Katha

ജീവിത വിജയത്തിനായി പാലിക്കേണ്ട 7 ശീലങ്ങൾ

Aug 19, 2022
ജീവിത വിജയത്തിനായി പാലിക്കേണ്ട 7 ശീലങ്ങൾ

വിജയം ഒരു യാത്ര ആണ്, മറിച്ച് ഒരു ലക്ഷ്യസ്ഥാനം അല്ല. യാത്ര നിങ്ങള്‍ ആനന്ദിക്കുന്നില്ലെങ്കിൽ ലക്ഷ്യസ്ഥാനവും ആനന്ദം പകരുന്നില്ല.ലക്ഷ്യസ്ഥാനം ഒരു മരുപ്പച്ചയാണ്, ഒരു മരീചിക ആണ്.അവിടെ ചെന്നു നിങ്ങൾക്ക് സായൂജ്യം അണയാം. യാത്ര ആണ് ആനന്ദം പകരേണ്ടത്... സ്വന്തം ചിന്തകളും, മനോഭാവവും, ദൈനംദിന ജീവിതരീതിയും, ശീലങ്ങളുമാണ് ആ യാത്രയുടെ കാതൽ.

ശീലം എന്നത് നമ്മുടെ ജീവിതവിജയത്തെ നിർവചിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതികളിലൊന്നാണ്. ശീലങ്ങളിലും ചിന്താധാരകളിലും പലതും നമുക്ക് നിസ്സാരമായോ അപ്രധാനമായോ തോന്നിയേക്കാം. അതത്ര നിസ്സാരമല്ല. സ്ഥിരമായ ശീലങ്ങൾ സ്വഭാവത്തെ രൂപപ്പെടുത്തുന്നു. സ്വഭാവം ജീവിതത്തെ കെട്ടിപ്പടുക്കുന്നു. വിജയകരമായ ശീലങ്ങൾ സ്വീകരിക്കുന്നതിലൂടെ നമ്മുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നേടാനുള്ള യാത്ര സുഖകരമാവുകയും വിജയം കൈവരിക്കുകയും ചെയ്യും. ജീവിതത്തിൽ വിജയം കരസ്ഥമാക്കാൻ പാലിക്കേണ്ട മാനസികവും ശാരീരികവുമായ ചില ശീലങ്ങൾ നമുക്ക് ഇവിടെ വായിക്കാം, അനുവർത്തിക്കാം.

1. വ്യായാമം, ഭക്ഷണം, ഉറക്കം

Excercise, good food and proper sleep

ആരോഗ്യം സർവ്വധനാൽ പ്രധാനം. നിങ്ങൾ പലപ്പോഴും കേട്ടിട്ടുള്ള ചൊല്ലാണിത്. മാനസികമായും ശാരീരികമായും രോഗങ്ങളില്ലാത്ത അവസ്ഥയാണ് സാമാന്യേന ആരോഗ്യം എന്ന് പറയുന്നത്. കൃത്യമായ വ്യായാമം, ഭക്ഷണക്രമം, ഉറക്കം എന്നിവയിലൂടെ ശരീരത്തെ പരിപാലിക്കുക എന്നത് വളരെ പ്രധാനമാണ്. വിജയത്തിന്റെ ആദ്യപടിയാണ് ആരോഗ്യമുള്ള മനസ്സും ശരീരവും.

ജീവിതത്തിലെ ദൈനംദിന കൃത്യങ്ങളിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന ഒന്നാണ് വ്യായാമം. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമാകുന്ന പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗം. ഇത് പലപ്പോഴും ഉദാസീനമായ ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിഷ്‌ക്രിയത്വം ഒരു നിശബ്‌ദ കൊലയാളിയാണ്. നിങ്ങൾക്ക് ഉദാസീനമായ ഒരു ജീവിതശൈലി ഉണ്ടെങ്കിൽ, നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തന ശേഷിയിൽ കുറവുണ്ടാകും. ദീർഘനേരം വെറുതെ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പതിവ് വ്യായാമത്തിന്റെയും ശാരീരിക പ്രവർത്തനത്തിന്റെയും ആരോഗ്യ ഗുണങ്ങൾ ഒരിക്കലും അവഗണിക്കരുത്. പ്രായമോ ലിംഗഭേദമോ ഇല്ലാതെ എല്ലാവരും വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസ്സിനും അനേകം പ്രയോജനങ്ങൾ നേടിത്തരുന്നു. ശരീരഭാരം നിയന്ത്രിക്കാൻ, രോഗങ്ങളെ ചെറുക്കാൻ, എല്ലുകളുടെയും പേശികളുടെയും ബലത്തിന്, മാനസികാരോഗ്യം മെച്ചപ്പെടുത്താൻ, ആത്മവിശ്വാസം കൂട്ടാൻ ഇങ്ങനെ വ്യായാമത്തിന്റെ ഗുണഫലങ്ങൾ നിരവധിയാണ്.

മനസ്സും ശരീരവും തമ്മിലുള്ള അഭേദ്യമായ ബന്ധം ശാസ്ത്രഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. നമ്മൾ ആരോഗ്യം നന്നായി പരിപാലിക്കുന്നതിലൂടെ, നമ്മുടെ ലക്ഷ്യം നേടുന്നതിനുള്ള വഴിയിലെ യാത്ര കുറേക്കൂടി സുഖമമാക്കാം, തടസ്സങ്ങളെ തൃണവൽഗണിച്ച് മുന്നേറാം. നല്ല ആരോഗ്യം നിലനിർത്താൻ ആരോഗ്യകരമായ ഭക്ഷണക്രമം കൂടിയേ തീരൂ. മിതമായ അളവിൽ, കൃത്യമായ ഇടവേളകളിൽ, പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണരീതി. അമിതമായി എണ്ണമയമുള്ളതും കൊഴുപ്പുള്ളതുമായ ആഹാരവും, അമിതമായ ഉപ്പും മധുരവും എരിവും പരിമിതപ്പെടുത്തുക. കാലാവസ്ഥയ്ക്ക് അനുസൃതമായി ശരീരത്തിന് ആവശ്യമുള്ള ജലാശം നിലനിർത്തുക. ഭക്ഷണരീതികൾ ഒരിക്കലും എല്ലാവർക്കും ഒരുപോലെ ഫലപ്രദം ആയിരിക്കില്ല. ഓരോ വ്യക്തിയുടെയും അനുയോജ്യമായ ശരീരഭാരം, രോഗാവസ്ഥ, ഭക്ഷണ ശീലങ്ങൾ, ജീവിതശൈലി എന്നിവ അടിസ്ഥാനമാക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്.

