Katha

സോഷ്യൽ മീഡിയ ഭ്രമത്തിൽ നിന്ന് വളരെ എളുപ്പത്തിൽ അകന്നു നിൽക്കാനുള്ള 7 നുറുങ്ങുകൾ

May 27, 2022
സോഷ്യൽ മീഡിയ ഭ്രമത്തിൽ നിന്ന് വളരെ എളുപ്പത്തിൽ അകന്നു നിൽക്കാനുള്ള 7 നുറുങ്ങുകൾ

ദൈനംദിന ജീവിതത്തിൽ നാമിന്ന് ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സമൂഹ മാധ്യമങ്ങളിലാണ്. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒരു വസ്തുതയായി മാറിയിരിക്കുന്നു സമൂഹ മാധ്യമങ്ങൾ. ജീവിതത്തിന്റെ പലവിധ ആവശ്യങ്ങൾക്ക് സോഷ്യൽ മീഡിയ ധാരാളം ഗുണങ്ങൾ നമുക്ക് നൽകുന്നു എന്നതിലുപരി പല രീതിയിലും അത് ദോഷകരമാകാറുണ്ട്.

സോഷ്യമീഡിയയുടെ സാധ്യതകളും ഗുണങ്ങളും ഉപയോഗപ്പടുത്തുന്നതോടൊപ്പം അതൊരു ഭ്രമമായി, അടിമത്തമായി മാറാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയ ഭ്രമം എങ്ങനെയൊക്കെ നമ്മുടെ ജീവിതത്തിനും കരിയറിനും ദോഷകരമാകുന്നു എന്നും ആ ഭ്രമത്തെ വളരെ എളുപ്പത്തിൽ അകറ്റി നമ്മുടെ ജീവിതത്തെ എങ്ങനെ ക്രമീകരിക്കാം എന്നതിനെ കുറിച്ചും വായിക്കാം.

സോഷ്യൽ മീഡിയ എങ്ങനെ നമ്മുടെ ജീവിതത്തെ ബാധിക്കുന്നു?

How social media affects life

സോഷ്യൽ മീഡിയയെ നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്നവരാണ്. എത്ര കഠിനമായി ശ്രമിച്ചാലും, ഇടയ്ക്കിടെ സോഷ്യൽ മീഡിയ ഫീഡുകളിലൂടെ സ്ക്രോൾ ചെയ്യാനുള്ള നമ്മുടെ പ്രലോഭനത്തെ അതിജയിക്കാൻ നമുക്ക് സാധിക്കാറില്ല.

സോഷ്യൽ മീഡിയ ഭ്രമത്തിലൂടെ ഏറ്റവും പുതിയ ട്രെൻഡുകളെ അപ്ഡേറ്റഡായി ഫോളോ ചെയ്യാനും, എല്ലാ ചെറിയ കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുചെയ്യാനുമുള്ള അധിക സമ്മർദ്ദത്തിന് വഴങ്ങി വിലപ്പെട്ട സമയവും ഊർജ്ജവും നഷ്ടപ്പെടുത്തവരാണ് നാം.

നമ്മുടെ പോസ്റ്റുകളിൽ ലഭിക്കുന്ന കമൻ്റുകൾക്ക് മറുപടി നൽകുകയും, നമ്മുടേതിൽ കൂടുതൽ ഇൻ്ററാക്ഷന് വേണ്ടി മറ്റ് പോസ്റ്റുകളുമായി ഇൻ്ററാക്ഷൻ നടത്തുകയും കൂടുതൽ കാര്യങ്ങൾ ചെയ്യുകയും വേണം. സോഷ്യൽ മീഡിയയിൽ ലൈക്ക് ചെയ്യാനും പോസ്റ്റ് ചെയ്യാനും കമൻ്റിടാനും നമ്മൾ ദിവസത്തിൻ്റ പകുതിയിൽ അധികം ചെലവഴിക്കുന്നുവെന്ന് തന്നെ മനസിലാക്കാം.

