Katha

മരിക്കുന്നതിന് മുമ്പ് സന്ദർശിക്കേണ്ട കേരളത്തിലെ ഏറ്റവും പുരാതനമായ ആരാധനാലയങ്ങൾ

Jul 19, 2022
മരിക്കുന്നതിന് മുമ്പ് സന്ദർശിക്കേണ്ട കേരളത്തിലെ ഏറ്റവും പുരാതനമായ ആരാധനാലയങ്ങൾ

എല്ലാ പ്രധാന മതങ്ങളും നൂറ്റാണ്ടുകളായി സമാധാനപരമായി സഹവസിക്കുന്ന അപൂർവ സ്ഥലങ്ങളിൽ ഒന്നായി കേരളം അറിയപ്പെടുന്നു. അവരുടെ ഓരോ ആരാധനാലയങ്ങളും കേരളത്തിൻ്റെ സംസ്കാര പൈതൃകത്തിന് മാറ്റ് കൂട്ടുന്നവയാണ്.

ആ സ്ഥലങ്ങളും ആരാധനാലയങ്ങളും അവരുടെയൊക്കെ ഒരു മുദ്ര പതിപ്പിച്ച കേന്ദ്രങ്ങളുമാണ്. ആരാധനാലയങ്ങളുടെ ചരിത്രമെടുത്താൽ ഒരായിരം വർഷങ്ങളുടെ കഥകൾ പറയാനുണ്ടാകും കേരളത്തിന്. ഹിന്ദു ക്ഷേത്രങ്ങൾ, പള്ളികൾ, മോസ്‌ക്കുകൾ തുടങ്ങി ജൈന ക്ഷേത്രങ്ങൾ, സിനഗോഗുകൾ, ബുദ്ധ വിഹാരങ്ങൾ വരെ കേരളത്തിൽ ഉണ്ട്. അത്തരത്തിലുള്ള ചില പ്രധാന ആരാധനാലയങ്ങളാണ് താഴെ കൊടുക്കുന്നത്.

വൈക്കം മഹാദേവ ക്ഷേത്രം

Vaikom Sree Mahadeva Temple

കേരളത്തിലെ പുരാതനമായ ഹൈന്ദവ ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ വൈക്കത്ത് സ്ഥിതി ചെയ്യുന്ന വൈക്കം മഹാദേവ ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഇതെന്ന് കരുതപ്പെടുന്നു.

ഇവിടുത്തെ ശിവലിംഗം ത്രേതായുഗത്തിൽ നിന്നും ഉള്ളതാണെന്ന് വിശ്വസിക്കുന്നു. പെരുന്തച്ചൻ നിർമ്മിച്ചതെന്ന് കരുതുന്ന രണ്ടു ക്ഷേത്ര കോവിലുകളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷത്രത്തിലെ കോവിൽ. അണ്ഡാകൃതിയിലുള്ള ശ്രീകോവിൽ ഉള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് ഇത്.

വൈക്കം ശിവക്ഷേത്രം ചരിത്ര പ്രാമുഖ്യമുള്ള കേരള നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രധാന സ്ഥലമായിരുന്നു. അവിടെ ഹിന്ദുമതത്തിലെ തൊട്ടുകൂടായ്മയ്ക്കും ജാതീയതയ്ക്കും എതിരായ ആദ്യത്തെ വലിയ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്. വൈക്കം സത്യാഗ്രഹത്തിന് ഐക്യദാർഢ്യമെന്ന നിലയിൽ മഹാത്മാഗാന്ധി ഈ സ്ഥലം സന്ദർശിച്ചിട്ടുണ്ട്.

ഗുരുവായൂർ ക്ഷേത്രം

Guruvayur Temple

ഭാരതത്തിലെ 108 വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ക്ഷേത്രമാണ് തൃശൂർ, ഗുരുവായൂരിലുള്ള ശ്രീകൃഷ്ണ ക്ഷേത്രം. പൊതുവിൽ ഗുരുവായൂർ ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ഭാരതത്തിലെ തന്നെ പ്രമുഖ തീർത്ഥാടന കേന്ദ്രം തന്നെയാണ്.

ദേവഗുരുവും വായുദേവനും ചേർന്ന് കൃഷ്ണന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ കൽപ്പനപ്രകാരം ഈ ക്ഷേത്രം നിർമ്മിച്ചതായി വിശ്വസിക്കപ്പെടുന്നു.