നല്ല ഉറക്ക രീതികൾ മറ്റൊരു നിർണായക ഘടകമാണ്. ശരീരത്തിനു നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണു നല്ല വിശ്രമം. വിശ്രമത്തില്‍ പ്രധാനപ്പെട്ടതാണ് ഉറക്കം. നന്നായി ഉറങ്ങിയശേഷം ലഭിക്കുന്ന സുഖം പറഞ്ഞറിയിക്കാനാവാത്തതാണ്. ഉറക്കം വെറും സമയം കളയല്‍ മാത്രമല്ല. അതിനു ചില ഗുണങ്ങളുമുണ്ട്. രാത്രി ആറു മണിക്കൂറില്‍ കുറവു ഉറങ്ങുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയാന്‍ സാധ്യതയുണ്ടെന്നാണു ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ദിവസം എട്ടു മണിക്കൂര്‍ ഉറക്കമാണ് ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ദേശിക്കാനുള്ളത്. എന്നാൽ അമിത ഉറക്കവും പാടില്ല. ശരീര വേദനകള്‍കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും മരുന്നായി നിര്‍ദേശിക്കാന്‍ സാധിക്കുക ഉറക്കമാണ്. ഉറക്കം ഈ വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കും. നിങ്ങള്‍ ഉറങ്ങുന്ന സമയം ശരീരം ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ പുറത്തുവിടും. ഇതു കൊളാജിന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും അത് തിളങ്ങുന്ന ചര്‍മ്മം പ്രധാനം ചെയ്യുകയും ചെയ്യും. ഒരു രാത്രി ഉറക്കമൊഴിച്ചാല്‍ അത് നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരുത്തുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഉറക്കമില്ലായ്മ നമ്മുടെ ശരീര പരിണാമത്തെ വിപരീതമായി ബാധിക്കുന്നുണ്ടെന്നും പൊണ്ണത്തടിക്കും, ടൈപ്പ്2 ഡയബറ്റീസിനും ഉറക്കമില്ലായ്മ കാരണമാകുമെന്നും മുന്‍ ഗവേഷണങ്ങളില്‍ വ്യക്തമായിട്ടുള്ളതാണ്.

ശരിക്കും നിങ്ങള്‍ എത്ര നേരം ഉറങ്ങണം? നമ്മള്‍ ഓരോ ദിവസവും എങ്ങനെ പ്രവര്‍ത്തിക്കുന്നു എങ്ങനെ ഉറങ്ങുന്നു എന്നതിനെയെല്ലാം സ്വാധീനിക്കുന്ന നിരവധി അവസ്ഥകളില്‍ ഒന്നാണ് ഉറക്കമില്ലായ്മയും സുഖകരമല്ലാത്ത ഉറക്കവും. ഒരുപക്ഷെ നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളില്‍ ഉറക്കത്തിലെ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. നല്ല ഉറക്കത്തിനായി കൃത്യമായി മണിക്കൂറുകളുടെ കണക്കുകളില്ല. പ്രായപൂര്‍ത്തിയായ ഭൂരിഭാഗം ആളുകള്‍ക്ക് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമായി വരുന്നു. മറ്റുള്ളവരില്‍ ആറു മണിക്കൂര്‍ തന്നെ മതിയാവും. അതേസമയം കൂടുതല്‍ സമയം ഉറക്കത്തിനായി കിടക്കയില്‍ ചിലവഴിക്കുന്നത് തളര്‍ച്ച വിഷാദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണമാവാം. അതുകൊണ്ട് നിങ്ങളുടെ ഉറക്കത്തിന്റെ സമയക്കണക്കുകള്‍ കണ്ടെത്തുന്നത് തന്നെയാണ് ആരോഗ്യകരമായ ഉറക്കത്തിനുള്ള ആദ്യ പടി.

നമ്മളിൽ പോസിറ്റീവ് വികാരങ്ങൾ ത്വരിതപ്പെടുത്തുന്ന 'ഫീൽ ഗുഡ് ഹോർമോണുകളുടെ' പ്രവർത്തനക്ഷമത വ്യായാമത്തിലൂടെയും നല്ല ഭക്ഷണത്തിലൂടെയും കൃത്യമായ ഉറക്കത്തിലൂടെയും വർദ്ധിക്കും. അവ നിങ്ങളുടെ 'യാത്ര'യെ ആനന്ദകരമാക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അടിസ്ഥാനപരമായുള്ള നിങ്ങളുടെ ആരോഗ്യ ശീലങ്ങൾ മാറ്റുന്നതിലൂടെ നിങ്ങളുടെ മാനസികാവസ്ഥ മാറ്റാൻ കഴിയും.

2. വിജയികൾ നേരത്തെ ഉണരും

Wake up early

രാവിലെ മൂടിപ്പുതച്ച് ഉറങ്ങാന്‍ വിജയികള്‍ക്കും പരാജിതര്‍ക്കും ഒരുപോലെ ഇഷ്ടമാണ്. എന്നാലും വിജയികള്‍ നേരത്തെ ഉണരും. രാവിലെ ഉണരുക എന്നത് ശ്രമകരമാണ്. എന്നാൽ എഴുന്നേറ്റാൽ ലഭിക്കുന്ന ഗുണം ചെറുതല്ല. വിജയികളായ പല വ്യക്തിത്വങ്ങളും അവരുടെ ദിവസം വളരെ നേരത്തെ തന്നെ തുടങ്ങുന്നു. ഓരോ ദിവസത്തെയും കുറിച്ചുള്ള പ്ലാനിംഗിനും സമയക്കുറവ് മൂലം മാറ്റി വയ്‌ക്കേണ്ടി വന്നേക്കാവുന്ന പ്രാര്‍ത്ഥന, ധ്യാനം, വ്യായാമം, വായന എന്നിവയ്‌ക്കെല്ലാം ഈ നേരം ഉപകരിക്കും.

