Katha

ആഗ്രഹിക്കുന്നതെന്തും നേടാൻ എന്ത് ചെയ്യണം?

May 12, 2022
ആഗ്രഹിക്കുന്നതെന്തും നേടാൻ എന്ത് ചെയ്യണം?

ഓരോ മനുഷ്യനും ഉത്തരം തേടിയിട്ടുള്ള ചോദ്യമാണ് നിങ്ങൾ മുകളിൽ കാണുന്നത്. ആഗ്രഹിക്കുന്നതെന്തും നേടാൻ എന്ത് ചെയ്യണം? ഭൂരിഭാഗം പേരും ഉത്തരം തേടുന്നതിൽ നിന്നും അകന്നു പോയി,

ഉത്തരം കിട്ടിയ പലരും അത് ജീവിതത്തിൽ പ്രാവർത്തികമാക്കിയില്ല, ഉത്തരം ജീവിതത്തിൽ സമന്വയിപ്പിച്ചു അത് അക്ഷീണം പിന്തുടർന്ന അപൂർവ്വം ചിലർ വിജയസോപാനത്തിൽ എത്തി.

ആഗ്രഹത്തെ അവയുടെ പൂർത്തീകരണത്തിൽ നിന്നും അഥവാ ആത്മസാക്ഷാത്ക്കാരത്തിൽ നിന്നും പിൻവലിക്കുന്നത് എന്തൊക്കെയാണ്?

Be successful

ആഗ്രഹങ്ങൾ ഇല്ലാത്തവർ വളരെ അപൂർവ്വമാണ്. ആഗ്രഹങ്ങൾ എല്ലാം സാധിച്ചവരും അപൂർവ്വമാണ്. ആഗ്രഹപൂർത്തീകരണത്തിൽ നിന്നും നമ്മളെ വിലക്കുന്ന ക്രിയാത്മകമല്ലാത്ത സംഗതികൾ എന്താണെന്ന് ആദ്യം മനസിലാക്കാം.

ക്രിയാത്മകമല്ലാത്ത അനേകം കാര്യങ്ങളിൽ ചിലതാണ് ആഗ്രഹത്തിലെ തീവ്രതയില്ലായ്മ, തെറ്റായ ചിന്താഗതി, അശുഭാപ്തിവിശ്വാസം, മടി, അദ്ധ്വാനക്കുറവ്, ലക്ഷ്യത്തിൽ നിന്നുള്ള പിന്മാറ്റം, ആസൂത്രണം ഇല്ലായ്മ അല്ലെങ്കിൽ ആസൂത്രണത്തിലെ പിഴവ് തുടങ്ങിയവ..

ലക്ഷ്യത്തിൽ നിന്നും അകറ്റുന്ന ഇതുപോലുള്ള ശീലങ്ങൾ ഒഴിവാക്കുകയും ഇതിന് വിപരീതമായ ശുഭാപ്തി വിശ്വാസത്തോടെ ക്രിയാത്മക ശൈലികൾ പിന്തുടരുകയും ചെയ്‌താൽ വിജയം സുനിശ്ചിതം.

നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കീഴടക്കാൻ കഴിയണം എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വരുത്തേണ്ട ഏറ്റവും വലിയ മാറ്റം നിങ്ങളുടെ സ്വന്തം ചിന്താഗതിയാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇത് പൂർണ്ണമായും സാധ്യമാണ്.

ചിന്തകൾ വളരെയധികം പ്രാധാന്യം അർഹിക്കുന്നു . കാരണം നല്ല ചിന്തകളാണ് വിശ്വാസത്തിലേക്കും സത്പ്രവർത്തിയിലേക്കും നയിക്കുന്നത്. അത്തരം സ്ഥിരമായ പ്രവർത്തി നല്ല ശീലങ്ങളിലേക്കും, അത് മികച്ച സ്വഭാവരൂപീകരണത്തിലേക്കും, തുടർന്ന് വിജയത്തിലേക്കും നയിക്കുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി "ആവിഷ്ക്കാരം" (Manifestation), "ആകർഷണ നിയമം" (Law of attraction) തുടങ്ങിയ പദങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കാം.

ജനമനസ്സുകളിൽ മാനിഫെസ്റ്റേഷൻ, ലോ ഓഫ് അട്രാക്ഷൻ പ്രചുരപ്രചാരം നേടിയത് എക്കാലത്തെയും പ്രശസ്തമായ സ്വയം സഹായ പുസ്തകങ്ങളിൽ ഒന്നിലൂടെയാണ് - റോണ്ടാ ബൈൺ രചിച്ച "രഹസ്യം" (The Secret). ദ സീക്രട്ട് പോലുള്ള പുസ്തകങ്ങളിൽ പഠിപ്പിക്കുന്ന മാനസിക വിദ്യകൾ ഈയിടെ കൂടുതൽ ജനപ്രീതി നേടിയിട്ടുണ്ട്.

