റ്റ് കേരളത്തിലെ ഒരു പ്രധാന കലയാണ് എന്ന് പറയാം . അതിമനോഹരമായി കൊത്തിയെടുത്ത വിഗ്രഹങ്ങൾ, ആചാരപ്രകാരമുള്ള ക്ഷേത്രവിളക്കുകൾ, പള്ളിമണികൾ, ഭസ്മക്കട്ടകൾ, പഴ പാത്രങ്ങൾ, പാചക പാത്രങ്ങൾ, രത്നപ്പെട്ടികൾ, ഭരണികൾ , എണ്ണ വിളക്കുകൾ, മേശകൾ എന്നിവ കേരളത്തിലെ പ്രശസ്തമായ ബെൽ മെറ്റൽ ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. ## കേരളത്തെ പ്രശസ്തമാക്കിയ കരകൗശല വസ്തുക്കൾ ഏതൊക്കെയെന്നു നോക്കാം ### ചുമർ ചിത്രകലകൾ (Mural paintings) പണ്ടുകാലങ്ങളിൽ ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ചുവരുകളിൽ വരച്ചിരിക്കുന്ന ഹിന്ദു പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും ചിത്രമാണ് കേരളത്തിലെ ചുവർ ചിത്രകലകൾ. ഈ കലയുടെ ചരിത്രം CE 9 മുതൽ 12 വരെ നൂറ്റാണ്ടുകൾക്കിടയിലാണ്. പച്ചക്കറി, ധാതുക്കൾ എന്നിവയിൽ നിന്നുമാണ് ഇവക്കു വേണ്ട നിറങ്ങൾ തയ്യാറാക്കിയിരുന്നത്. ### തെങ്ങിൻ തോട് കൊണ്ടുള്ള കരകൗശല വസ്തുക്കൾ നാളികേരം ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം . കേരളത്തിലെ നാളികേര കരകൗശല വസ്തുക്കളും സാധാരണവും പ്രസിദ്ധവുമാണ് . തെങ്ങിൻ തോട് കൊണ്ട് നൂതനവും മനോഹരവുമായ കരകൗശല വസ്തുക്കളാണ് കേരളത്തിലെ കലാകാരന്മാർ ഒരുക്കിയിരിക്കുന്നത്. പാത്രങ്ങൾ,ചായപ്പൊടികൾ, കളിപ്പാട്ടങ്ങൾ എന്നിവയാണ് കൂടുതലും ഏവരെയും ആകർഷിക്കപ്പെടുന്നതും. ### കയറും ചൂരലും കൊണ്ടുള്ള വസ്തുക്കൾ മനോഹരവും ഉപയോഗപ്രദവുമായ കയർ, ചൂരൽ ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് പേരുകേട്ട കേരളത്തിലെ രണ്ട് നഗരങ്ങളാണ് കൊല്ലവും ,കോഴിക്കോടും . നാളികേരത്തിന്റെ തൊണ്ടയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കയർ പ്രകൃതിദത്തവും പരിസ്ഥിതി സൗഹൃദവുമായ ഒരു വസ്തുവാണ് . ഫ്ലോർ മാറ്റുകൾ, മെത്തകൾ എന്നിവ നിർമ്മിക്കാനും ഇവ ഉപയോഗിക്കാം . ### സ്ക്രൂ പൈൻ ഉൽപ്പന്നങ്ങൾ സ്ക്രൂ പൈൻ നെയ്ത്ത് കേരളത്തിലെ ഒരു പുരാതന കരകൗശലമാണ്. ഈ കല 800 വർഷം മുൻ പുള്ളതാണ് . സ്ക്രൂ പൈൻ ചെടിയുടെ ഇലകൾ ഉപയോഗിച്ച് വിവിധ തരം മാറ്റുകൾ, ബാഗുകൾ, ചുവരിൽ തൂക്കിയിടുന്ന അലങ്കാര വസ്തുക്കൾ എന്നിവയും നിർമ്മിക്കാം. ### തടികൊണ്ടുള്ള കരകൗശല വസ്തുക്കൾ കേരളത്തിൻറ്റെ പരമ്പരാഗത ഉത്സവം ഓണമാണ്, കരകൗശല വിദഗ്ധർ പ്രതീകാത്മക ബോട്ടുകളുടെ നിർമ്മാണം മരങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് .