നേരത്തെ ഉണരുന്നവരുടെ നേരം അവരുടെ നിയന്ത്രണത്തിലാണ്. പലരെയും പോലെ രാവിലത്തെ സമയം തിരക്കുകൂട്ടുന്നതിനുപകരം, അവർ തങ്ങളുടെ ഒരു ദിവസം വളരെ നേരത്തെ തന്നെ ആരംഭിക്കുന്നു. പ്രഭാതത്തിൽ സർഗ്ഗാത്മകതയും പ്രചോദനവും വർദ്ധിക്കുന്നു. സാധാരണയായി ഭൂരിഭാഗം ആളുകളും രാവിലെ 4 മണിക്കും 5 മണിക്കും ഇടയിൽ ശരിക്കും ഉണർന്നിരിക്കില്ല. മുന്നോട്ട് കുതിക്കുന്നതിന് വേണ്ടി പ്രവർത്തിക്കാനുള്ള നല്ല സമയമാണിത്. പുലർച്ചെ എഴുന്നേറ്റ് സോഷ്യൽ മീഡിയ, ടെക്‌സ്‌റ്റുകൾ, ഇമെയിലുകൾ, ഫോൺ കോളുകൾ എന്നിവയിൽ ശ്രദ്ധ പതിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിരാവിലെ ശാന്തവും ലോകം നിശ്ചലവുമാണ്. ആ സമയം നിങ്ങളുടെ വിജയകുതിപ്പിനുള്ള പ്രവർത്തന സമയമാക്കി മാറ്റുക. വിജയികളായ ആളുകൾ വ്യായാമം ചെയ്യാനും, വാർത്തകൾ അറിയാനും, ധ്യാനിക്കാനും, വായിക്കാനും, പ്രഭാതഭക്ഷണം കഴിക്കാനും, ഈ പുലർകാല സമയം ഉപയോഗിക്കുന്നു. നിങ്ങൾ നിങ്ങളുടെ സാധാരണ ഉറക്ക രീതി നിലനിർത്തുകയും എന്നാൽ എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ നേരത്തെ എഴുന്നേൽക്കുകയും ചെയ്താൽ, നിങ്ങൾക്ക് വർഷത്തിൽ 15 ദിവസത്തിന്റെ സമയം കൂടുതൽ ലഭിക്കും. നേരത്തെ എഴുന്നേൽക്കുന്നവർ തങ്ങളുടെ ദിവസം മുഴുവനുമുള്ള പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനും, ആസൂത്രണത്തിനും കൂടി ആ സമയം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

3. സമയത്തിന് വില കൽപ്പിക്കുക (ടൈം മാനേജ്മെന്റ്)

Time management

എല്ലാവര്‍ക്കും പൊതുവായ ഒരു സൂചികയാണ് ഒരു ദിവസത്തെ 24 മണിക്കൂര്‍. എന്നിട്ടും ചില ആളുകള്‍ മറ്റുള്ളവരെക്കാള്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്നു. അതെങ്ങനെയാണെന്ന് ചിന്തിച്ചാൽ അവർ 'സമയത്തിന് കൊടുക്കുന്ന വില' എന്ന് ഉത്തരം കിട്ടും. ഓരോ ദിവസത്തെയും മണിക്കൂറുകളും മിനിറ്റുകളും എത്രത്തോളം ഫലപ്രദമായി ഒരാള്‍ ഉപയോഗിക്കുന്നുവെന്നതാണ് ടൈം മാനേജ്‌മെന്റ്. സമയപരിധിക്കുള്ളില്‍ നിശ്ചിതജോലി ഏറ്റവും നന്നായി പൂര്‍ത്തിയാക്കുന്നതിന് വേണ്ടി സമയം സമര്‍ഥമായി ഉപയോഗിക്കുന്ന പ്രക്രിയയാണത്. ഒന്നില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് അതുമാത്രം ചെയ്യുകയും മറ്റുകാര്യങ്ങളെല്ലാം മാറ്റിവയ്ക്കുകയും ചെയ്യുന്നതിനെയല്ല ടൈം മാനേജ്‌മെന്റ് എന്ന് പറയുന്നത്. എല്ലാകാര്യങ്ങളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കുകയാണ് ശരിയായ വഴി. ഭൗതിക,സാമൂഹിക, വൈകാരിക,അധ്യാത്മിക തലങ്ങളിലൊക്കെ മികച്ച രീതിയില്‍ മാറ്റമുണ്ടാക്കാന്‍ ടൈം മാനേജ്‌മെന്റിലൂടെ സാധിക്കും.

വിജയികൾ സമയം ഫലപ്രദമായി വിനിയോഗിക്കുതാണ് വിജയത്തിന് പിന്നിലുള്ള രഹസ്യമെന്നതാണ് സത്യം. ടൈം മാനേജ്‌മെന്റ് സ്വായത്തമാക്കാന്‍ കഴിഞ്ഞാല്‍ വിജയത്തിലേക്ക് എത്താനുള്ള ദൂരം വളരെ ചെറുതാകും. നാളെ ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നേ പ്ലാന്‍ ചെയ്യുക. ഓരോ ദിവസവും അവസാനിക്കുമ്പോള്‍ നാളെ എന്തൊക്കെ ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും എഴുതി സൂക്ഷിക്കുക. ചെയ്യേണ്ട കാര്യങ്ങള്‍ ലിസ്റ്റ് ചെയ്‌തെങ്കില്‍ അടുത്ത ജോലി അതിനെ മുന്‍ഗണനാ ക്രമത്തില്‍ ആക്കുകയെന്നതാണ്. ഏറ്റവും പ്രധാനപ്പെട്ടത് ആദ്യം എന്ന രീതിയില്‍ ചെയ്തു തീര്‍ക്കുക. ലിസ്റ്റിലെ ബഹു ഭൂരിപക്ഷം ജോലികളും വെട്ടിക്കഴിയുമ്പോള്‍ നിങ്ങള്‍ക്കു തന്നെ അഭിമാനം തോന്നും. ഓരോ ജോലിക്കും നിശ്ചിത സമയം കൊടുക്കാന്‍ മറക്കരുത്. ഇത് കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുപാട് ജോലികള്‍ ചെയ്യാന്‍ നിങ്ങളെ സഹായിക്കും. ഓരോ ജോലി ചെയ്യുമ്പോഴും മുഴുവന്‍ ശ്രദ്ധയും അതില്‍ തന്നെയായിരിക്കണം. അതു തീര്‍ത്തിട്ടേ അടുത്ത ജോലിയിലേക്ക് പോകാവൂ. സമയം എന്നാല്‍ ജീവിതം തന്നെയാണ്. സമയം പാഴാക്കുക എന്നാല്‍ ജീവിതം പാഴാക്കുക എന്നാണര്‍ഥം. സമയം ആരെയും കാത്തുനില്‍ക്കാറില്ല. അതിന് അതിന്റേതായ താളം ഉണ്ട്. അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. ലക്ഷ്യബോധമുള്ളവര്‍ ഒരിക്കലും സമയം നഷ്ടപ്പെടുത്തുകയില്ല. സമയബോധമുള്ളവര്‍ക്ക് ഒരിക്കലും നഷ്ടബോധം ഉണ്ടാവുകയില്ല. ഹൃസ്വമായ സമയപരിധി പരമാവധി ഉല്‍പാദനക്ഷമമായ വിധത്തില്‍ ചെലവഴിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമെ ജീവിതവിജയം നേടാനാവൂ. മൈൻഡ്‌ഫുൾനെസ് ശീലിക്കുന്നത് വളരെ നല്ലതാണ്. മൈൻഡ്‌ഫുൾനെസ് എന്നാൽ നിമിഷം തോറും നമ്മുടെ ചിന്തകൾ, വികാരങ്ങൾ, ശാരീരിക സംവേദനങ്ങൾ, ചുറ്റുപാടുകൾ എന്നിവയെക്കുറിച്ച് ലളിതവും പോഷിപ്പിക്കുന്നതുമായ കാഴ്ചപ്പാടിലൂടെയുള്ള അവബോധം നിലനിർത്തുക എന്നാണ് അർത്ഥമാക്കുന്നത്. ‘നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നുവോ? എങ്കില്‍ സമയം പാഴാക്കാതിരിക്കുക. അതാണ് ജീവിതത്തിന്റെ മൂലധനം”എന്ന ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്റെ വാക്കുകള്‍ നമുക്കുള്ള വലിയൊരു സന്ദേശമാണ്.