വ്യക്തിജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാനോ മറ്റു പ്രോജക്റ്റുകൾ ചെയ്തു തീർക്കാനോ മുതിരുമ്പോൾ നമ്മുടെ പോസ്റ്റുകൾക്ക് എത്ര ലൈക്കുകൾ ലഭിച്ചിട്ടുണ്ടാകുമെന്നോ മറ്റോ ആയിരിക്കും നാം ചിന്തിച്ചുകൊണ്ടിരിക്കുന്നത്. പിന്നെ അത് പരിശോധിക്കാനുള്ള സമ്മർദ്ധത്തിന് മുന്നിൽ നാം തോറ്റ് പോകുന്നു.

സോഷ്യൽ മീഡിയ കൂടുതൽ നേരം ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ എല്ലാവരും ആഗ്രഹിച്ചേക്കാം. പക്ഷേ എങ്ങനെ? ഇതാണ് എല്ലാവർക്കും പ്രശ്നം. എന്നാൽ ഇനി അതിനൊന്നും ഒരു വഴിയും തിരയേണ്ട. ചില ടിപ്സുകൾ ഇതാ.

1. ലക്ഷ്യം നിശ്ചയിക്കുക

സോഷ്യൽ മീഡിയ ഉപയോഗം പരിമിതപ്പെടുത്തുന്നതിലൂടെ നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്? ഈ ചോദ്യത്തിനുള്ള നിങ്ങളുടെ ഉത്തരം നിങ്ങളുടെ പ്രവർത്തന പദ്ധതിയനുസരിച്ചാണ്. നാം ഓരോ ദിവസവും അന്നന്ന് നേടിയെടുക്കേണ്ട ഒരു ലക്ഷ്യം മുൻകൂട്ടി തീരുമാനിക്കുന്നതിലൂടെ നമ്മുടെ ഓരോ ദിവസവും ക്രിയാത്മകവും പ്രൊഡക്റ്റീവുമാക്കാവുന്നതാണ്.

ഒരു ദിവസത്തിനായി നിങ്ങൾ ഒരു ലക്ഷ്യം തീരുമാനിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് അത് കാണാൻ കഴിയുന്നിടത്ത് എഴുതുക. ഓഫീസിൽ സോഷ്യൽ മീഡിയ പരിശോധിക്കുന്നത് പ്രശ്നമാണെങ്കിൽ നിങ്ങളുടെ വർക്ക് കമ്പ്യൂട്ടറിൽ ഒരു സ്റ്റിക്കി നോട്ട് ഇടുക.

കിടക്കുന്നതിനു മുമ്പുള്ള ഉപയോഗമാണ് പ്രശ്നമെങ്കിൽ, നിങ്ങളുടെ കസേരയുടെ അടുത്തായി ഒരു കുറിപ്പ് വയ്ക്കുക. നിങ്ങൾക്ക് പ്രശ്‌നങ്ങളുള്ളിടത്തെല്ലാം ഒരു ഓർമ്മപ്പെടുത്തലായി കുറിപ്പ് തയാറാക്കി വെക്കുക. അതിലൂടെ നിങ്ങൾക്ക് ആ ദിവസത്തെ നിങ്ങളുടെ ലക്ഷ്യം നേടാനും നിങ്ങളുടെ സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും കഴിയും.

മാത്രമല്ല ഇതിലൂടെ നിങ്ങളെ തന്നെ നിയന്ത്രിക്കാനും സോഷ്യൽ മീഡിയ ഉപയോഗം കുറക്കുവാനും സാധിക്കുന്നതാണ്.

2. ഒരു ഹോബി തിരഞ്ഞെടുക്കുക

നിങ്ങളുടെ സമയം ഉപകാരപ്പെടുത്താൻ മൂല്യവത്തായ എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ സോഷ്യൽ മീഡിയയിലേക്ക് പലപ്പോഴും തിരിയേണ്ട ആവശ്യം നിങ്ങൾക്ക് അനുഭവപ്പെടില്ല. ഒരു ഹോബിയിൽ ഏർപ്പെടുന്നത് നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ നമ്മുടെ മനസ്സിനെ പരിശീലിപ്പിക്കുകയും പാകപ്പെടുത്തുകയും ചെയ്യുന്നു.

