Katha

അർബുദ രോഗികൾക്ക് മുടി ധാനം ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം

May 10, 2022
അർബുദ രോഗികൾക്ക് മുടി ധാനം ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം

മുഖസൗന്ദര്യമെന്ന് ആകെത്തുകയായി പറയുമ്പോൾ മുടിയുടെ സൗന്ദര്യം കൂടി അതിൽ ഉൾപ്പെടുന്നുണ്ട്. ചീകിയും, ചീകാതെയും, വകച്ചിലിട്ടും, പൊക്കികെട്ടിയും, ഇഴപിന്നിയും ഒക്കെ നമ്മൾ കാത്തുസൂക്ഷിക്കുന്ന അത്യാവശ്യം നീളമുള്ള മുടി വെട്ടിയെടുക്കുക എന്നത് പലർക്കും ചിന്തിക്കാൻ പോലും ദുഷ്കരമാണ്. എന്നാൽ അത് മറ്റൊരാൾക്ക് ഉപകാരത്തിന് വേണ്ടി ത്യജിക്കുന്നതാണെങ്കിലോ?

കേശദാനം എന്താണ്?

മാരകരോഗമായ ക്യാൻസർ ബാധിച്ചവർക്ക് റേഡിയേഷൻ ചികിത്സയുടെ ഭാഗമായും മറ്റും മുടികൾ തീരെ കൊഴിഞ്ഞില്ലാതാവാറുണ്ട്. അവർക്ക് വേണ്ടി നമ്മുടെ നിശ്ചിത നീളമുള്ള മുടിയിഴകൾ വെട്ടി സംഭാവന ചെയ്യുന്നതാണ് കേശദാനം. നമ്മൾ സംഭാവന ചെയ്യുന്ന മുടിക്കെട്ട് സ്വീകരിക്കാനും, അവയെ വിഗ്ഗുകളാക്കി മാറ്റി മുൻപറഞ്ഞ ആവശ്യക്കാർക്ക് കൊടുക്കുവാനും കഴിയുന്ന നിരവധി സന്നദ്ധസംഘടനകളും അവരുടെ പ്രോഗ്രാമുകളും ഉണ്ട്.

കേശദാനത്തിന്റെ ആവശ്യകത

Hari donation

കീമോതെറാപ്പിയുടെയും മരുന്നുകളുടെ പാർശ്വഫലമായും മറ്റും സാരമായ മുടികൊഴിച്ചിലുണ്ടാവുന്ന കാൻസർ രോഗികൾ വൈകാരികമായ പലവിധ വെല്ലുവിളികളുമായി മല്ലിടുന്നുണ്ട്. അവർക്ക് ആശ്വാസവും, ആത്മവിശ്വാസവും, ശക്തിയും, പ്രതീക്ഷയും നൽകാൻ നമുക്ക് സാധിക്കും. നമ്മൾ കൊടുക്കുന്ന മുടിയിഴകൾ കൊണ്ടു നിർമ്മിക്കുന്ന വിഗ്ഗുകൾ വലിയൊരളവ് വരെ അവർക്കുള്ള നമ്മുടെ സാന്ത്വനമാണ്. ത്യാഗത്തിലൂടെയല്ലാതെ മഹത്തായതൊന്നും ഒരിക്കലും, ആരും നേടിയിട്ടില്ല.

മുടി ദാനം ചെയ്യേണ്ടവർ അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ

എല്ലാവർക്കും ദാനം ചെയ്യാൻ കഴിയാവുന്ന മുടിയുടെ ഏറ്റവും കുറഞ്ഞ നീളം പല സംഘടനകളുടെയും ലക്ഷ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഉദാഹഹരണത്തിന് കുട്ടികൾക്കും സ്ത്രീകൾക്കും വ്യത്യസ്ത നീളം ആയിരിക്കുമല്ലോ വേണ്ടത്. സാധാരണയായി 7.5 ഇഞ്ച് മുതൽ 14 ഇഞ്ച് വരെമുതിർന്നവർക്കും കുട്ടികൾക്കും മുടി ദാനം ചെയ്യാം.

കളർ ചെയ്തതോ, കൃത്രിമമായി ചുരുളുകൾ ആക്കിയതോ, ഹൈലൈറ്റ് ചെയ്തതോ, ബ്ലീച്ച് ചെയ്തതോ, അഴിയാത്ത വിധം ജട വീണതോ, നരച്ചതോ ആയ മുടി ഒരു സ്ഥാപനം എടുക്കുമോ ഇല്ലയോ എന്ന് നിങ്ങൾ വിശകലനം ചെയ്യേണ്ടി വന്നേക്കാം. ഉദാഹരണത്തിന് ചില സംഘടനകൾ നരച്ച മുടി അല്ലെങ്കിൽ മുടിയിൽ ഒരു നിശ്ചിത ശതമാനം വരെ ചാരനിറം സ്വീകരിക്കുന്നു, മറ്റു ചിലർ അത് സ്വീകരിക്കുന്നില്ല. അതുപോലെ സ്വന്തം കാൻസർ ചികിത്സയ്ക്കിടെ ഉപയോഗിച്ചിരുന്ന ഒരു വിഗ് സംഭാവന നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് നവീകരിച്ച് എടുക്കുന്ന മറ്റ് സംഘടനകളുണ്ട്.

നിങ്ങൾ സലൂണിലേക്ക് പോകുന്നതിന് മുമ്പ്, ഇത് ഉറപ്പാക്കുക:

How to donate hair

മുടി കഴുകി ഉണക്കുക. നിങ്ങളുടെ മുടി കഴുകിയ ശേഷം, ഹെയർസ്‌പ്രേ, ജെൽ തുടങ്ങിയ മുടി ഉൽപ്പന്നങ്ങളൊന്നും ഉപയോഗിക്കരുത്. ദാനം ചെയ്യപ്പെടുന്ന മുടി കയറ്റുമതി ചെയ്യുന്നതിനുമുമ്പ് പൂർണ്ണമായും ഉണങ്ങിയതായിരിക്കണം, അല്ലെങ്കിൽ അത് പൂപ്പൽ ഉണ്ടാക്കുകയും ഉപയോഗശൂന്യമാവുകയും ചെയ്യും.

ഒരു നീളമുള്ള സ്‌കെയിൽ, പോണിടെയിൽ ഹോൾഡറുകൾ, ഒരു റീസീലബിൾ പ്ലാസ്റ്റിക് ബാഗ് എന്നിവ കയ്യിൽ കരുതുക. നല്ല ഒരു ഹെയർസ്റ്റൈലിസ്റ്റിനെ സമീപിക്കുക.

ചില കേശദാന സംഘടനകൾ മുടി മുറിക്കുന്നതിന് അവരുടെ പരിചയത്തിലുള്ള പ്രത്യേക സലൂണുകളോ, ഹെയർ സ്റ്റൈലിസ്റ്റുകളെയോ തരപ്പെടുത്തി തന്നേക്കാം. അല്ലാത്തപക്ഷം നിങ്ങളുടെ ഹെയർസ്റ്റൈലിസ്റ്റ് കേശദാനത്തിന് വേണ്ടി മുടി മുറിയ്ക്കുന്നതിനുള്ള നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കേശദാനത്തിന് വേണ്ടി മുടി മുറിയ്ക്കുന്നതിനുള്ള നിർദ്ദിഷ്ട നിർദ്ദേശങ്ങൾകേശദാനത്തിന് വേണ്ടി മുടി മുറിക്കുന്നത് എല്ലാ സ്റ്റൈലിസ്റ്റുകൾക്കും അറിയണമെന്നില്ല.

ഒരു ഹെയർസ്റ്റൈലിസ്റ്റിന് കേശാദാനത്തിനായി പ്രത്യേക പരിശീലനം ആവശ്യമില്ല, എന്നിരുന്നാലും നിങ്ങളുടെ ഹെയർസ്റ്റൈലിസ്‌റ്റ് മുമ്പ് ഈ ആവശ്യത്തിന് വേണ്ടി ഹെയർകട്ട് ചെയ്‌തിട്ടില്ലെങ്കിൽ ഹെയർകട്ടിന്റെ കാരണവും നിങ്ങൾ തിരഞ്ഞെടുത്ത സ്ഥാപനം നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നിങ്ങളുടെ മുടിവെട്ടുന്ന ആളോട് മുൻകൂട്ടി പറഞ്ഞ് മനസിലാക്കിയെന്ന് ഉറപ്പ് വരുത്തുക.

നിങ്ങളുടെ മുടി മുറിയ്ക്കുന്നതിന് അവർ ലളിതവും എന്നാൽ നിർദ്ദിഷ്ടവുമായ കുറച്ച് നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. നിങ്ങൾ തിരഞ്ഞെടുത്ത സംഘടനയുടെ ആവശ്യകതകൾ മനസ്സിലാക്കി അതനുസരിച്ചു മുടി വെട്ടുക എന്നത് പ്രധാനമാണ്.