ശ്രീകൃഷ്ണൻ തന്റെ ജീവിതകാലത്ത് ദ്വാരകയിൽ ആരാധിക്കുകയും ദ്വാരക കടൽ കൈയടക്കിയതിനുശേഷം കേരളത്തിലെത്തിക്കുകയും ചെയ്തതാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് വിശ്വസിക്കുന്നു. പുരാതനമായ ഈ ക്ഷേത്രം അതിൻ്റെ ചുവർചിത്രങ്ങൾക്കും ശിൽപങ്ങൾക്കും പ്രസിദ്ധമാണ്.

തമിഴ് സാഹിത്യത്തിലൊക്കെ പതിനാലാം നൂറ്റാണ്ട് മുതൽ ഗുരുവായൂരിൻ്റെ പ്രസിദ്ധി പ്രതിപാദിക്കുന്നതായി കാണാവുന്നതാണ്. പതിനാലാം നൂറ്റാണ്ട് മുതലുള്ള ചരിത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.

ചേരമാൻ ജുമാ മസ്ജിദ്

Cheraman Juma Mosque

മെക്ക കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ മുസ്ലിം പള്ളിയായി കരുതുന്ന പള്ളിയാണ് തൃശൂർ കൊടുങ്ങല്ലൂർ സ്ഥിതി ചെയ്യുന്ന ചേരമാൻ ജുമാ മസ്ജിദ്. 629 എ. ഡിയിൽ പണികഴിപ്പിച്ചത് ഇസ്‌ലാമിലേക്ക് മതം മാറിയ കേരളത്തിലെ ചേര രാജാവാണ്.

അതുകൊണ്ടാണ് ഈ പള്ളിക്ക് ചേരമാൻ പെരുമാളിൻ്റെ പേര് വീണത്. പ്രവാചകൻ മുഹമ്മദ് നബിയെ അന്വേഷിച്ചു പോയ ചേരമാൻ രാജാവ് നബിയെ കണ്ട് ഇസ്‌ലാമിലേക്ക് മതം മാറിയെന്നും, തിരിച്ച് വന്ന് തൻ്റെ കൊട്ടാരം പള്ളിയായി മാറ്റിയെന്നും കേരളോൽപ്പത്തി പോലുള്ള ചരിത്ര പുസ്തകങ്ങളിൽ പറയുന്നു.

ആദ്യം പണികഴിപ്പിച്ച പള്ളി 1341-ലെ പെരിയാർ വെള്ളപ്പൊക്കത്തിൽ തകർന്നിരുന്നു. പിന്നീട് പുനരുദ്ധരിച്ചത് പല പല യുദ്ധങ്ങളിലും തകരുകയും ചെയ്തു. പുതിയതായ മാറ്റങ്ങൾ 1984ലും ഈയടുത്ത് 2022ലും നടന്നിട്ടുണ്ട്. ചേരന്മാർ ഉപയോഗിച്ചിരുന്ന രാജകീയ വിളക്ക് ഇപ്പോഴും പള്ളിക്കുള്ളിൽ ഉപയോഗിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്.

സാധാരണയായി മക്കയിലേക്ക് പടിഞ്ഞാറോട്ട് അഭിമുഖീകരിക്കുന്ന മറ്റ് പള്ളികളിൽ നിന്ന് വ്യത്യസ്തമായി, ഈ പള്ളി കിഴക്കോട്ടാണ് ദർശനം.

പാലയൂർ മാർത്തോമ പള്ളി

Palayoor Mar Thoma Major Archiepiscopal Church

ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ ആരാധനാലയമായി കരുതപ്പെടുന്ന പള്ളിയാണ് തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാലയൂർ മാർത്തോമ പള്ളി. യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളായ സെന്റ് തോമസ് 52 എ. ഡിയിൽ കേരളത്തിൽ വന്ന് സ്ഥാപിച്ചതാണ് ഈ പള്ളി.

സെന്റ് തോമസ് സ്ഥാപിച്ച ഏഴരപ്പള്ളിക്കൂട്ടത്തിൽ ഒന്നാണ് ഈ പള്ളി,ഹൈന്ദവ പേർഷ്യൻ വാസ്തു മാതൃകകളിൽ ആണ് പള്ളി പണിതിരിക്കുന്നത്. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട പള്ളി പിന്നീട് പുതുക്കി പണിതു.

വാസ്തുവിദ്യാപരമായ പ്രാധാന്യവും പള്ളിയുടെ ചരിത്രവും മതിയാകും ഈ സ്ഥലത്തിന് സാക്ഷ്യം വഹിക്കാൻ.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം

Padmanabhaswamy Temple

തിരുവനന്തപുരം പട്ടണത്തിൻ്റെ നടുക്ക് ആ നാടിൻ്റെ അധിപനായി നിലകൊള്ളുന്ന അനന്തശായിയായ വിഷ്ണു പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം. ചേര വാസ്തുവിദ്യയിലൂടെ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന് ഉയർന്ന മതിലുകളും പതിനാറാം നൂറ്റാണ്ടിലെ ഗോപുരവും ഉൾക്കൊള്ളുന്നു.