ഹോബികൾ ഒരു പുസ്തകം വായിക്കുന്നത് പോലെ ലളിതമോ മരപ്പണി പോലെ സങ്കീർണ്ണമോ ആകാം. നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ഒരു ഹോബിയായി സ്വീകരിക്കാം. സോഷ്യൽ മീഡിയയ്ക്ക് പകരം ചിലവഴിക്കാൻ കഴിയുന്ന ഉൽപ്പാദനപരമായ പ്രവർത്തനങ്ങളിൽ നിങ്ങളുടെ സമയം ഉപയോ​ഗപ്പെടുത്ത‍ുക.

3. ഇമെയിൽ സന്ദേശങ്ങൾക്ക് അമിത ശ്രദ്ധകൊടുക്കാതിരിക്കുക

നിങ്ങളുടെ കമ്പ്യൂട്ടറിലും സ്മാർട്ട് ഫോണുകളിലും ഇമെയിൽ നോട്ടിഫിക്കേഷനുകൾ പരിമിതപ്പെടുത്തുന്നതാണ് നല്ലത്. എന്തെങ്കിലും അടിയന്തിരമായി സംഭവിക്കുകയാണെങ്കിൽ,

ആളുകൾ സന്ദേശമയയ്‌ക്കുകയോ വിളിക്കുകയോ ചെയ്യുന്നതിനാൽ ഓരോ തവണയും പുതിയ ഇമെയിൽ വരുമ്പോൾ നിങ്ങളുടെ ഇൻബോക്‌സ് പരിശോധിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് ഇമെയിൽ നോട്ടിഫിക്കേഷൻ ഓഫ് ചെയ്യണമെന്ന് പ്രോത്സാഹിപ്പിക്കുന്നത്.

നല്ല വാർത്തകൾ കേട്ടറിയു! download katha app

4. ഒരു വെബ് ബ്ലോക്കർ ഉപയോഗിക്കുക

ഇൻ്റർനെറ്റിൻ്റെ ലഭ്യത ചില ദിവസങ്ങളിൽ വളരെ പ്രലോഭിപ്പിച്ചേക്കാം. ഒരേ ബ്രൗസറിൽ നിന്ന് സോഷ്യൽ മീഡിയയിലേക്ക് മാറുന്നത് വളരെ എളുപ്പമാണല്ലോ. അതിനാൽ തന്നെ നാം എന്തെങ്കിലും സെർച്ച് ചെയ്യുകയാണെങ്കിൽ അത് മറ്റു പല ടാബുകളിലേക്കും വിഷയങ്ങളിലേക്കും മാറിപ്പോകുന്നതിലൂടെ നമ്മുടെ സമയവും ഏകാ​ഗ്രതയും നഷ്ടപ്പെടുന്നു. ചിലപ്പോൾ ശ്രദ്ധയില്ലായ്മയിൽ നിന്ന് കരകയറാൻ വളരെ സമയം എടുത്തേക്കാം.

ഇതിനെ മറികടക്കാൻ വെബ് ബ്ലോക്കറുകൾ നമ്മെ സഹായിക്കുന്നു. ഒരു സെെറ്റിൽ നിന്ന് മറ്റു സൈറ്റുകളിലേക്ക് പോകുന്നതിൽ നിന്ന് വെബ് ബ്ലോക്കറുകൾ നമ്മെ തടയുന്നു. ജോലി സമയങ്ങളിൽ നിങ്ങൾക്ക് ഈ ഫീച്ചർ ഇനാബ്ൾ ചെയ്യാം, അങ്ങനെ നിങ്ങളുടെ മനസ്സ് അലയാൻ തുടങ്ങുമ്പോൾ സോഷ്യൽ മീഡിയയിലേക്ക് തിരിയാൻ കഴിയില്ല. നിങ്ങൾക്ക് ആവശ്യമാകുമ്പോഴെല്ലാം ഈ പ്രതിരോധ സഹായം ഫലപ്രദമാക്കാവുന്നതാണ്.