ഇത് കൂടാതെ മുടി മുറിച്ചുമാറ്റി സലൂണിൽ നിന്ന് പുറത്തുപോകുമ്പോൾ നിങ്ങൾക്ക് ഏതുതരം ഹെയർസ്‌റ്റൈൽ വേണമെന്നും സംസാരിച്ച് ഉറപ്പിച്ചിരിക്കണം. അങ്ങനെയെങ്കിൽ മുടി ദാനം ചെയ്ത് കഴിഞ്ഞു പീന്നീടുള്ള നിങ്ങളുടെ മുഖഛായയിൽ ഖേദിക്കുന്നത് ഒഴിവാക്കാം.

എന്താണ് മുടി മുറിയ്ക്കുമ്പോഴുള്ള പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ?

Who can donate hair

നിങ്ങളുടെ മുടി വെട്ടേണ്ടത് എത്ര നീളത്തിലായിരിക്കണമെന്ന് നിങ്ങളും സ്റ്റൈലിസ്റ്റും ചർച്ച ചെയ്ത് ഉറപ്പിച്ചു കഴിഞ്ഞാൽ, മുടിക്ക് ആവശ്യമുള്ള നീളമുണ്ടെന്ന് ഉറപ്പാക്കാൻ ഒരു സ്കെയിൽ ഉപയോഗിച്ച് അളക്കുക. ചുരുണ്ട മുടിയാണെങ്കിൽ കൃത്യമായ അളവെടുപ്പിനായി നേരെ വലിക്കണം.

സംഘടന നിർദ്ദേശിയ്ക്കുന്ന അളവ് ഉറപ്പു വരുത്തുക. 8 ഇഞ്ച് മുതൽ 14 ഇഞ്ച് വരെയാണ് ചിലർ നീളം പറയാറുള്ളത്. പലപ്പോഴും മുടി ഒരു വലിയ ഒറ്റക്കെട്ടായുള്ള പോണിടെയിലായി മുറിയ്ക്കുന്നതിനേക്കാൾ പല ചെറിയ പോണിടെയിൽ ഭാഗങ്ങളായി മുറിക്കുന്നതാണ് കൂടുതൽ ഉപയോഗയോഗ്യമാവുന്നത്. പൊതുവേ മുറിച്ച മുടി ഒരു പോണിടെയിലിലേക്കോ, ബ്രെയ്‌ഡിലേക്കോ രണ്ടറ്റത്തും റബ്ബർ ബാൻഡോ, പോണിടെയിൽ ഹോൾഡറുകളോ ഉപയോഗിച്ച് ഉറപ്പിച്ചിരിക്കണമെന്ന് ആവശ്യപ്പെടുന്നു. അയഞ്ഞ മുടിയോ കഷ്ണങ്ങളോ സ്വീകാര്യമായിരിക്കില്ല.

മുറിച്ച മുടിയുടെ പായ്ക്കിങ്ങ് എങ്ങനെയാണ് ചെയ്യേണ്ടത്?

സംഘടനയുടെ പ്രതിനിധികൾ കൂടെയുണ്ടെങ്കിൽ പായ്ക്ക് ചെയ്ത് കൊണ്ടുപോവാൻ അവർ മുൻകൈയെടുക്കും. അവരില്ലാത്തപക്ഷം മുറിച്ച മുടി സുരക്ഷിതമായി അവശ്യ വലിപ്പമുള്ള ഒരു റീസീലബിൾ പ്ലാസ്റ്റിക് കവറിൽ കെട്ടുപിണയുകയോ കൂടിക്കുഴയുകയോ ചെയ്യാത്ത തരത്തിൽ വച്ച് ക്ലോത്ത് എൻവലപ്പിലോ മറ്റോ പായ്ക്ക് ചെയ്ത് ആവശ്യത്തിന് തപാൽ തുക വച്ച് സംഘടനയുടെ വിലാസത്തിലേക്ക് അയക്കുകയോ അല്ലെങ്കിൽ നേരിൽ കൈമാറുകയോ ചെയ്യുക.

നിങ്ങളുടെ മുടി എവിടെയാണ് അയയ്ക്കേണ്ടതെന്ന് തിരഞ്ഞെടുക്കുക

ഓരോ കേശദാന സ്ഥാപനത്തിനും അതിൻ്റെതായ ദൗത്യവും ലക്ഷ്യവുമുണ്ട്. ആർക്കൊക്കെ വിഗ്ഗുകൾ ലഭിക്കുന്നു, എങ്ങനെ എന്നിവയെക്കുറിച്ച് അറിയുവാൻ നിങ്ങൾ ഒരു ശ്രമം നടത്തുക. ഉദാഹരണത്തിന്, ചില സംഘടനകൾ ക്യാൻസറോ മറ്റ് മെഡിക്കൽ കാരണമോ മൂലം മുടി കൊഴിഞ്ഞ കുട്ടികളെ കേന്ദ്രീകരിക്കുന്നു, ചില സ്ഥാപനങ്ങൾ പ്രത്യേക സ്ഥലം കേന്ദ്രീകരിച്ചും, പ്രത്യേക ആശുപത്രികൾ, കാൻസർ സെന്ററുകൾ കേന്ദ്രീകരിച്ചും സേവനം നൽകുന്നു.