അതുപോലെ മരം ഉപയോഗിച്ചുകൊണ്ട് ഒരുപ്പാട് വസ്തുക്കൾ ഇന്നും നമ്മൾ നിർമ്മി ച്ചുപോരുന്നു ### കഥകളി മുഖംമൂടികൾ കലയിലും സംസ്കാരത്തിലും സമ്പന്നമാണ് കേരളം. കഥകളിയാണ് ഇവിടുത്തെ പരമ്പരാഗത നൃത്തരൂപം എന്ന് പറയാം . നൃത്തം, നാടകം, സംഗീതം എന്നിവയുടെ മിശ്രിതമാണ് നൃത്തം. നീണ്ട മുടി, ശിരോവസ്ത്രം, പരമ്പരാഗത ആഭരണങ്ങൾ എന്നിവയുമായി നൃത്തത്തിന് തയ്യാറാകാൻ 4 മണിക്കൂറിലധികം എടുക്കും. കഥകളി മാസ്കുകളും സ്വന്തമായി നിർമ്മിക്കാം എന്നതാണ് ഇതിൻറെ പ്രതേകത . ### ബനാന ഫൈബർ ഉൽപ്പന്നങ്ങൾ രുചികരവും ക്രിസ്പിയുമായ ബനാന ചിപ്സ്സിന് മാത്രമല്ല, മരത്തിൽ നിന്ന് ലഭിക്കുന്ന വാഴനാരിൽ നിന്നുo കരകൗശല ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലും കേരളം വളരെ പ്രസിദ്ധമാണ്. വാഴയിൽ നിന്നും നമുക്കു അവയുടെ നാരുകൾ വേർതിരിച്ചു എടുക്കാവുന്നതാണ് അതുപയോഗിച്ചും നമുക്ക് പല വസ്തുക്കളും നിർമ്മിക്കാം . ഇവ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളാണ്, ടേബിൾ മാറ്റുകൾ, ബാഗുകൾ, ചുമർ അലങ്കാര വസ്തുക്കൾ മുതൽ സാരി വരെ നമുക്ക് നിർമ്മിക്കാം. ## കേരളത്തിലെ കരകൗശല നിർമാണത്തിൽ പ്രസിദ്ധമായ ചില സ്ഥലങ്ങളെ പരിചയപ്പെടാം  ### കേരള ആർട്സ് & ക്രാഫ്റ്റ് വില്ലേജ്, വെള്ളാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (യുഎൽസിസിഎസ് ലിമിറ്റഡ്) രൂപകല്പന ചെയ്ത് നടപ്പിലാക്കിയ തിരുവനന്തപുരത്തെ വെള്ളാറിലെ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഗ്രാമം കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കാറുണ്ട്. ### സർഗാലയ കലാ കരകൗശല ഗ്രാമം കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന്റെ സംരംഭമായ സർഗാലയ , കേരള കലാ കരകൗശല ഗ്രാമം എന്ന പേരിൽ പ്രശസ്തമാണ്. ### പാക്കിൽ ട്രേഡ് കോട്ടയത്തെ പക്കിൽ ഗ്രാമം ധർമ്മശാസ്താ ക്ഷേത്രത്തിനും ക്ഷേത്ര പരിസരത്ത് നടക്കുന്ന വാർഷിക വ്യാപാരമേളയ്ക്കും പേരുകേട്ടതാണ്. ### കാഞ്ഞിരോട് വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കണ്ണൂർ കണ്ണൂർ ജില്ലയിൽ നിന്ന് 15 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ നെയ്ത്തുപാരമ്പര്യത്തിന് പേരുകേട്ട സ്ഥലമാണ് കഞ്ഞിരോട് വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്. ### മാന്നാർ - ആലപ്പുഴ നഗരത്തിനടുത്തുള്ള ബെൽ മെറ്റൽ നഗരം കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കും തിരുവല്ലയ്ക്കും ഇടയിലുള്ള കരകൗശല നിർമാണത്തിലെ ഒരു പ്രധാന ബിസിനസ്സ് നഗരമാണ് മാന്നാർ. ### ബേപ്പൂർ ഉരു - പരമ്പരാഗത അറേബ്യൻ വ്യാപാര കപ്പൽ കഴിഞ്ഞ 1500 വർഷങ്ങളായി ഈ തീരങ്ങളിൽ ജീവിതത്തിന്റെ തുടിപ്പുള്ള ഒരു സംസ്കാരമായ കേരളത്തിന്റെ പരമ്പരാഗത കപ്പൽ നിർമ്മാണ സംസ്കാരവുമായി ബേപ്പൂർ ഉരു ബന്ധപ്പെട്ടിരിക്കുന്നു. ### ആറന്മുള കണ്ണാടി വൈദിക യുഗം മുതലുള്ള കലയുടെയും കരകൗശലത്തിന്റെയും ഒരു വിസ്മയം, ആറന്മുള കണ്ണാടി (മലയാളത്തിന്റെ 'കണ്ണാടി') ലോഹത്തിന്റെ ആദരവ് നേടിയെടുത്ത ഒരു പുരാവസ്തുവാണ് ഇത്. ### കേരളത്തിലെ തനത് കുത്താമ്പുള്ളി കൈത്തറി തൃശ്ശൂരിലെ തിരുവില്വാമല പഞ്ചായത്തിലെ കുത്താമ്പുള്ളി ഗ്രാമം കൈകൊണ്ട് നെയ്തെടുത്ത കസവു തുണിത്തരങ്ങൾക്ക്, പ്രത്യേകിച്ച് സാരികളുടെ പേരിൽ ലോകപ്രശസ്തമാണ് ഈ ഗ്രാമം. ### ചേർപ്പിലെ മരം കൊണ്ടുള്ള ആനകൾ മരത്തിൽ കൊത്തിയ ആനകൾക്ക് പേരുകേട്ടതാണ് തൃശ്ശൂരിലെ ഒരു ഗ്രാമമായ ചേർപ്പ്. തേക്ക് അല്ലെങ്കിൽ റോസ് വുഡ് ഉപയോഗിച്ചാണ് ഈ മോഡലുകൾ നിർമ്മിക്കുന്നത്. ### ഉറവ്, മുള സംസ്കരണ കേന്ദ്രം, സ്ഥാപനങ്ങൾ, വയനാട്, ജില്ല, കേരളം വയനാട്ടിലെ കൽപ്പറ്റയിലെ തൃക്കൈപ്പറ്റ വില്ലേജിലെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഉറവ്. ഈ മുള സംസ്കരണം, പരിശീലനം, ഡിസൈൻ സെൻറ്റർ എന്നിവ എല്ലാം വികസനം ലക്ഷ്യമിടുന്നു. ## ഇന്ത്യൻ കരകൗശല വസ്തുക്കൾ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യമേതാണെന്നു നോക്കാം. ഇന്ത്യയുടെ മൊത്തം കരകൗശല കയറ്റുമതിയിൽ ഏകദേശം 28 ശതമാനം കയറ്റി അയക്കുന്നത് യു.എസ്.എ യിലേക്കാണ് , തുടർന്ന് യു എ ഇ (11 ശതമാനം), ജർമ്മനി (അഞ്ച് ശതമാനം), യുകെ (അഞ്ച് ശതമാനം), ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ (അഞ്ച് ശതമാനം) കരകൗശല വസ്തുക്കൾ ഇറക്കുമതി ചെയ്യാറുണ്ട്.വിദേശീയർക്ക് ഏറെ പ്രിയമുള്ളതാണ് കേരളത്തിലെ കരകൗശല വസ്തുക്കൾ.
കേരളത്തിലെ നിങ്ങളുടെ വീടിനും ഓഫീസിനുമുള്ള മികച്ച ഇൻഡോർ സസ്യങ്ങൾ
കേരളത്തിലെ നിങ്ങളുടെ വീടിനും ഓഫീസിനും പറ്റിയ ഇൻഡോർ സസ്യങ്ങൾ നിരവധിയുണ്ട്. പ്രധാനമായും ഇൻഡോർ സസ്യങ്ങൾ അലങ്കാര ആവശ്യത്തിനാണ് വീടുകളിലും ഓഫീസുകളിലും വളർത്താറുള്ളത്. വീടുകളും ഓഫീസുകളും മനോഹരമാക്കിവെക്കുക എന്നതിലുപരി വായു ശുദ്ധീകരണത്തിലും ഇൻഡോർ സസ്യങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. കുറഞ്ഞ സൂര്യപ്രകാശം,മണ്ണ്,ജലം എന്നിവയാണ് ഇൻഡോർ സസ്യങ്ങളുടെ വളർച്ചയ്ക്ക് പ്രധാനമായും ആവശ്യമായി വരുന്നത്. അതുകൊണ്ടുതന്നെ അവ എളുപ്പത്തിൽ വളർത്തിയെടുക്കാനും പരിപാലിക്കാനും സാധിക്കുന്നു. ഇൻഡോർ സസ്യങ്ങൾ മുറികളിൽ വെക്കുന്നത് മനുഷ്യൻ പുറത്തു വിടുന്ന കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് മുറികളിൽ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും വലിയ പങ്കുവഹിക്കുന്നു. ## കേരളത്തിൽ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഇൻഡോർ സസ്യങ്ങൾ - മണി പ്ലാന്റ് - സ്നേക്ക് പ്ലാന്റ് - പീസ് ലില്ലി പ്ലാന്റ് - ബ്രോക്കൻ ഹാർട്ട് പ്ലാന്റ് - സ്പൈഡർ പ്ലാന്റ് - കറ്റാർവാഴ - ആന്തൂറിയം - ഓർക്കിഡ് - ലക്കി ബാംബൂ പ്ലാന്റ് - റബ്ബർ പ്ലാന്റ് - ഇംഗ്ലീഷ് ഐവി - ഇഞ്ച് പ്ലാന്റ് - പീകോക്ക് പ്ലാന്റ് - ഹൈഡ്രാഞ്ചസ് - ടർട്ടിൽ വൈൻ ### 1. മണി പ്ലാന്റ്  കേരളത്തിലെ വീടുകളിലും ഓഫീസുകളിലും കൂടുതലായും കണ്ടുവരുന്ന ഇൻഡോർ പ്ലാന്റ് ആണ് മണി പ്ലാന്റ്. കുറഞ്ഞ ചിലവിൽ വീടുകളെയും ഓഫീസുകളെയും മനോഹരമാക്കി മാറ്റുന്നതിൽ മണി പ്ലാന്റ് വഹിക്കുന്ന പങ്ക് വളരെ വലുത് തന്നെയാണ്. ഹാങ്ങിങ് പോട്ടുകളിലോ, ചെറിയ ചെടിച്ചട്ടികളിലോ മണി പ്ലാന്റ് എളുപ്പത്തിൽ വളർത്തിയെടുക്കാം. സാധാരണയായി തണ്ട് മുറിച്ചു നട്ടാണ് മണി പ്ലാന്റുകൾ വളർത്തിയെടുക്കാറ്. അരേഷ്യയ (Araceae) കുടുംബത്തിൽ ഉൾപ്പെട്ട ഒരു വള്ളിച്ചെടിയാണ് മണിപ്ലാന്റ്. ഡെവിൾസ് വൈൻ, ഡെവിൾസ് ഐവി, ഗോൾഡൻ പോത്തോസ്, ഹണ്ടേർസ് റോബ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യം ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ മണി പ്ലാന്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ചെടി, ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വാസിക്കുന്നതുകൊണ്ടാണ് മണി പ്ലാന്റ് എന്ന പേരിൽ അറിയപ്പെടുന്നത്. ### 2. സ്നേക്ക് പ്ലാന്റ്  കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീടിനെയും ഓഫീസിനെയും മനോഹരമാക്കാൻ ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ സ്നേക്ക് പ്ലാൻ വളർത്തിയെടുക്കുന്നതിലൂടെ നിങ്ങൾക്ക് അതിന് സാധിക്കും എന്നതിൽ സംശയമില്ല. Dracaena trifasciata എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ചെടി സാധാരണയായി പാമ്പ് ചെടി എന്നറിയപ്പെടുന്നു. പച്ചയും മഞ്ഞയും കലർന്ന നീളമേറിയ ഇലകളാണ് ഈ ചെടിക്ക് ഉള്ളത്. തിളക്കമുള്ള മഞ്ഞയുടെ ഹൈലൈറ്റുകൾ ഉള്ളതിനാൽ ആകർഷകമായ ഇൻഡോർ പ്ലാന്റ്ആയി സ്നേക്ക് പ്ലാന്റിനെ നമുക്ക് വീടുകളിൽ വളർത്താം. ആഴ്ചകളോളം വെള്ളമില്ലാതെ പോകാം എന്ന പ്രത്യേകത കൂടി ഈ സസ്യത്തിനുണ്ട് അതുകൊണ്ട് തന്നെ കൂടുതൽ ശ്രദ്ധ ആവശ്യമില്ലാത്ത സസ്യമാണിത്. ### 3. പീസ് ലില്ലി പ്ലാന്റ്  തൂവെള്ളപ്പൂക്കളുള്ള മനോഹരമായ ഒരു ഇൻഡോർ പ്ലാന്റ് ആണ് ലില്ലിച്ചെടി. പീസ് ലില്ലി എന്നാണ് ഈ ചെടിയെ വിളിക്കുന്നത്. വീട്ടിനകത്ത് സമാധാനം നിറയ്ക്കാനും പോസിറ്റീവ് ഊര്‍ജ്ജം തരാനും ഈ ചെടിക്ക് കഴിയുമെന്ന് വിദേശികള്‍ വിശ്വസിക്കുന്നു. ചേമ്പിന്റെ വര്‍ഗത്തില്‍പ്പെട്ട ഈ ചെടി ഓഫീസുകളിലും വീടുകളിലും ഇന്‍ഡോര്‍ പ്ലാന്റ് ആയി വളര്‍ത്താന്‍ യോജിച്ചതാണ്.കടുംപച്ചനിറത്തിലുള്ള ഇലകളാണ് ഈ ചെടിക്ക് ഉള്ളത്. വീട്ടിനകത്ത് വെക്കുമ്പോള്‍ ആവശ്യത്തില്‍ക്കൂടുതല്‍ നനയ്ക്കേണ്ട ആവശ്യമില്ല. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം നനച്ചാല്‍ മതി. സൂര്യപ്രകാശം ഇല്ലാത്ത മുറികളില്‍ വളര്‍ത്താന്‍ പറ്റുന്ന ചെടിയാണിത്. അശുദ്ധവായു ശുദ്ധീകരിക്കാന്‍ കഴിവുള്ള സസ്യമാണിത്. കിടപ്പുമുറിയുടെ ഒരു മൂലയില്‍ വളര്‍ത്തിയാല്‍ നല്ല ഉറക്കം പ്രദാനം ചെയ്യാനും ഈ ചെടിക്ക് കഴിയുമത്രെ. രാത്രിയിലും ഓക്സിജന്‍ പുറത്തുവിടാന്‍ കഴിയും എന്ന പ്രത്യേകത ഈ സസ്യത്തിനുണ്ട്.വളരാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കിയാല്‍ ആരോഗ്യത്തോടെ വളര്‍ന്ന് പൂക്കളുണ്ടാകും. ഈ ചെടി വളര്‍ത്തുന്നവര്‍ ആവശ്യത്തില്‍ക്കൂടുതല്‍ വെള്ളം നല്കുന്നതിനാലാണ് ചെടി നശിച്ചുപോകുന്നത്. ചട്ടിയിലെ മണ്ണിന്റെ മുകള്ഭാഗം തൊട്ടുനോക്കി ഈര്‍പ്പമില്ലെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രം വെള്ളം ഒഴിച്ചുകൊടുക്കാം. അതുപോലെ വളപ്രയോഗവും ശ്രദ്ധിക്കണം. മിതമായ രീതിയില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ വളപ്രയോഗം നടത്താവൂ. പാത്രത്തില്‍ നിന്നും പുറത്തേക്ക് വളരാന്‍ തുടങ്ങിയാല്‍ പോട്ടിങ്ങ് മിശ്രിതം മാറ്റി നിറച്ച് വീണ്ടും നടാവുന്നതാണ്. അങ്ങനെ മാറ്റുമ്പോള്‍ ആദ്യം നടാനുപയോഗിച്ച പാത്രത്തേക്കാള്‍ രണ്ട് ഇഞ്ച് വലിയ പാത്രത്തിലേക്കാണ് മാറ്റി നടേണ്ടത്.ഉപയോഗ ശൂന്യമായ ചില്ലുപാത്രങ്ങളിലും പീസ് ലില്ലി വളര്‍ത്താം. രണ്ട് ഇഞ്ച് ആഴത്തില്‍ വെള്ളം നിറയ്ക്കാന്‍ കഴിവുള്ള കുപ്പി ഉപയോഗിക്കാവുന്നതാണ്. പാത്രത്തില്‍ ശുദ്ധജലം നിറച്ച് ഇലകളില്‍ മുട്ടാതെ തണ്ടു മാത്രം മുങ്ങിനില്ക്കുന്ന രീതിയില്‍ ചെടി വളര്‍ത്താം. പീസ് ലില്ലിയുടെ വേര് നന്നായി കഴുകി വൃത്തിയാക്കി ചില്ലുപാത്രത്തിലെ വെള്ളത്തിലേക്ക് ഇറക്കിവെച്ച് വെള്ളാരംകല്ലുകള്‍ ഇട്ടുകൊടുത്ത് ചെടിക്ക് ബലം നല്‍കാം. ### 4. ബ്രോക്കൻ ഹാർട്ട് പ്ലാന്റ്  ഏറ്റവും ജനപ്രീതിയാർജ്ജിച്ച വീട്ടുചെടികളിലൊന്നായ ഇൻഡോർ പ്ലാന്റ് ആണ് ബ്രോക്കൻ ഹാർട്ട് പ്ലാന്റ്.ഹൃദയാകൃതിയിലുള്ള ഇലകളോട് കൂടി എളുപ്പത്തിൽ വളരുന്ന ഈ ചെടി ജനക്കൂട്ടത്തിന്റെ പ്രിയപ്പെട്ടതാണ്. എല്ലാ ഇടങ്ങളെയും മനോഹരമാക്കി മാറ്റാൻ കഴിയുന്ന ഒരു സസ്യം കൂടിയാണിത്. അതിലോലമായ വള്ളികളാൽ വേഗത്തിൽ വളരാൻ കഴിയും എന്നത് ഈ സസ്യത്തിന്റെ പ്രത്യേകതയാണ്. ### 5. സ്പൈഡർ പ്ലാന്റ്  നമ്മുടെ ആരോഗ്യത്തിനും വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും സഹായിക്കുന്നു ചില ചെടികളുണ്ട്. അതില്‍ ഒന്നാണ് സ്പൈഡര്‍ പ്ലാന്റ്.സ്പൈഡര്‍ പ്ലാന്റ് മനോഹരമായ ഒരു ഇന്‍ഡോര്‍ പ്ലാന്റാണ്, ഉഷ്ണമേഖലാ, പ്രദേശങ്ങളില്‍ നിന്നുള്ളതാണ് ഈ ചെടി.