4. സ്വയം സ്നേഹിക്കുക

Love yourself

ശരീരത്തിന്റെ സൗന്ദര്യവും ആരോഗ്യവും പരിപാലിക്കാന്‍ കാണിക്കുന്ന അതേ ശുഷ്‌കാന്തിയോടെ നമ്മുടെ മനസ്സും ബുദ്ധിയും വൃത്തിയോടെയും ആരോഗ്യത്തോടെയും സംരക്ഷിക്കുക. വിവേകപൂര്‍വ്വം ചിന്തിക്കാന്‍ ബുദ്ധിയെ പരിശീലിപ്പിക്കുകയും, അതിനുതക്ക അറിവുകള്‍ ബുദ്ധിയ്ക്കു പകര്‍ന്നു നല്കുകയും ചെയ്യുക. മറ്റുള്ളവരെ മാത്രമല്ല, നമ്മളെത്തന്നെയും വെറുക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കിടയില്‍ മാനസികത്തകര്‍ച്ചയും ആത്മഹത്യാപ്രവണതയും ഇന്നു വളരെ കൂടുതലാണ്. മറ്റുള്ളവരെ സ്‌നേഹിക്കുന്നത് എത്രമാത്രം പ്രധാനമാണോ അതുപോലെതന്നെ സ്വയം സ്‌നേഹിക്കുന്നതും പ്രധാനമാണ്. കാരണം, നിങ്ങളുമായി നിങ്ങൾക്കുള്ള ബന്ധം മാത്രമാണ് യഥാർത്ഥ ജീവിതകാലം നീണ്ടുനിൽക്കുന്ന ബന്ധം. സ്വയം സ്നേഹമാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്നേഹം. എന്തുകൊണ്ട് അത് പ്രാധാന്യമർഹിക്കുന്നത്? കാരണം നിങ്ങൾ സ്വയം സ്നേഹിക്കുന്നതുവരെ മറ്റുള്ളവരുമായി ആരോഗ്യകരമായ സ്നേഹം പങ്കിടാൻ കഴിയില്ല. നിങ്ങൾക്ക് മറ്റുള്ളവരോട് സ്നേഹം തോന്നിയേക്കാം, പക്ഷേ നിങ്ങൾക്ക് അത് ഭയമില്ലാതെ പ്രകടിപ്പിക്കാൻ കഴിയില്ല. സ്വയം സ്നേഹം നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള നിങ്ങളുടെ ബന്ധത്തെയും മാറ്റും. മറ്റുള്ളവരുടെ അഭ്യർത്ഥനകൾക്ക് "അതെ" എന്ന് പറയുന്നതിനുപകരം, നിങ്ങൾക്ക് അനുകൂലിക്കാനാവാത്ത കാര്യങ്ങളോട് നിങ്ങൾക്ക് നോ പറയാൻ കഴിയും, കാരണം നിങ്ങളുടെ സ്വന്തം സ്വത്വത്തെ നിങ്ങൾ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. അനാവശ്യമായ സ്വയം വിമർശനവും, അപകർഷതയും ഉൾവലിയലിനെയും ആത്മാഭിമാനവും സ്വയംസ്വീകാര്യതയും സ്വയം അഭിനന്ദനവും ഉപയോഗിച്ച് മാറ്റുക.

പോസിറ്റീവായി സ്വയം നിങ്ങളുമായി ആശയവിനിമയം നടത്തുക. അമിത ചിന്തകൾക്ക് അതിരുകൾ നിശ്ചയിക്കുകയും നിങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്തുകൊണ്ട് നിങ്ങളോട് സ്വയം ബഹുമാനം കാണിക്കുക.
ദിവസേന അവനവനു വേണ്ടി അല്പം സമയം ചെലവഴിക്കുക. നിങ്ങളുടെ പ്രതിബദ്ധതകളെ മാനിച്ചുകൊണ്ട് നിങ്ങളിലുള്ള വിശ്വാസം വളർത്തിയെടുക്കുക. സ്വയം സ്നേഹം പരിശീലിക്കുന്നത് നിങ്ങളുടെ ആത്മാഭിമാനം മെച്ചപ്പെടുത്തുകയും നിങ്ങളുടെ ശക്തികളെക്കുറിച്ച് സ്വയം ബോധവാന്മാരാക്കുകയും നിങ്ങളുടെ ബലഹീനതകളെ കൂടുതൽ അംഗീകരിക്കാൻ അനുവദിക്കുകയും ചെയ്യും. നല്ല മാനസികാരോഗ്യത്തിനായി സ്വയം സ്നേഹം പരിശീലിക്കുന്നത് വളരെ നല്ലതാണ്.

ആത്മസ്നേഹത്തിന്റെ അവസ്ഥ കൈവരിക്കാൻ നിങ്ങളെ സഹായിക്കുന്ന കുറച്ചു കാര്യങ്ങൾ :- സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക, സ്വന്തം തെറ്റുകളിൽ നിന്ന് പഠിക്കുക, നിങ്ങളുടെ വിജയങ്ങൾ നിസ്സാരവൽക്കരിക്കുകയോ അതിൽ അസൂയ തോന്നുന്നവരോ ആയിട്ടുള്ള ആളുകൾക്ക് വേണ്ടി നിങ്ങൾ സമയം നിക്ഷേപിക്കുന്നത് ഒഴിവാക്കുക, മറ്റുള്ളവരുടെ ആഗ്രഹങ്ങളിൽ നിന്ന് സ്വതന്ത്രമായിരിക്കാൻ പഠിക്കുക ഒപ്പം സ്വന്തം പ്രതീക്ഷകൾ നിറവേറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പുതിയ എന്തെങ്കിലും കാര്യം ചെയ്യുന്നതിൽ നിന്ന് ഭയവും, ഉത്കണ്ഠയും നിങ്ങളെ തടയുവാൻ അനുവദിക്കരുത്, നിങ്ങളുടേതായ രീതിയിൽ നിങ്ങൾ അകമേയും പുറമേയും സുന്ദരമാണ് എന്ന് വിശ്വസിക്കുക.