ഈ വിദ്യകൾ ശരിക്കും പ്രവർത്തിക്കും എന്ന് ഒരുപാട് ആളുകൾക്ക് തോന്നിയതിൻ്റെ ഫലമാണ് ഈ ജനപ്രീതി. ഈ മാനിഫെസ്റ്റേഷൻ വിദ്യകളെക്കുറിച്ച് നിങ്ങൾ മുമ്പ് കേട്ടിട്ടുണ്ടാകാം, എന്നാൽ അവ എന്താണ് അർത്ഥമാക്കുന്നത്, അതിലും പ്രധാനമായി,

നിങ്ങളുടെ സ്വന്തം ജീവിതത്തിൽ അവ എങ്ങനെ നടപ്പിലാക്കണം എന്ന് നിങ്ങൾക്ക് അറിയാമോ? നിങ്ങളുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന മികച്ച ആവിഷ്‌ക്കാര വിദ്യകളെ കുറിച്ച് കൂടുതലറിയാം.

എല്ലാറ്റിനും മുൻപ് എന്താണ് മാനിഫെസ്റ്റേഷൻ എന്നറിയാം

What is manifestation

ലളിതമായി പറഞ്ഞാൽ, സാധിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നതിലൂടെ നിങ്ങൾ സംഭവിക്കാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും സാധിപ്പിക്കുന്നതാണ് മാനിഫെസ്റ്റേഷൻ (ആവിഷ്ക്കാരം അഥവാ സാക്ഷാത്കാരം).

ചിലർക്ക് ഇപ്പോഴിത് സങ്കീർണ്ണമായി തോന്നിയേക്കാം. സങ്കീർണ്ണതകളും സംശയങ്ങളും ഒട്ടുമില്ലാതെ മനസ്സിൽ ഉടലെടുക്കുന്ന വിശ്വാസമാണ് ഇതിൻ്റെ മൂലാധാരം. മാനിഫെസ്റ്റേഷൻ്റെ ഏറ്റവും അടിസ്ഥാനപരമായ കാരണം, പോസിറ്റീവ് മാനസികാവസ്ഥ സ്വീകരിക്കുന്നതാണ്.

ആവിഷ്ക്കാരത്തിന് പരിമിതികൾ ഉണ്ടെങ്കിലും, നിങ്ങളുടെ ചിന്താഗതി മാറ്റുന്നതിനുള്ള ശക്തിയെ കുറച്ചുകാണാതിരിക്കേണ്ടത് പ്രധാനമാണ്. അവിടെയാണ് മാജിക് സംഭവിക്കുന്നത്.

എന്താണ് ആകർഷണ നിയമം?

Law of attraction

ആകർഷണ നിയമം കേവലം ഒരു ചിന്താമാർഗ്ഗമല്ല, അത് ഒരു ജീവിതരീതിയാണ്. “സന്തോഷവും ആരോഗ്യവും സമ്പത്തും കണ്ടെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?” എന്ന് നിങ്ങളോട് ചോദിച്ചാൽ നമ്മിൽ മിക്കവരും ഈ ചോദ്യത്തിന് അതിശയകരമായി ഒരേ ഉത്തരം നൽകുമെന്നതിൽ സംശയമില്ല!

വലിയ പ്രശ്‌നങ്ങളില്ലാതെ സുഖപ്രദമായ ജീവിതം നയിക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്? അതിനായി ആകർഷണ നിയമം നിങ്ങളെ എങ്ങനെ സഹായിക്കും?

അറിഞ്ഞും അറിയാതെയും നാമെല്ലാവരും ആകർഷണ നിയമത്തെ ഏതെങ്കിലും തരത്തിൽ ജീവിതത്തിൽ ഉപയോഗിക്കുന്നു, ലളിതമായി പറഞ്ഞാല്‍ സമാനമായ ഊര്‍ജം പരസ്പരം ആകര്‍ഷിക്കപ്പെടുന്നു എന്ന സാര്‍വത്രികമായ നിയമമാണ് ആകര്‍ഷണ നിയമം.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്തിലാണോ അതിനെ നിങ്ങൾക്ക് തിരികെ ലഭിക്കുന്നു. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും നമ്മള്‍ ഊര്‍ജത്തിന്റെയും അതുണ്ടാക്കുന്ന പ്രകമ്പന(Vibration) ത്തിന്റെയും ലോകത്താണ് ജീവിക്കുന്നതെന്ന് ക്വാണ്ടം ഫിസിക്സ് തെളിയിച്ചിട്ടുണ്ട്.

നെഗറ്റീവ് ചിന്തകൾ നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങളുടെ ജീവിതത്തിലേക്ക് നെഗറ്റീവ് സംഭവങ്ങൾ വന്നുകൂടുന്നു. പോസിറ്റീവ് ചിന്തകളാണ് നിങ്ങളെ സ്വാധീനിക്കുന്നതെങ്കിൽ, നിങ്ങളുടെ ജീവിതത്തിലേക്ക് നല്ല സംഭവങ്ങൾ മാത്രമേ ആകർഷിക്കുകയുള്ളൂ.