ക്ഷേത്ര നിലവറകളിലെ കണ്ടെടുത്ത പുരാതന ശേഖരങ്ങളുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ആരാധനാലയമായി പദ്മനാഭസ്വാമി ക്ഷേത്രം കണക്കാക്കപ്പെടുന്നു.

വായുപുരാണം, ബ്രഹ്മപുരാണം പോലുള്ള ഹൈന്ദവ പുരാണ പുസ്തകങ്ങളിലും സംഘകാല തമിഴ് കൃതികളിലും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തേക്കുറിച്ച് പ്രതിബാധിക്കുന്നുണ്ട്. ഇപ്പോൾ കണ്ടെടുത്ത ക്ഷേത്ര സ്വത്തുക്കളെ വച്ച് നോക്കുമ്പോൾ പല ചരിത്രകാരന്മാരും പണ്ട് സ്വർണ്ണ ക്ഷേത്രം എന്നറിയപ്പെട്ടിരുന്നത് പദ്മനാഭ സ്വാമി ക്ഷേത്രം ആണെന്ന് കരുതുന്നു.

ശബരിമല ക്ഷേത്രം

Sabarimala Temple

പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ പുരാതന ക്ഷേത്രമാണ് ശബരിമല. ശ്രീ ധർമ്മശാസ്താവാണ് അവിടത്തെ പ്രതിഷ്ഠ. വിഷ്ണുവിൻ്റെ സ്ത്രീ രൂപമായ മോഹിനിക്കും ശിവനും കൂടി ജനിച്ച കുട്ടിയാണ് അയ്യപ്പൻ എന്ന് പുരാണങ്ങൾ പറയുന്നു.

ശൈവ-വൈഷ്ണവ യോജിപ്പിൻ്റെ സംസ്കാരമാണ് ശബരിമല ക്ഷേത്രത്തിനുള്ളത്. പക്ഷേ 41 ദിവസത്തെ വ്രതം എടുത്തിട്ട് വേണം അവിടേക്ക് പോകാൻ. മതസൗഹാർദ്ദത്തിൻ്റെ ഈറ്റില്ലമായ ശബരിമല ക്ഷേത്രത്തിൽ അദ്ദേഹത്തിൻ്റെ സുഹൃത്ത് എന്ന് കരുതപ്പെടുന്ന മുസ്ലിം വിശ്വാസിയായ വാവർ എന്ന വ്യക്തിക്കും പ്രത്യേകം ആരാധന സ്ഥാനം നൽകി പോരുന്നു.

അർത്തുങ്കൽ പള്ളി

ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് അർത്തുങ്കലിലെ സെന്റ് ആൻഡ്രൂസ് പള്ളി. ലോകത്തിലെ ഏറ്റവും വലിയ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദേവാലയമാണ് അർത്തുങ്കൽ പള്ളി.

പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഈ പള്ളി പണികഴിപ്പിച്ചത്. അർത്തുങ്കൽ വെളുത്തച്ചൻ എന്ന് വിളിപേരായ ജകൊമോ ഫെനിഷിയോയുടെ നേതൃത്വത്തിൽ 1584-ൽ പള്ളി പുതുക്കി പണിതു. അർത്തുങ്കൽ പള്ളിയിൽ മകരം പെരുന്നാൾ പ്രശസ്തമാണ്. 2010-ൽ ഈ പള്ളി ബസിലിക്കയായി.

മാലിക് ദീനാർ പള്ളി

കാസറഗോഡ് സ്ഥിതി ചെയ്യുന്ന മാലിക് ദീനാർ പള്ളി എ. ഡി 642-ൽ പണികഴിപ്പിച്ചതാണ്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും പഴക്കം ചെന്ന പള്ളി, മാലിക് ഇബ്‌നു ദീനാർ എന്ന മുഹമ്മദ് നബിയുടെ ശിഷ്യൻ കേരളത്തിൽ വന്നു പണികഴിപ്പിച്ച പള്ളികളിൽ ഒന്നാണ്.