സ്പൈഡര്‍ വല പോലെ ഉള്ളത് കൊണ്ടാണ് ഈ ചെടിയെ സ്പൈഡര്‍ പ്ലാന്റ് എന്ന് പറയുന്നത്. ഇതിന്റെ ഇലകള്‍ നേര്‍ത്തതാണ്, വെള്ളയും പച്ചയും കലര്‍ന്ന നിറങ്ങളും ഇതിലുണ്ട്. സ്പൈഡര്‍ പ്ലാന്റിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. നിങ്ങളുടെ വീടിനുള്ളില്‍ ഈ പ്ലാന്റ് വെക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. സ്പൈഡര്‍ പ്ലാന്റ് വീടിനുള്ളിലെ ഏറ്റവും മികച്ച വായു ശുദ്ധീകരണ സസ്യങ്ങളില്‍ ഒന്നാണെന്നതാണ് സത്യം. നിങ്ങളുടെ വീട്ടില്‍ ഒരു സ്പൈഡര്‍ പ്ലാന്റ് സ്ഥാപിക്കുന്നത് ടോലുയിന്‍, കാര്‍ബണ്‍ മോണോക്സൈഡ്, സൈലീന്‍, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ വായുവിലെ ദോഷകരമായ രാസവസ്തുക്കള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ### 6. കറ്റാർവാഴ  അസ്ഫോഡെലേഷ്യേ കുടുംബത്തിൽ പെട്ട ഒരു ചെടിയാണ് കറ്റാർവാഴ . പേരിൽ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന് യാതൊരു ബന്ധവുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. തണ്ടില്ലാത്തതോ ചെറിയ തണ്ടോടുകൂടിയതോ ആയ ഇത് 80-100 സെ.മീ ഉയരത്തിൽ വളരുന്നു. ഇലകൾ ജലാംശം നിറഞ്ഞ് വീർത്തവയാണ്. ഇലകളുടെ അരികിൽ മുള്ളുകൾ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു. ഒരുപാട് ഔഷധഗുണങ്ങളുള്ള ഈ സസ്യം വീടുകളിലും ഓഫീസുകളിലും ഒരു ഇൻഡോർ പ്ലാന്റ് ആയി ഉപയോഗിക്കാവുന്നതാണ്. ### 7. ആന്തൂറിയം  അരേസി (Araceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ആയിരത്തോളം സ്പീഷീസുകൾ ഉള്ള പുഷ്പിക്കുന്ന സസ്യ വർഗ്ഗം ആണ് ആന്തൂറിയം. ഇതിന്റെ ഉദ്ഭവം കോസ്റ്റാറിക്ക ആണെന്ന് പറയപ്പെടുന്നു. പൂവിന്റെ ആകൃതി കണക്കിലെടുത്ത് ഇവയെ ഫ്ലെമിങ്കോ ഫ്ലവർ ബോയ് ഫ്ലവർ,എന്നും വിളിക്കാറുണ്ട്.വലിയ ഇലകളോടു കൂടിയ ആന്തൂറിയം പല നിറങ്ങളിൽ ഉള്ള പൂക്കൾ ഉണ്ടാവുന്നവയാണ്. പൂക്കൾ തടിച്ച മാംസളമായ തണ്ടുകളിൽ ഉണ്ടാവുന്നു. “ആന്തൂറിയം ആൻഡ്രിയേനം” എന്ന ഇനത്തിന് കടും ചുവപ്പ് നിറമുള്ള പൂക്കളാണ്. വെള്ള നിറത്തിലുള്ള ആന്തൂറിയവും കാണാറുണ്ട്. പല ആകൃതിയിലുള്ള പൂക്കൾ കാണപ്പെടുന്നു. ഇരുനിറങ്ങൾ കലർന്ന പൂക്കളും ചില സസ്യങ്ങളിൽ കാണാറുണ്ട്.മിക്കപ്പോഴും നിത്യഹരിതമായി കാണുന്ന ഇവയ്ക്ക്, ഇളം ചൂട്, ഉയർന്ന ആർദ്രത, തണൽ, കൂടെക്കൂടെയുള്ള ജലസേചനം എന്നിവ ആവശ്യമാണ്. മിതമായ കാലാവസ്ഥയിലാണ് ഈ ചെടി നന്നായി വളരുന്നത്. അതുകൊണ്ടുതന്നെ വീടുകളിലും ഓഫീസുകളിലും ഒരു ഇൻഡോർ പ്ലാന്റ് ആയി ആന്തൂറിയം വളർത്താം. വേരുകൾ നീളത്തിൽ താഴേക്ക് വളർന്ന് തറയിലേക്കിറങ്ങുന്നതിനാൽ ഇവ മഴക്കാടുകളിൽ മുകളിലായി വളരുവാൻ സഹായകമാകുന്നു. ചിലയിനങ്ങൾ പാറകളിലും ഇവയെ കാണപ്പെടുന്നു. അന്തൂറിയം വ്യവസായിക അടിസ്ഥാനത്തിൽ കൃത്രിമ തോട്ടങ്ങളിൽ വളർത്തുന്നുണ്ട്. ### 8. ഓർക്കിഡ്  ഓർക്കിഡേസിയ കുടുംബത്തിൽ പെട്ടതാണ് ഓർക്കിഡ്. മരവാഴ എന്ന് മലയാളത്തിൽ പേരുള്ള ഓർക്കിഡ് ഒരു അധിസസ്യമാണ്. 