നമ്മുടെ ചുറ്റും നോക്കുമ്പോൾ, കരിയറിലും ജീവിതത്തിലും വെന്നിക്കൊടി പാറിച്ച് തലയുയർത്തി ആത്മവിശ്വാസത്തോടെ നിൽക്കുന്ന ധാരാളം ആളുകളെ നമുക്ക് കാണാൻ സാധിക്കും. എന്നാൽ അവരുടെ ഈ വിജയങ്ങൾക്കെല്ലാം പിന്നിൽ എന്താണ്? അവരെ അവരാക്കി മാറ്റിയത് എന്തൊക്കെയാണ്? സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിച്ച്, ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുന്നു എന്നതാകും.

5. റിലാക്സേഷൻ ടെക്നിക്ക്

Relax

ഇന്നത്തെ കാലത്ത് മാനസിക സമ്മര്‍ദം അനുഭവിക്കാത്തവരുണ്ടാവില്ല. ജോലിഭാരം, കുടുംബത്തിലെ പ്രശ്നങ്ങള്‍, അനാവശ്യമായ മത്സരം എന്നിങ്ങനെ കാരണങ്ങള്‍ പലതാണ്. പിരിമുറുക്കത്തിന്‍റെ വ്യാപ്തി ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ചെറിയതോതിലുള്ള ടെന്‍ഷന്‍ പ്രവര്‍ത്തനശേഷി കൂട്ടുമെങ്കിലും ജീവിതതാളം തെറ്റിക്കാന്‍ തുടങ്ങിയാല്‍ വളരെ ശ്രദ്ധിക്കണം. തൊണ്ട വരളുക, തലവേദന, ദഹനക്കേട്, ഉറക്കമില്ലായ്മ, പേശികള്‍ വലിഞ്ഞുമുറുകുക, രക്തസമ്മര്‍ദം കൂടുക, അസ്വസ്ഥത, പെട്ടെന്നുള്ള ദേഷ്യം, തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വരിക, പുകവലി, മദ്യപാനം എന്നിവ കൂടുകയോ പുതുതായി രൂപപ്പെടുകയോ ചെയ്യുക തുടങ്ങിയ ശാരീരിക പ്രതികരണങ്ങളൊക്കെ അമിതമായ മാനസിക സമ്മര്‍ദത്തിന്റെ ലക്ഷണങ്ങളാണ്. കടുത്ത പിരിമുറുക്കം ജീവിതം തന്നെ തകര്‍ക്കും. രോഗപ്രതിരോധശക്തിയെ തകരാറിലാക്കി മാനസികാരോഗ്യത്തെ കൂടി പ്രതികൂലമായി ബാധിക്കും. ഫലമോ;വിഷാദവും ഭയവും നിറഞ്ഞ മനസും ഊര്‍ജമൂറ്റിയെടുക്കപ്പെട്ടു രോഗങ്ങളാല്‍ വലയുന്ന ശരീരവും.

നിങ്ങൾ ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ വിജയിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? പിരിമുറുക്കത്തിൽ നിന്ന് എക്കാലവും മുക്തനാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഒരു വിശ്രമാവസ്ഥ സ്വീകരിക്കുമ്പോൾ നാം വിജയത്തിന് സ്വീകാര്യരാകും എന്നതാണ് സത്യം. നമ്മുടെ സമ്മർദ്ദത്തെ അതിജീവിക്കുവാൻ നാം എത്രത്തോളം വിശ്രമിക്കുകയും, പ്രകൃതിശക്തിയോട് കീഴടങ്ങുകയും ചെയ്യുന്നുവോ അത്രത്തോളം നമ്മുടെ ഊർജ്ജമണ്ഡലം വികസിക്കുകയും തുറക്കുകയും ചെയ്യുന്നു. ഈ വികസിതമായ ഊർജ്ജ മേഖല നമ്മുടെ ജീവിതത്തിലേക്ക് കൂടുതൽ വിജയം ആകർഷിക്കുന്നു. ശരീരികമായി വിശ്രമം നമ്മുടെ ഹൃദയമിടിപ്പ് കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും പിരിമുറുക്കം ഒഴിവാക്കുകയും ചെയ്യുന്നു. വിശ്രമിക്കുമ്പോൾ അവശ്യ പോഷകങ്ങൾ കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യുന്നതിനാൽ ഇത് ദഹനത്തെ സഹായിക്കുന്നു, ഇത് രോഗത്തെയും അണുബാധയെയും പ്രതിരോധിക്കാൻ സഹായിക്കുന്നു. പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ ശ്വാസതാളം തെറ്റും. ബ്രീതിങ് ടെക്നിക്കുകള്‍ ശ്വാസോച്ഛ്വാസത്തിന്റെ താളക്രമം നിലനിര്‍ത്തി റിലാക്സ് ആകാന്‍ നമ്മെ സഹായിക്കും. ഓഫിസ് ജോലിയിലെ ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാംസ്ഥാനം അമിതടെന്‍ഷനാണ്. ഒരു വൈദ്യുതബള്‍ബിനെ പ്രകാശിപ്പിക്കണമെങ്കില്‍ കറന്റ് ആവശ്യമാണ്. എന്നാല്‍ കറന്റ് ആവശ്യത്തിലധികമായാല്‍ ഫിലമെന്റ് കത്തി ബള്‍ബ് ഫ്യൂസായിപ്പോകും. ഇതുപോലെയാണ് ഓഫിസിലെ ടെന്‍ഷനും. സമയത്തു ജോലി തീര്‍ക്കുന്നതിനു ചെറിയ ടെന്‍ഷന്‍ നല്ലതാണ്. എന്നാല്‍, ടെന്‍ഷന്‍ കഠിനമാകുമ്പോഴോ പതിവാകുമ്പോഴോ ജീവിതത്തിന്റെ തന്നെ ബാലന്‍സ് തെറ്റിക്കുമ്പോഴോ ആണു ശാരീരികമാനസിക പ്രശ്നങ്ങളിലേക്കു നയിക്കാന്‍ തക്കവിധം ദോഷകരമാകുന്നത്. ഉത്കണ്ഠ, ഉറക്കമില്ലായ്മ, മൈഗ്രേന്‍, അള്‍സര്‍ തുടങ്ങി ഹൃദയാഘാതത്തിനു വരെ അമിതടെന്‍ഷന്‍ കാരണമാകാം.

ടെന്‍ഷനകറ്റാനുള്ള ചില മാര്‍ഗങ്ങള്‍ അറിയാം :-

  • നിങ്ങളുടെ പ്രകടനം മോശമാകുമ്പോള്‍ നിരാശയുടെ പടുകുഴിയില്‍ വീഴുന്നതിനു പകരം ഇന്നലെകളില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച വിജയങ്ങളെക്കുറിച്ചോര്‍ക്കുക.