മാലിക് ദീനാർ ഇസ്‌ലാമിന്റെ ആശയങ്ങൾ ജനങ്ങളെ പഠിപ്പിച്ച സ്ഥലങ്ങളിലൊന്നാണിത്. മാലിക് ദീനാർ മക്കയിൽ നിന്ന് കൊണ്ടുവന്ന മാർബിൾ കൊണ്ടാണ് ഈ പള്ളിയുടെ തറ നിർമ്മിച്ചതെന്ന് പറയപ്പെടുന്നു.

ഇബ്നു ദിനാറിന്റെ മൃതദേഹം ഇതേ പള്ളിയിൽ തന്നെയാണ് അടക്കം ചെയ്തിരിക്കുന്നത്. എല്ലാവരും തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത്.

നല്ല വാർത്തകൾ കേട്ടറിയു! download katha app

സെൻ്റ് ഫ്രാൻസിസ് പള്ളി

ഫോർട്ട് കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന സെൻ്റ് ഫ്രാൻസിസ് പള്ളി 1503-ൽ ആണ് പണികഴിപ്പിച്ചത്. ഇന്ത്യയിൽ യൂറോപ്യന്മാർ പണികഴിപ്പിച്ച ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നാണിത്.

പോർച്ചുഗീസ് പര്യവേഷകനായ വാസ്കോഡ ഗാമ 1524-ൽ തന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദർശന വേളയിൽ കൊച്ചിയിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ആദ്യം ഈ പള്ളിയിലാണ് അടക്കം ചെയ്തത്. എന്നാൽ പതിനാല് വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ലിസ്ബണിലേക്ക് മാറ്റി.

പള്ളിക്കുള്ളിലെ അദ്ദേഹത്തിന്റെ ശ്മശാന സ്ഥലം വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്.പള്ളി നിൽക്കുന്നതിന് അടുത്തുള്ള പുൽത്തകിടിയുടെ നടുവിൽ ഒരു ശവകുടീരം ഉണ്ട്, ഒന്നാം ലോകമഹായുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച കൊച്ചിക്കാരുടെ സ്മരണയ്ക്കായി 1920-ൽ നിർമ്മിച്ചതാണ് ഇത്.

താഴത്തങ്ങാടി ജുമാ മസ്ജിദ്

കോട്ടയം താഴത്തങ്ങാടി എന്ന സ്ഥലത്താണ് ഇന്ത്യയിലെ പുരാതനമായതും 1000 വർഷം പഴക്കം കരുതുന്നതുമായ താഴത്തങ്ങാടി ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്.

താജ് ജുമാ മസ്ജിദ് എന്നും ഇതിനെ വിലിച്ചുപോരുന്നു. മീനച്ചിലാറിൻ്റെ കടവിൽ സ്ഥിതി ചെയ്യുന്ന ഈ മസ്ജിദ് കേരളത്തിലെ ഇസ്ലാം പ്രചാരകനായ മാലിക് ദീനാറിൻ്റെ മകനായ ഹബീബ് ദീനാർ പണികഴിപ്പിച്ചതാണ്.

ഈ മസ്ജിദ് കേരള പാരമ്പര്യം പിന്തുടരുന്ന തടി കൊത്തുപണികൾക്കും വാസ്തുവിദ്യയ്ക്കും പേരുകേട്ടതാണ്.

ഈ മസ്ജിദിനോട് അനുബന്ധമായി ഇവിടെ ജീവിച്ചിരുന്ന മുസ്‌ലിംകൾ സ്വാതന്ത്ര്യ സമരത്തിലും മറ്റ് ദേശീയ പ്രസ്ഥാനങ്ങളിലും സജീവ പങ്ക് വഹിച്ചുണ്ട്. ചരിത്ര പ്രധാനമായ ഈ പള്ളി തീർച്ചയായും കണ്ടിരിക്കേണ്ടതാണ്.

മാർത്ത മറിയം പള്ളി

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് എന്ന സ്ഥലത്ത് 105 എ. ഡിയിൽ പണികഴിപ്പിച്ച പള്ളിയാണ് മാർത്ത മറിയം പള്ളി. മാതാവ് മേരി ആദ്യമായി ലോകത്ത് പ്രത്യക്ഷപ്പെട്ടത് കുറവിലങ്ങാട് ആണെന്നാണ് വിശ്വാസം.

അൾത്താരയിൽ സൂക്ഷിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രതിമ സവിശേഷമാണ്. ഇത് ഗ്രാനൈറ്റിൽ കൊത്തിയെടുത്തതാണ്. ഭക്തർ ഈ പ്രതിമയെ "കുറവിലങ്ങാട് മുത്തിയമ്മ" എന്ന് വിളിക്കുന്നു.