നമ്മൾ ആകർഷണ നിയമം ഉപയോഗിക്കുകയാണെങ്കിൽ ആഗ്രഹിക്കുന്ന ബന്ധങ്ങൾ, ആരോഗ്യം, ആഗ്രഹിക്കുന്ന തൊഴിൽ, സ്വപ്നഭവനം, സന്തോഷം, സംതൃപ്തി, സമാധാനം അങ്ങനെ നമ്മൾ ആഗ്രഹിക്കുന്നതെന്തും സ്വന്തമാകും.

സ്ഥല സമയ കാലാതീതമയി സദാ പ്രപഞ്ചത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രാപഞ്ചിക നിയമമാണ് ആകർഷണ നിയമം. ഗ്രാവിറ്റേഷൻ നിയമത്തെ കുറിച്ച് നമുക്ക് അറിയാമല്ലോ. ഭൂമി അതിൻറെ കേന്ദ്രത്തിലേക്ക് എല്ലാ വസ്തുക്കളേയും സദാ ആകർ ഷിച്ചു കൊണ്ടിരിക്കുകയാണല്ലോ.

രാജ്യമോ, സ്ഥലമോ, സമയമോ, വലിപ്പ ചെറുപ്പമോ, ധനികനെന്നോ, ദരിദ്രനെന്നോ, പാമരനെന്നോ പണ്ഡിതനെന്നോ വ്യത്യാസമില്ല. മുകളിൽ നിന്ന് ആരു ചാടിയലും ഭൂമിയിൽ പതിക്കുമെന്നതിന് ഒരു സംശയവുമില്ല. അതാണ് ഗ്രാവി റ്റി നിയമം.

അതുപോലെ തന്നെ വ്യക്തികളും, കാലങ്ങളും, രാജ്യ ങ്ങളും, സമയവും യാതൊന്നും തന്നെ പ്രാപഞ്ചിക ആകർഷണ നിയമത്തെ ബാധിക്കുകയില്ല. നമ്മുടെ ജീവിത്തിൽ നമ്മൾ ആഗ്രഹിക്കുന്നതുപോലുള്ള മനോഹ രമായ ഒരു ജീവിതം പടുത്തുയർത്തുവാൻ നമുക്ക് ഉപയോഗി ക്കുവാൻ കഴിയുന്ന ഒരു ടെക്നിക്കാണ് ആകർഷണ നിയമം.

നാം അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും നമ്മുടെ നിത്യ ജീവിതത്തിൽ നിത്യവും സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നാണ് പരമാർത്ഥം. നാം എന്താണ് ഉപോബോധമനസ്സിൽ ചിന്തിക്കുന്നത് അതു തന്നെ ജീവിത്തിൽ സംഭവിക്കും എന്നാണ് ഈ നിയമം. നിങ്ങൾ തുടർ ച്ചയായി ഒരു പരാജിതനാണെന്ന് ചിന്തിച്ചുകൊണ്ടിരുന്നാൽ ജീവി തത്തിൽ അതു സംഭവിച്ചു കൊണ്ടിരിക്കും. ഞാൻ ഒരു വിജയിയാ ണ് എന്ന് ചിന്തിച്ചു കൊണ്ടിരുന്നാൽ വിജയിച്ചുകൊ ണ്ടിരിക്കുന്നു.

എന്തും ചിന്തിച്ചിരുന്നു വിശ്വസിച്ചാൽ അതും സംഭവിക്കും. നമ്മുടെ ആന്തരിക ലോ കത്തിൽ എന്താണോ ചിന്തിച്ചിരിക്കുന്നത് അതു തന്നെ പുറം ലോകത്ത് സംഭവിച്ചിരിക്കും.

നിങ്ങളുടെ മനസ്സിൽ എന്താണോ വിശ്വസിച്ചിരിക്കുന്നത് അതു തന്നെയാണ് സംഭവിക്കുന്നത്. ഇല്ലായ്മയാണെങ്കിൽ ദരിദ്രനും, ഉള്ളായ്മയാണെങ്കിൽ ധനാവാനും ആയി തീരൂന്നു. ചിന്ത മാത്രം പോര, വിശ്വാസവും കൂടി വേണം.

മാനിഫെസ്റ്റേഷൻ എന്ന പദത്തിനൊപ്പം കൂട്ടി വായിക്കേണ്ടത് ആകർഷണ നിയമത്തിന്റെ ആശയമാണ്. ആകർഷണ നിയമം അടിസ്ഥാനപരമായി പ്രസ്താവിക്കുന്നത് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ ജീവിതത്തിൽ ആകർഷിക്കും എന്നാണ്.

ജീവിതത്തിലെ നിഷേധാത്മകതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, നമ്മുടെ സാഹചര്യം കൂടുതൽ പ്രതികൂലമായി വളരും. എന്നാൽ ജീവിതത്തിൻ്റെ പോസിറ്റീവ് വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നമ്മുടെ ഭാവി ലക്ഷ്യങ്ങൾ മനസ്സിൽ ഉറപ്പിക്കുകയും ചെയ്താൽ, അവ നേടാനുള്ള ഒരു വഴി നാം കണ്ടെത്തും.