ശരിയായ സന്നദ്ധപ്രവർത്തകരെയോ, ജീവകാരുണ്യ സംഘടനയെയോ കണ്ടെത്തുക

Hair donation centres

ക്യാന്‍സര്‍രോഗിൾ‍ക്കായുള്ള ചില സംഘടനകളുടെ കേശദാനം ഒരുതരം കബളിപ്പിക്കലാണെന്ന ചില വാർ‍ത്തകള്‍ ശ്രദ്ധയില്ൽപ്പെടുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ മറവിൽ തട്ടിപ്പുകൾ നടത്തി ലക്ഷകണക്കിന് രൂപ കൊള്ളയടിക്കുന്ന സംഘടനകൾ നമുക്ക് ചുറ്റും ഉണ്ട്.

ചിലപ്പോഴൊക്കെ ഈ മാഫിയാ സംഘടനകൾ മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന സന്നദ്ധ സംഘടനകളെ കൂടി കരുവാക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ മുടി മുറിച്ച് പുരുഷന്മാര്‍ക്കുളള വിഗ് നിർ‍മിച്ച് വൻ‍വിലക്ക് വിൽപ്പന നടത്തുന്ന സംഘങ്ങളും രംഗത്തുണ്ടെന്നും ആരോപണം ഉയർന്ന് വരുന്നുണ്ട്

ക്യാന്‍സര്‍ രോഗികളോട് അനുഭാവം പ്രകടിപ്പിച്ച് മുടിദാനത്തിന് വിദ്യാർ‍ഥികളും വീട്ടമ്മമാരും ഉൾപ്പെടെ രംഗത്തുവരുന്നത് മുതലെടുത്താണ് തട്ടിപ്പുസംഘങ്ങൾ‍ വിലസുന്നത്. ആഗോളതലത്തിൽ‍ പ്രവര്‍ത്തിക്കുന്ന ഇത്തരം 'സന്നദ്ധ' സംഘങ്ങൾ‍ക്കൊന്നിനും സ്വന്തമായി വെബ്സൈറ്റ് പോലും ഇല്ല.

പഴയ പത്രവാര്‍ത്തകളുടെ ലിങ്ക് അല്ലെങ്കില്‍ ഫെയ്സ്ബുക്ക് പേജിൻ്റെ ലിങ്ക് എന്നിവയൊക്കെയാണ് ലഭിക്കുക. ഇവയിൽ ആളുകളിൽ നിന്ന് പ്രത്യേകിച്ച് പെൺകുട്ടികളിൽ നിന്നും മുടി മുറിച്ചെടുക്കുന്ന ചിത്രമല്ലാതെ ഏതെങ്കിലും ക്യാന്‍സര്‍ രോഗിക്ക് വിഗ് നല്ൽകുന്ന ചിത്രമോ വാർ‍ത്തയൊ കാണാനാകില്ല.

കീമോ തെറാപ്പി ചെയ്യുമ്പോൾ‍ മുടി നഷ്ടമാകുമെന്ന് അറിയാത്ത രോഗികൾ കുറവാണ്. നേരത്തെ തന്നെ മുടിവെട്ടി സൂക്ഷിച്ചാൽ‍ അവർക്കുതന്നെ വിഗ് തയ്യാറാക്കാം. അപൂർവ്വം ചിലരൊക്കെ അങ്ങനെയും ചെയ്യുന്നുണ്ട്. വിഗിന് 10,000 രൂപ മുതൽ ലക്ഷങ്ങൾ‍ വരെയാണ് വിപണിവില. 20 ഇഞ്ച് നീളമുള്ള ഒരാളുടെ മുടി മുറിച്ച് നല്ൽകുമ്പോള്‍ പതിനായിരം രൂപ നിലവിൽ‍ ലഭിക്കുന്നുണ്ട്.