  • തിരക്കുള്ളപ്പോള്‍ കാര്യങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ ചെയ്യുക. ഓരോന്നിനും നിശ്ചിത സമയം കണ്ടെത്തുക. ഒരു സമയം ഒരൊറ്റ കാര്യം മാത്രം ചെയ്യുക. നിങ്ങളുടെ മുഴുവന്‍ ഊര്‍ജവും ശ്രദ്ധയും അതില്‍ മാത്രം പതിപ്പിക്കുക.

  • ജോലിസ്ഥലത്തെ അതൃപ്തിയെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും മേലധികാരിയോടു തുറന്നു സംസാരിക്കുക.

  • ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകളും മൊബൈല്‍ ഫോണുകളും ഉപയോഗിക്കുന്ന വ്യക്തിയാണു നിങ്ങളെങ്കില്‍ അത് ഓരോന്നായി ചുരുക്കുക. വരുമാനത്തിന്റെ 30% എങ്കിലും സമ്പാദ്യമാക്കുക. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും പെരുമാറ്റത്തിലും അറിവിലും സ്വയം മെച്ചപ്പെടുത്തുന്നതും ജോലി ആസ്വാദ്യകരമാക്കും. ഒപ്പം ജോലിയിലെ ഉയര്‍ച്ചകളും നമ്മെത്തേടിയെത്തും. ഒഴിവു സമയങ്ങള്‍ വിനോദങ്ങള്‍ക്കായോ കുടുംബാംഗങ്ങള്‍ക്കൊപ്പം ഔട്ടിങ്ങിനോ റിലാക്സ് ചെയ്യുന്നതിനോ വിനിയോഗിക്കുക.

റിലാക്സാകാന്‍ കുറച്ചു വഴികള്‍:

ഒറ്റയിരുപ്പിനു ജോലി തീര്‍ക്കുന്നതിനു പകരം ഇടയ്ക്കിടയ്ക്കു 10-15 മിനിറ്റ് വിശ്രമിക്കുക. ഈ സമയങ്ങളില്‍ റിലാക്സേഷന്‍ ടെക്നിക്കുകള്‍ ചെയ്യാം. ചെറിയ നടപ്പാകാം, കസേരയില്‍ ഇരുന്നു കൈയിലെയും കാലിലെയും പേശികള്‍ മുറുക്കിയും അയച്ചുമുള്ള വ്യായാമം ചെയ്യാം. കാപ്പി, പഞ്ചസാര, മദ്യം തുടങ്ങിയവ ടെന്‍ഷന്‍ കൂട്ടും. ഇവ കുറയ്ക്കുക. ഒന്നും അസാധ്യമല്ല എന്നു സ്വയം മനസില്‍ പറഞ്ഞുറപ്പിക്കുക. ജോലി തുടങ്ങും മുമ്പും ഇടവേളകളിലും ഇത് ആവര്‍ത്തിക്കുക. ആത്മവിശ്വാസം ഉണരും. മാസങ്ങളോളം ജോലിത്തിരക്കില്‍ മുഴുകുന്നതിനുപകരം ഇടയ്ക്കു യാത്രകള്‍ പോകാം. ഇതു മനസും ശരീരവും റീചാര്‍ജ് ചെയ്യും. ടെന്‍ഷന്‍ മൂലമുള്ള നിര്‍ജലീകരണം കുറയ്ക്കാന്‍ വെള്ളം കുടിച്ചാല്‍ മതി. ഉറക്കം കുറഞ്ഞാല്‍ ടെന്‍ഷന്‍ നിയന്ത്രിക്കാനാവില്ല. അതുകൊണ്ട് നിര്‍ബന്ധമായും ഉറക്കം ശ്രദ്ദിക്കുക. ജോലി സമയം തുടങ്ങുന്നതിനു പത്തോ പതിനഞ്ചോ മിനിറ്റ് മുമ്പ് ഓഫിസില്‍ എത്തുക. ഫ്രഷ് ആവാനും ചെയ്യേണ്ട ജോലികള്‍ ലിസ്റ്റ് ചെയ്യാനും സമയം കിട്ടും. ടെന്‍ഷനുണ്ടാക്കുന്ന സാഹചര്യങ്ങളോടും വ്യക്തികളോടും വൈകാരികമായി പ്രതികരിക്കരുത്. മനസ് ഒരു മിനിറ്റ് ടെന്‍ഷന്‍ഫ്രീ ആക്കിയ ശേഷം മാത്രം പ്രതികരിക്കുക. പെര്‍ഫെക്ഷ്നിസം നല്ലതാണ്. പക്ഷേ, പ്രായോഗികമാകണം. നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുക. അതില്‍ കവിഞ്ഞ കാര്യങ്ങളോര്‍ത്ത് ടെന്‍ഷനടിക്കരുത്. ഇഷ്ടമുള്ള ആളുടെ രൂപമോ, സിനിമയിലെ ഇഷ്ടസീനോ, ഇഷ്ടമുള്ളസ്ഥലമോ മനസില്‍ കാണുക. ∙ ജോലി നിര്‍ത്തി ചുറ്റുമുള്ള ശബ്ദങ്ങള്‍ ശ്രദ്ധിക്കുക. കണ്ണുകളടച്ച് നിങ്ങളുടെ ജോലി മാത്രം മനസില്‍ കാണുക. ഇനി കണ്ണു തുറന്ന് അതില്‍ പൂര്‍ണമായും മുഴുകുക. കണ്ണുകളടച്ച് ഒന്നു മുതല്‍ മൂന്നുവരെ എണ്ണി ശ്വാസം ഉള്ളിലേക്കെടുക്കുക. ആറുവരെ എണ്ണി ശ്വാസം പുറത്തുവിടുക.

6. പോസിറ്റീവ് മനോഭാവം.

Positive attitude

ഒരു വ്യക്തിയുടെ ജീവിതത്തിൽ വിജയത്തിന്റെ അടിത്തറ എന്നത് സ്വയം ചിന്തകളെ നിയന്ത്രിച്ച് മാനസീക കരുത്ത് നേടുക എന്നതാണ്. ഒരു വ്യക്തി എപ്രകാരം ചിന്തിക്കുന്നുവോ അപ്രകാരം അയാള്‍ ആയിതീരുന്നു. നമ്മുടെ മനോഭാവം ആശ്രയിച്ചാണ് നമ്മുടെ വിജയം കുടികൊള്ളുന്നത്. ഏതുസാഹചര്യത്തില്‍ ആയി കൊള്ളട്ടെ മനോഭാവം മാറ്റാ‌ന്‍ കഴിഞാല്‍ വിജയം നമ്മളെ തേടിയെത്തും. നിങ്ങളെ പൂര്‍ണമായും നശിപ്പിക്കാവുന്ന ഒരാശയമെങ്കിലും ഓരോ ദിവസവും രാവിലെ നിങ്ങള്‍ക്ക് കേള്‍ക്കാം. നാം രാവിലെ വര്‍ത്തമാനപത്രത്തില്‍ ഏറ്റവും ചുരുങ്ങിയത് നിഷേധാത്മകമായ (negative) നാല് വാര്‍ത്തകളെങ്കിലും വായിക്കുന്നു. എല്ലാ ദിവസവും രാവിലെ നമ്മുടെ വീടുകളിലേക്കെത്തുന്നത് ഒരു കൂട്ടം വിചാരങ്ങളാണ്. ആ വിചാരധാരയുടെ സ്വാധീനവലയത്തില്‍ പെടാത നമുക്ക് സ്വയം എങ്ങനെ രക്ഷിക്കാനാകുമെന്നത് വലിയൊരു വെല്ലുവിളിയാണ്. ആധുനിക ജേണലിസ്റ്റുകളുടെ ഏറ്റവും പുതിയ വെല്ലുവിളി എങ്ങനെ പോസിറ്റീവ് വാര്‍ത്തകള്‍ സൃഷ്ടിക്കാം എന്നതാണ്.

നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും നല്ലതാവട്ടെ. കാരണം ചിന്തകൾ കുറെയേറെ കാഴ്ചയെയും കേൾവിയെയും ആശ്രയിച്ചിരിക്കുന്നു. അതിന് നേരെ മറിച്ചും ചിന്തിക്കാം. കാഴ്ചയും കേൾവിയും ചിന്തയെയും ആശ്രയിച്ചിരിക്കുന്നു. എങ്ങനെയാണ് നമ്മള്‍ കേള്‍ക്കുന്നതും കാണുന്നതും നല്ലതാകുന്നത്? അതിന് നമുക്ക് പോസിറ്റീവ് ആയ ഒരു ചിന്താപദ്ധതി (thinking process) ആവശ്യമാണ്. നമുക്ക് എന്തിനെയും ശുഭോദര്‍ക്കമായും (positive) നിഷേധാത്മകമായും (negative)കാണാം. അത് വ്യക്തിനിര്‍മാണത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ആയുധമാണ്. എല്ലാം നെഗറ്റീവ് ആയി കാണുന്ന നിഷേധസ്വഭാവമുള്ള ആളുകളാണ് നമുക്ക് ചുറ്റുപാടുമുള്ളത്. അതൊരു ഒഴുക്കാണ്. ആ ഒഴുക്കിനെതിരെ നീന്താന്‍ നമുക്കു കഴിയണം. ആ ഒഴുക്കിനെതിരെ നീന്തുമ്പോഴാണ് നമുക്ക് ജീവിതത്തില്‍ ആഘോഷിക്കാന്‍ എന്തെങ്കിലും ഉണ്ട് എന്ന് കണ്ടെത്താന്‍ കഴിയുക. ആഘോഷിക്കാന്‍ ചിലതുണ്ട് എന്ന് കണ്ടെത്താനും അത് അഘോഷിക്കാനും നമുക്കാകണം. ജീവിതത്തില്‍ ആഘോഷിക്കാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെ അതെന്തു ജീവിതമാണ്? നമ്മുടെ മനോതലത്തിലൂടെ പലവിധ ചിന്തകള്‍ സദാസമയവും കടന്ന്‌ പോയിക്കൊണ്ടിരിക്കുന്നു. ആ കൂട്ടത്തില്‍ നമ്മെ ഉയര്‍ത്തുന്ന ചിന്തകളും താഴ്ത്തുന്ന ചിന്തകളും ഉണ്ടാകുന്നുണ്ട്. അതില്‍ നമ്മെ അധഃപതിപ്പിക്കുന്ന ചിന്തകളെ ത്യജിച്ച്‌ പുരോഗതിയിലേക്ക്‌ നയിക്കുന്ന ചിന്തകളെ സ്വീകരിക്കേണ്ടതുണ്ട്‌. ചിന്തകളുടെ ശക്തിയും, അവ നമ്മില്‍ ചെലുത്തുന്ന സ്വാധീനവും എത്രയോ വലുതാണ്‌. ഒരു പക്ഷിയെ പറക്കാന്‍ സഹായിക്കുന്നത് അവയുടെ ചിറക് മാത്രമല്ല, പറക്കാനുള്ള അവയുടെ ആത്മവിശ്വാസം കൂടിയാണ്. ഒരു നല്ല പോസിറ്റീവ് മനസ്സോടെ നിങ്ങൾ എന്തിനെയും സമീപിക്കുക. നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ വിജയം നേടാനാകും. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാൻ പോസിറ്റീവ് ആയ ഒരു മനസ്സിന് വളരെ എളുപ്പത്തിൽ സാധിക്കും. ജീവിതം എന്നതൊരു ഓട്ടമത്സരമാണ്. ചിലപ്പോൾ പ്രതിസന്ധികൾ നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കേണ്ടി വരുന്നു. പോസിറ്റീവായ ചിന്തകള്‍ മനുഷ്യന് ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള പാതകളാണ്. ആവര്‍ത്തിച്ച് ഉരുവിടുന്നത് അല്ലെങ്കില്‍ ചിന്തിയ്ക്കുന്നത് അതുമല്ലെങ്കില്‍ ആവര്‍ത്തിച്ചുതന്നെ ഭാവനയില്‍ കണുന്നത് ഉപബോധമനസ്സിൽ പ്രോഗ്രാമുകളാവും. ഉപബോധ മനസ്സില്‍ പ്രോഗ്രാമുകളായാലോ നമ്മള്‍ എന്താണോ പ്രോഗ്രാം ചെയ്തത് അതായിത്തീരുകയും ചെയ്യും. ജീവിതത്തോട് പോസിറ്റീവ് മനോഭാവം നിലനിർത്തേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നിങ്ങളുടെ ആരോഗ്യവും ബന്ധങ്ങളും ഉൾപ്പെടെയുള്ള ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനും ഇത് നിങ്ങളെ സഹായിക്കുന്നു.

നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നുവോ അതായിത്തീരും. ജീവിതത്തോട് പോസിറ്റീവ് മനോഭാവം നിലനിർത്തേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നിങ്ങളുടെ ആരോഗ്യവും ബന്ധങ്ങളും ഉൾപ്പെടെയുള്ള ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനും ഇത് നിങ്ങളെ സഹായിക്കുന്നു.

7. നാവടക്കൂ, പണിയെടുക്കൂ.