നിങ്ങൾ ഒരു പോസിറ്റീവ് മാനസികാവസ്ഥയിൽ ഉണർന്നിരുന്നുവെങ്കിൽ, നിങ്ങളുടെ നേരെ വരുന്നതെന്തും കീഴടക്കാൻ തയ്യാറാണെങ്കിൽ, ദിവസം മുഴുവനും നിങ്ങളുടെ വ്യക്തിത്വവും പ്രവർത്തനങ്ങളും എങ്ങനെ മികച്ചതായിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ.

നമുക്ക് എല്ലായ്പ്പോഴും നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല (അത് ജീവിതത്തിൻ്റെ സ്വാഭാവിക അവസ്ഥയാണ്), നമ്മുടെ മാനസികാവസ്ഥ തീർച്ചയായും നമ്മുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കുകയും നമ്മുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ വലിയ പങ്ക് വഹിക്കുകയും ചെയ്യും.

തങ്ങളുടെ സ്വപ്നങ്ങൾ സ്വയം സാക്ഷാത്കരിക്കാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കാത്ത ഒരാൾക്ക് ശ്രമിക്കാനുള്ള ധൈര്യം പോലും കാണില്ല. മനസ്സ് വെച്ചാൽ ആർക്കും ഇത് ചെയ്യാം. ഇത് ആഗ്രഹതീവ്രത, അടിയുറച്ച വിശ്വാസം, കഠിനാധ്വാനം, സ്ഥിരോത്സാഹം, അർപ്പണബോധം എന്നിവയെക്കുറിച്ചാണ്.

ആരംഭിക്കുന്നതിനുള്ള ആദ്യപടി ആരംഭിക്കുക എന്നതാണ്. ജീവിതത്തിലെ മിക്കവാറും എന്തിനെക്കുറിച്ചും അതാണ് സത്യം; എന്തെങ്കിലും നേടുന്നതിനുള്ള ആദ്യപടി അത് യഥാർത്ഥത്തിൽ സാധ്യമാണെന്ന് വിശ്വസിക്കുക എന്നതാണ്.

മാനിഫെസ്റ്റേഷൻ ടെക്നിക്കുകൾ ഉപയോഗിക്കുന്നതിന് മുൻപ് അറിയേണ്ട ചില കാര്യങ്ങൾ

How to do manifestation

ഒരു ലക്‌ഷ്യം സജ്ജമാക്കുന്നത് സ്വയം ദിശാബോധം നൽകുന്നു. നിങ്ങളുടെ ദൈനംദിന ചിന്തകളും പ്രവൃത്തികളും ഉപയോഗിച്ച് നിങ്ങൾ നിങ്ങളുടെ സ്വന്തം വിധി നിയന്ത്രിക്കുകയാണ്. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചോ അല്ലെങ്കിൽ നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന ചില ലക്ഷ്യങ്ങളെക്കുറിച്ചോ ചിന്തിക്കുക.

നിങ്ങളുടെ ലക്ഷ്യം ഭൗതിക വസ്തുക്കളാവാം ആവാതിരിക്കാം. ഒരു ലക്ഷ്യം കണ്ടെത്തി മനസ്സിൽ സ്ഥാപിക്കുമ്പോൾ നിങ്ങൾ അവയുടെ മൂല്യങ്ങളെക്കുറിച്ചും, ജീവിതത്തിൽ നിങ്ങൾക്ക് അത് എത്ര പ്രധാനമായതാണ് എന്നും ചിന്തിക്കുക.

എന്തുകൊണ്ടാണ് നിങ്ങൾ അത് നേടാൻ ആഗ്രഹിക്കുന്നത്? അത് നിങ്ങൾക്കായി എന്ത് ചെയ്യും? ഇത് നിങ്ങളെത്തന്നെ അറിയാൻ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ ആഗ്രഹങ്ങളുടെ ആത്മാവിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ജീവിതത്തിന് കാര്യമായ രീതിയിൽ സംഭാവന നൽകുന്ന അർത്ഥവത്തായതും പോസിറ്റീവുമായ കാര്യങ്ങൾ നിങ്ങൾ ആവിഷ്ക്കരിക്കുന്നു എന്നത് ഉറപ്പാക്കുക.

മാനിഫെസ്റ്റേഷൻ ടെക്നിക്കുകൾ ഉപയോഗിച്ച് ആഗ്രഹങ്ങൾ എങ്ങനെ സാധ്യമാക്കാം — 5 മികച്ച ആവിഷ്‌ക്കാര വിദ്യകൾ മനസിലാക്കാം

നിങ്ങളുടെ ലക്ഷ്യങ്ങൾ കീഴടക്കാൻ സഹായിക്കുന്ന ഈ 5 മാനിഫെസ്റ്റേഷൻ വിദ്യകൾ പരീക്ഷിക്കുക.