1597-ലാണ് പള്ളിയുടെ മുൻവശത്ത് 48 അടിയിൽ ഒറ്റ ബ്ലോക്കിൽ തീർത്ത ഗ്രാനൈറ്റ് കുരിശ് സ്ഥാപിച്ചത്. സുറിയാനിയിൽ "ദൈവമാതാവ്" എന്ന് കൊത്തുപണിയുള്ള ഒരു പുരാതന മണിയുണ്ട് ഇവിടെ. കേരളത്തിലെ പഴയ ക്രിസ്ത്യൻ പള്ളികളിൽ ഒന്നു തന്നെയാണ് മാർത്ത മാറിയ പള്ളിയും.

ഓടത്തിൽ പള്ളി

1806-ൽ പണികഴിപ്പിച്ച ഓടത്തിൽ പള്ളി കേരളത്തിലെ തലശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഓടത്തിൽ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് ഡച്ചുകാരുടെ അധീനതയിലുള്ള ഒരു കരിമ്പിൻ തോട്ടം ആയിരുന്നു.

പിന്നീട് അത് ബ്രിട്ടീഷുകാരുടെ കയ്യിലായി. തലശ്ശേരി കേയി തറവാട്ടിലെ അംഗവും ഈസ്റ്റ് ഇന്ത്യൻ കമ്പനിയുടെ കോൺട്രാക്ടറുമായ മൂസാക്കയാണ് ഈ പള്ളി പണികഴിപ്പിച്ചത്.

ഡച്ചിൽ തോട്ടത്തിന് ഓടം എന്നാണ് പറയുന്നത്. അങ്ങനെ കരിമ്പിൻ ഓടത്തിൽ പണിത പള്ളി ഓടത്തിൽ പള്ളിയായി. പള്ളിയുടെ ടെറസ് ചെമ്പിൽ പണിതിരിക്കുന്നു.

മിനാരം സ്വർണ്ണത്താൽ അലങ്കരിച്ചിരിക്കുന്നു. നിരവധി സഞ്ചാരികൾ കാണാനെത്തുന്ന സ്ഥലമാണ് ഓടത്തിൽ പള്ളി. കേരളത്തിലെ സാധാരണ വാസ്തുവിദ്യയാണ് ഓടത്തിൽ പള്ളിയുടെ പ്രധാന ആകർഷണം. മസ്ജിദ് ഇന്നും ആരാധനയ്ക്കായി ഉപയോഗിക്കുന്നു.

സാന്താ ക്രൂസ് ബസിലിക്ക

കേരളത്തിലെ ഒൻപത് ബസിലിക്കകളിൽ ഒന്നാണ് കോട്ടേപള്ളി എന്ന് വിളിപ്പേരുള്ള സാന്താ ക്രൂസ് ബസിലിക്ക. പോർച്ചുഗീസ് അധിനിവേശത്തിനോടനുബന്ധിച്ച് 1505-ൽ പണികഴിപ്പിച്ചതാണ് ഈ പള്ളി.

പലതവണകളിലായി പള്ളി പുതുക്കിപ്പണിയുകയും 1905-ൽ ഇന്നത്തെ ഘടന വിശുദ്ധീകരിക്കുകയും ചെയ്തു. വാസ്തുവിദ്യയും കലാപരവുമായ മഹത്വവും ഗോഥിക് ശൈലിയുടെ നിറങ്ങളും ഉൾക്കൊള്ളുന്ന ഈ പളളി ഭക്തിയുടെയും ചരിത്രപരമായ പ്രാധാന്യത്തിന്റെയും കേന്ദ്രവുമാണ്.

മിശ്കാൽ പള്ളി

Mishkal Mosque

ഇന്ത്യയിലെ പുരാതന മുസ്ലിം പള്ളികളിലൊന്നാണ് കോഴിക്കോട് സ്ഥിതി ചെയ്യുന്ന മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി. നഖൂദ മിശ്കാൽ എന്ന അറബി വ്യാപാരി പതിനാലാം നൂറ്റാണ്ടിൽ ആണ് ഈ പള്ളി പണിയുന്നത്.

അഞ്ചു തട്ടുകളിലായി മരം കൊണ്ട് പണിത പള്ളിയായിരുന്നു ആദ്യം. 1510-ൽ പോർച്ചുഗീസുകാരുടെ ആക്രമണത്തിൽ പള്ളി ഭാഗികമായി തകർന്നു. ഇപ്പോൾ നാല് നിലകൾ മാത്രമേയുള്ളൂ. പുനർനിർമ്മാണം നടന്നെങ്കിലും പോർചുഗീസ് ആക്രമണത്തിൻ്റെ പാടുകൾ ഇപ്പോഴും പള്ളിയുടെ മുകൾതട്ടിലുണ്ട്.