5. നോ-ടെക് സോണുകൾ സ്ഥാപിക്കുക

നിങ്ങളുടെ വീട്ടിലോ വർക്ക്‌സ്‌പെയ്‌സിലോ നോ-ടെക് സോണുകൾ നിങ്ങൾക്ക് സ്ഥാപിക്കാവുന്നതാണ്. നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സ്ഥലങ്ങളിൽ നിന്ന് നിങ്ങളുടെ ഉപകരണങ്ങളെ അകറ്റി നിർത്തുകയാണെങ്കിൽ, സോഷ്യൽ മീഡിയയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനുള്ള സാധ്യത കുറയും എന്നതാണ് ഇതിൻ്റെ പ്രത്യേകത.

കിടപ്പുമുറി, കുളിമുറി, തീൻമേശ, ഹോം ഓഫീസ് എന്നിവയെല്ലാം ഒരു ഉപകരണം വളരെയധികം ശ്രദ്ധ തിരിക്കുന്ന സ്ഥലങ്ങളുടെ ഉദാഹരണങ്ങളാണ്. മറ്റ് മുറികളിൽ നിങ്ങളുടെ ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുന്നതിന് പരിമിതപ്പെടുത്തുകയും ചെയ്യാം.

6. ടൈംബോക്സിംഗ് പരീക്ഷിക്കുക

നിങ്ങളുടെ ആപ്പുകൾ മാനേജുചെയ്യുന്നതിനും ശ്രദ്ധ വ്യതിചലിക്കാതിരിക്കുന്നതിനുമുള്ള മാർഗമാണ് ടൈംബോക്‌സിംഗ്. പ്രത്യേക പ്രവർത്തനങ്ങൾക്കായി നിങ്ങളുടെ ദൈനംദിന, പ്രതിവാര ഷെഡ്യൂളിൽ നിർദ്ദിഷ്ട സമയ സ്ലോട്ടുകൾ നിശ്ചയിക്കുന്ന പ്രക്രിയയാണ് ടൈംബോക്‌സിംഗ്. ടൈംബോക്‌സിംഗ് എന്നത് ഒരു ടൈം മാനേജ്‌മെൻ്റ് ടെക്‌നിക്കാണ്, അതിൽ നിങ്ങൾ ഏകീകൃത പ്രവർത്തനങ്ങൾക്കായി സമയത്തിൻ്റെ ഓരോ ഭാഗങ്ങൾ വ്യത്യസ്ത ആവശ്യങ്ങൾക്കായി നീക്കിവെക്കുന്നു. ഉദാഹരണത്തിന്, ഇമെയിലുകൾക്ക് മറുപടി നൽകാൻ നിങ്ങൾക്ക് ജോലിയുടെ ആദ്യ മണിക്കൂർ മാറ്റിവെക്കാം.

ആ സമയം കഴിഞ്ഞാലുടൻ നിങ്ങളുടെ ഇമെയിൽ ക്ലോസ് ചെയ്ത് അടുത്ത ബ്ലോക്കിലേക്ക് പോകുക. നിശ്ചിത സമയങ്ങളിൽ നിശ്ചിത ആവശ്യങ്ങളിൽ മാത്രം ഫോക്കസ് ചെയ്യുന്നതിലൂടെ ഓരോ ആവശ്യങ്ങളും അതത് സമയങ്ങളിൽ തന്നെ പൂർത്തീകരിക്കാൻ സഹായകമാണ്. ഈ രീതി ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാനാകാത്തതും ഉപയോഗിക്കാവുന്നതുമായ സമയ വിഭാഗങ്ങൾ സെറ്റ് ചെയ്യാനാകും.