1. പേപ്പർ ബർണിങ് ടെക്‌നിക്

Paper burning technique

വളരെ നന്നായി മനസ്സിനെ ശുദ്ധികരിക്കാൻ സഹായിക്കുന്ന മികച്ച ഒരു ടെക്‌നിക്ക് ആണിത്. വളരെ എളുപ്പത്തിൽ ഒരു 10 -30 mins കൊണ്ട് ചെയ്യാം. ആദ്യം ഒരു വെള്ള പേപ്പർ എടുക്കുക (A4 sheet അല്ലെങ്കിൽ ബുക്ക് പേപ്പർ).

എന്നിട്ടു ആ പേപ്പറിൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും എഴുതുക. ദൈവത്തിനോട് മനസ്സ് തുറന്നു പറയുന്നതുപോലെ , അല്ലെങ്കിൽ നിങ്ങളുടെ ഒരു സുഹൃത്തിനോട് പറയുന്നത് പോലെ എഴുതാം. ഇതുവരെ ജീവിതത്തിൽ ഉണ്ടായ എല്ലാ ദുരനുഭവങ്ങളും, പേടികളും , കടങ്ങളെ കുറിച്ചുള്ള കാര്യങ്ങളും, അതുമൂലം ഉണ്ടായ പ്രശ്നങ്ങളും , മുന്നേ ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചും, അപ്പോൾ ഉണ്ടായ അനുഭവങ്ങളെ കുറിച്ചും, ഭാവിയെ കുറിച്ചുള്ള പേടികളും ,

അങ്ങനെ അങ്ങനെ നിങ്ങളുടെ സകല പ്രശ്നങ്ങളും അതിൽ എഴുതാം. എന്നിട്ട് ആ പേപ്പർ കത്തിച്ചു കളയുക. കത്തിക്കുമ്പോൾ നിങ്ങളുടെ എല്ലാ ദുരിതങ്ങളും, പ്രശ്നങ്ങളും കത്തി തീരുന്നതായിട്ടും , അത് മനസ്സിൽ നിന്ന് ഡിലീറ്റ് ആകുന്നതായിട്ടും സങ്കല്പിക്കുക.

ഇത് ഒരു തവണ മാത്രം ചെയ്താൽ മതി. നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന എല്ലാ ചിന്തകളുടെയും തീവ്രത നന്നായി കുറഞ്ഞതായിട്ട് അനുഭവപ്പെടും. അവ ഇനി അങ്ങോട്ട് നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. അങ്ങനെ നിങ്ങൾക് സമാധാനമായിട്ട് നിങ്ങൾ ചെയ്യേണ്ടുന്ന ജോലികൾ കൃത്യമായ് ചെയ്ത് മുന്നോട് പോകാം.

അപ്പോൾ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരങ്ങളും എളുപ്പത്തിൽ ലഭ്യമാകും. അത്പോലെ തന്നെ നിങ്ങള്ക്കുള്ള പല ബ്ലോക്കുകളും ഇതിലൂടെ മാറിക്കിട്ടും, അതും മുന്നോട്ടുള്ള ആഗ്രഹ സാക്ഷാത്ക്കാരങ്ങൾക്ക് നല്ല രീതിയിൽ സഹായകരമാകും.

2. വിഷൻ ബോർഡ്

Vision board

വിഷൻ ബോർഡ് പലരും ഇതിനകം പരീക്ഷിച്ചിട്ടുള്ള ഏറ്റവും എളുപ്പമുള്ള ആവിഷ്‌ക്കാര വിദ്യകളിൽ ഒന്നാണ്. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ സാധ്യമാക്കാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങൾക്കുമായി ഒരു ബോർഡ് ഉണ്ടാക്കുക.

വീട്, ജോലി, കാർ, വ്യക്തിബന്ധങ്ങൾ, അങ്ങനെ നിങ്ങൾ സ്വപ്നം കാണുന്ന എല്ലാ ലക്ഷ്യങ്ങളുടെയും ചിത്രങ്ങളോ കൊളാഷുകളോ കൊണ്ട് സമ്പുഷ്ടമായ ഒരു വിഷൻ ബോർഡ് ഒരുക്കുക. അത് എപ്പോഴും നിങ്ങളുടെ ദൃഷ്ടി പതിക്കുന്ന സ്ഥലങ്ങളിൽ വെക്കുക.

എത്ര മാത്രം കൃത്യത ആ ചിത്രങ്ങളിൽ പാലിക്കുന്നുവോ അത്രയും നല്ലത്. ഉദാഹരണത്തിന് നിങ്ങൾ നീല കാറാണ് ആഗ്രഹിക്കുന്നതെങ്കിൽ മനസ്സിലുള്ള കമ്പനിയുടെ അതേ നിറമുള്ള കാറിൻ്റെ ചിത്രം പതിപ്പിക്കുക.