24 കൊത്തുപണികളുള്ള തൂണുകളും 47 വാതിലുകളും 400 ഓളം ആളുകൾക്ക് ഒത്തുചേരാവുന്ന വിശാലമായ പ്രാർത്ഥനാ ഹാളും ഉള്ള വളരെ സവിശേഷമായ ഒരു ഘടനയാണിത് ഈ പള്ളിക്ക് ഉള്ളത്. ചരിത്രം ഉറങ്ങുന്ന ഈ സ്ഥലം സന്ദർശിക്കേണ്ട ഒന്നുതന്നെയാണ്.

കൊടുങ്ങല്ലൂർ ക്ഷേത്രം

തൃശൂർ കൊടുങ്ങല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഭഗവതി ക്ഷേത്രം എ.ഡി ഒന്നാം നൂറ്റാണ്ടിൽ ചേരചക്രവർത്തിമാരാണ് പണികഴിപ്പിച്ചത്. ഭദ്രകാളി സങ്കൽപ്പത്തിൽ കുടികൊള്ളുന്നു ദേവിയെ ശ്രീകുരുംബ എന്നും വിളിക്കുന്നുണ്ട്.

കേരളത്തിൽ പൊതുവിൽ കാണാത്ത ശാക്തേയ ഉപാസനയാണ് ഈ ക്ഷേത്രത്തിൽ. പുരാതന തമിഴ് ഇതിഹാസം ചിലപതികാരത്തിലെ നായിക കണ്ണക്കി മധുരയെ നശിപ്പിച്ചതിന് ശേഷം ഈ ക്ഷേത്രത്തിൽ വന്ന് ഇവിടുത്തെ പ്രതിഷ്ഠയിൽ വിലയം പ്രാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.

അതുകൊണ്ടുതന്നെ ഈ ക്ഷേത്രം പുരാതന തമിഴ് സാമ്രാജ്യങ്ങളായ ചേര, ചോള, പാണ്ഡ്യൻമാർ തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾക്ക് പ്രതീകമായി നിലകൊള്ളുന്നു. കൊടുങ്ങല്ലൂർ ഭരണിയും താലപ്പൊലിയും ഇവിടുത്തെ പ്രത്യേക ഉത്സവങ്ങളാണ്.

കടമറ്റം പള്ളി

ഭാരതത്തിലെ അതിപുരാതന ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നാണ് കടമറ്റം പള്ളി. നിരണം ഗ്രന്ഥവരികൾ അനുസരിച്ച് 825 സി. ഇക്ക് ശേഷം ക്രിസ്ത്യൻ പുരോഹിതനായ മാർ സബോർ ആണ് ഈ പള്ളി സ്ഥാപിച്ചത്. മാർ സാബോർ അന്നത്തെ കടമറ്റം ഭരണാധികാരിയായിരുന്ന കർത്തയുടെ സഹായത്തോടെയാണ് പള്ളി സ്ഥാപിച്ചത് എന്നാണ് വിശ്വാസം. മാർ സബോറിൻ്റെ ശിഷ്യനാണ് പ്രശസ്ത മാന്ത്രികനായ കടമറ്റത്ത് കത്തനാർ എന്ന് വിശ്വസിക്കുന്നു.

കടമറ്റത്ത് കത്തനാരുടെ ആദ്യ നാമം പൗലോസ് എന്നായിരുന്നു. മാതാപിതാക്കൾ മരിച്ചുപോയ പൗലോസ് പള്ളിയിൽ വന്ന് പ്രാർത്ഥിക്കുകയും അത് കണ്ട് പള്ളിയിലെ അച്ചൻ അവനെ പഠിപ്പിച്ച് അവിടത്തെ ശെമ്മാശൻ ആക്കുകയും ചെയ്തു. മാന്ത്രിക വിദ്യ ഒക്കെ പഠിച്ച് നാട്ടുകാർക്ക് വേണ്ടി നന്മകൾ ചെയ്തപ്പോൾ നാട്ടുകാർ കടമറ്റത്ത് കത്തനാർ, കടമറ്റത്തച്ചൻ എന്നൊക്കെ വിളിച്ചു തുടങ്ങി.