നിങ്ങളുടെ ടെെ ബോക്സുകൾ കൃത്യമായി ഉപയോ​ഗപ്പെടുത്തുന്നതിലൂടെ സോഷ്യൽ മീഡിയ ആവശ്യത്തിന് മാത്രം ഉപയോ​ഗിക്കാൻ നിങ്ങൾക്ക് നിങ്ങളെ തന്നെ സ്വയം പരിശീലിപ്പിക്കാൻ സാധിക്കുന്നതാണ്. ടൈംബോക്സിംഗ് ഒരു ടെക്നിക് ആയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഉൽപ്പാദനക്ഷമതാ രീതി കൂടിയാണിത്. കാരണം നമ്മുടെ പ്രവർത്തനങ്ങൾക്ക് ഒരു നിശ്ചിത സമയപരിധി നൽകുമ്പോൾ ടാസ്‌ക്കുകൾ വേഗത്തിൽ പൂർത്തിയാക്കാൻ നാം ശ്രമിക്കുന്നു.

7. സോഷ്യൽ മീഡിയ ഫാസ്റ്റ്

ചിലപ്പോൾ നമ്മുടെ ജീവിതത്തിനൊരു അടുക്കും ചിട്ടയും വരാൻ ഗുരുതരമായ പ്രശ്നങ്ങൾക്ക് ഗുരുതരമായ നടപടികൾ ആവശ്യമായേക്കാം. സോഷ്യൽ മീഡിയ ഭ്രമം തടയാൻ നിങ്ങളുടെ ബ്രെയിൻ റീസെറ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ ഒരാഴ്ച മുഴുവൻ സോഷ്യൽ മീഡിയ ഡിറ്റോക്സ് പരീക്ഷിക്കാവുന്നതാണ്.

നമ്മിൽ പലർക്കും ഇത് ബുദ്ധിമുട്ടായിരിക്കും, പക്ഷേ പൂർണ്ണമായും ക്രിയാത്മകവും ഉൽപ്പാദനക്ഷമവുമായ ജീവിതം നയിക്കാൻ സോഷ്യൽ മീഡിയ ആവശ്യമില്ലെന്ന് മനസ്സിലാക്കാൻ ഇത് നമ്മെ സഹായിക്കും, തീർച്ച.

സോഷ്യൽ മീഡിയ ഉപയോ​ഗവും കൗമാരവും

Social media addiction

ജനങ്ങളിൽ ഭൂരിഭാ​ഗം പേരും ഇന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കളാണെങ്കിലും കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത് കൗമാരപ്രായക്കാരാണ് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നതെന്നാണ്.

ഇത് അവരുടെ സാമൂഹ്യ ജീവിതത്തെയും പഠനത്തെയും ​ഗുരുതരമായി ബാധിക്കുന്നതിനാൽ രക്ഷിതാക്കൾ ഏറെ ശ്രദ്ധപുലർത്തേണ്ട ‌കാര്യമാണിത്.

സോഷ്യൽ മീഡിയയും വിഷാദരോ​ഗവും

Social media and depression

യു‌എസിൽ നിന്നുള്ള പുതിയ ഗവേഷണങ്ങൾ പറയുന്നത് സോഷ്യൽ നെറ്റ്‌വർക്കുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്തോറും വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ്. സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്ന പ്രായം കുറഞ്ഞ ഉപയോക്താക്കൾക്കിടയിൽ വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലാണെന്ന് മുമ്പും റിപ്പോർട്ട് വന്നിരുന്നു.

അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 18 നും 30 നും ഇടയിൽ പ്രായമുള്ള ആയിരത്തിലധികം യുവാക്കളെ സാമ്പിൾ ചെയ്താണ് പഠനം പൂർത്തിയാക്കിയത്. വിഷാദരോഗം മനസിലാക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക സർപവ്വേയിലൂടെയാണ് ഇവർ കണക്കുകൾ തയ്യാറാക്കിയത്.