വിഷൻ ബോർഡുകൾ നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ജീവിതം വിഭാവനം ചെയ്യുന്നതിനുള്ള ഒരു മികച്ച മാർഗം മാത്രമല്ല, നിങ്ങൾ എന്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്, എന്തുകൊണ്ട് അത് വിലമതിക്കുന്നു എന്നതിൻ്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.

3. കൃതജ്ഞതാ ജേണൽ

Personal journal

ഒരു കൃതജ്ഞതാ ജേണൽ സൂക്ഷിക്കാൻ ശ്രമിക്കുക. അവിടെ നിങ്ങൾ ദിവസവും നന്ദിയുള്ള കാര്യങ്ങളുടെ ട്രാക്ക് സൂക്ഷിക്കുന്നു. ഇത് ആവിഷ്ക്കാരത്തിനുള്ള മാർഗ്ഗം മാത്രമല്ല, വിഷാദരോഗം അല്ലെങ്കിൽ ഉത്കണ്ഠയുമായി മല്ലിടുമ്പോൾ പലർക്കും സഹായകമാകുന്ന ഒരു സംഗതി കൂടിയാണ്.

എഴുതുമ്പോഴുള്ള മനോഭാവത്തിലും പോസിറ്റീവ് ചിന്തയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. ജീവിതത്തിൽ ഉള്ള നല്ല കാര്യങ്ങളിലേക്ക് ശ്രദ്ധിക്കാനാണ് ഇത് ചെയ്യുന്നത്. ഇത് ദിവസേന ചെയ്യുക. 10 മിനിറ്റ് സമയം മാത്രമാണ് ഇതിനു ആവശ്യമായ വരിക.

ജീവിതത്തിൽ ഉള്ള 10-15 നല്ല കാര്യങ്ങൾ എഴുതി നന്ദി പറയുക. ഏറ്റവും ചെറിയ കാര്യങ്ങൾക്കും നന്ദി പ്രകടമാക്കുക. ജീവിതത്തിൽ വരാനിരിക്കുന്ന ആ ആഗ്രഹം ലഭിച്ചെന്ന മട്ടിൽ അത് നൽകിയതിനും നന്ദി പറയുക.

ഓരോ വാചകം എഴുതുമ്പോഴും മുഖത്ത്‌ ഒരു പുഞ്ചിരിയോടെ, നല്ല വൃത്തിയിൽ വളരെ സ്നേഹത്തോടെ എഴുതാൻ ശ്രമിക്കുക – അങ്ങനെ നല്ല രീതിയിൽ ഫീൽ ചെയ്ത് തന്നെ ചെയ്യുക. നന്ദിയോടെയായിരിക്കണം നാം ഓരോ പ്രഭാതത്തെയും സ്വീകരിക്കേണ്ടത്.

കാരണം ഒരു ദിവസം കൂടി നമുക്ക് ലഭിച്ചിരിക്കുന്നു. കാപ്പി കുടിക്കാൻ, സുഹൃത്തിന് വാട്സാപ്പ് ചെയ്യാൻ, ഇണയെ ആലിംഗനം ചെയ്യാൻ, മഴ നനയാൻ, സംഗീതം കേൾക്കാൻ, ജോലി ചെയ്യാൻ, മക്കളുടെ ചുംബനങ്ങൾ സ്വീകരിക്കാൻ.

നാം ഉണർന്നെണീറ്റിരിക്കുന്നു എന്നതും നമ്മൾ ആരോഗ്യത്തോടെയിരിക്കുന്നു എന്നതുമാണ് പ്രധാനപ്പെട്ട കാര്യം. ഉദാഹരണത്തിന് ഇന്നലെ ഈ ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നായി ഏകദേശം ലക്ഷോപലക്ഷം പേർ മരണമടഞ്ഞിട്ടുണ്ട്.

റോഡപകടം, അക്രമം, രോഗം, പ്രകൃതിക്ഷോഭം എന്നിവയെല്ലാം കാരണമാണിത്. ഇന്നും അതുപോലെ തന്നെ ആളുകൾ മരിക്കും.നാളെയും മറ്റന്നാളും ഇത്തരം മരണങ്ങൾ ആവർത്തിക്കും.

ഒരു കലണ്ടറിലെ അവസാനതാളും മറിഞ്ഞുകഴിയുമ്പോൾ ഈ ലോകത്ത് നിന്ന് കോടാനുകോടി ആളുകൾ തങ്ങളുടെ അവസാനശ്വാസമെടുത്തുകഴിഞ്ഞിരിക്കും.

എന്തിനേറെ ഈ ലേഖനം വായിച്ചു തുടങ്ങി പൂർത്തിയാക്കുമ്പോഴേക്കും ഈ ലോകത്തിൽ നിന്ന് ചിലപ്പോൾ പത്തോ അതിലേറെയോ ആളുകൾ മരണമടഞ്ഞേക്കാം. എന്നിട്ടും ഇത് വായിക്കാൻ നിങ്ങൾ ജീവനോടെയുണ്ട് എന്നതു തന്നെയാണ് നിങ്ങൾ ഈ ദിവസത്തോടും ജീവിതത്തോടും കാണിക്കേണ്ട നന്ദി.