Talk less and act more

കഠിനാധ്വാനത്തെ വിജയത്തിന്റെ പ്രധാന ഘടകമായി പറയപ്പെടുന്നു. കഠിനാധ്വാനം യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത്? ചിലർ, ഇത് അധിക മണിക്കൂറുകൾ ചെലവഴിക്കുക എന്നാണ് അർത്ഥമാക്കുന്നത്. മറ്റു ചിലർ കൂടുതൽ തീവ്രമായി പ്രവർത്തിക്കുക എന്നും നോക്കിക്കാണുന്നു. കഠിനാധ്വാനത്തിന്റെ നിർവചനത്തിലെ വ്യത്യാസങ്ങൾ വ്യക്തിക്കും ലക്ഷ്യത്തിനും അനുയോജ്യമാക്കുന്നത് ഉചിതമാണ് എന്നതാണ് സത്യം. കഴിവുകളെ നിരന്തരമായ അധ്വാനം കൊണ്ട് കൂടുതല്‍ ഫലവത്താക്കാന്‍ സാധിക്കുന്നു. രാകിരാകി മിനുക്കുമ്പോഴാണ് വജ്രം കൂടുതല്‍ പ്രകാശമുറ്റതാകുന്നത്. നേട്ടങ്ങള്‍ക്ക് പിന്നില്‍ ദീര്‍ഘകാലത്തെ കഠിനാധ്വാനമുണ്ട്. തെളിയാത്ത കഴിവുകളും മികവ് കുറഞ്ഞ കഴിവുകളും പരിശീലനത്തിലൂടെയും പ്രയോഗത്തിലൂടെയുമാണ് വളരുകയും മേന്മ നേടുകയുംചെയ്യുന്നത്. കുറവുകള്‍ നികത്താന്‍ കഠിനാധ്വാനത്തിന് സാധിക്കുന്നു. മുന്നില്‍ തരണം ചെയ്യാനുള്ള പ്രതിബന്ധങ്ങള്‍ വരുമ്പോള്‍ ചിലര്‍ നെടുവീര്‍പ്പിട്ട് പിന്‍വാങ്ങുന്നു. മറ്റുള്ളവരുടെ വിലയിരുത്തലുകള്‍ പ്രതികൂലമാവുമ്പോള്‍ തളരുന്നില്ല. അഭിമുഖീകരണത്തില്‍ നിന്നാണ് ജയത്തിലേക്കുള്ള പാത വെട്ടുന്നത്. പിന്തിരിഞ്ഞോടല്‍ പരാജയം അംഗീകരിക്കലാണെന്ന് മനസ്സിലാക്കുന്നവര്‍, മുന്നോട്ട് പോകാനുള്ള പരിശ്രമങ്ങളെക്കുറിച്ചാണ് ആലോചിക്കുന്നത്. പലവട്ടം പരാജയപ്പെട്ടിട്ടും കടക്കാരനായി മാറിയിട്ടും പിന്‍വാങ്ങാതെ മുന്നോട്ട് നീങ്ങി. പില്‍ക്കാലത്ത് ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ പര്യായമായി മാറിയ ഹെന്റി ഫോര്‍ഡ് ഒരാളിന്റെ വളര്‍ച്ചയില്‍ മുന്നിലെത്തുന്ന വൈതരണികളെക്കുറിച്ച് പറയുന്നു. 'നിങ്ങളുടെ ലക്ഷ്യത്തില്‍നിന്ന് കണ്ണെടുത്തുമാറ്റുമ്പോള്‍ കാണുന്ന പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് നിങ്ങളുടെ പ്രതികൂല സാഹചര്യങ്ങള്‍'. ലക്ഷ്യത്തെ കൈവിടുമ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് വിധിയെഴുതുന്നു. എല്ലാം തടസ്സങ്ങളായി തോന്നുന്നു. ലക്ഷ്യത്തെ കൈവിടുമ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് വിധിയെഴുതുന്നു. എല്ലാം തടസ്സങ്ങളായി തോന്നുന്നു. ലക്ഷ്യം എന്തെന്ന തീരുമാനിച്ച മുന്നേറുന്നയാള്‍ ചുറ്റുവട്ടത്തെ പ്രതികൂലമെന്ന് വിധിക്കുന്നില്ല. മറ്റുള്ളവരെ പഴിചാരുന്നില്ല. അവർ മുന്നേറുന്നു. കഠിനാധ്വാനിയെ തിരിച്ചറിയാനുള്ള ചില വഴികൾ ഇതാ:-

ശാരീരികമായോ മാനസികമായോ വൈകാരികമായോ അവർ തങ്ങളുടെ ജോലിയിൽ വളരെയധികം പരിശ്രമിക്കുന്നു. അവർ അധിക സമയം ചെലവഴിക്കുന്നു. അവർ ഉയർന്ന തീവ്രതയിൽ പ്രവർത്തിക്കുന്നു. കുറഞ്ഞ സമയ ഫ്രെയിമിൽ വലിയ അളവിലുള്ള ജോലി പൂർത്തിയാക്കുന്നു. അവർ ഉത്സാഹമുള്ളവരും സ്ഥിരതയുള്ളവരുമാണ്, കൂടാതെ എല്ലായ്‌പ്പോഴും ശരാശരി നിലവാരത്തേക്കാൾ ഉയർന്ന നിലവാരം പുലർത്തുന്നു. കഴിയുന്നത്ര ഉൽപ്പാദനക്ഷമമായ രീതിയിൽ അവർ തങ്ങളുടെ ജോലികൾ ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകയും ചെയ്യുന്നു. അവർ മുൻകൈയെടുക്കുകയും അവസരങ്ങൾ തിരിച്ചറിയുകയും സ്വതന്ത്രമായി ഉൽപ്പാദനക്ഷമത സൃഷ്ടിക്കുകയും ചെയ്യുന്നു. അവർ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഏകാഗ്രത നിലനിർത്തുവാനുള്ള കഴിവുള്ളവരും ആണ്. അവർ കഠിനാധ്വാനം നിർത്താതെ തുടരുന്നു. ഒരിക്കലും പിന്തിരിയാതെ...

continue reading.

നിങ്ങളുടെ വിഷന്‍ ബോര്‍ഡ് എങ്ങനെ ചിട്ടയോടുകൂടി ഉണ്ടാക്കാം?

നിങ്ങളുടെ വിഷന്‍ ബോര്‍ഡ് എങ്ങനെ ചിട്ടയോടുകൂടി ഉണ്ടാക്കാം?

Jul 13, 2022
ഈ വിഷുവിന് ചെയ്യാൻ‍ പത്തിലേറെ കാര്യങ്ങൾ

ഈ വിഷുവിന് ചെയ്യാൻ‍ പത്തിലേറെ കാര്യങ്ങൾ

Apr 15, 2022
കേരളത്തിലെ 12 പ്രമുഖ ബിസിനസ് രാജാക്കൻമാർ

കേരളത്തിലെ 12 പ്രമുഖ ബിസിനസ് രാജാക്കൻമാർ

Aug 22, 2022
Top 7 small scale business in Kerala

Top 7 small scale business in Kerala

Aug 1, 2022
download katha app