നിരവധി പഠനങ്ങളിൽ, Instagram, Facebook, മറ്റ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന കൗമാരക്കാർക്കും യുവാക്കൾക്കും കുറഞ്ഞ സമയം ചെലവഴിച്ചവരെ അപേക്ഷിച്ച് വിഷാദരോഗത്തിന്റെ നിരക്ക് ഗണ്യമായി (13 മുതൽ 66 ശതമാനം വരെ) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയ പ്രതിദിനം അഞ്ച് മണിക്കൂറിൽ കൂടുതൽ ചെലവഴിച്ച ചെറുപ്പക്കാർ ആറു മാസത്തിനുള്ളിൽ തന്നെ വിഷാദ രോഗത്തിൽ പിടിപെടാൻ 2.8 മടങ്ങ് സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. സോഷ്യൽ നെറ്റ്‌വർക്കുകൾ പ്രതിദിനം രണ്ട് മണിക്കൂറിൽ താഴെ ഉപയോഗിക്കുന്നവർക്ക് താരതമ്യേന സാധ്യത കുറവാണ്.

സോഷ്യൽ മീ‍ഡിയ ഭ്രമത്തിൻ്റെ ദോഷങ്ങൾ എന്തൊക്കെ?

Cons of social media

1. വൈകാരിക ബന്ധം ഇല്ലാതാകുന്നു

സോഷ്യൽ മീഡിയയിൽ വളരെയധികം സമയം ചെലവഴിക്കുന്നത് കാരണം വ്യക്തിപരമായ ബന്ധങ്ങൾക്ക് ലഭിക്കുന്ന സമയം കുറയുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള സംഭാഷണങ്ങളും ബന്ധങ്ങളും മറ്റൊരാളുടെ യഥാർത്ഥ വികാരമോ വിചാരമോ അനുഭവിക്കാൻ കഴിയില്ല. പരസ്പര സംഭാഷണങ്ങളിൽ വ്യക്തികൾ പറയുന്നതാണോ യഥാർത്ഥത്തിൽ അവർ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാനും നമുക്ക് കഴിയില്ല. മാത്രമല്ല സോഷ്യൽ മീഡിയയുടെ യാന്ത്രികതയിൽ ജീവനുള്ള ബന്ധങ്ങൾ ഇല്ലാതാകുകയും ചെയ്യുന്നു.

2. ഫേസ് റ്റു ഫേസ് കമ്മ്യൂണിക്കേഷൻ സ്കില്ലുകൾ കുറയ്ക്കുന്നു

കമ്പ്യൂട്ടറുകളെയും സ്മാർട്ട് ഫോണുകളെയും ആശ്രയിക്കുന്നത് ഒരു വ്യക്തിയുടെ മുഖാമുഖ സംഭാഷണം നടത്താനുള്ള കഴിവിനെ ദോഷകരമായി ബാധിക്കുന്നു. എന്തെങ്കിലും കേൾക്കുന്നത് അരോചകവും അസാധാരണവുമാക്കുകയും പരസ്പരം കേൾക്കാനും മനസ്സിലാക്കാനുമുള്ള മാനുഷിക പരിഗണനാ ബോധം കെെവരിക്കാതിരിക്കുകയും ചെയ്യുന്നു. ഒരു സന്ദേശം കൈമാറാൻ കീബോർഡിനെ ആശ്രയിക്കുന്നതിനാൽ സംസാരശെെലീ ​ഗുണങ്ങൾ നഷ്ടപ്പെടുന്നു.

3. സാമൂഹ്യവൽക്കരണം

വിദൂര സൗഹൃദങ്ങൾ കെട്ടിപ്പടുക്കാൻ സോഷ്യൽ മീഡിയ സഹായിക്കുന്നു എന്നത് ശരിയാണെങ്കിലും, അത് അവരുടെ അടുത്ത ആളുകളുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കും. സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം നഷ്ടപ്പെടാം. അവർ സോഷ്യൽ മീഡിയയിൽ വളരെയധികം അഡിക്റ്റായേക്കാം, അങ്ങനെ അവർ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാൻ മറന്നുപോയേക്കാം.