800 ജനുസ്സുകൾ ഉള്ള ഓർക്കിഡ് ഏഷ്യ,ദക്ഷിണ അമേരിക്ക മുതലായ സ്ഥലങ്ങളിൽ കണ്ട് വരുന്നു. പുഷ്പിക്കുന്ന സസ്യങ്ങളിൽ ഏറ്റവും വലിയ കുടുംബം ഓർക്കിഡിന്റേതായി കരുതപ്പെടുന്നു.സുഗന്ധ വിളയായ വാനില ഈ കുടുംബത്തിലെ ഒരംഗമാണ്. പല നിറങ്ങളിലും ആകൃതിയിലും കാണപ്പെടുന്ന ഇതിന്റെ പൂക്കൾ മനോഹരവും, താരതമ്യേന കൂടുതൽ ദിവസം കൊഴിയാതെ നിൽക്കുന്നതുമാണ്. ഇക്കാരണങ്ങളാൽ ലോകമെമ്പാടുമുള്ള പുഷ്പ പ്രേമികളുടെയിടയിൽ ഏറ്റവും സ്വീകാര്യതയുള്ള ചെടികളിലെ പ്രമുഖ സ്ഥാനം തന്നെ ഓർക്കിഡിനുണ്ട്. അതുകൊണ്ടുതന്നെ ഒരു മികച്ച ഇൻഡോർ പ്ലാന്റ് ആയി വീടുകളിലും ഓഫീസുകളിലും ഓർക്കിഡിനെ നമുക്ക് വളർത്തിയെടുക്കാം. ### 9. ലക്കി ബാംബൂ  ചെറിയ പരിപാലനത്തിലൂടെ വളരെ വേഗത്തിൽ വളർത്തിയെടുക്കാവുന്ന ചെടിയാണ് ലക്കി ബാംബൂ.ആഫ്രിക്കയിലെ കാമറൂണാണ് ഈ ചെടിയുടെ സ്വദേശം. ഇളം പച്ച നിറത്തിലുള്ള തണ്ടുകളും ഇലകളുമാണ് ഈ ചെടിക്ക് ഉള്ളത്.കുറ്റിചെടിയായാണ് ഈ ചെടി വളരുന്നത്.ഇവയ്ക്ക് 1.5 മീറ്റർ (5അടി) വരെ ഉയരം വെക്കും. ജലാംശം അധികമുള്ള ചുറ്റുപാടാണ് ഈ സസ്യത്തിന്റെ വളർച്ചയ്ക്ക് അനുയോജ്യം. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലങ്ങളിൽ ഈ സസ്യം വളർത്തിയെടുക്കുന്നത് പ്രയാസകരമാണ്.ചൈനീസ് ആചാരപ്രകാരം ലക്കി ബാംബൂ വീടുകളിലും ഓഫീസുകളിലും വളർത്തുന്നതിലൂടെ സാമ്പത്തിക നേട്ടങ്ങൾ, ഭാഗ്യം, ഐശ്വര്യം എന്നിവ ഉണ്ടാവുമെന്ന് വിശ്വസിക്കാറുണ്ട്. ലക്കി ബാംബൂ തണ്ട് മുറിച്ചു നട്ട് ജലത്തിലും വളർത്താറുണ്ട്. ജലത്തിൽ വളർത്തുന്ന ലക്കിബാംബൂവിന്റെ വെള്ളം രണ്ടാഴ്ചയ്ക്ക് ശേഷം മാറ്റേണ്ടത് അത്യാവശ്യമാണ്.ഓക്സിജന്‍ അളവ് ക്രമീകരിക്കാനും അലങ്കാരത്തിനുമായി ഈ ചെടി അക്വാറിയങ്ങളിലും വളർത്തിയെടുക്കാം. ### 10. റബ്ബർ പ്ലാന്റ്  വളരെ ആകർഷകമായ രീതിയിൽ ഓഫീസുകളിലും വീടുകളിലും വളർത്തിയെടുക്കാവുന്ന ഒരു ഇൻഡോർ പ്ലാന്റ് ആണ് റബ്ബർ പ്ലാന്റ്. പേരിലുള്ള സാമ്യം അല്ലാതെ റബ്ബറുമായി ഈ ചെടിക്ക് യാതൊരു ബന്ധവുമില്ല. പൂക്കളില്ലാത്ത ഈ ചെടിയിൽ പുതിയ ഇലകൾ ഉണ്ടാവുന്ന സമയത്ത് ചുവപ്പ് കലർന്ന നിറത്തിൽ പൂക്കളുമായി സാമ്യമുള്ള ഇലകൾ വളർന്നു വരാറുണ്ട്. ചുവപ്പ് കലർന്ന നിറമായതിനാൽ പലരും ഇതിനെ പൂക്കൾ ആണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. പ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലാണ് റബ്ബർ പ്ലാന്റ് വളർത്തേണ്ടത്. ജനലുകളുടെ അടുത്ത് ചെടിച്ചട്ടികളിൽ ആയി ഇവ വളർത്തിയെടുക്കാം. ### 11. ഇംഗ്ലീഷ് ഐവി  അലങ്കാര സസ്യം എന്ന നിലയിൽ വീടുകളിലും ഓഫീസുകളിലും ധാരാളമായി കണ്ടുവരുന്ന ഒരു സസ്യമാണ് ഇംഗ്ലീഷ് ഐവി. ഹെഡോറ ഹെലിക്സ് എന്ന പേരിലും ഈ സസ്യം അറിയപ്പെടുന്നു. പടർന്നു കയറുന്ന വള്ളികളായാണ് ഈ സസ്യം വളരുന്നത്. ഈ സസ്യത്തിന് വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ വള്ളികളിലായി ധാരാളം ചെറിയ വേരുകൾ കാണപ്പെടുന്നു. ഇത് ഭിത്തികളിൽ പടർന്നു കയറാനും മറ്റും സസ്യത്തിന് സഹായകമാകുന്നു. പൂർണ്ണവളർച്ചയെത്തിയ ഐവി ചെടിയിൽ ചെറിയ വേരുകൾ കാണാറില്ല. വളർന്നു വരുമ്പോൾ ഇളം പച്ച നിറത്തിലുള്ള ഇവയുടെ ഇലകൾ പിന്നീട് കടും പച്ച നിറത്തിൽ ആയി മാറാറുണ്ട്. ഹാങ്ങിങ് പോട്ടുകളിലും ചുവരുകളിൽ പടർന്നുകയറുന്ന വിധത്തിലും ഇവയെ നമുക്ക് വളർത്തിയെടുക്കാം. തുടക്കത്തിൽ നല്ല രീതിയിലുള്ള പരിചരണം കൊടുത്തു കഴിഞ്ഞാൽ വളരെ ആകർഷകമായ രീതിയിൽ ഈ ചെടിയെ നമുക്ക് വളർത്തിയെടുക്കാം. ### 12. സിൽവർ ഇഞ്ച് പ്ലാന്റ്  സിൽവർ ഇഞ്ച് പ്ലാന്റ് വളരെ ആകർഷകമായ രീതിയിൽ ഉള്ള ഒരു ഇൻഡോർ പ്ലാന്റ് ആണ്. സീബ്ര പാറ്റേണുകളിൽ കാണുന്ന ഇലകളാണ് ഈ ചെടിയെ മറ്റുള്ള ചെടികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഈർപ്പം നിറഞ്ഞ സ്ഥലങ്ങളിൽ ഈ സസ്യത്തെ എളുപ്പത്തിൽ വളർത്തിയെടുക്കാം. ഈ സസ്യത്തിന്റെ വളർച്ചയ്ക്ക് ധാരാളം വെള്ളം ആവശ്യമാണ്. നാലു മുതൽ 10 സെന്റീമീറ്റർ വരെ ഈ സസ്യത്തിന് ഇലകൾ വളരാറുണ്ട്. വള്ളികൾ ആയി വളരുന്ന ഈ ചെടിയുടെ കാണ്ഡത്തിൽ ധാരാളം വേരുകൾ കാണപ്പെടുന്നു. വെള്ള നിറത്തിലുള്ള ചെറിയ പൂക്കൾ ഈ സസ്യത്തിൽ കാണാറുണ്ട്. ### 13. പീകോക്ക് പ്ലാന്റ്  വായു ശുദ്ധീകരണത്തിൽ വലിയ പങ്കുവഹിക്കുന്ന ഒരു ചെടിയാണ് പീകോക്ക് പ്ലാന്റ്. വലിയ ഇലകളും ഇലകൾക്ക് മീതെ പിങ്ക് കലർന്ന വെള്ള വരകളോടുകൂടിയ പാറ്റേണുകൾ നിറഞ്ഞവയാണ് ഈ ചെടിയുടെ ഇലകൾ. കുറഞ്ഞ പ്രകാശത്തിൽ വളരുന്നവയാണ് ഈ ചെടി. പൂക്കൾ ഒന്നുമില്ലാത്ത ഈ ചെടിയുടെ പ്രത്യേകത അതിന്റെ ഇലകൾ തന്നെയാണ്. അന്തരീക്ഷത്തിലെ വിഷാംശം നിറഞ്ഞ ഈർപ്പം വലിച്ചെടുത്ത് വായു സ്വാഭാവികമായി ശുദ്ധീകരിക്കാൻ ഈ ചെടിക്ക് കഴിയുന്നു. ഈ ചെടിയുടെ വളർച്ചയ്ക്ക് അധികം ഈർപ്പമോ പ്രകാശമോ ആവശ്യമായി വരുന്നില്ല. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ വീടുകളിലും ഓഫീസുകളിലും ഈ ചെടിയെ വളർത്തിയെടുക്കാം. ## കേരളത്തിൽ വളർത്തിയെടുക്കാവുന്ന ഇൻഡോർ പ്ലാന്റ്സുകളുടെ പ്രത്യേകതകൾ കേരളത്തിൽ വളർത്തിയെടുക്കുന്ന ഇൻഡോർ പ്ലാന്റുകൾ നിരവധി ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. കുറഞ്ഞ രീതിയിലുള്ള പരിപാലനം , വളപ്രയോഗം, ആകർഷകമായ രീതിയിൽ ഉള്ള ഇലകളും പൂക്കളും തുടങ്ങിയ നിരവധി പ്രത്യേകതകൾ ഇൻഡോർ പ്ലാൻസിന് ഉണ്ട്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവയാണ് മുകളിൽ നൽകിയിരിക്കുന്ന ഓരോ ഇൻഡോർ പ്ലാൻസുകളും. കുറഞ്ഞ രീതിയിലുള്ള പരിപാലനം എന്നതുകൊണ്ടുതന്നെ കേരളത്തിലെ വീടുകളിലും ഓഫീസുകളിലും ഇൻഡോർ പ്ലാന്റ്കൾ മികച്ച രീതിയിൽ വളർത്തിയെടുക്കാവുന്നവയാണ്.