കടമറ്റം പള്ളിയുടെ അൾത്താരയുടെ വലത് ഭിത്തിയിൽ ഒൻപതാം നൂറ്റാണ്ടിലെ കല്ലുകൊണ്ട് നിർമിച്ച നാല് തുല്യ വലുപ്പത്തിലുള്ള കൈകളോടുകൂടിയ ഒരു പേർഷ്യൻ കുരിശ് കാണാം. ഇൻഡോ-പേർഷ്യൻ വാസ്തുവിദ്യയും കേരള ഹിന്ദു ശൈലിയിലുള്ള അലങ്കാരങ്ങളും മണ്ഡപങ്ങളും ചേർന്നുള്ള അപൂർവ സംഗമത്തിന് ഈ പള്ളി പ്രശസ്തമാണ്.

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം

Paradesi Synagogue

ശ്രീ മഹാവിഷ്ണുവിൻ്റെ പ്രതിഷ്ഠയുള്ള തിരുനെല്ലി ക്ഷേത്രം വയനാട്ടിൽ ഉള്ള ബ്രഹ്മഗിരി കുന്നിൽ സ്ഥിതി ചെയ്യുന്നു. ക്ഷേത്രം എന്ന് പണികഴിപ്പിച്ചതാണ് എന്ന് വ്യക്തമായ അറിവില്ലെങ്കിലും ചരിത്ര രേഖകൾ പരിശോധിക്കുമ്പോൾ ചേര രാജാവ് ഭാസ്കര രവി വർമ്മ I (926-1019 സി. ഇ) ജീവിച്ചിരുന്ന കാലത്ത് തെക്കെ ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായി ഈ ക്ഷേത്രത്തെ പറയുന്നുണ്ട്.

ഈ ക്ഷേത്രത്തിൽ ബ്രഹ്മദേവൻ വന്നു പൂജ ചെയ്യും എന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിന് അടുത്ത് തന്നെയാണ് പാപനാശിനി പുഴ. ഈ പുഴയിൽ കുളിച്ചാൽ ഒരുവൻ്റെ എല്ലാ പാപവും ഒഴുക്കിക്കളയും എന്ന് വിശ്വസിക്കുന്നു. പ്രകൃതിയോട് ഇണങ്ങിചേർന്ന് നിൽക്കുന്ന ഈ ക്ഷേത്രം തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ്.

പൊന്നാനി ജുമാ മസ്ജിദ്

മലപ്പുറം ജില്ലയിലെ പൊന്നാനി എന്ന സ്ഥലത്താണ് പൊന്നാനി വലിയ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. മലബാറിൻ്റെ മക്ക എന്നറിയപ്പെടുന്ന സ്ഥലമാണ് പൊന്നാനി.

ഷെയ്ഖ് സൈനുദ്ദീൻ എന്നയാളാണ് 1510-ൽ ഈ പള്ളി പണികഴിപ്പിച്ചതെന്ന് വില്ല്യം ലോഗൻ്റെ മലബാർ മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളിയുടെ നിർമ്മാണത്തിന് ശേഷം ഷെയ്ഖ് സൈനുദ്ദീൻ തന്നെ പള്ളിയിൽ പഠിപ്പിക്കാനും തുടങ്ങി.

നേരത്തെ, കേരളത്തിലെ ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഈ പള്ളിക്ക് ഇപ്പോഴും ആ പ്രത്യേകത കൽപ്പിച്ചു കൊടുത്തിരിക്കുന്നു. മുസ്‌ലിം വിശ്വാസങ്ങൾ അറിയാൻ താല്പര്യമുള്ളവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് പൊന്നാനി ജുമാ മസ്ജിദ്.

പുലിയർ മല ജൈനക്ഷേത്രം

വയനാട് കൽപ്പറ്റയിലാണ് പുലിയർമല ജൈന ക്ഷേത്രം എന്നറിയപ്പെടുന്ന അനന്തനാഥ് സ്വമി ക്ഷേത്രം കുടികൊള്ളുന്നത്. ജൈനമതത്തിലെ തീർത്തങ്കരിൽ ഒരാളായ അനന്തനാഥ് സ്വമിയാണ് ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠ.

ദ്രാവിഡ-ഹൊയ്സാല മാതൃകയിലാണ് ഈ വലിയ ക്ഷേത്ര സമുച്ചയം പണികഴിപ്പിച്ചിരിക്കുന്നത്. ടിപ്പുവിൻ്റെ പടയോട്ടത്തെയും അതിജീവിച്ച ഈ ക്ഷേത്രത്തിൽ കല്ലിൽ കൊത്തിയ നിരവധി ജൈന പ്രതിമകളും അവശിഷ്ടങ്ങളും കാണാം.