4. അനുചിതമായ കണ്ടൻ്റുകൾ

സോഷ്യൽ മീഡിയയിൽ ലഭ്യമായ എല്ലാം വിദ്യാർത്ഥികൾക്ക് അനുയോജ്യമാകണമെന്നില്ല. വിദ്യാർത്ഥികൾ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾ മനഃപൂർവമോ അല്ലാതെയോ അനുചിതമായ ഉള്ളടക്കത്തിന് വിധേയരാകുന്നു. ഇതിൽ പോണോഗ്രാഫിയും ഉൾപ്പെടുന്നു. ഒരു ഗെയിം കളിക്കുമ്പോഴോ ന്യൂസ് ഫീഡ് സ്ക്രോൾ ചെയ്യുമ്പോഴോ പെട്ടെന്ന് ഇത് കാണുകയും അത് അവരെ മാനസികമായി ബാധിക്കുകയും ചെയ്യുന്നു. ആത്യന്തികമായി, വിദ്യാർത്ഥികൾ മാനസികമായി തകർന്നേക്കാം. കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നിരീക്ഷിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.

5. ആരോഗ്യ ആശങ്കകൾ

വിദ്യാർത്ഥികളുൾപ്പെടെ മിക്ക സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം മൂലം പലപ്പോഴും പല ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. സമൂഹമാധ്യമങ്ങൾക്ക് അടിമപ്പെട്ട വിദ്യാർഥികൾ രാവും പകലും കംപ്യൂട്ടറിന് മുന്നിലോ സ്‌മാർട്ട് ഫോൺ കൈയിലോ ഇരുന്ന് ചെലവഴിക്കുന്നു. ശാരീരികമായ ചലനങ്ങളൊന്നും ഇതിൽ ഉൾപ്പെടാത്തതിനാൽ ഇതിന്റെ ഫലം പൊണ്ണത്തടിയാകാം.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന്റെ പേരിൽ പല വിദ്യാർത്ഥികളും ഉറക്കം ഒഴിവാക്കുന്നു. ഇത് മറ്റ് അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാവുന്ന നിരവധി ഉറക്ക തകരാറുകൾ കൊണ്ടുവരും.

6. സൈബർ ബുള്ളിയിങ്

സോഷ്യൽ മീഡിയ ആളുകളെ അജ്ഞാതരാക്കാൻ അനുവദിക്കുന്നതിനാൽ ഇത് സൈബർ ബുള്ളിയിങ്ങിനുള്ള ഒരു പ്ലാറ്റ്‌ഫോമായി ഉപയോഗിക്കാം. അക്രമികൾ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതുവഴി മറ്റുള്ളവരെ കളിയാക്കാനും ഉപദ്രവിക്കാനും കഴിയും. ഇതുമൂലം വിദ്യാർത്ഥികൾക്ക് ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം, മറ്റ് മാനസിക പ്രശ്നങ്ങൾ എന്നിവ നേരിടേണ്ടിവരും.

ചുരുക്കത്തിൽ സാങ്കേതികവിദ്യയുടെ വളർച്ച മൂലം സോഷ്യൽ മീഡിയ വലിയ സാധ്യതകൾ ഒരുക്കി വെക്കുന്നുണ്ട് എങ്കിലും കണ്ടറിഞ്ഞ് സൂക്ഷ്മതയോടെ ഉപയോഗിച്ചില്ലെങ്കിൽ കൊണ്ടറിയുമെന്ന് മനസ്സിലാക്കുക തന്നെ വേണം.

continue reading.

ലോകത്തെ മാറ്റിമറിച്ച 20 ശാസ്ത്രജ്ഞൻമാർ

ലോകത്തെ മാറ്റിമറിച്ച 20 ശാസ്ത്രജ്ഞൻമാർ

Oct 9, 2022
ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട 5 കാര്യങ്ങൾ

ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട 5 കാര്യങ്ങൾ

Sep 30, 2022
രാജസ്ഥാനിൽ സന്ദർശിക്കേണ്ട മികച്ച 10 സ്ഥലങ്ങൾ

രാജസ്ഥാനിൽ സന്ദർശിക്കേണ്ട മികച്ച 10 സ്ഥലങ്ങൾ

Oct 4, 2022
മഹാരാഷ്ട്രയില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

മഹാരാഷ്ട്രയില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

Sep 23, 2022
download katha app