നന്ദിയുള്ള ജീവിതം നന്മയുള്ള ജീവിതമാണ്. അത് നല്ലൊരു ജീവിതത്തിലേക്കുള്ള വാതിലുകളാണ് നമുക്ക് തുറന്നുതരുന്നത്. അതുകൊണ്ട് എല്ലാവരോടും എല്ലാറ്റിനോടും നന്ദിയുള്ളവരായിരിക്കുക.

4. പോസിറ്റീവ് അഫർമേഷൻ അഥവാ പോസിറ്റീവ് സ്ഥിരീകരണങ്ങൾ

Positive affirmation

പോസിറ്റീവ് സ്ഥിരീകരണങ്ങൾ മിക്കവാറും ആർക്കും പരീക്ഷിക്കാവുന്ന മറ്റൊരു മാനിഫെസ്റ്റേഷൻ വിദ്യയാണ്. നിങ്ങൾ ആഗ്രഹിക്കുന്ന ഫലം എന്തുതന്നെയായാലും, നിങ്ങളുടെ മാനസികാവസ്ഥ അതിന് പാകത്തിനായി ഒരുക്കുന്നതിനും ആത്മവിശ്വാസത്തിനും സ്ഥിരീകരണങ്ങൾ വളരെ പ്രധാനമാണ്.

സ്റ്റിക്കി നോട്ടുകളിൽ പോസിറ്റീവ് സ്ഥിരീകരണങ്ങൾ എഴുതി നിങ്ങളുടെ റൂമിന് ചുറ്റും അല്ലെങ്കിൽ ബാത്ത്റൂം കണ്ണാടിയിൽ വയ്ക്കുന്ന ആശയം നല്ലതാണ്. നിങ്ങൾ ഉണരുമ്പോൾ ആദ്യം കാണുന്ന കാര്യങ്ങളിൽ ചിലത് ഈ പോസിറ്റീവ് സ്ഥിരീകരണങ്ങൾ ആണ്.

നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും.

ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്.

മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍.

ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും.

എത്രത്തോളം പോസിറ്റീവ് ചിന്തകള്‍ മനസ്സില്‍ രൂപപ്പെടുത്താന്‍ സാധിക്കുന്നുവോ അത്രത്തോളം നെഗറ്റീവ് ചിന്തകള്‍ ഇല്ലാതാകും എന്നതാണ് യാഥാര്‍ഥ്യം. ഫലപ്രാപ്തിയിലേക്ക് എന്തെങ്കിലും സാധ്യമാക്കുന്നതിനുള്ള ഏറ്റവും വലിയ താക്കോലുകളിൽ ഒന്ന് നിങ്ങളുടെ ചിന്താഗതി മാറ്റുക എന്നതാണ്.

നല്ല കാര്യങ്ങൾക്ക് പൊതുവെ സമയമെടുക്കും, നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കാത്തപ്പോൾ ഒരു നെഗറ്റീവ് സ്പേസിലേക്ക് വഴുതിവീഴാൻ വളരെ എളുപ്പമാണ്. ആയതിനാൽ ശുഭാപ്തി വിശ്വാസം നിറയ്ക്കുക.

പോസിറ്റീവ് ചിന്തകള്‍ മനസ്സ് തുടക്കത്തില്‍ തന്നെ അംഗീകരിക്കണമെന്നില്ല. പക്ഷേ നിരന്തരം ശ്രമിക്കുന്നതിലൂടെ പോസിറ്റീവ് ചിന്തകള്‍ മനസ്സില്‍ ഉറപ്പിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ മനസ്സില്‍ നല്ല ചിന്തകള്‍ നിറയുമ്പോള്‍ ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും.

ജീവിതത്തിലെ എല്ലാ കാര്യങ്ങളേയും പോസിറ്റീവ് മനോഭാവത്തോടെ സമീപിക്കാന്‍ കഴിയും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മനസ്സിനെ മനസ്സു കൊണ്ടു തന്നെ ജയിക്കാനുള്ള തന്ത്രമാണ് അഫര്‍മേഷന്‍. നമ്മള്‍ എന്താണോ അത്, നമ്മള്‍ ചിന്തിക്കുന്നതിന്റെ ഫലമാണ്.

5. വിഷ്വലൈസേഷൻ അഥവാ ദൃശ്യവൽക്കരണം

Visualization

മാനിഫെസ്റ്റേഷൻ ടെക്നിക്കുകളിൽ ദൃശ്യവൽക്കരണം ഏറ്റവും ശക്തമായ വിദ്യകളിൽ ഒന്നാണ്, മാത്രമല്ല ഇത് നമ്മൾ സാക്ഷാത്കരിക്കുന്നത് തിരിച്ചറിയാതെ തന്നെ ചെയ്യുന്ന ഒന്നാണ്.