പിരമിഡ് ആകൃതിയിൽ നിർമ്മിച്ച നിരവധി വർണ്ണാഭമായ കൊത്തുപണികൾ ഈ ക്ഷേത്രത്തിൽ ഉണ്ട്. ഈ സ്തൂപത്തിന്റെ മുകളിൽ മഹാവീർ ജൈനിന്റെ മാതൃക സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ ജൈനമതതിൻ്റെ തിരുശേഷിപ്പുകളിൽ ഒന്നാണ് ഈ ക്ഷേത്രം.

കരുമാടിക്കുട്ടൻ

കേരളത്തിലെ ബുദ്ധമതത്തിൻ്റെ തിരുശേഷിപ്പുകളിൽ ഒന്നാണ് ആലപ്പുഴ, അമ്പലപ്പുഴ ഭാഗത്ത് നിന്നും കണ്ടെത്തിയ കരുമാടിക്കുട്ടൻ ശിൽപം. 3 അടി പൊക്കമുള്ള ഈ കറുത്ത ഗ്രാനൈറ്റ് ശിൽപം ഒൻപതാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ടു വരെ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്നു.

1930-ൽ കണ്ടെത്തുമ്പോൾ ഇടതുഭാഗം തകർക്കപ്പെട്ടിരുന്നു. 1965-ൽ ദലൈലാമ ഈ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. കേരളത്തിൽ നിലവിലുള്ള ഏക ബുദ്ധ വിഹാരം സ്ഥലം ഇതുമാത്രമാണ്.

പരദേശി സിനഗോഗ്

Paradesi Synagogue

കൊച്ചിയിൽ വന്ന് ജീവിച്ചിരുന്ന ജൂതന്മാർക്ക് വേണ്ടി 1568 സി. ഇ യിൽ പണികഴിപ്പിച്ചതാണ് മട്ടാഞ്ചേരിയിൽ ഉള്ള പരദേശി സിനഗോഗ്. പണ്ട് കാലത്ത് സ്ഥിരം പ്രാർത്ഥന ഉണ്ടായിരുന്നെങ്കിലും കേരളത്തിൽ നിന്നും ജൂതന്മാരുടെ തിരിച്ചുപോക്കിന് ശേഷം,

ബാക്കിയുള്ള ജൂതന്മാർക്ക് വേണ്ടി മാത്രമായി പ്രാർത്ഥന. അതില്ലാത്ത സമയം സന്ദർശകർക്ക് സിനഗോഗ് കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മട്ടാഞ്ചേരി കൊട്ടാരം ക്ഷേത്രത്തോട് ചേർന്ന് കൊച്ചി രാജാവായ രാമവർമ്മ ജൂത സമുദായത്തിന് നൽകിയ ഭൂമിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

മട്ടാഞ്ചേരി കൊട്ടാരം ക്ഷേത്രവും മട്ടാഞ്ചേരി സിനഗോഗും ഒരു പൊതു മതിൽ പങ്കിടുന്നു. കേരളത്തിലെ ജൂത ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന സ്ഥലങ്ങളിൽ ഒന്നാണ് പരദേശി സിനഗോഗ്.

പല സ്ഥലങ്ങളിലും ആരാധന ചടങ്ങുകൾ പല കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്നുണ്ടെങ്കിലും അവയുടെയൊക്കെ ചരിത്ര പ്രസക്തിയും ശില്പ ഭംഗിയും പൊയ്പോവുന്നില്ല. അതുകൊണ്ടുതന്നെ പുരാതനമായ ആരാധനാലയങ്ങൾ പ്രാർത്ഥിക്കാൻ വേണ്ടി മാത്രമല്ല, അതിൻ്റെ ചരിത്രം മനസ്സിലാക്കിയും സന്ദർശിക്കാം.

continue reading.

ലോകത്തെ മാറ്റിമറിച്ച 20 ശാസ്ത്രജ്ഞൻമാർ

ലോകത്തെ മാറ്റിമറിച്ച 20 ശാസ്ത്രജ്ഞൻമാർ

Oct 9, 2022
ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട 5 കാര്യങ്ങൾ

ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട 5 കാര്യങ്ങൾ

Sep 30, 2022
ജീവിത വിജയത്തിനായി പാലിക്കേണ്ട 7 ശീലങ്ങൾ

ജീവിത വിജയത്തിനായി പാലിക്കേണ്ട 7 ശീലങ്ങൾ

Aug 19, 2022
നിങ്ങളുടെ വിഷന്‍ ബോര്‍ഡ് എങ്ങനെ ചിട്ടയോടുകൂടി ഉണ്ടാക്കാം?

നിങ്ങളുടെ വിഷന്‍ ബോര്‍ഡ് എങ്ങനെ ചിട്ടയോടുകൂടി ഉണ്ടാക്കാം?

Jul 13, 2022
download katha app