സൌന്ദര്യവർധക വസ്തുക്കൾ ‍മുതൽ സംസ്കരിച്ച ഭക്ഷ്യ പദാർ‍ഥങ്ങളില്‍ വരെ അസംസ്കൃതവസ്തുവായ മുടിയുടെ ഉപയോഗം വർ‍ധിച്ചുവരികയാണെന്ന് കേൾക്കുന്നു. ഈ സാഹചര്യത്തില്ൽ കൂടിയാണ് കാരുണ്യ പ്രവര്‍ത്തനത്തിൻ്റെ മറവില്ൽ മുടി മുറിക്കലും അതുപയോഗിച്ചുള്ള ധനസമ്പാദനവും സംഘടിത തട്ടിപ്പായി വളർ‍ന്നിട്ടുള്ളത്. അതുകൊണ്ട് ശരിയായ സന്നദ്ധസംഘടനയെ കണ്ടെത്തുക എന്നത് അത്യന്താപേക്ഷിതമാണ്.

കേശദാനം സമൂഹത്തിന് കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും വലിയൊരു മാതൃകയാണ്. കേശദാനം മുൻനിർത്തി സത്യസന്ധമായി പ്രവർത്തിക്കുന്ന നിരവധി സന്നദ്ധസംഘടനകൾ നമുക്ക് ചുറ്റും ഉണ്ട്. അതിനാൽ കള്ളനാണയങ്ങളെ ഒഴിവാക്കി ശരിയായവയെ കണ്ടെത്തുക എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു.

കേരളത്തിലെ ഹെയർ ഡോനെഷൻ കേന്ദ്രങ്ങൾ

ഔദ്യോഗികമായി, യഥാർത്ഥ കേശദാനം നടത്തുന്ന ചില സ്ഥാപനങ്ങളുടെ വിലാസം ചുവടെ ചേർത്തിരിക്കുന്നു:

1. Sargakshetra Cultural And Charitble Centre

Fr Praikalam, CMI Ashram, Chethipuzha P.O, Changanassery, Kottayam, Kerala-686104, https://www.sargakshetra.org/, sargakshetra@gmail.com, 0481-2726481, +91 94964 64118

2. Protect you Mom. Asia

Fr. Jaison Mundanmany (CMI), Associate Director, Amala Medical College Hospital, Amala Nagar P.O, Thrissur, Kerala-680555, https://protectyourmom.asia/hair-donation, acdmkt113@gmail.com, 0487230401, 04872304000

3. Hair Bank by Miracle Charitable Association

Chelakkottukara, Thrissur 680005, https://hairbank.in, 9847098237

4. Hair Crown

Shri Renuga Vidhyalayam Educational Trust, Theni Main Road, Lakshmipuram, Theni 625605, Tamil Nadu, https://www.haircrown.in, haircrownoffice@gmail.com, +919486121062, 8778121425

5. Cope With Cancer

Madat Trust, Mangal Anand Hospital, 2nd Floor, 48, Swastik Park, Sion-Trombay Road, Chembur, Mumbai 400071, https://www.copewithcancer.org/hair-donation, support@copewithcancer.org, 022-49701285, 9987779639

കേശാദാന ഇവെന്റുകൾ പറ്റി പ്രചരിപ്പിക്കുന്നതും ബോധവത്കരണം നടത്തി ആളുകളിൽ താൽപ്പര്യം ജനിപ്പിക്കുന്നതും വളരെ നല്ലതാണ്. നിങ്ങളുടെ മുടി നന്നായി പരിപാലിക്കുന്നത് തുടരുക, അതുവഴി നിങ്ങൾക്ക് ഭാവിയിലും കേശദാനം ചെയ്യാൻ കഴിയും. നമ്മുടെ പ്രവൃത്തി മറ്റൊരാളുടെ പുഞ്ചിരിക്ക് കാരണമാകുമെങ്കിൽ അതാണ് പുണ്യം.

continue reading.

മരിക്കുന്നതിന് മുമ്പ് സന്ദർശിക്കേണ്ട കേരളത്തിലെ ഏറ്റവും പുരാതനമായ ആരാധനാലയങ്ങൾ

മരിക്കുന്നതിന് മുമ്പ് സന്ദർശിക്കേണ്ട കേരളത്തിലെ ഏറ്റവും പുരാതനമായ ആരാധനാലയങ്ങൾ

Jul 19, 2022
സ്വയം സഹായത്തിനായുള്ള മികച്ച 10 പുസ്തകങ്ങള്‍

സ്വയം സഹായത്തിനായുള്ള മികച്ച 10 പുസ്തകങ്ങള്‍

Jul 15, 2022
മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ മികച്ച 10 പുസ്തകങ്ങൾ

മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ മികച്ച 10 പുസ്തകങ്ങൾ

May 25, 2022
നല്ല വാർത്തകൾ കേട്ടറിയു!download katha app