നിങ്ങളുടെ ആഗ്രഹങ്ങളുടെ ദൃശ്യവൽക്കരണം പരിശീലിക്കുക, നിങ്ങളുടെ മനസ്സ് തുറക്കുന്നതിനും നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിന് നിങ്ങളെ പ്രചോദിപ്പിക്കുന്നതിനും ഇത് വളരെ സഹായകരമാണ്.

നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിലവില്‍ ഉണ്ടെന്ന് സങ്കല്‍പ്പിക്കുകയും അത് അനുഭവിക്കുകയും ചെയ്യുക എന്ന പ്രക്രിയയാണ് ക്രിയേറ്റീവ് വിഷ്വലൈസേഷൻ അഥവാ ഗോൾ വിഷ്വലൈസേഷൻ. മനസ്സ് ശാന്തമായും സ്വസ്ഥമായും വെക്കുക.

അതിനുള്ള ഒരു എളുപ്പവഴി, 50 ല്‍ നിന്ന് പൂജ്യം വരെ പതുക്കെ എണ്ണുക എന്നതാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം നിലവില്‍ ഉണ്ടെന്നതു പോലെയും അനുഭവിക്കുന്നതു പോലെയും മനസ്സില്‍ സങ്കല്‍പ്പിക്കുക. കാണാനും കേള്‍ക്കാനും അനുഭവിക്കാനും മണക്കാനും രുചിക്കാനുമുള്ള (ആവശ്യമെങ്കില്‍) കഴിവുകള്‍ ഉള്‍പ്പെടുത്തി, അത് യാഥാര്‍ത്ഥ്യമാണെന്ന് വരുത്തിത്തീര്‍ക്കുക.

നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഉണ്ടെന്ന വികാരം അനുഭവിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ക്രിയേറ്റീവ് വിഷ്വലൈസേഷന്‍ ഉപയോഗിക്കുമ്പോഴെല്ലാം അത് ഇപ്പോള്‍ സംഭവിക്കുന്നതാണെന്ന തോന്നൽ ഉണ്ടാക്കുകയും അതിലുള്‍പ്പെടുന്ന പ്രക്രിയയെ ദൃശ്യവത്കരിക്കുന്നതിനപ്പുറം

നിങ്ങളുടെ ശ്രദ്ധ അന്തിമഫലത്തിലോ ആഗ്രഹിക്കുന്ന ഫലത്തിലോ എത്തിക്കുകയും ചെയ്യുന്നു. അത് ആസ്വാദ്യകരവും രസകരവുമായ അനുഭവമാക്കി മാറ്റുക. എല്ലാറ്റിനുമുപരി നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും നല്ലതായി അനുഭവപ്പെടും.

സ്വപ്നങ്ങള്‍ നേടിയെടുക്കാനുള്ള യാത്രയാണ് ഓരോരുത്തരുടേയും ജീവിതം. പരിശ്രമം കൊണ്ടു മാത്രം ഒരാള്‍ക്ക് ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല. എന്തു പ്രതിസന്ധികള്‍ നേരിട്ടാലും എത്ര തവണ പരാജയപ്പെട്ടാലും ഒരുനാള്‍ ഇത് നേടിയെടുക്കാന്‍ സാധിക്കും എന്ന വിശ്വാസം വേണം.

ഇത്തരത്തില്‍ ശക്തമായൊരു ചിന്ത മനസ്സില്‍ രൂപപ്പെടുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് വിജയത്തിലേയ്ക്ക് എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ മനസ്സില്‍ ശുഭചിന്തകള്‍ നിറയട്ടെ. അതുവഴി ധൈര്യവും ആത്മവിശ്വാസവും വളരട്ടെ. അപ്പോള്‍ മാത്രമേ കടന്നു പോകുന്ന ഓരോ വഴിയിലും വിജയത്തിന്‍റെ പാദമുദ്രകള്‍ പതിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ.

continue reading.

ലോകത്തെ മാറ്റിമറിച്ച 20 ശാസ്ത്രജ്ഞൻമാർ

ലോകത്തെ മാറ്റിമറിച്ച 20 ശാസ്ത്രജ്ഞൻമാർ

Oct 9, 2022
ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട 5 കാര്യങ്ങൾ

ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട 5 കാര്യങ്ങൾ

Sep 30, 2022
ജീവിത വിജയത്തിനായി പാലിക്കേണ്ട 7 ശീലങ്ങൾ

ജീവിത വിജയത്തിനായി പാലിക്കേണ്ട 7 ശീലങ്ങൾ

Aug 19, 2022
നിങ്ങളുടെ വിഷന്‍ ബോര്‍ഡ് എങ്ങനെ ചിട്ടയോടുകൂടി ഉണ്ടാക്കാം?

നിങ്ങളുടെ വിഷന്‍ ബോര്‍ഡ് എങ്ങനെ ചിട്ടയോടുകൂടി ഉണ്ടാക്കാം?

Jul 13, 2022
download katha app